ഒരു രാജ്യത്തെ യാത്രികൻ എങ്ങനെയൊക്കെയാണ് അടുത്തറിയുന്നത്? പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ അന്വേഷിച്ച് കണ്ടെത്തും. കണ്ട സിനിമകളിലെ ഭൂവിഭാഗങ്ങൾ തിരയും. അവിടുത്തെ സ്പോർട്‌സ് മത്സരങ്ങളിലെ താരങ്ങളെ പിന്തുടരും. യുദ്ധമുഖങ്ങളെയും നേതാക്കളെയും ഓർക്കും. നഗരഹൃദയങ്ങളിൽ പ്രദർശിപ്പിക്കുക ഏറ്റവും നല്ല ഉദ്യാനമായിരിക്കും. കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ച്ചകൾ കെട്ടിമറച്ചിരിക്കാം. രാജ്യത്തെ, അവിടുത്തെ മനുഷ്യരെ അടുത്തറിയണമെങ്കിൽ പതിവുപാത ഒഴിവാക്കി സഞ്ചരിക്കണം.
യാത്രികൻ എന്ന നിലയിൽ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമുണ്ട്. അപരിചിത പാതകളിലൂടെ തെളിയുന്ന അപ്രതീക്ഷിത കാഴ്ച്ചകൾ. അസർബൈജാൻ ഇക്കാര്യത്തിൽ നിരാശപ്പെടുത്തിയില്ല. അസർബൈജാനെ ഭൂപടത്തിൽ തിരഞ്ഞാൽ തെളിയുന്ന ചിത്രമുണ്ട്. ചിറകുകൾ പരത്തി, കാസ്പിയൻ കടലിന്റെ കരിനീലയിലേക്ക് ചുണ്ടുകൾ താഴ്ത്തിയ പരുന്ത്! കൂടുതലെന്താണ് അസർബൈജാൻ? കുറച്ച് അസർബൈജാൻ സിനിമകൾ കണ്ടിട്ടുണ്ട്. അതിൽ കണ്ട കാഴ്ച്ചകളുണ്ട്. ഫ്രീസ്റ്റൈൽ ഗുസ്തി, ചെസ് മത്സരങ്ങളോട് ബന്ധപ്പെട്ടും ഈ പേര് കേട്ടിട്ടുണ്ട്. മറ്റുവിവരങ്ങളൊന്നും പിടിതരാത്ത രാജ്യം.
എൽവിൻ അഡിഗോസെലിന്റെ 'ബിലേസുവർ' എന്ന അസർബൈജാൻ സിനിമ ഓർമയുണ്ട്. അവിടുത്തെ ചെറുഗ്രാമത്തിലെ കഥയാണ്. സമയം നിശ്ചലമായ ഇടം. അവിടുത്തെ അഞ്ചു കഥകൾ കൂട്ടിക്കെട്ടിയ സിനിമ. ആൾപ്പൊക്കത്തിൽ ഉയർന്ന വലിയപുൽക്കൂടാരങ്ങളും മൺവഴികളും പരപ്പാർന്ന തടാകവും മുച്ചക്രവണ്ടിയും അസർബൈജാനെ കുറിച്ച് ചിത്രം സമ്മാനിച്ചു.
ഇൽഗാർ നജഫിന്റെ 'മാതളനാരകങ്ങളുടെ തോട്ടം' (പോംഗ്രനേറ്റ് ഓർച്ചാർഡ്‌സ്) എന്ന സിനിമയിൽ അസർബൈജാനിലെ ലാൻഡ്‌സ്‌കേപ് മറ്റൊന്നാണ്. കൂടൂതൽ പച്ചപ്പ് കടന്നുവന്നു. തോട്ടങ്ങളുണ്ട്, മലയടിവാരങ്ങളുണ്ട്, സമാധാനപ്രിയരായ മനുഷ്യരുമുണ്ട്, ഇണചേരാനൊരുങ്ങുമ്പോൾ തട്ടിൽ നിന്ന് കൊട്ടമറിഞ്ഞ് മാതളനാരങ്ങ ഉരുണ്ടോടുന്ന ആ സിനിമയിലെ വിഷ്വലും ഓർക്കുന്നു. അസർബൈജാനിൽ ഇറങ്ങിയപ്പോൾ ആ കാഴ്ച്ചകളെല്ലാം മാഞ്ഞുപോയി.
തീയിതളുകളുടെ രാജ്യം
അസർബൈജാൻ ഏവർക്കുമായി തുറന്നുകിടക്കുന്നു. വ്യത്യസ്ത സ്വഭാവികൾക്ക് വേണ്ടതെല്ലാം ഈ ചെറുരാജ്യത്തുണ്ട്. കാലങ്ങളായി തീജ്വാലകളുയർന്നുനിൽക്കും യെനാർദാഗിലെ മലയടിവാരം, ഗോബുസ്ഥാനിലെ കുഴമണ്ണുയരും വോൾക്കാനോ, യുനെസ്‌കോ പൈതൃകപട്ടികയിൽ ഇടംപിടിച്ച ഷെക്കിഖാൻ കൊട്ടാരം, ഫയർ ടെമ്പിൾ, പ്രശാന്തി സിപ് ചെയ്യാനാകുന്ന നോഹുർ തടാകം, സിൽക്ക് റൂട്ടിലെ വ്യാപാരികളുടെ വിശ്രമസത്രമായ കാരവൻസേരി, ഗബാലയിലെ കേബിൾകാർ സവാരി, യൗവ്വനം നിന്നുതുള്ളുന്ന നിശാക്ലബുകൾ...
വെടിപ്പേറിയ നിരത്തുകളിൽ പുതുതലമുറവാഹനങ്ങൾ ഒഴുകിപായുന്നു. കോട്ടിലും സ്യൂട്ടിലും ചുറുചുറുക്കോടെ നീങ്ങുന്ന ജനത. അസർബൈജാനെ കുറിച്ചുള്ള ധാരണകൾ മെല്ലെ മാറിവന്നു. ലാൻഡ് ഓഫ് ഫയർ എന്ന പേരിനെ സൂചിപ്പിക്കുന്ന വിധം ബാക്കുവിലെ ഫ്‌ളെയിം ടവേഴ്‌സ്. മൂന്ന് തീയിതളുകൾ മാനത്തേക്ക് ഉയർന്നുനിൽക്കുന്നു. രാത്രിയിൽ ഈ മൂന്നുടവറിലും ചലിക്കുന്ന ഡിജിറ്റൽ ചിത്രങ്ങൾ തെളിയുന്നു, നിറങ്ങൾ മാറുന്നു. അസർബൈജാന്റെ ലാൻഡ് മാർക്ക് കെട്ടിടമാണിത്.
97 ശതമാനത്തിലധികവും ഇസ്ലാം മതവിശ്വാസികളാണ്. എന്നാൽ മതസാന്നിധ്യം ഇവിടുത്തുകാരുടെ വസ്ത്രധാരണത്തിൽപോലും പ്രകടമല്ല. നിരത്തിനരികിലെ ചെറുഭക്ഷണശാലകൾ ഉഷാർപകരും ചായകോപ്പ നീട്ടുന്നു. ഗബാലയിലെ മൂടൽമഞ്ഞിലൂടെ തെളിഞ്ഞും മറഞ്ഞും ജീവിതദർശനംതരും കേബിൾകാർ. ശാന്തിയലിഞ്ഞുകിടക്കുന്ന തടാകങ്ങൾ, സ്വപ്‌നങ്ങളിലെന്നവണ്ണം നടന്നാലും തീരാത്ത പൗരാണികതെരുവുകൾ, അവിടുത്തെ ഹമാം എന്ന കുളിസ്ഥലങ്ങൾ.
കാറ്റിൽ നിസാമി ഗഞ്ചാവിയുടെ കവിതകൾ ഒഴുകിപരക്കുന്നപോലെ. രാജ്യത്തിന്റെ സംഗീതപാരമ്പര്യം എവിടെയും പ്രകടമാണ്. അടിപ്പാതയുടെ അരികിൽ ചെറുഗിത്താർ മീട്ടും പാട്ടുകാർ ഇരിപ്പുണ്ട്. ഭക്ഷണശാലകളിൽ പരമ്പരാഗത അസർബൈജാൻ സംഗീത ഉപകരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. എസ്‌കലേറ്റർ സൗകര്യവുമുള്ള സബ് വേകളിൽ ഇരുവശവും മനോഹരമായ പെയിന്റുകളുണ്ട്. കിഴക്കൻ യൂറോപ്പും പടിഞ്ഞാറൻ ഏഷ്യയും കെട്ടിപിടിച്ചുകിടക്കുന്നതിന്റെ
പ്രത്യേകത ഈ രാജ്യത്തിനുണ്ട്. യാത്രികർക്ക് രണ്ട് സംസ്‌കാരവും യൂറേഷ്യൻ പ്രദേശമായ ഈ ഒറ്റരാജ്യത്തിൽ അനുഭവിക്കാം.
തലസ്ഥാനനഗരിയായ ബാക്കുവിൽ എല്ലാമുണ്ട്. വലിയ മാളുകൾ, നിശാക്ലബുകൾ, ഷോപ്പിങ്ങ് സ്ട്രീറ്റ്, ഇളംക്രീം - ഇളംമഞ്ഞ നിറങ്ങളടിച്ച കെട്ടിടങ്ങൾ, വഴിയോരത്ത് ധാരാളം തണൽമരങ്ങൾ, ഊബർ കാറുകൾ. പുതുതലമുറ സെഡാൻ കാറുകളാണധികവും. അരിപ്രാവുകൾ കൂട്ടമായി പറന്നുപൊങ്ങുന്ന നിസാമി തെരുവ്. നിരവധി പാർക്കുകൾ, ജലധാരകൾ. മേപ്പിൾമരങ്ങൾ, അരളിപൂക്കൾ ചിരിച്ചുനിൽക്കും മനോഹരമായ തെരുവുകൾ. വെടിപ്പുള്ള നഗരപാത, പുതിയവേഷവിതാനങ്ങളോടെ, ആത്മവിശ്വാസത്തോടെ ചുവടുവെയ്ക്കുന്ന ആധുനികജനത.
പൊട്ടിപൊളിഞ്ഞ റഷ്യൻ ലാഡയിൽ മഡ് വോൾക്കാനോയിലേക്ക്
കിലോമീറ്ററുകൾ എണ്ണപ്പാടം, അതിൽ മടുക്കാതെ താഴ്ത്തിയും ഉയർത്തിയും യന്ത്രക്കൈകൾ! ബാക്കുവിന്റെ പ്രധാനനിരത്തുകളിലൂടെ ബസ് നീങ്ങി. ഗോബുസ്ഥാനിലെ മഡ് വോൾക്കാനോ കാണുകയാണ് ലക്ഷ്യം. ഒടുവിൽ മരുഭൂമി സമാനമായ ഇടത്ത് ബസ് നിന്നു. അവിടെ വരിവരിയായി പലതരം കാറുകൾ കാത്തുകിടക്കുന്നു. ഗോബുസ്ഥാനിലേക്ക് ഇനി യാത്ര ഈ കാറുകളിലാണ്.
എനിക്ക് കിട്ടിയത്. ഇരമ്പി നിൽക്കുന്ന പൊളിഞ്ഞുതുടങ്ങിയ റഷ്യൻ ലാഡ കാർ. ആക്രികൂട്ടത്തിൽനിന്ന് ചാടിയിറങ്ങിവന്നപോലെ, അത്രയും പരിതാപകരം. ഹെഡ് ലാമ്പ് പൊട്ടിത്തകർന്നിരിക്കുന്നു. ഡാഷ്‌ബോർഡിനുതാഴെ കെട്ടുകൂടി കളിക്കുന്ന പലനിരം വയറുകൾ. അമ്പേ പൊട്ടിപ്പാളീസ്. ഓടിത്തുടങ്ങിയപ്പോൾ കളിമാറി. നല്ല കുതിപ്പ്. മരുഭൂമി സമാനമായ ഭൂവിഭാഗം അതിരുകാണാതെ കിടക്കുന്നു.
