കടപ്പുറം : പഞ്ചായത്തിന്റെ തൊട്ടാപ്പിലുള്ള വാതകശ്മശാനം ഇടയ്ക്കിടെ തകരാറിലാകുന്നതും അറ്റകുറ്റപ്പണിക്കായി മാസങ്ങൾ അടച്ചിടുന്നതും ജനങ്ങൾക്ക് ദുരിതമാകുന്നു. ശ്മശാനത്തിൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ സംസ്‌കാരം നടത്തുന്നതിനിടെ തീപിടിച്ച് കുറച്ചു കഴിഞ്ഞപ്പോൾ മുകളിലേക്കുള്ള പുകക്കുഴലിന്റെ പല ഭാഗങ്ങളിൽ ചോർച്ചയുണ്ടായി പരിസരമാകെ പുകയും ദുർഗന്ധവും പരന്നു. ജീവനക്കാരന്റെ അവസരോചിതമായ ഇടപെടൽ കാരണമാണ് മൃതശരീരം ദഹിപ്പിക്കാൻ കഴിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനുശേഷം ദഹിപ്പിക്കാൻ കൊണ്ടുവന്ന മറ്റൊരു മൃതദേഹം ചാവക്കാട് നഗരസഭയുടെ ശ്മശാനത്തിലെത്തിച്ചാണ് സംസ്‌കരിച്ചത്.

To advertise here,

പുകക്കുഴലിന് ചോർച്ചയും മറ്റ് തകരാറുകളും ഉണ്ടാകുമ്പോൾ മാസങ്ങളോളം അടച്ചിടുകയും പേരിന് അറ്റകുറ്റപ്പണി നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് പഞ്ചായത്ത് ഭരണാധികാരികൾ ചെയ്യുന്നതെന്ന് പഞ്ചായത്തിലെ സംയുക്ത മരണാനന്തരസമിതി ഭാരവാഹികൾ ആരോപിച്ചു.

എന്നാൽ കടൽത്തീരത്തോടുചേർന്ന് സ്ഥിതിചെയ്യുന്നതിനാൽ ഉപ്പുകാറ്റടിച്ച് ശ്മശാനത്തിന്റെ പുകക്കുഴൽ തുരുമ്പെടുത്ത് ദ്രവിക്കുന്നതാണ് പ്രശ്‌നമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് പറഞ്ഞു. ഇടയ്ക്കിടെ അറ്റകുറ്റപ്പണി വേണ്ടിവരുന്നതും അടച്ചിടുന്നതും ഇതുകൊണ്ടാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ നിലവിലെ പുകക്കുഴൽ മാറ്റി തുരുമ്പെടുക്കാത്ത സ്‌റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് പുതിയ പുകക്കുഴൽ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. 24 ലക്ഷം രൂപ ചെലവുവരുന്ന ഈ പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്

: ശ്മശാനത്തിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കടപ്പുറം പഞ്ചായത്തിലെ 18 മരണാനന്തരസമിതികളുടെ കൂട്ടായ്മയായ സംയുക്ത മരണാനന്തരസമിതി അഞ്ചങ്ങാടി വളവിൽനിന്ന് കടപ്പുറം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ശ്മശാനത്തിന്റെ പുകക്കുഴലും കോണിയും പുനർനിർമിക്കുക, പഞ്ചായത്തിൽപ്പെട്ടവർക്ക് സംസ്‌കാര ചെലവ് സൗജന്യമാക്കുക, പുതുതായി ഒരു സംസ്‌കരണ യൂണിറ്റുകൂടെ അനുവദിക്കുക, യഥാസമയത്ത് അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

കൈക്കുഞ്ഞുങ്ങളെയും എടുത്ത് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറുകണക്കിനുപേർ പങ്കെടുത്ത പ്രതിഷേധ മാർച്ച് പഞ്ചായത്തിനു മുൻപിൽ പോലീസ് തടഞ്ഞു. സംയുക്ത മരണാനന്തരസമിതി രക്ഷാധികാരി പി.വി. ഷണ്മുഖൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

സമിതി പ്രസിഡന്റ് ടി.വി. മനോജ് അധ്യക്ഷനായി. പി.എ. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.

സമിതി സെക്രട്ടറി സി.വി. പ്രേമരാജ്, കെ.എ. ജയതിലകൻ, തൊടു ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ എ.ആർ. രാജേഷ്, എം.എസ്. പ്രകാശൻ, റാഹില വഹാബ്, മുനീർ, അഷറഫ് ബ്ലാങ്ങാട് സുനിൽ കാരയിൽ, എം. കുമാരൻ എന്നിവർ പ്രസംഗിച്ചു.