എടതിരിഞ്ഞി : സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. ഇതുമൂലം ചെട്ടിയാൽ സെന്ററിൽ വാടക കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വില്ലേജ് ഓഫീസിലെത്താൻ രണ്ടു വർഷത്തിലേറെയായി തുടരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടിനുള്ള പരിഹാരവും വൈകുകയാണ്.
ഇരിങ്ങാലക്കുട - മൂന്നുപീടിക സംസ്ഥാനപാതയിൽ ചേലൂരിൽ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ് 50 ലക്ഷം ചെലവഴിച്ച് പുതുതായി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ചത്. വില്ലേജ് ഓഫീസ് പൊളിക്കുന്നതിനു മുൻപേ 2024 ജനുവരിയിൽ പ്രവർത്തനം ചെട്ടിയാൽ സെന്ററിലുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഏഴുമാസങ്ങൾക്കുശേഷമാണ് നിലവിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് കെട്ടിടം പൊളിച്ചത്. പിന്നീട് ഒരു വർഷത്തിനുശേഷമാണ് വില്ലേജ് ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
വാടക കെട്ടിടത്തിന്റെ രണ്ടാംനിലയിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതുമൂലം വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിവിധ ആവശ്യങ്ങൾക്കുവേണ്ടി മുകളിലെ നിലയിൽ എത്താൻ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇപ്പോൾ വില്ലേജ് ഓഫീസിന്റെ നിർമാണം പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തി തുറന്നുപ്രവർത്തിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി. പടിയൂർ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
അതിനാൽ അടിയന്തരമായി സ്മാർട്ട് വില്ലേജ് ഓഫീസ് ഉടൻ തുറന്നുപ്രവർത്തിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനോയ് കോലാന്ത്ര ആവശ്യപ്പെട്ടു.
എന്നാൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും കെട്ടിടത്തിലേക്കാവശ്യമായ ഫർണിച്ചർ ഇതുവരെയും സർക്കാർ അനുവദിച്ചിട്ടില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞു. 12-ാം തീയതിക്കുള്ളിൽ ഫർണിച്ചർ എത്തുമെന്നാണ് അറിവ്. മാത്രമല്ല, ഉദ്ഘാടനം എന്ന് നടത്തണമെന്ന് ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരുമാണ് തീരുമാനിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
Published: 09 Oct 2026, 02:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented