ജെയ്സാല്‍മീര്‍ കോട്ടയില്‍ നിന്ന് കേട്ട ആ മാന്ത്രികനാദത്തിന്റെ വശ്യതയില്‍ അവിടെ എത്ര നേരം നിന്നുവെന്ന് അറിയില്ല. അല്പം നേരം മാന്ത്രിക കോട്ടയിലെന്നപോലയുള്ള ഒരു ലോകത്തിലായിരുന്നു. ഒടുവില്‍ എപ്പോഴോ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വീണു. ആ അനുഭത്തിന്റെ തരിപ്പില്‍ നിന്നും മോചിതനാകുവാന്‍ കോട്ടയ്ക്കുള്ളിലെ അതിഗംഭീരമായ വാസ്തുവിദ്യകളാല്‍ തീര്‍ത്ത ഓരോ മഹലിലുമായി കയറി ഇറങ്ങി; കോട്ടയുടെ മുകളിലേക്ക് എത്തിയതറിഞ്ഞില്ല. കോട്ടയുടെ ഏറ്റവും മുകളിലത്തെ ഒരു മഹലിന്റെ മട്ടുപ്പാവില്‍ എത്തിയപ്പോള്‍ ജെയ്സാല്‍മീറിന്റെ അതിവിശാലമായ ദൃശ്യങ്ങള്‍ കിട്ടിത്തുടങ്ങി. ഈ കോട്ടയ്ക്ക് സമീപം, പുറത്തായിട്ട് പുരാതനമായ ചില കെട്ടിടങ്ങളും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പഴയശൈലിയിലുള്ള പുതിയ കെട്ടിടങ്ങളും ഒക്കെ കാണാവുന്നതാണ്.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പണികഴിപ്പിച്ച ഈ കോട്ടയെ ചുറ്റിപ്പറ്റിയുള്ള വാണിജ്യമേഖല പതിനഞ്ചാം നൂറ്റാണ്ടിലേക്ക് എത്തിയപ്പോള്‍ തന്നെ നല്ല രീതിയില്‍ പുരോഗതി കൈവരിച്ചിരുന്നു. അതോടൊപ്പം കോട്ടയ്ക്ക് സമീപത്തായി ചെറിയ ജനപഥങ്ങളും ഉണ്ടായി തുടങ്ങി. ആദ്യകാലത്ത് പുറന്തള്ളപ്പെട്ടവരും മറ്റുമായിരുന്നു ഇവിടുത്തെ ആള്‍ക്കാര്‍. പിന്നീട് അതിന് മാറ്റം സംഭവിച്ചു. പ്രദേശം ചെറുതായി വിസ്തൃതി പ്രാപിച്ചു. കോട്ടയ്ക്ക് മുകളില്‍ നിന്നാല്‍ ഇന്നത്തെ നഗരത്തിന്റെ ഏകദേശ രൂപം മനസ്സിലാക്കാന്‍ സാധിക്കും. കോട്ടയോട് ചേര്‍ന്ന് കെട്ടിടങ്ങളുടെ കൂട്ടവും അല്പം അകലെയായി മുള്‍പടര്‍പ്പുകളും കുറ്റിച്ചെടികളും വളര്‍ന്ന വരണ്ട പ്രദേശങ്ങളും അങ്ങ് ദൂരത്തില്‍ മണല്‍നിരകളും കാണാന്‍ സാധിക്കും.
എന്തുക്കൊണ്ടാണ് ജെയ്സാല്‍മീറിനെ സ്വര്‍ണനഗരമെന്നും സുവര്‍ണനഗരിയെന്നുമൊക്കെ വിളിക്കുന്നതെന്ന് അറിയാമോ? ഒരു കാലത്ത് സ്വര്‍ണവും രത്നവും വജ്രവും ഒക്കെ കച്ചവടം നടത്തിയിരുന്ന ഒരു വാണിജ്യകേന്ദ്രമായിരുന്നു ഈ പ്രദേശം. പക്ഷേ, അതുക്കൊണ്ടു മാത്രമല്ല ഈ നഗരത്തെ സുവര്‍ണ നഗരിയെന്ന് വിളിക്കുന്നത്. അതിന് ഒരു കാരണം ജെയ്സാല്‍മീര്‍ കോട്ടയാണ്. ഈ പുരാതനമായ കോട്ട പണിതീര്‍ത്തിരിക്കുന്നത് സ്വര്‍ണനിറമാര്‍ന്ന മണല്‍ക്കല്ലുകളാലാണ്. ഇതിനുള്ളിലെ ഹാവേലികളും പുറത്തുള്ള പഴയ ചില നിര്‍മ്മിതികളും ഈ മണല്‍ക്കല്ലാല്‍ തീര്‍ത്തവയാണ്. വെയില്‍ തട്ടുമ്പോള്‍ ഈ കോട്ടയും പ്രദേശവും സ്വര്‍ണം പോലെ തിളങ്ങും. ഇതുകണ്ടാണ് ഈ കോട്ടയെ ആളുകള്‍ സോണാര്‍ ഖില (സ്വര്‍ണ കോട്ട) എന്നും പ്രദേശത്തെ സ്വര്‍ണനഗരിയെന്നും വിളിച്ചുതുടങ്ങിയതെന്ന് പറയപ്പെടുന്നു.
സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും ചെരിഞ്ഞു വരുന്ന വെയില്‍, കോട്ടയിലെ ചുവരുകളില്‍ തട്ടുമ്പോഴുള്ള കാഴ്ചകള്‍ അത് ഗംഭീരമാണ്. അതുപോലെ തന്നെ നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രികളിലെയും നിലാവില്‍ കുളിച്ചു നില്‍ക്കുന്ന കോട്ടയുടെയും ഒക്കെ കാഴ്ചകള്‍ കാണേണ്ടതാണ്. രാജസ്ഥാനിലെ മിക്ക കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നിര്‍മ്മിതി ഏകദേശം ഒരു പോലെയാണ്. ഒപ്പം ആഡംബരത്തിന്റെയും വാസ്തുവിദ്യകളുടെയും കൊത്തുപണികളുടെയും ധൂര്‍ത്തും ധാരാളിത്തവും കൊണ്ട് നിറഞ്ഞിരിക്കുവാണ്. ഈ കൊട്ടാരത്തിന് വേണ്ടി അല്ലെങ്കില്‍ കോട്ടയ്ക്ക് വേണ്ടി പണിയെടുത്തവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് വെറുതെ ഒന്ന് ആലോചിച്ചു.
ഏറ്റവും മുന്തിയ ആഡംബരങ്ങള്‍ സ്വന്തമാക്കിയിരുന്ന ഒരു വിഭാഗമായിരുന്നു രാജസ്ഥാനിലെ രാജകുടുംബങ്ങള്‍. പൂര്‍ണമായിട്ടല്ലെങ്കിലും, ഈ ജനാധിപത്യ കാലത്തും രാജകുടുംബങ്ങളുടെ അധികാരം അവിടെ പലയിടത്തും ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ആലോചിച്ചു. അവരൊന്നും ഒരിക്കലും ഈ ജനങ്ങള്‍ക്കിടയില്‍ എത്തില്ല. കാരണം അവര്‍ ഇപ്പോഴും അതിവിശിഷ്ടരാണ്. പലരും രാഷ്ട്രീയത്തിലെ ഉന്നതന്മാരും ബ്യൂറോക്രാറ്റ് തലവന്മാരുമൊക്കെയാണ്. കുറെയൊക്കെ മാറിയിട്ടുണ്ടെങ്കിലും അവരിപ്പോഴും രാജാക്കാന്മാരെ പോലെ തന്നെയാണ് സാധാരണക്കാരോട് പെരുമാറുന്നത്. ആളുകള്‍ക്ക് അവരെ പേടിയാണ്. പദവികളുടെ പേര് മാത്രമേ മാറിയിട്ടുള്ളൂ ബാക്കിയെല്ലാം അതുപോലെ തന്നെ ഇന്നും നിലനില്‍ക്കുന്നുവെന്നും ആ സുഹൃത്ത് പറഞ്ഞിരുന്നു.
കോട്ടയുടെ മുകളില്‍ നിന്നുള്ള ജെയ്സാല്‍മീര്‍ നഗരത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ചതിനുശേഷം തിരികെ കോട്ടയുടെ പുറത്ത് എത്തി. കോട്ടയുടെ പുറംചുമരുകളുടെ അരികിലൂടെ തന്നെ മുന്നോട്ട് നടന്നു, വന്ന വഴിയെയല്ല, എതിര്‍വശത്തേക്ക്. പലതരം കച്ചവടക്കാര്‍ നിറഞ്ഞ ആ പാതയിലൂടെ കറങ്ങിത്തിരിഞ്ഞ്, അവസാനം ജെയ്‌സാല്‍മീര്‍ ബസ് സ്റ്റാന്‍ഡിന്റെ ഭാഗത്ത് എത്തി. അവിടുന്ന് ഥാര്‍ മരുഭൂമിയിലേക്ക് പോകാന്‍ ബസ് കിട്ടുമോ എന്ന് കുറെ അന്വേഷിച്ചു. ശരിക്കും പോകാന്‍ ഉദ്ദേശിച്ചത് പാകിസ്താൻ ബോര്‍ഡറിനോട് ചേര്‍ന്നുള്ള തന്നോട്ടും കിഷന്‍ഗഡ് ഭാഗങ്ങളിലേക്കാണ്. 1965-ലും 1971-ലും പാക് ആര്‍മി ആക്രമിച്ച പ്രദേശമാണിത്. സണ്ണി ഡിയോളിന്റെ ബോര്‍ഡര്‍ സിനിമ കണ്ട് ആവേശം ജനിപ്പിച്ച പ്രദേശമാണിത് (സിനിമയില്‍ കാണിക്കുന്നത് യഥാര്‍ത്ഥ പ്രദേശങ്ങളാണോ എന്ന് സംശയമുണ്ട്).
അധികം അന്വേഷിക്കാത്തത് കൊണ്ട് ഒരു ചെറിയ പറ്റ് പറ്റി. അങ്ങോട്ട് വണ്ടിയില്ലെന്നാണ് ഒന്നു രണ്ട് പേര് പറഞ്ഞത്. പിന്നീടാണ് മനസിലായത്, അവര്‍ ടാക്‌സിക്കാരും ബ്രോക്കറുമാരുമൊക്കെയാണെന്ന്. ബസില്‍ നൂറ്-നൂറ്റമ്പത് രൂപയ്ക്ക് പോകുന്നത്, ടാക്‌സി വിളിച്ചാല്‍ കുറഞ്ഞത് 800 രൂപ എങ്കിലും കൊടുക്കേണ്ടി വരും. ബസില്ലെന്ന് ധരിച്ച് ടാക്‌സി റേറ്റും പേടിച്ച്, ജെയ്‌സാല്‍മീര്‍ പട്ടണം ഒന്ന് ചുറ്റിയടിച്ച്, അവിടെ അടുത്തുള്ള പഴയ കെട്ടിടങ്ങളും ചെറിയ കോട്ടകളും ഒക്കെ ഒന്ന് കണ്ട് റൂമില്‍ വന്ന് ബാഗ് എടുത്തു. ആ വലിയ ബാഗും ചുമന്ന് ഥാര്‍ മരുഭൂമിയുടെ വശത്തേക്ക് നടന്നു. കുറെ വണ്ടികള്‍ക്ക് ലിഫ്റ്റ് ചോദിച്ചു. ഒന്നും കിട്ടിയില്ല.
അവസാനം ഒരു ട്രാക്ടര്‍ കിട്ടി. അതിന്റെ പിന്നില്‍ ലോറിയുടെ പോലെ വിശാലമായ ഒരുഭാഗം ഘടിപ്പിച്ചിട്ടുണ്ട്. ഏതായാലും അതില്‍ കയറി മരുഭൂമിയിലേക്ക് യാത്ര തിരിച്ചു. ഏതോ കുറെ ഹിന്ദിപാട്ടും കേട്ടായിരുന്നു യാത്ര. കൂടെയുള്ളവര്‍ സിനിമയില്‍ ഒക്കെ കണ്ടിട്ടുള്ള രീതിയിലുള്ള തലപ്പാവുകള്‍ ഒക്കെ ഇട്ടിട്ടുണ്ടായിരുന്നു. ചിലര്‍ ഷാൾ വെച്ച് മുഖം മറച്ച് ഇരിക്കുന്നുണ്ടായിരുന്നു. സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇത് മരുഭൂമിയുടെ ഭാഗത്തേക്കല്ല, വേറെയതോ ഭാഗത്തേക്കുള്ളതാണ്. ബസ് സ്റ്റോപ്പില്‍ വിടാമെന്ന് ഡ്രൈവര്‍ പറഞ്ഞു. കുറേ ദൂരം യാത്ര ചെയ്തുകഴിഞ്ഞപ്പോള്‍ ബസ് പോലെ ഒരു ചെറിയ വണ്ടി വന്നപ്പോള്‍ അതിലേക്ക് അവര്‍ കയറ്റിവിട്ടു. ഇറങ്ങിയപ്പോള്‍ ട്രാക്ടറിന്റെ ഡ്രൈവര്‍ക്ക് ചെറിയ പൈസ കൊടുക്കേണ്ടി വന്നെങ്കിലും നഷ്ടമാണെന്ന് തോന്നിയില്ല. നല്ലൊരു അനുഭവമായിരുന്നു അത്.
ബസില്‍ കയറിയപ്പോള്‍ അവര്‍ക്ക് നമ്മള്‍ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല. കണ്ടക്ടര്‍ക്കും യാത്രകാര്‍ക്കും ഒന്നും അങ്ങോട്ടു മനസ്സിലായില്ല. ഏതായാലും അവര് ചോദിച്ച നൂറ്റിപത്ത് രൂപ എടുത്തുക്കൊടുത്തു എങ്ങോട്ടേക്കോ പൊയിക്കൊണ്ടിരുന്നു. പലപ്പോഴും എല്ലാ യാത്രകളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അധികം പ്ലാന്‍ ഒന്നുമില്ലാതെ, കൃത്യമായി ഒന്നും ചോദിച്ചറിയാതെ ഒരു യാത്ര. ചിലപ്പോള്‍ നല്ല നല്ല അനുഭവങ്ങള്‍ കിട്ടും. മറ്റുചിലപ്പോള്‍ മോശം അനുഭവങ്ങളാകും. ഏതായാലും യാത്രയോട് അങ്ങ് അലിഞ്ഞുചേര്‍ന്ന് നില്‍ക്കണം, അത്രയെയുള്ളൂ. ഈ യാത്ര എങ്ങോട്ടാണെന്ന് അറിയാനുള്ള ഒരുശ്രമം നടത്തി നോക്കി. സംസാരിക്കാന്‍ ഭാഷ പ്രശ്നമായിരുന്നെങ്കിലും എന്തൊക്കെയോ സഹയാത്രികരോട് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.
