
യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും. യുവനടിമാരിൽ ശ്രദ്ധേയയായ ഗ്രേസ് ആന്റണി അവരിലൊരാളാണ്. പുതുവർഷം ആഘോഷമാക്കാൻ താരം തിരഞ്ഞെടുത്തത് മനോഹരമായ ഒരു വിദേശയാത്രയാണ്. യാത്രയുടെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ലണ്ടനിലെ പ്രശസ്തമായ സെൻറ് മേരീസ് ദ്വീപിലേക്കായിരുന്നു ഗ്രേസ് ആന്റണിയുടെ യാത്ര. പുതിയ വർഷമാണെങ്കിലും തനിക്ക് മാറ്റമൊന്നുമില്ലെന്ന് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. പുതിയ തുടക്കത്തിന് സ്വാഗതം, കരുത്തുറ്റ സ്വപ്ങ്ങളുമായി 2025 അവിസ്മരണീയമാകട്ടെ എന്നും ഗ്രേസ് കുറിച്ചു. സെന്റ് മേരീസ് ദ്വീപിന്റെ മനോഹാരിത ഗ്രേസ് പങ്കുവെച്ച ചിത്രങ്ങളിൽ കാണാം.
ചെറിയ മണൽക്കല്ലുകൾകൊണ്ട് സമ്പന്നമായ ദ്വീപാണ് ഇംഗ്ലണ്ടിലെ സെന്റ് മേരീസ് ദ്വീപ്. ബെയ്ത് എന്നൊരു പേരുകൂടിയുണ്ടിതിന്. പ്രാദേശിക പ്രകൃതി സംരക്ഷണകേന്ദ്രം കൂടിയാണിവിടം. 1898-ൽ നിർമ്മിച്ച സെൻ്റ് മേരീസ് ലൈറ്റ് ഹൗസാണ് ദ്വീപിൻ്റെ പ്രധാന സവിശേഷത. മധ്യകാലഘട്ടത്തിൽ സെന്റ് ഹെലെനുവേണ്ടി സമർപ്പിക്കപ്പെട്ട ചെറിയൊരു ദേവാലം ഇവിടെയുണ്ടായിരുന്നു. ചാപ്പലിനുള്ളിലെ സെൻറ് കാതറീൻസ് ലൈറ്റ് പിൽക്കാലത്തു സെന്റ് മേരിയായി തെറ്റിദ്ധരിക്കപ്പെടുകയും ദ്വീപിന് ആ പേര് ലഭിക്കുകയുമായിരുന്നു. ലൈറ്റ് ഹൗസിന്റെ നിർമാണ സമയത്ത് ഈ ചാപ്പൽ തകർക്കപ്പെട്ടു.
19-ാം നൂറ്റാണ്ടിൽ ജോർജ് ഈവൻ എന്നയാൾ ഇവിടെ സ്ക്വയർ ആൻഡ് കോംപസ് എന്ന പേരിൽ ഒരു സത്രം നടത്തിയിരുന്നു. 1895-ൽ, ചില റൗഡികൾ സമീപത്തെ ഭൂമിയിൽ അതിക്രമിച്ച് കടക്കുന്നു എന്ന പരാതിയെത്തുടർന്ന്, ഭൂവുടമയായ ലോർഡ് ഹേസ്റ്റിംഗ്സ് ഈവനെയും കുടുംബത്തെയും ദ്വീപിൽ നിന്ന് പുറത്താക്കി.
1984 വരെ ലൈറ്റ് ഹൗസ് പ്രവർത്തിച്ചിരുന്നു. നിലവിൽ ഇവിടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. താത്പര്യമുള്ളവർക്ക് ലൈറ്റ് ഹൗസിലെ 137 പടികൾ കയറി മുകളിൽച്ചെല്ലാം. വടക്കുകിഴക്കൻ തീരത്തിന്റെ മനോഹരമായ കാഴ്ചകളാണ് ഇവിടെനിന്ന് ആസ്വദിക്കാനാവുക. ലൈറ്റ് ഹൗസിനുപുറമേ പ്രകൃതിഭംഗികൊണ്ട് സമ്പന്നമാണ് സെന്റ് മേരീസ് ദ്വീപ്. നിരവധി സന്ദർശകരാണ് ഓരോ വർഷവും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി എത്തുന്നത്.
Content Highlights: Malayalam actress Grace Antony`s New Year trip to the beautiful St. Mary`s Island in England
Published: 04 Jan 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented