അങ്കമാലി : കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരിയിൽ ആരംഭിക്കുന്ന കരിങ്കൽ ക്വാറിക്കെതിരേ ജനരോഷം ശക്തം. പാലിശ്ശേരി ഗവ. ആശുപത്രിയുടെയും ലക്ഷംവീടിന്റെയും സ്‌കൂളിന്റെയും നേരെ മുകളിലായാണ് ക്വാറി ആരംഭിക്കുന്നത്.
കിഴുക്കാംതൂക്കായ സ്ഥലത്ത് ഏതുനിമിഷവും വലിയ ഉരുളൻ കല്ലുകൾ താഴേക്ക് പതിക്കാവുന്ന പ്രദേശത്താണ് നിർദിഷ്ട കരിങ്കൽ ക്വാറി.
തൊട്ടുതാഴെ ഗവ. ആശുപത്രിയും ഗവ. ഹൈസ്‌കൂളും ലക്ഷംവീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. യാതൊരു സുരക്ഷാ മുൻകരുതലും എടുക്കാതെ ഏതുനിമിഷവും വലിയ ഉരുളൻ കല്ലുകൾ താഴേക്ക് പതിക്കാവുന്ന രീതിയിൽ കല്ലുകൾ പൊട്ടിച്ച് കൂട്ടിയിരിക്കുകയാണ്.
അടിയന്തരമായി ഖനനം അസാനിപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് നാട് സാക്ഷിയാകുമെന്ന് ജനകീയ സമിതി ഭാരവാഹികൾ പറയുന്നു.
അടിയന്തരമായി കളക്ടറും എം.എൽ.എ.യും പഞ്ചായത്തും ഇടപെട്ട് ഖനനം തടയണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു.
സി.പി.എം. കറുകുറ്റി ലോക്കൽ കമ്മിറ്റി അംഗങ്ങൾ സെക്രട്ടറി രംഗമണി വേലായുധന്റെ നേതൃത്വത്തിൽ പാലിശ്ശേരിയിലെ കരിങ്കൽ ക്വാറി സന്ദർശിച്ചു.
കരിങ്കൽ ക്വാറി നടത്താനുള്ള ശ്രമത്തിൽ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം എല്ലാവിധ പിന്തുണയും ജനകീയ സമരത്തിന് നൽകുമെന്നും രംഗമണി വേലായുധൻ പറഞ്ഞു.
നേതാക്കളായ കെ.കെ. ഗോപി മാസ്റ്റർ, ജോണി മൈപ്പാൻ, മേരി ആന്റണി, ബൈജു പറപ്പിള്ളി, രനിത ഷാബു, കെ.പി. അനീഷ്, സമരസമിതി കൺവീനർ ഷാജു കോലഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ. കറുകുറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദിഷ്ട കരിങ്കൽ ക്വാറി പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് യദുകൃഷ്ണ കാർത്തികേയൻ അധ്യക്ഷനായി. സെക്രട്ടറി ജിജോ പൗലോസ്, സുനു സുകുമാരൻ, ഇ.ഡി. അജീഷ്, പഞ്ചായത്ത് അംഗം കെ.പി. അനീഷ് എന്നിവർ സംസാരിച്ചു,
ഡെപ്യൂട്ടി കളക്ടർ പരിശോധനയ്ക്കെത്തി
അങ്കമാലി : പാലിശ്ശേരിയിൽ ആരംഭിക്കുന്ന കരിങ്കൽ ക്വാറിയിൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ജനകീയ സമരസമിതിയുടെ പരാതിയെ തുടർന്നാണ് ഡെപ്യൂട്ടി കളക്ടർ കരിങ്കൽ ക്വാറിയിലെത്തിയത്.
ജനകീയ സമിതി ഭാരവാഹികളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉദ്യോഗസ്ഥ സംഘം വിവരങ്ങൾ ശേഖരിച്ചു. ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ആലുവ തഹസിൽദാർ, ജിയോളജി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്ന പരിശോധന. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും.
Published: 20 Nov 2026, 02:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented