ഏതാണ്ട് ഒരേ കാഴ്ചവട്ടങ്ങള്‍ യാത്രികര്‍ക്ക് സമ്മാനിക്കുന്ന രണ്ട് സ്ഥലങ്ങളാണ് കൊല്ലം ജില്ലയിലെ പരപ്പാര്‍ വ്യൂ ടവറില്‍ നിന്നുള്ള ശെന്തുരുണി ജലസംഭരണിയിലെ ദ്വീപുകളുടെ കാഴ്ചയും കോട്ടയം ജില്ലയിലെ അയ്യപ്പന്‍ കോവില്‍ റേഞ്ചിലെ കാല്‍വരി മൌണ്ടിലെത്തുമ്പോള്‍ കാണാനാകുന്ന ഇടുക്കി ജലസംഭരണിയിലെ ദ്വീപുകളുടെ കാഴ്ചയും. ശെന്തുരുണി, ഇടുക്കി എന്നീ രണ്ട് വന്യജീവി സങ്കേതങ്ങളിലുമുള്ള ജലസംഭരണികളുടേയും തഴച്ച് വളരുന്ന നിത്യഹരിത വനങ്ങളുടേയും പശ്ചാത്തലത്തില്‍ നയനാഭമായ കാഴ്ചകളാണ് ഇവ സമ്മാനിക്കുന്നത്. ഇരു സ്ഥലങ്ങളിലേയും പ്രകൃതിയുടെ അതിശയിപ്പിക്കുന്ന സുഭഗതകളിലൂടെ നടത്തിയ ഒരു സഞ്ചാരത്തിന്റെ ഓര്‍മകളിലൂടെ. 

To advertise here,

റോസ് മലയിലേയ്ക്ക്

കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തിലാണ് ആദ്യമായി റോസ് മലയിലേയ്ക്ക് പോയത്. മഴയായതിനാല്‍ത്തന്നെ യാത്രയുടെ തുടക്കത്തില്‍ക്കാണുന്ന തേക്ക് തോട്ടത്തിനുള്ളില്‍പ്പോലും വലിയ ചൂടുണ്ടായിരുന്നില്ല. സാധാരണ വേനല്‍ക്കാലത്ത് ആര്‍ദ്ര ഇലകൊഴിയും വനങ്ങളില്‍പ്പെടുന്ന തേക്ക് മരങ്ങള്‍ ഇലകൊഴിക്കുന്നത് പതിവാണ്. അതുകഴിഞ്ഞാല്‍പ്പിന്നെ ഇടതൂര്‍ന്ന മഴക്കാടുകളാണ്. റോഡിലാകട്ടെ പലയിടത്തും മുറിച്ചൊഴുകുന്ന നീര്‍ച്ചാലുകളും കാണാം. ചിലയിടങ്ങളില്‍ സഞ്ചാരികള്‍ വണ്ടികള്‍ നിറുത്തി കാഴ്ചകള്‍ ആസ്വദിക്കുന്നുമുണ്ട്. വനം വകുപ്പിന്റെ വിളക്കുമരം ചെക്ക് പോസ്റ്റ് കഴിഞ്ഞ് അരക്കിലോമീറ്റര്‍ കഴിയുമ്പോള്‍ വീണ്ടും ആള്‍ക്കാര്‍ താമസിക്കുന്ന ഇടങ്ങളാണ്. ഇടയ്ക്ക് ചില വീടുകള്‍ ഭാഗികമായും ചിലത് പൂര്‍ണ്ണമായും പൊളിച്ചിട്ടിരിക്കുന്നത് കണ്ടു. വനങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളിലെ ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള വനം വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ച്ചേര്‍ന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി ഒഴിഞ്ഞുപോയവരുടെ വീടുകളാണവ. വര്‍ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം എന്ന രീതിയിലണ് 'നവകിരണം' എന്ന് പേരിട്ട് വിളിക്കുന്ന ഈ പദ്ധതി അറിയപ്പെടുന്നത്.  

placeholder
rose mala
റോസ് മല വ്യൂ ടവറിൽ നിന്നുള്ള കാഴ്ച

വണ്ടിയില്‍ നിന്നിറങ്ങിയാലും റോസ് മലയിലെ പരപ്പാര്‍ വ്യൂ ടവറിലേയ്ക്ക് നൂറുമീറ്ററോളം പിന്നെയും നടത്തമുണ്ട്. അതിനുമുകളില്‍ കയറിയാല്‍ അനസ്യൂതം വീശിക്കൊണ്ടിരിക്കുന്ന കാറ്റില്‍ മുന്നിലെ റിസര്‍വോയറിന്റെ വിശാലതയിലും തലയുയര്‍ത്തി നില്‍ക്കുന്ന സസ്യനിബിഡമായ ചെറുദ്വീപുകള്‍ കാണാം. എമ്പാടും പച്ചപ്പ് നിറഞ്ഞ അവിടെ മഴക്കാലത്ത് താഴ്ന്നിറങ്ങുന്ന വെണ്‍മേഘങ്ങളും ജല സമൃദ്ധിയും ദ്വീപുകള്‍ക്ക് അതിരിടുന്ന മണ്ണിന്റെ ചുവപ്പും ഒക്കെച്ചേര്‍ന്ന് നയനാഭമായ ഒരു ദൃശ്യവിരുന്നാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. അത് കാണുന്നതിനായിത്തന്നെയാണ് വിനോദ യാത്രികര്‍ മൈലുകള്‍ താണ്ടി അവിടെ എത്തുന്നതും. കുളിരു നിറഞ്ഞ കൊടും വനാന്തരങ്ങളിലൂടെയുള്ള ആ യാത്രയില്‍ ആനയും കാട്ടുപോത്തും ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെ കാണാനുള്ള സാധ്യതയും ഏറെയാണ്. റോസ് മല എന്നത് ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ഈറ്റപ്പടര്‍പ്പ് സെക്ഷനില്‍പ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ദിനം പ്രതി നൂറുകണക്കിന് ആള്‍ക്കാരാണ് ഇവിടെ വന്ന് പോകുന്നത്. തെന്മലയില്‍ നിന്നും ഉദ്ദേശം ഇരുപത്തേഴ് കിലോമീറ്റര്‍ ഉള്ളിലാണ് ഈ സ്ഥലം. ഇവിടത്തെ വ്യൂ ടവറില്‍ ആളൊന്നിന് 50 രൂപയാണ് ആണ് നിരക്ക്.

വനം വകുപ്പ് തന്നെ ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നിന്ന് ഇക്കോ ടൂറിസത്തിന്റെ ഭാഗമായി തെന്മല നിന്നും റോസ് മലയിലേയ്ക്ക് ഇപ്പോള്‍ ബസ് സഫാരിയും ആരംഭിച്ചിരിക്കുന്നു. 250 രൂപയാണ് ആളൊന്നിന് നിലവിലുള്ള നിരക്ക്. 23 പേരുമായി ദിവസം രണ്ട് ട്രിപ്പുകളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിനും പുറമേ റോസ്മല ഹെവന്‍ എന്നറിയപ്പെടുന്ന പള്ളിവാസലിലെ വനാന്തരത്തിലെ ക്യാമ്പ് ഷെഡ്ഡിലെ താമസവും തൊട്ടടുത്ത കാട്ടരുവിയിലെ കുളിയും ട്രക്കിങ്ങും എടുത്തു പറയേണ്ടുന്ന ഒന്നാണ്. വനം വകുപ്പിന്റെ ജീപ്പിലാണ് തെന്മലയിൽ നിന്നും സഞ്ചാരികളെ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. പാക്കേജില്‍ വന്ന് താമസിക്കുന്നവര്‍ക്ക് ആഹാരവും വനം വകുപ്പ് തന്നെ നല്‍കും. 

കാല്‍വരി മൗണ്ട്

ഈയ്യടുത്താണ് തേക്കടിയിലേയ്ക്ക് ഒരു യാത്ര പോയി മടങ്ങും വഴി മുന്‍പേ കേട്ടറിഞ്ഞിട്ടുള്ള കോട്ടയം വനം ഡിവിഷനിലെ അയ്യപ്പന്‍കോവില്‍ റേഞ്ചിലെ കാല്‍വരി മൌണ്ട് കാണാനായി പുറപ്പെട്ടത്. ശെന്തുരുണിയിലെ റോസ് മലയുടെ ഭൂപ്രകൃതിയുമായി അഭേദ്യമായ സമാനതകള്‍ ഉള്ളയിടം എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. തേക്കടിയില്‍ നിന്നും പുറപ്പെടുമ്പോഴേ മഴയില്ലെങ്കിലും ആകാശം നന്നെ മൂടിക്കെട്ടി നില്പായിരുന്നു. ഗൂഗിളില്‍ കാല്‍വരി മൌണ്ട് എന്ന് കൊടുത്തിട്ടും ഇടയ്ക്ക് കണക്ഷന്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നതിനാല്‍ കാല്‍വരി മൌണ്ട് - പത്താം മൈല്‍ വഴിയില്‍ ഇടയ്ക്ക് വണ്ടി നിറുത്തിത്തന്നെ തിരക്കേണ്ടി വന്നു. തേക്കടിയില്‍ നിന്ന് ഉദ്ദേശം നാല്പത് കിലോമീറ്ററെങ്കിലും യാത്ര ചെയ്തു കാണണം. ഇടതുവശത്ത് കാമാക്ഷി പഞ്ചായതതിന്റെ വലിയ കമാനത്തിലൂടെ കയറ്റം കയറി മുകളിലേയ്ക്ക് എത്തിയപ്പോള്‍ സമയം വൈകിട്ട് അഞ്ചരയോടടുത്തിരുന്നു. മുകളിലെത്തി കാറ് പാര്‍ക്ക് ചെയ്യുമ്പോഴേയ്ക്കും പ്രകൃതിയുടെ സ്വഭാവം പെട്ടെന്ന് മാറി. മഴയ്ക്ക് പകരം കനത്ത കോടമഞ്ഞിന്റെ വരവായിരുന്നു അത്. റിസര്‍വോയർ ഉള്‍പ്പടെ ഒന്നും കാണാന്‍ വയ്യാത്ത സ്ഥിതി. നല്ല തണുപ്പും. 

placeholder
kalvari mount
കാല്‍വരി മൗണ്ട്

നിരാശയോടെ വിളിച്ചപ്പോള്‍ സുഹൃത്ത് കൂടിയായ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയച്ചന്ദ്രന്‍ ഇടുക്കിയിലെ റിസര്‍വോയറിന് അരികിലായുള്ള ഹട്ടില്‍ താമസിച്ചിട്ട് പിറ്റേന്ന് രാവിലെ അവിടെയെത്തി കാണാമെന്ന് ആശ്വസിപ്പിച്ചു. ശരിക്കും അങ്ങനെ തന്നെ തീരുമാനിച്ചതുമായിരുന്നു. അത്ഭുതമെന്ന് പറയട്ടെ അപ്പോഴേയ്ക്കും എങ്ങു നിന്നോയെത്തിയ തണുത്ത കാറ്റ് മഞ്ഞില്‍ പാളികളെ ഒന്നാകെ അടിച്ചു പറപ്പിച്ചു കൊണ്ടുപോയി. സുതാര്യവും നേരീയവുമായ മഞ്ഞിന്റെ അടരുകളിലൂടെ പ്രകൃതിയുടെ നിറവാര്‍ന്ന മനോഹാരിത ഞങ്ങളുടെ മുന്നിലേയ്ക്ക് പതിയെ തെളിഞ്ഞു. കോടമഞ്ഞ് മൂടിയപ്പോള്‍ തിരികെപ്പോകാനായി വാഹനങ്ങളിലേയ്ക്ക് കയറിത്തുടങ്ങിയ വിനോദ സഞ്ചാരികളൊക്കെ ചേതോഹരമായ ആ കാഴ്ച തെളിയവേ വണ്ടികളുടെ ഡോറുകള്‍ വലിച്ചടച്ച് വീണ്ടും പുറത്തേയ്ക്കിറങ്ങി വന്നുകൊണ്ടിരുന്നു. മഞ്ഞിന്റെ മൂടുപടം മെല്ലെ മാറിത്തുടങ്ങിയപ്പോള്‍ തെല്ലകലെയായി സഞ്ചാരികള്‍ക്കായി ഒരുക്കിയ വനം വകുപ്പിന്റെ മൂന്ന് ചെറിയ കോട്ടേജുകളാണ് ആദ്യം കണ്ടത്. ആളൊന്നിന് 25 രൂപയാണ് ഇവിടെ സന്ദര്‍ശനത്തിനായി ഈടാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യവുമുണ്ട്.

ഇടുക്കി റിസര്‍വോയറിന്റേയും അതിന് അതിരിടുന്ന സാന്ദ്ര വനങ്ങളുടേയും ദ്വീപുകളുടേയുമൊക്കെ സൗന്ദര്യക്കാഴ്ചകളായിരുന്നു അടുത്തതായി ഞങ്ങളുടെ കണ്ണുകളെ എതിരേറ്റത്. റോസ് മലയിലെക്കാളും തണുപ്പുള്ള കാലാവസ്ഥയും ഇടയ്ക്കിടെ വീശിയടിക്കുന്ന ശീതക്കാറ്റും ആണിവിടെ. പെട്ടെന്ന് കാഴ്ചയെ മറച്ചുകൊണ്ട് കോടമഞ്ഞ് മൂടുന്നതും റോസ് മലയില്‍ പതിവില്ല. എന്നാല്‍ ദ്വീപുകളുടെ മനോഹാരിതയും പ്രകൃതി ഭംഗിയും റോസ് മലയിലാണ് കുടുതലെന്ന് പറയേണ്ടി വരും. 

ഇടുക്കിയിടെ ഹട്ടുകള്‍

placeholder
idukki
ഇടുക്കിയിലെ ജലസംഭരണിയെ അഭിമുഖീകരിക്കുന്ന ഹട്ട്

പറഞ്ഞുറപ്പിച്ചിരുന്നതു മാതിരി ചെറുതോണിയില്‍ നിന്നും തൊടുപുഴ റോഡില്‍ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച് വെള്ളാപ്പാറയില്‍ ഇടുക്കി വന്യജീവി സങ്കേതത്തിലെ ജലസംഭരണിയെ അഭിമുഖീകരിച്ചുനില്‍ക്കുന്ന 'ലേക്ക് വ്യൂ നെസ്റ്റ്' (Lake View Nest) എന്ന് പേരിട്ട ഹട്ടിലെത്തുമ്പോള്‍ ഇരുട്ടിയിരുന്നു. തൂണുകള്‍ക്ക് മുകളില്‍ രണ്ട് മുറികളായൊരുക്കിയ ഇതിന് 'ഹട്ട്' എന്ന പേരു മാത്രമെ ഉള്ളൂ. അകത്ത് നന്നായി അലങ്കരിച്ച മുറികളായിരുന്നു അവ. മുറിയൊന്നിന് മൂവായിരം രൂപയാണ് വാടക. ജങ്കിള്‍ കോട്ടേജുകള്‍ (Jungle Cottages) എന്ന് വിളിക്കുന്ന രണ്ട് ഹട്ടുകള്‍ വേറെയുമുണ്ടെന്ന് ഞങ്ങള്‍ക്ക് തുണയ്ക്കായി ജയച്ചന്ദ്രന്‍ തന്നെ പറഞ്ഞയച്ച സഹായി പറഞ്ഞു. അവയ്ക്ക് 2000 വീതമാണ് നിരക്ക്. റിസര്‍വോയറിന്റെ അരികുകളില്‍ മുനിഞ്ഞുകത്തുന്ന വെളിച്ചവുമായി ചില ആദിവാസികള്‍ ചൂണ്ടയിട്ട് കാത്തിരിക്കുന്നത് നിഴലുകളെന്നോണം ദൂരെ കാണാമായിരുന്നു. രാത്രി അയാള്‍ തന്ന നമ്പരില്‍ അടുത്തുള്ള ഹോട്ടലില്‍ വിളിച്ച് ആഹാരം പാഴ്‌സലായി പറഞ്ഞു. താമസിയാതെ അവര്‍ തന്നെ എത്തിച്ചു തരികയും ചെയ്തു. ആഹാരത്തിന് ശേഷം ചുറ്റുപാടുകളിലെ നനുത്ത അന്തരീക്ഷത്തില്‍ പങ്കച്ചിറകുകളുടെ വേഗത കുറച്ച് ഉറക്കം കാത്ത് കിടന്നു. 

കാലത്ത് കാട്ടുകോഴികള്‍ ചിലയ്ക്കുന്ന ശബ്ദം കേട്ടാണ് പുറത്തേയ്ക്ക് വന്നത്. ഞങ്ങളെ കാണ്‍കെ തങ്ങളുടെ സാമ്രാജ്യത്തില്‍ കടന്നുകയറ്റക്കാരുണ്ടെന്ന് മനസ്സിലാക്കിയിട്ടോയെന്തോ അവറ്റകള്‍ ധൃതിയില്‍ കാട്ടുപൊന്തകള്‍ക്കുള്ളിലേയ്ക്ക് ഓടി മറഞ്ഞു. ഇപ്പോള്‍ മുന്നില്‍ പുകള്‍പെറ്റ ഇടുക്കി റിസര്‍വ്വോയറാണ്. എന്നാല്‍ അതിലെ ജലവിതാനമാകട്ടെ ഏറെ പരിതാപകരമായ സ്ഥിതിയിലും. എങ്കിലും വനം വകുപ്പിന്റെ ബോട്ടിംഗ് നിറുത്തിയിട്ടില്ലെന്ന് അപ്പോഴേയ്ക്കുമെത്തിയ സഹായി പറഞ്ഞു. ഇടുക്കി ഡാമിന് അനുയോജ്യമായ സ്ഥലം നിര്‍ദ്ദേശിച്ച ആദിവാസിയായ കൊലുമ്പന്റെ പേരിലാണ് ഇരുപത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട്. റിസര്‍വ്വോയറുകളിലൂടെ ഒരുപാട് ബോട്ട് യാത്രകള്‍ നടത്തിയിട്ടുള്ളതുകൊണ്ടോ എന്തോ ഞങ്ങള്‍ക്കാര്‍ക്കും വറ്റിക്കിടക്കുന്ന ആ ജലസംഭരണിയിലൂടെ ബോട്ടുയാത്ര നടത്തണമെന്ന് തോന്നിയതുമില്ല. രാവിലെ തന്നെ അടുത്തുള്ള ഔഷധ സസ്യങ്ങളുടെ തോട്ടവും നക്ഷത്ര വനവും കണ്ട് തിരിച്ചെത്തി. 

മഴക്കാലം ശക്തി പ്രാപിച്ച ശേഷം ജലനിരപ്പ് ഉയരുമ്പോള്‍ ഇനിയും വരണമെന്ന ജയച്ചന്ദ്രന്റെ സ്‌നേഹപൂര്‍വമായി നിര്‍ബന്ധത്തിനുമുന്നില്‍ അതെയെന്ന് തല കുലുക്കി പ്രാതലിന് ശേഷം അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോഴും ശരിക്കും പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് കൊതി തീര്‍ന്നിരുന്നില്ല.