വയനാട് പടിഞ്ഞാറത്തറയില്‍ നിന്നും ബാണാസുരമലയെ ലക്ഷ്യമാക്കി അല്‍പ്പം മുന്നോട്ട് പോയാല്‍ ഇടതു ഭാഗത്തായി മലനിരകള്‍ക്ക് കുറുകെ ഉയര്‍ത്തിയ കൂറ്റന്‍ മണ്ണണ കാണാം. ഒരു ഭാഗത്ത് നെടുനീളെയുള്ള ചെരുവില്‍ പച്ചപ്പുല്ലുകള്‍ പിടിപ്പിച്ചിരിക്കുന്നു. അതിനുമുകളില്‍ വിശാലമായ റോഡ്. ഇതിലൂടെയാണ് സഞ്ചാരികള്‍ക്കായുള്ള പാതയും. സായാഹ്നമാകുമ്പേഴേക്കും സഞ്ചാരികളെക്കൊണ്ട് പ്രദേശമാകെ നിറഞ്ഞു കവിയും. ശിശിരവും മഴക്കാലവും വേനലും മാറിമാറി വരുമ്പോഴും ഈ തീരത്ത് സഞ്ചാരികള്‍ ഒഴിയുന്നില്ല. ഏതുസീസണിലും വരാന്‍ പറ്റുന്ന കേരളത്തിലെ അപൂര്‍വ്വം ഇടങ്ങളില്‍ ഒന്നായി വയനാട്ടിലെ ബാണാസുരസാഗറിനെ പരിഗണിക്കാം. 

To advertise here,

കഴുത്തിനൊപ്പം മുങ്ങിനില്‍ക്കുന്ന അനേകം കുന്നുകള്‍. നിറഞ്ഞ വെള്ളിപ്പാത്രങ്ങള്‍ പോലെ അനേകം ദ്വീപുകള്‍. ഇതിന് അഭിമുഖമായി ആകാശ ചുംബിയായ ബാണാസുരന്‍മല. വയനാട്ടില്‍ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വന്നെത്തുന്നത് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നുമുള്ള മഴക്കാഴ്ചകള്‍ കാണാനാണ്. പടിഞ്ഞാറന്‍ കാറ്റിനെ തടയുന്ന ഗിരി പര്‍വ്വതത്തില്‍ നിന്നും മഴ അണക്കെട്ടിലേക്ക് ഉതിര്‍ന്നു വീഴും. കാറ്റിന്റെ ഗതിയനുസരിച്ച് വട്ടം ചുറ്റുന്ന വയനാടന്‍ മഴയെ വിദൂരത്ത് നിന്നും ആസ്വദിക്കണമെങ്കില്‍ ഇവിടെ തന്നെ വരണം.

placeholder
ഫോട്ടോ: മധുരാജ്‌

സഞ്ചാരി പ്രവാഹം

പതിനായിരത്തിലധികം സഞ്ചാരികളാണ് ഇവിടം പ്രതിദിനം സന്ദര്‍ശിച്ചു മടങ്ങുന്നത്. ഇന്ന് സഞ്ചാരികളുടെ പറുദീസയായി ഈ ജലാശയം മാറിക്കഴിഞ്ഞു. ഓളപ്പരപ്പുകളും ചെറുദ്വീപുകളും അതിനെ തൊട്ടുരുമ്മി നിൽക്കുന്ന ബാണാസുരമലയും സഞ്ചാരികളുടെ മനം കവരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണയ്ക്ക് മുകളില്‍ നിന്നും വിദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണുപായിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുവരെ ഒട്ടേറെ പേര്‍  ഇവിടെയെത്തുന്നുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഇവിലെ ഏറ്റവും കൂടുതലായി ഇവിലെ ഈ അവധിക്കാലത്ത് എത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഇവിടെ നിന്നും പ്രതിമാസം ലഭിക്കുന്നത്.  കയാക്കിങ്, ഫണ്‍ ആന്‍ഡ് ഫാന്റസി, സ്പീഡ്ബോട്ട് തുടങ്ങി നിരവധി സാധ്യതകള്‍ ഇവിടെ സഞ്ചാരികള്‍ക്കായുണ്ട് (കളക്ടറുടെ ഉത്തരവുകള്‍ പ്രകാരം ചില ആക്ടിവിറ്റികള്‍ക്ക് ഇപ്പോള്‍ താല്‍ക്കാലികനിയന്ത്രണമുണ്ട്).

placeholder
ഫോട്ടോ: എം.വി സിനോജ്‌

ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം

കേരള ഹൈഡല്‍ ടൂറിസം സെന്ററായ ബാണാസുരസാഗറില്‍ ജൂലൈ 22 മുതല്‍ പ്രവേശന ടിക്കറ്റ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. https://www.keralahydeltourism.com/ എന്ന സൈറ്റ് വഴി രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 

placeholder
ഫോട്ടോ ശ്രീജിത്ത് പി രാജ്

ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പൂക്കോട് തടാകക്കരയില്‍ നിന്നും ഇതിലും എളുപ്പത്തില്‍ തിരക്കൊഴിഞ്ഞ പാതയുമുണ്ട് ഇവിടെയെത്താന്‍. ഏതു സീസണിലും ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. തടാകത്തിലൂടെ ഏഴുകിലോമീറ്ററോളം പിന്നിടുന്ന ബോട്ടു സവാരിയാണ് ഏറെ ആകര്‍ഷകം. പടിഞ്ഞാറത്തറയില്‍നിന്ന് മൂന്നു കിലോമീറ്ററോളം പിന്നിടുമ്പോള്‍ റോഡിന് സമാന്തരമായി നീണ്ടുകിടക്കുന്ന മണ്ണണ സഞ്ചാരികളെ സ്വാഗതം ചെയ്യും. ബോട്ടുയാത്ര തുടങ്ങിയതോടെയാണ് ഇവിടുത്തെ സാധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്.

placeholder
ഫോട്ടോ: എം.വി സിനോജ്‌

കേരളത്തിലെ നമ്പര്‍ വണ്‍ ഹൈഡല്‍ ടൂറിസം കേന്ദ്രം

പ്രകൃതി സന്തുലിത വിനോദ സഞ്ചാരത്തിന്റെ മനോഹര ദൃശ്യമാണ് തരിയോട് നിന്നുമുള്ള ബാണാസുരസാഗറിന്റെ മുഖം. വയനാട്ടിലെത്തുന്നവര്‍ക്ക് ഈ കേന്ദ്രം സന്ദര്‍ശിക്കാതെ മടങ്ങുക എന്നത് നിരാശാജനകമാണ്. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഒട്ടനവധി റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. ഹോം സ്റ്റേകളിലും താമസിക്കാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ നമ്പര്‍ വണ്‍ ഹൈഡല്‍ ടൂറിസം കേന്ദ്രമായി ബാണാസുരസാഗര്‍ മാറിക്കഴിഞ്ഞു. മറ്റു കേന്ദ്രങ്ങളില്‍ നിന്നും വിഭിന്നമായുള്ള  ഭൂമിശാസ്ത്രപരമായ വേറിട്ട കാഴ്ചകളാണ് ഇവിടെ ആസ്വാദനത്തെ സമ്പന്നമാക്കുന്നത്. വൈദ്യുതി ഉത്പാദനത്തിന് ജലവിതാനത്തിന് മുകളില്‍ ഒഴുകുന്ന സോളാര്‍ പാനല്‍  ഇവിടെയുണ്ട്.