ഇറാൻ വേരുകളുള്ള സഹാബെത്ത് ആണ് ഡ്രൈവർ. കണ്ണുകളിൽ നെവർ മൈൻഡ് ആറ്റിറ്റിയൂഡ്. കിലോമീറ്ററുകളോളം കുന്നിൻപള്ളയിലൂടെയും നിരപ്പായ സമതലങ്ങളിലൂടെയും കാർ കുതിച്ചു. പിന്നിൽ പൊടികൂമ്പാരങ്ങൾക്ക് ചിറകുവെച്ചു. കുറേദൂരം വശങ്ങളിൽ ഇലക്ട്രിക് ലൈൻ താങ്ങി പോസ്റ്റുകൾ. സഹാബത്ത് അതിസാഹസികനായി കാറോട്ടുകയാണ്. ജോർജിയയിലേക്ക് ഇവിടെനിന്ന് അധികദൂരമില്ലെന്ന് അയാൾ പറഞ്ഞു. മരുഭൂമിസമാനമായ ഭൂവിഭാഗങ്ങളിലൂടെ ഓടി കാർ നിശ്ചലമായി. ചെറുകുന്നുകൾ കാഴ്ച്ചയിൽപെട്ടു.
അതിന്റെ മുകളിലെല്ലാം കുമിളകൾ ഉയരുന്നു.ചാരനിറമാർന്ന കുന്നുകളുടെ ഉച്ചിയിൽ തിളയ്ക്കാതെ ഉയരുന്ന കുമിളകൾ. യാത്രികരുടെ കണ്ണുകൾ വിടർന്നുവന്നു. മഡ് വോൾക്കോനോ! വരുന്നവരിൽ ഭൂരിഭാഗവും കുന്നിൻമുകളിലെ മഡ് വോൾക്കാനോയിൽ നിന്ന് കുപ്പികളിൽ കുഴമണ്ണ് ശേഖരിക്കുന്നു. തൊട്ടുനോക്കി, ചൂടില്ല. തണുപ്പുമില്ല. ചർമരോഗങ്ങൾക്കും ഞരമ്പുരോഗങ്ങൾക്കും രോഗശാന്തിയാണ്. കോസ്മറ്റിക്, കെമിക്കൽ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. മിനിറ്റുകളുടെ ഇടവേളയിൽ കുമളിച്ചുതൂവുന്നു കുഴമണ്ണൊലിക്കുന്നു.

350-ൽപരം മഡ് വോൾക്കാനോകളാണ് ഇങ്ങനെ ഇടവിട്ട് വലയങ്ങൾ തീർത്ത് കുമളിച്ചുയരുന്നത്. ചിലത് താഴേക്ക് തൂവുന്നു. എണ്ണയുടെയും വാതകത്തിന്റെയും നിക്ഷേപം മനസ്സിലാക്കിയെടുത്തതിനു പിന്നിൽ മഡ് വോൾക്കാനോയാണ്. ഓയിൽ ഫീൽഡുകളിലെ ഹൈഡ്രോ കാർബൺ വാതകങ്ങളുടെ അതീവസമ്മർദ്ദംമൂലം സംഭവിക്കുന്ന പ്രതിഭാസമാണിത്. കുന്നിന്റെ ഉച്ചിയിൽനിന്ന് പുറപ്പെട്ട കുഴമണ്ണ് താഴ്‌വരയിലേക്ക് ഒലിച്ചുപോയതിന്റെ പാടുകൾ കണ്ടപ്പോൾ പുളഞ്ഞുപോകുന്ന പാമ്പുകൾ പോലെ തോന്നി. യെനാർദാഗിലെ എപ്പോഴും ജ്വലിച്ചുനിൽക്കുന്ന 'ഫയർ മൗണ്ടൻ'എന്ന അസാധാരണ കാഴ്ച്ചയിലേക്ക് ബസ് നീങ്ങി.
(തുടരും)
Content Highlights: Azerbaijan travel experiences
Published: 24 Apr 2025, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented