
ഹുൽഹുലെ ദ്വീപിൽ നിന്ന് മാലി ദ്വീപിലേക്ക് പോകുന്നത് ടാക്സിയിലാണ്. അതെന്തിനാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ഒരു പാലമാണ്. ഇരുദ്വീപുകളേയും ബന്ധിപ്പിക്കുന്ന പാലം അറിയപ്പെടുന്നത് ചൈന-മാലിദ്വീപ് ഫ്രണ്ട്ഷിപ്പ് പാലമെന്നാണ്. പേര് സൂചിപ്പിക്കും പോലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദമാണ് പാലം അടയാളപ്പെടുത്തുന്നത്. ചൈനയുടെ സാമ്പത്തിക സഹായത്തോടെയാണ് പാലത്തിന്റെ നിർമാണം. രണ്ടുവരിപ്പാതയാണ് പാലത്തിലുള്ളത്. 1.39 കിലോ മീറ്ററാണ് പാലത്തിന്റെ ദൂരം. കാൽനടയാത്രക്കാർക്കായി പ്രത്യേകം വഴിയുമൊരുക്കിയിരിക്കുന്നു. പാലത്തിന്റെ അങ്ങേത്തലയ്ക്കലുള്ള കവാടത്തിൽ പാലത്തിന്റെ പേരും വിശദാംശങ്ങളുമെല്ലാം എഴുതിവെച്ചിട്ടുണ്ട്.
മാലി നഗരമാണ് മുന്നിൽക്കാണുന്നത്. കുറച്ചപ്പുറത്തേക്ക് മാറ്റി വാഹനം നിർത്തിയാൽ പാലത്തിന്റെ മറ്റൊരു വ്യൂ കാണാം. കടലിന്റെ ഓളങ്ങളിലേക്ക് നീണ്ടുകിടക്കുകയാണ് ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്. 2018-ലായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. 2007-ലായിരുന്നു പാലത്തിന്റെ സാധ്യതകളേക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. രാഷ്ട്രീയപ്പാർട്ടികൾ പാലത്തെ വലിയ ക്യാമ്പയിനായി ജനങ്ങൾക്കിടയിലേക്ക് കൊണ്ടുവന്നു. ഒട്ടേറെ എതിർപ്പുകളും ഉയർന്നു. ഒടുവിൽ 2011-ൽ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഈ പാലത്തിന്റെ നിർമാണത്തിന് ഉത്തരവിട്ടെങ്കിലും അദ്ദേഹം രാജിവെച്ചതോടെ പദ്ധതി മുടങ്ങി. പിന്നീട് 2014-ൽ അബ്ദുള്ള യെമീൻ പാലത്തിന്റെ നിർമാണത്തിനായുള്ള ശ്രമങ്ങൾ പുനരാരംഭിക്കുകയും നാലുവർഷത്തിനുശേഷം അത് യാഥാർത്ഥ്യമാക്കുകയും ചെയ്തു. നിർമാണത്തിന് നേതൃത്വം നൽകിയ ചൈന ഹാർബർ എഞ്ചിനീയറിംഗ് കമ്പനിയാണ് പാലത്തിന്റെ പരിപാലനവും നടത്തിവരുന്നത്.
പാലത്തിന്റെ കഥയിൽ നിന്നും ബീച്ചിന്റെ വിശേഷങ്ങളിലേക്കാണ് ഇനി പോകുന്നത്. രണ്ട് പേരുകളുണ്ട് ബീച്ചിന്. ആർട്ടിഫിഷ്യൽ ബീച്ച് അഥവാ ചിൽഡ്രൻസ് ബീച്ച്. കടലിനോടുചേർന്നയിടത്തെ ഒരു പാർക്ക് പോലെ സജ്ജീകരിച്ചിരിക്കുന്നു. ഇരിക്കാനും ലഘുഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളൊക്കെ ഇവിടെയുണ്ട്. വൈകുന്നേരങ്ങളിൽ കുടുംബവുമായി വന്നിരിക്കാനുള്ള ഇടമെന്ന് പറയാം. വളരെ ചെറിയ തുരുത്തായതുകൊണ്ട് നഗരത്തോടുചേർന്നുള്ള ഇത്തരം ഇടങ്ങളിലേക്കും ആളുകളെത്തുന്നുണ്ട്. പാർക്കിലെ പടികളിറങ്ങിച്ചെല്ലുന്നത് കടലിലേക്കാണ്. കടലെന്നുപറയുമ്പോൾ വലിയ തിരമാലകളൊന്നുമില്ല ഈ ഭാഗത്ത്. കടൽഭിത്തിയുടെ കുറച്ചുഭാഗം പൊളിച്ചുമാറ്റി വെള്ളം കടത്തിവിട്ടിരിക്കുകയാണ്. അധികം ആഴമില്ലാത്ത ഈ പ്രദേശത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമാണ് മുൻഗണന. കുടുംബവുമായി വന്നാലേ പ്രവേശനമുള്ളൂ.
ഇടയ്ക്ക് ആകാശത്തേക്കൊന്ന് കണ്ണോടിച്ചപ്പോൾ മറുതീരം ലക്ഷ്യമാക്കിപ്പറക്കുന്ന വിമാനം കണ്ടു. കടലിന് മുകളിലൂടെയുള്ള പറക്കൽ കണ്ടപ്പോൾ സീ പ്ലെയിനുകളേക്കുറിച്ചാലോചിച്ചു. അതെ, മാലി ഇത്തരം വിമാനങ്ങൾക്കും പ്രശസ്തമാണ്. വിവിധ ദ്വീപുകളിലെ റിസോർട്ടുകളിലേക്ക് സഞ്ചാരികളേയുംകൊണ്ട് പറക്കുന്നത് ഇവയാണ്. ബോട്ട് യാത്രയെ അപേക്ഷിച്ച് ചിലവ് കൂടുതലാണെങ്കിലും സമയലാഭം കണക്കിലെടുക്കുമ്പോൾ സീ പ്ലെയിൻ തന്നെയാണ് ഉചിതം. മിക്ക ട്രാവൽ പാക്കേജുകളിലും സീ പ്ലെയിൻ സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ചോദിച്ചുറപ്പിക്കാവുന്നതുമാണ്.
സൽമാൻ മോസ്കാണ് അടുത്ത കാഴ്ച. പള്ളിയുടെ നിർമാണം പുരോഗമിക്കുന്നു. സൽമാൻ രാജാവിന്റെ പേരിലുള്ള മോസ്കിന്റെ നിർമാണം സൗദി അറേബ്യയുടെ സഹായത്തോടെയാണ്. 6000-ഓളം പേർക്ക് പ്രാർത്ഥന നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാവും. അതായത് മാലദ്വീപിലെ ഏറ്റവും വലിയ പള്ളിയാണ് ഇവിടെ ഒരുങ്ങുന്നതെന്ന് സാരം.
തീരത്തോടടുത്തുള്ള പ്രസിഡന്റ്സ് ഓഫീസാണ് അടുത്ത ലക്ഷ്യം. മാലദ്വീപിൽ പ്രസിഡന്റിനാണ് പ്രാമുഖ്യം. നിലവിൽ ഇബ്രാഹിം മുഹമ്മദ് സോലിഹാണ് പ്രസിഡന്റ്സ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി 2018-ലാണ് അധികാരത്തിലെത്തിയത്. 58.34 ശതമാനം വോട്ടുനേടിയാണ് അദ്ദേഹം രാജ്യത്തിന്റെ ഏഴാമത് പ്രസിഡന്റായി അധികാരമേൽക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് പ്രസിഡന്റാണ് പരമാധികാരി. നാഷണൽ ഡിഫൻസ് ഫോഴ്സിന്റെ കമാൻഡർ ഇൻ ചീഫ് പദവിയും അദ്ദേഹത്തിന് തന്നെ. പ്രസിഡന്റിന്റെ ഓഫീസിനടുത്താണ് മാലദ്വീപ് പോലീസ് സർവീസ് ഓഫീസ്. നിയമപാലനത്തിനായി മികച്ച സംവിധാനങ്ങൾ രാജ്യത്തുണ്ട്.
ഇതിനടുത്തുതന്നെയാണ് ജുൻഹോരി മൈതാനം. രാജ്യത്തെ സർക്കാർ പരിപാടികളെല്ലാം നടക്കുന്നത് ഇവിടെയാണ്. പ്രത്യേകിച്ചും പരേഡുകൾ. മറ്റ് ജനകീയ കൂട്ടായ്മകളും ഇവിടെ നടക്കാറുണ്ട്. റിപ്പബ്ലിക് മൈതാനമെന്നാണ് ഇവിടം പൊതുവേ അറിയപ്പെടുന്നത്. വൈകുന്നേരങ്ങളിൽ പ്രദേശവാസികൾ ഇവിടെയെത്തും. പ്രാവുകളുടെ കൂട്ടമാണ് മൈതാനത്തിലെ രസക്കാഴ്ച.
(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയുടെ പൂർണരൂപം കാണാം)
Content Highlights: Friendship bridge maldives, sea planes in maldives, islands in maldives, mathrubhumi yathra
Published: 31 Jan 2022, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented