ചാലക്കുടിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നു
മാള : ചാലക്കുടിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള താത്കാലിക മണൽത്തടയണയുടെ നിർമാണം പൂർത്തിയാക്കാനായില്ല. തടയണയുടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി ഒന്നര മാസത്തോളമായെങ്കിലും പലപ്പോഴും മുടങ്ങുന്ന സാഹചര്യമാണ്.
തടയണ നിർമിക്കുന്ന ഭാഗത്തെ മണൽക്ഷാമമാണ് വൈകാൻ ഇടയാക്കുന്നത്. ഇപ്പോഴും മണൽ ബണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നിർമാണം പകുതിയിലധികം മാത്രമാണ് നടത്തിയിട്ടുള്ളത്. രണ്ടു മാസത്തോളമായി പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നുണ്ട്. കണക്കൻകടവിൽനിന്നുള്ള കുടിവെള്ള പമ്പിങ് നിർത്തിവച്ചിരിക്കുകയാണ്.
പുഴയിലെ ജലനിരപ്പ് താഴ്ന്നതിനാൽ ഇപ്പോഴും കായലിൽനിന്നുള്ള ഉപ്പുവെള്ളം കയറുകയാണ്. പമ്പിങ് തടസ്സപ്പെട്ടതിനാൽ പുത്തൻവേലിക്കര പഞ്ചായത്തിലേക്കുള്ള കുടിവെള്ളവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ചാലക്കുടിപ്പുഴയിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തിയാൽ മാത്രമേ ഉപ്പിന്റെ സാന്നിധ്യം കുറയ്ക്കാൻ കഴിയൂ.
മണൽത്തടയണ നിർമാണം വൈകിയതും മഴ കുറഞ്ഞതുമാണ് ഉപ്പുവെള്ളം കൂടുതലായി കയറാൻ ഇടയാക്കിയത്. സ്ഥിരം തടയണ തകർന്നുകിടക്കുന്നത് സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ജലസേചനവകുപ്പ് നടപടി സ്വീകരിക്കാത്തതും താത്കാലിക തടയണയുടെ നിർമാണം സാഹചര്യമനുസരിച്ച് വേഗത്തിൽ പൂർത്തിയാക്കാത്തതുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും പ്രദേശവാസിയായ പി.ജെ. ജയൻ പറഞ്ഞു.
താത്കാലിക മണൽത്തടയണയുടെ നിർമാണത്തിനായി ഓരോ വർഷവും 30 ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്. സ്ഥിരം ഷട്ടറിൽനിന്ന് 750 മീറ്റർ മാറി കോഴിത്തുരുത്ത് ഭാഗത്താണ് ഡ്രെജ്ജിങ് നടത്തി മണൽത്തടയണ നിർമിക്കുന്നത്. തടയണയുള്ള കണക്കൻകടവ് പ്രദേശം എറണാകുളം ജില്ലയിലാണെങ്കിലും തൃശ്ശൂർ ജില്ലയിലെ പൊയ്യ, കുഴൂർ, അന്നമനട പഞ്ചായത്തുകളിലെ കുടിവെള്ളത്തെയും കാർഷികമേഖലയെയും ഉപ്പുവെള്ളം ബാധിക്കും.
Published: 24 Nov 2026, 02:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented