അഞ്ച് നദികളുടെ നാട് - പഞ്ചാബ്. സത്‌ലജ്, രവി, ചിനാബ്, ഝലം എന്നിങ്ങനെ അഞ്ച് നദികളാണ് പഞ്ചാബിനെ സമൃദ്ധമാക്കുന്നത്. ചരിത്രംകൊണ്ടും സംസ്‌കാരംകൊണ്ടും അതിശയിപ്പിക്കുന്ന നാടാണിത്. വിസ്മയിപ്പിക്കുന്ന ചരിത്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര സ്മാരകങ്ങള്‍, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങള്‍, ആവേശംകൊള്ളിക്കുന്ന ആചാരങ്ങള്‍... ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമായിരിക്കും പഞ്ചാബ് യാത്ര സമ്മാനിക്കുക. ഹിമാചല്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന പഞ്ചാബ് പടിഞ്ഞാറ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നു. വിശാലമായ ഗോതമ്പു പാടങ്ങളും മനോഹരമായ ആരാധനാലയങ്ങളും ചരിത്രസ്മാരകങ്ങളും വര്‍ണശബളമായ വസ്ത്രങ്ങളണിഞ്ഞ ജനതയും... പഞ്ചാബ് ആഘോഷങ്ങളുടെയും നിറങ്ങളുടെയും കൂടി ഇടമാണ്.
കാണേണ്ട കാഴ്ചകള്‍
1. അമൃത്സര്‍
സിഖ് സമൂഹത്തിന്റെ ആത്മീയകേന്ദ്രം. ഓരോ സിഖുകാരന്റെയും അഭിമാനമാണ് ഈ നഗരം. പ്രശസ്തമായ സുവര്‍ണക്ഷേത്രം സ്ഥിതിചെയ്യുന്നത് അമൃത്സറിലാണ്. അമൃതസരോവര്‍ തടാകത്തിന്റെ നടുവിലാണ് സുവര്‍ണക്ഷേത്രമുള്ളത്. ഇവിടത്തെ ബൈശാഖി ഉത്സവം മറക്കാനാവാത്ത അനുഭവമാണ്. സുവര്‍ണ്ണക്ഷേത്രത്തിന് സമീപം, നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഭരവന്‍ഡാ എന്ന ധാബയുണ്ട്. ജാലിയന്‍ വാലാബാഗ് പോലെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ വേറെയുമുണ്ട് ഈ നഗരത്തില്‍. പ്രശസ്തമായ പഞ്ചാബി രുചികള്‍ അറിയാനും ഏറ്റവും മികച്ച ഇടം ഇതുതന്നെ.
യാത്ര സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

2. ലുധിയാന
ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന ഇടം. സത്ലജ് നദിയുടെ തീരത്താണ് പഞ്ചാബിലെ ഏറ്റവും വലിയ നഗരമായ ലുധിയാന സ്ഥിതി ചെയ്യുന്നത്. ലോധിവംശം ഭരിച്ചിരുന്ന പ്രദേശത്ത് നിരവധി ചരിത്രാവശിഷ്ടങ്ങള്‍ കാണാം. വാര്‍ മ്യൂസിയം, ലോധി കോട്ട, ഗുരുദ്വാരകള്‍, പവിലിയന്‍ മാള്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളുണ്ട്. രാജ്യത്ത കമ്പിളി അലങ്കാര വ്യവസായത്തിന്റെ 90 ശതമാനവും ലുധിയാനയില്‍ തന്നെ. ലുധിയാനയുടെ ലസ്സി, ബട്ടര്‍ ചിക്കന്‍, സ്ട്രീറ്റ് ഫുഡ് എന്നിവ ലോകപ്രശസ്തമാണ്.
3. പട്യാല
പട്യാല പട്ടണത്തിന് കോട്ടമതിലിന്റെ സംരക്ഷണവും സ്വാതന്ത്ര്യത്തിന്റെ പത്ത് കവാടങ്ങളും നല്‍കിയത് 1845 മുതല്‍ 1862 വരെ ഇവിടത്തെ ഭരണാധികാരിയായിരുന്ന നരേന്ദ്രസിങ് മഹാരാജാവാണ്. ഈ നാടിന്റെ തനതായ ആഘോഷമാണ് 'പട്യാല പൈതൃക ഉത്സവം'. ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതമായ പട്യാല ഘരാനയുടെ ഈറ്റില്ലം എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. ഖില മുബാറക് സമുച്ചയം, ശീശ് മഹല്‍, ബാരാദാരി ഗാര്‍ഡന്‍, ഖ്വില അന്ത്രുല്‍, രംഗ് മഹല്‍, മൈജി ദി സരായി, ബാഹാദുര്‍ഗഢ് കോട്ട, മോത്തി ബാഗ് കൊട്ടാരം എന്നിവ കാണാം. പട്യാല ജൂട്ടികളും അതിന്റെ വൈവിധ്യവും ഇന്ത്യയില്‍ വളരെ പ്രസിദ്ധമാണ്.

4. ജലന്ധര്‍
സ്വാതന്ത്ര്യത്തിനുശേഷം 1953വരെ പഞ്ചാബിന്റെ തലസ്ഥാനം ജലന്ധറായിരുന്നു. ശിവ മന്ദിര്‍, തുള്‍സി മന്ദിര്‍, ദേവി തലാബ് മന്ദിര്‍, സെയ്ന്റ് മേ രീസ് കത്തീഡ്രല്‍, പുഷ്പ ഗുജ്റാള്‍ സയന്‍സ് സിറ്റി, ഭഗത് സിങ് മ്യൂസിയം, എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യയുടെ പ്രധാന കായികതാരങ്ങളെല്ലാം പരിശീലനം തേടിയെത്തുന്ന നിരവധി കായിക പരിശീലന കേന്ദ്രങ്ങളുണ്ടിവിടെ. തെരുവ് കച്ചവടങ്ങള്‍ക്ക് പ്രശസ്തമായ നിരവധി ഷോപ്പിങ് സ്ട്രീറ്റുകള്‍ ഈ നഗരത്തിലുണ്ട്. പഞ്ചാബിന്റെ സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന നഗരം കൂടിയാണിത്.
5. സിര്‍ഹിന്ദ്
സിര്‍ഹിന്ദ് ഫത്തേഗഢ് അഥവാ ഗുരുമാരി എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. ലുധിയാനയ്ക്കും അംബാലയ്ക്കും ഇടയിലാണിവിടം. സിഖുകാര്‍ക്ക് പ്രധാനപ്പെട്ട നഗരത്തില്‍ ഗുരുദ്വാരകളും മ്യൂസിയങ്ങളും കോട്ടകളും ഉദ്യാനങ്ങളും കാണാം.

6. ജാലിയന്‍ വാലാ ബാഗ്
അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിനടുത്താണ് ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകഭൂമി. 1919-ലെ അമൃത്സര്‍ കൂട്ടക്കൊല നടന്ന സ്ഥലത്ത് ബ്രിട്ടീഷുകാരുടെ ക്രൂരമായ വെടിവെപ്പില്‍ ജീവന്‍ ത്യജിക്കേണ്ടിവന്നവരുടെ ഓര്‍മയ്ക്കായാണ് സ്മാരകം പണികഴിപ്പിച്ചത്. ഇന്നും പാര്‍ക്കിലെ ഭിത്തികളില്‍ വെടിയുണ്ടകളുടെ പാടുകള്‍ അവശേഷിക്കുന്നുണ്ട്.
7. പത്താന്‍കോട്ട്
900 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്താനിയന്‍ രാജവംശം പണികഴിച്ച നര്‍പുര്‍ കോട്ട, ഷാപുര്‍കാന്ദി കോട്ട, കാതഗഢ് ശിവക്ഷേത്രം, ജൂഗിയല്‍ ടൗണ്‍ഷിപ്പ് എന്നിങ്ങനെ നിരവധി കാഴ്ചകളുണ്ട് ഇവിടെ. പാഷ്മിന ഷാളുകള്‍ക്ക് പ്രശസ്തമാണിവിടം.

8. വാഗാ അതിര്‍ത്തി
അമൃത്സറില്‍നിന്ന് 28 കി.മീ. അകലെയാണ് വാഗാ അതിര്‍ത്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തിയാണ് വാഗ. ഇരുരാജ്യങ്ങളിലൂടെും കടന്നുപോകുന്ന പാതയുള്ള ഏക സ്ഥലം... പഞ്ചാബിലെ അമൃത്സറിനും പാകിസ്താനിലെ ലാഹോറിനും ഇടയിലുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണ് വാഗാ അതിര്‍ത്തി നിലകൊള്ളുന്നത്. ഏഷ്യയിലെ ബര്‍ലിന്‍ മതില്‍ എന്നും ഇതിനെ വിളിക്കുന്നു. ഇവിടെനിന്ന് ലാഹോറിലേക്ക് 22 കി.മീ. ദൂരമേയുള്ളൂ. വാഗ-അട്ടാരി ബോര്‍ഡര്‍ സെറിമണി ലോകപ്രശസ്തമാണ്.
Content Highlights: places to visit In Punjab destinations travel
Published: 22 Jun 2024, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented