കൊടുങ്ങല്ലൂർ : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുതിർന്ന പൗരന്മാർക്കുള്ള വയോജന ക്ഷേമവകുപ്പിൽ കോട്ടപ്പുറം രൂപതയുടെ സാമൂഹിക സേവനവിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡിവലപ്പ്മെന്റ് സൊസൈറ്റി(കിഡ്‌സ്)യെ ഔദ്യോഗിക പങ്കാളിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.

To advertise here,

കിഡ്‌സ് സംഘടിപ്പിച്ച നൂറുകണക്കിന് മുതിർന്ന പൗരന്മാർ പങ്കെടുത്ത സ്നേഹസ്പർശം സായംപ്രഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംരക്ഷണം മാത്രമല്ല മുതിർന്നവരെ കർമനിരതമാക്കുന്ന പദ്ധതികളും പുതിയ വകുപ്പിലൂടെ നടപ്പാക്കുമെന്നും കേരളം രാജ്യത്തിന് മോഡലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷനായി.

കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാബാസ് ഇഗ്‌നേഷ്യസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ഹണി പീതാംബരൻ മുഖ്യാതിഥിയായി.

കിഡ്‌സ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, സ്ഥാപക ഡയറക്ടർ റവ. ഫാ. ജോയ് പീറ്റർ തട്ടകത്ത്, കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ നഗരസഭാ കൗൺസിലർമാരായ വി.എം. ജോണി, ഷൈബി ജോസഫ്, പ്രിൻസി മാർട്ടിൻ, ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, ഫാ. നിവിൻ കളരിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.

മുതിർന്ന പുരോഹിതനായ ഫാ. തോമസ് കോളരിക്കൽ, സായംപ്രഭ മുതിർന്ന അംഗമായ പൗളി അന്തപ്പൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.