പക്ഷേ, എങ്ങോട്ടാണ് പോകുന്നതെന്ന് മാത്രം മനസ്സിലായില്ല. വരണ്ടതും വിജനവുമായ ആ ഭൂപ്രകൃതിയിലൂടെ രണ്ട് മൂന്ന് മണിക്കൂറത്തേ യാത്രയുണ്ടായിരുന്നു. ഏതോ ഭാഗത്ത് എത്തിയപ്പോള്‍ അവിടെ ഇറങ്ങിക്കൊള്ളാന്‍ കണ്ടക്ടര്‍ പറഞ്ഞു. ചാടി അങ്ങോട്ട് ഇറങ്ങിയപ്പോള്‍ തന്നെ മരുഭൂമി കണ്ടു. അതിന്റെ ആവേശത്തില്‍ മുമ്പോട്ട് കുറെ നടന്നു മണലില്‍ കൂടെയുള്ള നടപ്പ്, കുഴഞ്ഞുപ്പോയി. ഇതിനിടയില്‍ വന്ന ബസും പോയി കൂടെയിറങ്ങിവരും അപ്രത്യക്ഷരായി. ഇപ്പുറത്ത് ഒരു വഴി പോലെ തോന്നിയ ഭാഗത്തൂടെ നടന്നു. കുറച്ച് മാറി വീടുകള്‍ ഉണ്ടെന്ന് തോന്നിയ ഭാഗത്തേക്കായി നടത്തം. തണുപ്പ് ഏറിവരുന്നത് ശരീരം അറിഞ്ഞു തുടങ്ങി. മരുഭൂമിയിലെ മഞ്ഞ് നോവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
സന്ധ്യയാകാറായതുക്കൊണ്ട് അവിടെ ടെന്റ് അടിക്കാമെന്ന് കരുതി. അതിന് ആദ്യം നാട്ടുകാരോട് സംസാരിക്കാമെന്ന് വച്ചപ്പോൾ അവിടെ അധികം പേരെ കണ്ടില്ല. ഉള്ളവര്‍ക്കാണെങ്കില്‍ ഹിന്ദി മനസിലാവുന്നുമില്ല. പിന്നെ ഒരു പയ്യനെ കണ്ടു അവനോട് സ്ഥലം ഏതാണെന്ന് ഒക്കെ ചോദിച്ചു. അവന്‍ ഏതോ ഒരു പേര് പറഞ്ഞു. മനസ്സിലായില്ല. ആകെ മനസ്സിലായത്, ഇവിടെ കിടന്നാ ചിലപ്പോൾ ആളുകള്‍ ഉപദ്രവിക്കുമെന്ന് ഒക്കെയാണ്. അത് നമുക്ക് വലിയ പ്രശ്‌നമായി തോന്നിയില്ല. അടുത്തത് അവന്‍ പറഞ്ഞത്, സൈനികര്‍ ഇതുവഴി പോകും അവര്‍ ചോദ്യം ചെയ്‌തേക്കും.. ചിലപ്പോൾ പ്രശ്‌നമായേക്കും അവര്‍ പിടിച്ചോണ്ടുപോകുമെന്ന്. അതും സഹിക്കാമെന്ന് വച്ചു.
അപ്പോഴേക്കും കാറ്റടിച്ച് തുടങ്ങി. കൈയിലിരിക്കുന്ന ടെന്റ് ഈ കാറ്റ് താങ്ങില്ല. നല്ല തണുപ്പുമുണ്ട്. രാത്രിയായാല്‍ അത് ഇരട്ടിക്കും. ഇവരാരും വീട്ടില്‍ കയറ്റുമെന്ന് തോന്നുന്നില്ല. ബസ് സ്റ്റോപ്പോ, ആശുപത്രിയോ സ്‌ക്കൂളോ വല്ല കെട്ടിടമോ ഒക്കെ നോക്കി. ഒന്നുമില്ല, ഊഹം ശരിയാണെങ്കില്‍ സാധാരണ സഞ്ചാരികള്‍ വരുന്ന മരുഭൂമിയുടെ ഭാഗത്തല്ല എത്തിയിരിക്കുന്നത്. ആ പയ്യനാണെങ്കില്‍ പോവുകയും ചെയ്തു. ഈ തണുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റിയെന്ന് വരില്ല, കാറ്റും കൂടിയുണ്ടെങ്കില്‍ തീര്‍ന്നു കിട്ടും. പതിയെ വണ്ടി ഇറങ്ങിയ ഭാഗത്തേക്ക് നടന്നു. പ്രദേശം കൂടുതല്‍ ഇരുട്ടായി തുടങ്ങി. ഒരു മനുഷ്യരും ഇല്ല വണ്ടിയും ഇല്ല.
കുറെ ദൂരം വണ്ടി വന്ന പാതയിലൂടെ തന്നെ നടന്നു. പിന്നെ ഒരു സ്തൂപം പോലെ കെട്ടിപൊക്കിയതിന്റെ ചുവട്ടില്‍ വിശ്രമിച്ചു. രാത്രി അവിടെ കൂടാമെന്ന് കരുതി. പക്ഷേ, ടെന്റ് ഇടാന്‍ പറ്റില്ല. പറന്നുപോകും. നല്ല കാറ്റുണ്ട്. കൈയിലുണ്ടായിരുന്ന സെറ്ററും ജാക്കറ്റും ഒക്കെ എടുത്തിട്ട് തണുപ്പ് ഒന്ന് കുറയ്ക്കാന്‍ നോക്കി. ഏതാണ്ട് രാത്രി ഒന്‍പത് മണി അടുത്തായപ്പോള്‍ ഒരു വണ്ടിയുടെ വെളിച്ചം കണ്ടു. അത് ഒരു ബൈക്കായിരുന്നു. രണ്ടും കല്‍പ്പിച്ച് മുന്നില്‍ചാടി നിര്‍ത്തിപ്പിച്ചു. പുള്ളി പേടിച്ചു പോയെങ്കിലും, കാര്യം കേള്‍ക്കാനുള്ള ക്ഷമ കാണിച്ചു. ഭാഗ്യത്തിന് പുള്ളിക്ക് കാര്യം മനസ്സിലായി. മടങ്ങിപോകാനാണ് പുള്ളിയുടെ അഭിപ്രായം. ഇവിടെ എല്ലാവരും വളരെ പാവപ്പെട്ട ആളുകളാണ്. അവര്‍ പുറമെയുള്ളവരെ ഒട്ടും അടിപ്പിക്കില്ലത്രേ!
അതുമാത്രമല്ല പ്രദേശവാസികളോട് ഇന്ത്യന്‍ സൈന്യം പ്രത്യേകം പറഞ്ഞിട്ടുണ്ട്രേത പരിചയമില്ലാത്ത ആളുകള്‍ക്ക് ഇടം കൊടുക്കരുതെന്ന്. ഇത് അതിര്‍ത്തി പ്രദേശമാണ്. മരുഭൂമിയുടെ അപ്പുറം പാക്കിസ്ഥാനാണ്. ഇവിടെ നിന്നാല്‍ രാത്രിയിലെ പെട്രോളിംഗിന് എത്തുന്ന പട്ടാളക്കാര്‍ ചിലപ്പോള്‍ പിടികൂടും. പുള്ളിയും ജയ്‌സാല്‍മീര്‍ റൂട്ടിലേക്കാണ്. പക്ഷേ അവിടം വരെ ഇല്ല. ഏതായാലും ആ ചങ്ങാതിയുടെ കൂടെ കയറി. പുള്ളിയുമായി സംസാരിക്കുന്നുണ്ടെങ്കിലും പലതും തിരിയുന്നില്ല. ആ സ്ഥലപ്പേര് ഒക്കെ പറഞ്ഞു തന്നെങ്കിലും അതും തിരിയുന്നില്ല. ചെന്നുപ്പെട്ട പ്രദേശം മരുഭൂമി തന്നെയാണെന്ന് മനസ്സിലായി. കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളിയുടെ ഭാര്യ ഫോണ്‍ വിളിച്ചു. പുള്ളി പിന്നെ ഹെഡ്‌സെറ്റില്‍ അവരോട് സംസാരിച്ചായി യാത്ര. പുറകില്‍ ഒരാള്‍ ഉണ്ടെന്ന് കൂടി ഗൗനിക്കാതെ പുള്ളി അതില്‍ മുഴുകി.
മരുഭൂമിയില്‍ നക്ഷത്രം നോക്കി രാത്രിയില്‍ കിടന്നുറങ്ങണമെന്നൊക്കെയായിരുന്നു ആഗ്രഹം. അതെല്ലാം പൊട്ടി പാളീസായി. ഇനി ഒരിക്കല്‍ നോക്കാം. രണ്ട് മൂന്ന് മണിക്കൂര്‍ ബൈക്ക് യാത്ര തന്നെ. കൂട്ടത്തില്‍ നല്ല തണുപ്പും. ഒടുവില്‍ പുള്ളി ജെയ്‌സാല്‍മീറിന് അടുത്തുള്ള ഏതോ പ്രദേശത്ത് ഇറക്കി വിട്ടു. ഇവിടെ നിന്ന് രാവിലെ ബസ് കിട്ടുമെന്നും പറഞ്ഞു. പുള്ളിക്ക് ഒരു നന്ദി ഒക്കെ പറഞ്ഞു യാത്രയാക്കി. പാതിരാത്രി പന്ത്രണ്ടരയായി കാണും സമയം. കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല അവിടെ കണ്ട ഒരു ഷെഡ്ഡിലേക്ക് കയറി നിലത്തേക്ക് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചു, സ്ലീപിങ്ങ് ബാഗ് നിവര്‍ത്തി അതിനുള്ളിലേക്ക് നൂണ്ടു കിടന്നു. ഇനിയിപ്പോ രാവിലെയുള്ളൂ അടുത്ത യാത്ര. ബൈക്ക് യാത്ര നടുവിന്റെ പണി തീര്‍ത്തു തന്നിരുന്നു, പോരാത്തിന് തോളത്ത് നല്ല ഭാരമുള്ള ബാഗും.
നല്ല ക്ഷീണവും പോകാന്‍ ഉദ്ദേശിച്ച സ്ഥലം കിട്ടാത്തതിന്റെയോ ഒക്കെ കാരണം കിടന്നിട്ട് ഉറക്കം ഒന്നും വന്നില്ല. നല്ല തണുപ്പുമുണ്ട്. പിന്നെ ആലോചന മുഴുവന്‍ എവിടെ നിന്നാണ് ഇപ്പോള്‍ വന്നതെന്നായിരുന്നു. കണക്കുകൂട്ടല്‍ പ്രകാരം ലോംഗ്വാവാലയിലോ സങ്കാരി താലയിലോ ഉള്ള ഏതോ മരുഭൂമി ഗ്രാമത്തിലായിരിക്കണം എത്തിയത്. ജെയ്‌സാല്‍മീറില്‍ നിന്ന് ഏകദേശം നൂറ് കി.മീ ദൂരമുണ്ട് ഈ പ്രദേശത്തേക്ക്. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമങ്ങളാണിത്. അവിടെയാണെങ്കില്‍ ശരിയായ പാത തന്നെയായിരുന്നു. തന്നോട്ടിലേക്കും കിഷന്‍ഗഡിലേക്കും അവിടെ നിന്ന് വലിയ ദൂരമില്ല. പക്ഷേ ഇന്നും അറിയില്ല, എത്തിപ്പെട്ടത് എവിടെയാണെന്ന്? ബൈക്കില്‍ ലിഫ്റ്റ് തന്ന ആളോട് പ്രദേശത്തിന്റെ പേരും വിവരങ്ങളും വീണ്ടും വിശദമായി ചോദിക്കാതിരുന്നത് അബദ്ധമായിപ്പോയി.
പക്ഷേ, ഒന്നറിയാം, എത്തിപ്പെട്ടത് മരുഭൂമിയില്‍ തന്നെയായിരുന്നു. യാത്രകളെ ആവേശകരമാക്കുന്നത് ഇത്തരം അപ്രതീക്ഷിതങ്ങളായ കാര്യങ്ങളാണല്ലോ. എന്തോക്കെയോ ചിന്തിച്ച് ഉറങ്ങിപ്പോയി. രാവിലെ ഏതോ വണ്ടിയുടെ ശബ്ദം കേട്ടപ്പോഴാണ് ഉണര്‍ന്നത്. കിടന്നുറങ്ങിയ ഷെഡ്ഡിനടുത്ത് ഒരു ബസ് സ്റ്റോപ്പ് പോലുള്ള സെറ്റാപ്പാണെന്ന് അപ്പോഴാണ് മനസ്സിലായത്. നാട്ടുകാരോക്കെ ഇതേതാണ് പുതിയ ജീവി എന്ന രീതിയില്‍ നോക്കുന്നുണ്ട്. പതുക്കെ സ്ലീപിങ്ങ് ബാഗ് ഒക്കെ എടുത്ത് പൊടിത്തട്ടി എല്ലാം എടുത്തുവെച്ചു. പിന്നെ അവരോട് സംസാരിച്ചിരുന്നു. തന്നോട്ടിലേക്ക് പോകുന്ന റൂട്ട് ചോദിച്ചെങ്കിലും അങ്ങോട്ടേക്ക് പോകാനുള്ള ആ ആവേശം പോയതുക്കൊണ്ട് ജെയ്സാല്‍മീറിലേക്ക് തന്നെ പോയി വേറേ സ്ഥലം നോക്കാമെന്ന് തീരുമാനിച്ചു. ജെയ്‌സാല്‍മീറിലേക്ക് പോകാന്‍ ഒരു വണ്ടി വന്ന് നിന്നപ്പോള്‍ ചാടി അതില്‍ക്കയറി.
വീണ്ടും ജെയ്‌സാല്‍മീര്‍ സ്റ്റാന്‍ഡിലെത്തി. ഒന്ന് ഫ്രഷായി വന്നു, അടുത്ത കണ്ട കടയില്‍ കയറി ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ ഓരോ ചിന്തകള്‍ തലയില്‍ കയറി. ആ ചിന്തകള്‍ നയിച്ചത് അടുത്തത് എങ്ങോട്ടേക്ക് എന്നായി? കൈയിലുണ്ടായിരുന്ന രാജസ്ഥാന്റെ മാപ്പിലേക്ക് നോക്കിയപ്പോള്‍ കണ്ണുടക്കിയത് റത്തോഡ് രാജാവായ റാവു ബിക്കയുടെ ബിക്കാനീയര്‍ നഗരത്തിലേക്കാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ മധ്യേഷ്യയ്ക്കും (ഇന്നത്തെ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ രാജ്യങ്ങള്‍) സൗരാഷ്ട്രന്‍ തീരത്തിനും (ഇന്നത്തെ ഗുജറാത്ത്) ഇടയിലുള്ള വ്യാപാര പാതയിലെ ഒരു പ്രധാനപ്പെട്ടയിടമായിരുന്നു ബിക്കാനീര്‍. ചിന്തകളും ശരീരവും ബിക്കാനീയറിനെ ലക്ഷ്യമാക്കി കുതിക്കാനായി തയ്യാറെടുത്തുകഴിഞ്ഞതോടെ ജെയ്‌സാല്‍മീറിനോട് വിടപറഞ്ഞു ബസില്‍ കയറി. മുന്നിലെ കാഴ്ചകളോടൊപ്പം ചരിത്രകഥകളും കാടുകയറി തുടങ്ങിയപ്പോള്‍, പുറകില്‍ ഗംഭീരമായ അനുഭവങ്ങള്‍ സമ്മാനിച്ച മരുഭൂ നഗരം പതിയെ പതിയെ അപ്രത്യക്ഷമായി.
Content Highlights: jaisalmer rajasthan thar desert travel
Published: 23 May 2025, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented