
മുന്നാട്(കാസർകോട്): സഞ്ചാരികളെ ആകർഷിക്കുകയാണ് ജയപുരം തോട്ടിലെ വെള്ളച്ചാട്ടം. നുരഞ്ഞുപൊങ്ങുന്ന വെളുത്ത പതകളുയർത്തി മനം കുളിർപ്പിക്കുംവിധം കുത്തിയൊലിച്ചൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിലാണ് ജയപുരം ഗ്രാമം.
മുന്നാട്-ചേരിപ്പാടി റോഡിന് തോട് കടക്കാൻ കോൺക്രീറ്റ് പാലം ഉണ്ട്. പാലത്തിന് താഴെ ഭാഗത്താണ് വെള്ളച്ചാട്ടം. ഇവിടെനിന്ന് നൂറ് മീറ്റർ താഴോട്ട് സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂർണമായും ആസ്വദിക്കാം. 10 മീറ്ററോളം ഉയരത്തിൽനിന്നാണ് വെള്ളം താഴെ പതിക്കുന്നത്. കൂറ്റൻ കരിമ്പാറകൾ നിരന്നിരിക്കുകയാണിവിടെ.
മുകളിൽ മുൻപോട്ട് തള്ളിനിൽക്കുന്ന പാറയിലൂടെ വെള്ളം താഴെ പതിക്കുന്നത് മീറ്ററുകളോളം അകലത്തേക്കാണ്. അതിനാൽ വെള്ളച്ചാട്ടത്തിനും പാർശ്വഭിത്തിയായ കരിങ്കല്ലിനും ഇടയിൽ ഒഴിഞ്ഞ ഭാഗം രൂപപ്പെടുന്നു. ഒരേസമയം ഇവിടെ പത്തോളം പേർക്ക് നിവർന്നുനിൽക്കാൻ സാധിക്കും. പാറക്കെട്ട് തട്ടുകളായുള്ളതാണെന്നതിനാൽ ഏറെനേരം ഇരിക്കാനും സാധിക്കും.
വെള്ളം താഴെ പതിച്ചതിനുശേഷം 20 മീറ്ററോളം പരന്നൊഴുകുന്നു. ഇവിടെയാണ് ആളുകൾ ഇറങ്ങുന്നത്. തുടർന്നും പാറക്കെട്ടുകളിൽ പതിച്ച് താഴോട്ട് കുത്തിയൊലിച്ചൊഴുകി വാവടുക്കം പുഴയിലേക്കാണ് ചേരുന്നത്.
പ്രകൃതി ഭംഗി
പ്രകൃതിഭംഗിയേറിയ കാഴ്ചകളാണ് വെള്ളച്ചാട്ടത്തിന് സമീപങ്ങളിലെല്ലാം. തോടിന്റെ ഇരുകരകളിലും താഴ്‌വാരങ്ങളിൽ തെങ്ങ്, കവുങ്ങ്, വാഴ, റബ്ബർ തോട്ടങ്ങളാണ്. നിറയെ കായ്ച്ചുനിൽക്കുന്ന ഒട്ടേറെ പ്ലാവുകളും ഉണ്ട്. ഇടതൂർന്നു വളരുന്ന ഈറ്റ, മുള എന്നിവയും ആകർഷകമാണ്.
അപകടച്ചാട്ടം
മഴ കുറഞ്ഞ് നീരൊഴുക്കിന് ശക്തി കുറയുമ്പോഴാണ് വെള്ളച്ചാട്ടത്തിന് ഭംഗിയും തെളിമയും ഏറുന്നത്. ശക്തമായ ഒഴുക്കുള്ളപ്പോൾ തോട്ടിൽ ഇറങ്ങുന്നത് അപകടമാണ്. ഒഴുക്കില്ലാത്തപ്പോൾ കുഴികളിലേക്ക് എടുത്തുചാടുന്നതും അപകടം. കുഴികളിലെല്ലാം ഉരുളൻകല്ലുകളുണ്ട്. വിസ്താരമായ പാറക്കല്ലുകളുടെ വഴുതൽ അപകടത്തിനിടയാക്കും. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് തോട്ടിലിറങ്ങുന്നതും സുരക്ഷിതമല്ല.
എങ്ങനെ എത്താം
ജില്ലയുടെ ഏതുഭാഗത്തുനിന്നും അനായാസം എത്തുന്നതിന് റോഡ് സൗകര്യം ഉണ്ട്. മുന്നാട് നിന്നും ചേരിപ്പാടി വഴി വാവടുക്കം റോഡിലേക്ക് എത്തിച്ചേരുന്ന റോഡിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്താം. വാവടുക്കം-കാഞ്ഞിരത്തിങ്കാൽ റോഡിൽക്കുടിയും എത്താം. കൊട്ടോടിയിൽനിന്നും പള്ളത്തിങ്കാലിൽനിന്നും റോഡുണ്ട്.
Content Highlights: Jayapuram Waterfalls provide refreshing view
Published: 28 Jun 2025, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented