ഒരു മഴക്കാലം കുട ചൂടിനില്‍ക്കുമ്പോള്‍ വയനാട്ടിലെ ചെമ്പ്രമലയും സഞ്ചാരികളെ മാടിവിളിക്കുകയാണ്. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ മഴയ്ക്ക് വിഭിന്നഭാവങ്ങളാണ്. ചെമ്പ്രയുടെ നെറുകയില്‍നിന്നാകുമ്പോള്‍ മഴ ഒരു അവാച്യമായ അനുഭൂതി കൂടിയാകുന്നു.
വയനാടിന്റെ സാഹസിക വിനോദസഞ്ചാരത്തില്‍ ഏറ്റവും ആദ്യം ഇടം തേടിയ ചെമ്പ്ര പീക്ക് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടുമൊരു മഴക്കാലത്ത് സഞ്ചാരികള വരവേല്‍ക്കുന്നത്. കാട്ടുചോലകള്‍ കടന്നുവേണം ചെമ്പ്രയിലേക്കുള്ള യാത്രകള്‍. പ്രകൃതിയിലേക്കുള്ള സഞ്ചാരം കൂടിയാണിത്. നീല കാട്ടുപൂക്കളുടെ മൂക്കുത്തിയണിഞ്ഞ് ആകാശത്തിനെ പ്രണയിക്കുന്ന ഈ ഗിരിനിരകള്‍ക്ക് കാലത്തോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ട്.
നെറുകയിലെ ഹൃദയതടാകത്തില്‍ നീന്തി തുടിച്ച് നൂറുകണക്കിന് സഞ്ചാരികളുടെ മനസ്സില്‍ ഇടം തേടിയതാണ് ഈ സാഹസിക വിനോദ കേന്ദ്രം. കാഴ്ചകളുടെ വിരുന്നില്‍ എന്നും നൂറു ഭാവങ്ങളാണ് ഈ ഹിമവാന്‍ കുറിച്ചിടുന്നത്. താഴ് വാരത്തിലുള്ള ഗ്രാമീണര്‍ക്കുപോലും ഒരു നൂറുവട്ടം കയറിയാലും കൊതിതീരാത്ത യാത്രാനുഭവമാണ് ഈ മലയോരം നല്‍കുന്നത്.
ചെമ്പ്രയ്ക്ക് എന്നും വിഭിന്ന ഭാവങ്ങളാണ്. ഓരോ സമയത്തും ഒന്നിനൊന്നു വ്യത്യാസം. അതുകൊണ്ടുതന്നെ ചെമ്പ്രയിലേക്കുള്ള വഴികള്‍ ഒരിക്കല്‍ പോലും സഞ്ചാരികളുടെ മനസ്സുമടിപ്പിക്കാറില്ല. മഴക്കാലത്താണ് ഏറെ ഭംഗി. എന്നാല്‍ ശിശിരമാസത്തിലെ വയനാടന്‍ മഞ്ഞ് മൂടുമ്പോഴാണ് കൂടുതല്‍ സൗന്ദര്യമെന്ന് പറയുന്നവരുമുണ്ട്. കൊടും വേനലില്‍ വറ്റാതെ കിടക്കുന്ന ഹൃദയസരസ്സാണ് മറ്റു കുറെ പേര്‍ക്ക്‌വിസ്മയക്കാഴ്ച. ചെരിഞ്ഞുപെയ്യുന്ന വയനാടന്‍ മഴയും ഇവിടെ ഏറെ ഹൃദ്യമാണ്.
പഴയ ഇംഗ്ലീഷ് താവളം
ഊട്ടി വഴി വയനാട്ടിലെത്തിയ ബ്രട്ടീഷുകാരാണ് ചെമ്പ്രയുടെ നെറുകയില്‍ ആദ്യമായെത്തിയ വിദേശികള്‍. കൃത്യമായി 6300 അടി. വയനാട്ടിലെ ഏറ്റവും വലിയ പര്‍വ്വതത്തിന്റെ ഉയരം കണക്കാക്കിയതും ബ്രട്ടീഷുകാര്‍ തന്നെയാണ്. പശ്ചിമഘട്ടത്തില്‍ ഇംഗ്‌ളീഷുകാര്‍ തമ്പടിച്ച ഏക പര്‍വ്വതമാണിത്. ഇതിന്റെ താഴ്‌വാരത്തായി കുതിരലായവും ഗോള്‍ഫ് കോര്‍ട്ടുമെല്ലാം ഇവിടെയുണ്ടായിരുന്നു. നീലഗിരിയില്‍നിന്നും വയനാടന്‍ മലനിരകളിലേക്കായിരുന്നു സായ്പന്‍മാരുടെ പ്രയാണം.
ചായത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പടുത്തുയര്‍ത്താന്‍ വേണ്ടിയുള്ള യാത്രകള്‍. കൂട്ടത്തില്‍ സിങ്കോണ ചെടികളെയും വിദേശത്തുനിന്നും എത്തിച്ചു. സ്വര്‍ണഖനനത്തിനും ഇംഗ്ലണ്ടില്‍നിന്നും കമ്പനികളെത്തിയതോടെ ചെറിയൊരു യൂറോപ്പായി വയനാടും മാറുകയായിരുന്നു. ഇവരുടെയൊക്കെ ആവാസകേന്ദവും ചെമ്പ്രയുടെ താഴ്‌വാരങ്ങളിലായിരുന്നു. മൃഗയാവിനോദങ്ങള്‍ക്കും ഉല്ലാസത്തിനുമെല്ലാം മലകടന്ന് വന്നവര്‍. ഇവിടെയുള്ള ക്യാമ്പു ഓഫീസുകള്‍ ഒരുകാലത്ത് രാപ്പകല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെയെല്ലാം ഓര്‍മ്മകള്‍ക്ക് സാക്ഷ്യമാണ് ഈ ഹരിത പര്‍വ്വതം.
പുല്‍മേടുകള്‍ ചോലവനങ്ങള്‍
ഇടവിട്ടുള്ള ചോലവന സമൃദ്ധിയില്‍ വെണ്‍തേക്കും ചടച്ചിയും ഞാവലുമൊക്കെയുണ്ട്. കാട്ടുകുരുമുളകും നന്നാറിയും ശതാവരിയും ഇവിടെ കാണാം. ആരോഗ്യപച്ചയും ദണ്ഡപാലയും ഇവിടെ അപൂര്‍വ്വമല്ല. ഉഗ്ര വിഷമുള്ള പാമ്പുകള്‍ക്കും മലബാര്‍ ഫേണ്‍ഹില്‍ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലമാണിത്. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ഈ മലനിരകള്‍.
ഒരേസമയം രണ്ടു ദിശകളിലേക്കാണ് ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ ഒഴുകുന്നത്. പുല്‍മേടുകളാണ് ഈ മലയുടെ സമ്പത്ത്. ഇതൊക്കെയാണെങ്കിലും വേനല്‍ക്കാലം ചെമ്പ്രയുടെ ദുരിത കാലമാണ്. ഉണങ്ങിയ പുല്‍മേടുകളെ അഗ്നി വിഴുങ്ങി തീര്‍ക്കുന്നത് ദയനീയമായൊരു കാഴ്ചയാണ്. അശ്രദ്ധകൊണ്ടും സ്വാഭാവികമായുമൊക്കെ കാട്ടുതീ മലനിരകളിലേക്ക് പാഞ്ഞെത്തുമ്പോള്‍ നിസ്സഹായരായി അകലെ നിന്നും നോക്കിനില്‍ക്കാന്‍ മാത്രമാണ് കഴിയുക. സഞ്ചാരികളുടെ അശ്രദ്ധയിലും കാട്ടുതീ പടര്‍ന്ന ചരിത്രമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയും കര്‍ശന നിയന്ത്രണങ്ങളും പിന്നീട് പതിവായിരുന്നു. സഞ്ചാരികളെ ഗ്രൂപ്പായി തിരിച്ച് ഗൈഡുകളുടെ സേവനം ഉറപ്പാക്കിമാത്രമാണ് ചെമ്പ്ര പീക്കിലേക്കുള്ള ട്രക്കിങ്ങും പുനരാംരഭിക്കുന്നത്.
ഓണ്‍ലൈന്‍ സംവിധാനങ്ങളടക്കം പരിഗണനയിലുണ്ട്. പ്രതിദിനം പരമാവധി 88 സഞ്ചാരികളെ മാത്രമാണ് പുതിയ ഉത്തരവ് പ്രകാരം ചെമ്പ്രമലയിലേക്ക് പ്രവേശിപ്പിക്കുക. അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന് മുതിര്‍ന്നവര്‍ക്ക് 4000 രൂപയും കുട്ടികള്‍ക്ക് 1000 രൂപയും വിദേശികള്‍ക്ക് 8000 രൂപയുമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക. രാവിലെ ഏഴ് മുതലാണ് ചെമ്പ്രയിലേക്കുള്ള പ്രവേശനം. സ്റ്റില്‍ ക്യാമറയ്ക്ക് 53 രൂപയും വീഡിയോ ക്യാമറയ്ക്ക് 301 രൂപയും ടിക്കറ്റ് നല്‍കണം. ചെമ്പ്ര വാച്ച് ടവര്‍ വിസിറ്റ് സൗര്യവുമുണ്ട്. ഒരാള്‍ക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഫോണ്‍ 8547602689.
Content Highlights: Tourists welcome to chembra peak Wayanad
Published: 03 Jun 2025, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented