ബോളിവുഡ്‌ താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ലോകയാത്രകള്‍ ഏറെ പ്രിയപ്പെട്ടതാണ്. ആരും കൊതിക്കുന്ന അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലെല്ലാം ജാക്വലിന്‍ യാത്ര ചെയ്തിട്ടുള്ളതായി താരത്തിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കാണാന്‍ കഴിയും. ബോളിവുഡ് സെലിബ്രിറ്റികളുടെ സാധാരണ യാത്ര ഡെസ്റ്റിനേഷനുകളില്‍ നിന്ന് അല്‍പം മാറിയായിരുന്നു ജാക്വലിന്‍ ഇത്തവണ യാത്ര ചെയ്തത്. സൗദി അറേബ്യയിലേക്കായിരുന്നു നടിയുടെ ഈ യാത്ര.

To advertise here,

സൗദി എന്ന രാജ്യത്തിന്റെ സാധ്യതകളും പൗരാണിക ഭംഗിയും ഭക്ഷണ വൈവിധ്യങ്ങളുമെല്ലാം പൂര്‍ണമായും അനുഭവിച്ചായിരുന്നു ജാക്വലിന്റെ സഞ്ചാരം. യാത്രാ ചിത്രങ്ങള്‍ക്കൊപ്പം സൗദിയെ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായ ടിപ്പുകളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

'ആദ്യമായാണ് പോകുന്നതെങ്കിലും ഈ മനോഹരമായ രാജ്യം എന്റെ ഹൃദയത്തില്‍ ഇടംനേടിക്കഴിഞ്ഞു. ഈ യാത്ര എന്നും വേറിട്ട ഓര്‍മയായി എന്നോടൊപ്പമുണ്ടാകും. രുചികരമായ സസ്യാഹാരങ്ങള്‍ക്കും അറബിക് കോഫിയുടെ പ്രത്യേകതകളെ കുറിച്ച് പഠിപ്പിച്ചു തന്നതിനും നന്ദി'- ജാക്വലിന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു. മരുഭൂമിയിലെ ഒട്ടകയാത്രയുടെയും സൂര്യാസ്തമനത്തിന്റെയും ചിത്രങ്ങളും ജാക്വലിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദിയില്‍ നിന്ന് കഴിച്ച രുചികരമായ ഭക്ഷണങ്ങളുടെ ചിത്രങ്ങളാണ് ബാക്കിയുള്ളവ. 

സമീപകാലത്ത് ലോക ടൂറിസം ഭൂപടത്തില്‍ സൗദി നിര്‍ണായകമായ മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. ആഗോള ടൂറിസം റാങ്കിംഗില്‍ സൗദി അറേബ്യ 2019-ല്‍ 43-ാം സ്ഥാനത്ത് ആയിരുന്നുവെങ്കില്‍ 2021-ല്‍ 33-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കോവിഡിന് ശേഷം ചരിത്രപരമായ സ്ഥലങ്ങളും മറ്റ് ടൂറിസം കേന്ദ്രങ്ങളും വീണ്ടും സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയതോടെ സൗദിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഡംബരങ്ങള്‍ നിറഞ്ഞ അവധിക്കാലത്തിനായാലും ചരിത്രവും പൗരാണികതയും നിറഞ്ഞ യാത്രകള്‍ക്കായാലും സൗദി മുന്നോട്ടുവെക്കുന്ന സാധ്യതകളാണ് വിദേശ സഞ്ചാരികളെ ഈ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്.