
എത്രവട്ടം കയറിയിറങ്ങിയാലും പിന്നെയും വിളിക്കുന്നൊരുയരമാണ് ചെമ്പ്ര. കീഴടക്കുകയാണെന്ന തോന്നലേ ഉണ്ടാവില്ല, ആ മലനിരകളിലൂടെ നടന്നു ചെല്ലുമ്പോൾ. പകരം പുൽമേടുകൾക്കൊപ്പം, കാറ്റിനൊപ്പം കൈകൾ കോർത്ത്, വേഗംകൂടുന്ന ശ്വാസമിടിപ്പിനൊപ്പം അതിന്റെ മടിയിലമരാൻ തോന്നും. പച്ചപ്പണിഞ്ഞ ചെമ്പ്രമലയിൽ മഞ്ഞു വീഴുന്നതും മഴ ചാറുന്നതും വെയിലിൽ തിളങ്ങുന്നതും താഴ് വാരങ്ങൾക്ക് അഴകിന്റെ കുടമാറ്റമാണ്. ഉയരത്തിലെ വറ്റാത്ത ഹൃദയതടാകംപോലെ ഓരോ കാഴ്ചയിലും ചെമ്പ്രമലയുടെ പച്ചപ്പ് കാണുന്നവന്റെ ഉള്ളുതണുപ്പിക്കും.
അത്രയുമുയരത്തിൽ പച്ചപ്പിന്റെ കോട്ടകെട്ടി ആ പർവതം വിളിക്കും. വരൂ... ഈ പുൽമേടുകളിലേക്ക്.. കാറ്റിൽ കോടമഞ്ഞുലയുന്ന മലയിടുക്കളിലേക്ക്... നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തിന്റെ ഓരങ്ങളിലേക്ക്.... ആ വിളികേട്ട് സഞ്ചാരികൾ വന്നുകൊണ്ടേയിരിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 2100 മീറ്റർ ഉയരത്തിൽ പടർന്നു കിടക്കുന്ന പച്ചപ്പിലേക്ക് പുലരുമുമ്പോൾ മുതൽ അവർ നടന്നുകയറുന്നു. പല നാടുകളിൽനിന്ന് വന്നവർ.
ഊട്ടിവഴി വയനാട്ടിലെത്തിയ ബ്രിട്ടീഷുകാരാണ് ചെമ്പ്രയുടെ നെറുകയിൽ ആദ്യമായെത്തിയ വിദേശികൾ. വയനാട്ടിലെ ഏറ്റവുംവലിയ പർവതത്തിന്റെ ഉയരം കണക്കാക്കിയതും ബ്രട്ടീഷുകാർ തന്നെ. പശ്ചിമഘട്ടത്തിൽ ഇംഗ്ലീഷുകാർ തമ്പടിച്ച ഏക പർവതമാണിത്. കുതിരലായവും ഗോൾഫ് കോർട്ടുമെല്ലാം ഇതിനുതാഴെയുണ്ടായിരുന്നു. മലമുകളിൽ ടെന്നീസ് കോർട്ടിന്റെ അവശിഷ്ടങ്ങളിന്നുമുണ്ട്. കുതിരപ്പുറത്ത് അവർ മലകയറിയതിന്റെ കൗതുകം ഇപ്പോഴും താഴ് വരയിൽ നിന്ന് മാഞ്ഞിട്ടില്ല. അവധിദിവസങ്ങളിൽ ചെമ്പ്രയിലായിരുന്നു അവരുടെ ആഘോഷം.

അതിനായി ഇവിടെയുള്ള ക്യാമ്പ് ഓഫീസുകൾ ഒരു കാലത്ത് രാപകലില്ലാതെ ഉണർന്നുകിടന്നു. ആ കഥകൾ കൂടിയാണ് ചെമ്പ്രമല കയറ്റത്തിന്റെ ഹരം. എത്രയോ കാലങ്ങളുടെ കഥകൾ കുടികൊള്ളുന്ന ഇതുപോലൊരു മല വേറെകാണില്ല.
മഞ്ഞൊഴിയുന്ന കാലത്താണ് ചെമ്പ്രയുടെ കഷ്ടം. കാറ്റിൽ ഏതുവഴിയിലും തീ പടരാം.. പുൽമേടുകൾ നക്കിത്തോർത്തി അത് താണ്ഡവമാടും. ചെമ്പ്ര കത്തിയാളുന്നത് താഴ്വരകൾ നെഞ്ചിടിപ്പോടെ കണ്ടുനിൽക്കും. 2017-ലാണ് ഒട്ടും കരുണയില്ലാതെ തീനാളങ്ങൾ പച്ചപ്പിനെ നക്കിത്തോർത്തിയത്. അതിനു ശേഷം തീപ്പിടിത്തമുണ്ടായില്ലെന്ന ആത്മവിശ്വാസമുണ്ട് വനംവകുപ്പിന്. ഇക്കുറിയും വേനലിൽ തീയെ തടയാനുള്ള എല്ലാ മുന്നൊരുക്കങ്ങളുമായി. കനത്ത ജാഗ്രതയിലാണ് മലമുകളിൽ വാച്ചർമാർ. 200 പേർക്കാണിപ്പോൾ മലമുകളിലേക്ക് പ്രവേശനം. ഏഴുമുതൽ പന്ത്രണ്ടുമണിവരെ മലകയറാം.
Content Highlights: chembra peak wayanad, hiking spots in wayanad, history of chembra, heart lake chembra
ചെമ്പ്ര മലയിലെ ഹൃദയ തടാകം | ഫോട്ടോ: എം.വി സിനോജ് \ മാതൃഭൂമി
Published: 06 Feb 2022, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented