കേരളത്തില്‍നിന്ന് ആരംഭിച്ച് തമിഴ്നാട്ടില്‍ ചെന്നുചേരുന്ന വെള്ളച്ചാട്ടമോ? അങ്ങനൊരെണ്ണം ഇടുക്കിയിലുണ്ട്. ചക്കുപള്ളം പഞ്ചായത്തിലെ ചെല്ലാര്‍കോവിലെന്ന കൊച്ചുഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായ ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം. ഇടതൂര്‍ന്ന പച്ചപ്പിനു നടുവില്‍ ശാന്തമായൊഴുകുന്ന അരുവി മഴക്കാലത്താണ് സജീവമാകുന്നത്. പാറക്കെട്ടുകള്‍ക്കു മുകളിലൂടെ പലതട്ടുകളായി വീണൊഴുകുന്ന ജലപാതവും വന്മരങ്ങള് തീര്‍ക്കുന്ന ശീതളിമയും ഇങ്ങോട്ടുള്ള യാത്ര ഹൃദ്യമായൊരനുഭവമാക്കിമാറ്റുന്നു.
മലമുകളിലെ ചെറിയ അരുവികള്‍ സംഗമിച്ച് ചെറിയൊരു പുഴയായി കേരളത്തിന്റെ മടിത്തട്ടിലൂടെ ഒഴുകി ചെല്ലാര്‍കോവിലിന്റെ നെറുകയില്‍നിന്ന് 3500 അടി താഴ്ചയിലേക്ക് പതിച്ച് തമിഴ്നാടിന്റെ കാര്‍ഷിക സമൃദ്ധിക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നു നോക്കിയാല്‍ തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെയും കമ്പം-ഗൂഡല്ലൂര്‍ ടൗണുകളുടെ വിദൂരദൃശ്യങ്ങള് കാണാനാകും. പ്രകൃതിസൗന്ദര്യത്താല്‍ സന്തുലിതമായ ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം മലയാളം-തമിഴ് സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്.

അവധി ദിവസങ്ങളിലും മറ്റും നൂറുകണക്കിന് ആളുകളാണ് വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിക്കാനും തമിഴ്നാടിന്റെ വിദൂരകാഴ്ചകള്‍ കാണാനും എത്തുന്നത്. വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കുട്ടികള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ടൂറിസം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. കുമളിയില്‍നിന്നു 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവിക്കുഴി ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തില്‍ എത്താന്‍ സാധിക്കും.
Content Highlights: Chellarcovil Aruvikuzhi Waterfalls Chellarkovil Viewpoint Thekkady
Published: 16 Jul 2023, 06:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented