ചൂണ്ടൽ : തൃശ്ശൂർ-കുന്നംകുളം സംസ്ഥാനപാതയിൽ ചൂണ്ടൽ പാലത്തിനടുത്ത്‌ റോഡരികിലെ ഉണങ്ങിയ മരം അപകടഭീഷണിയാകുന്നു. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയ അവസ്ഥയിലാണ്‌. പലപ്പോഴായി ഉണങ്ങിയ ശിഖരങ്ങൾ അടർന്നുവീഴുന്നത്‌ യാത്രക്കാർക്ക്‌ അപകടമായി മാറുകയാണ്‌.

To advertise here,

കഴിഞ്ഞ ദിവസം എരനെല്ലൂർ സ്വദേശി മുളയ്‌ക്കൽ വീട്ടിൽ സജിയുടെ ഭാര്യ ജൻസി ജേക്കബിന്‌ (37) മരക്കൊമ്പ്‌ അടർന്നുവീണതിനെത്തുടർന്ന്‌ പരിക്കേറ്റു. ഉച്ചയ്ക്ക് സ്കൂട്ടറിൽ വരുകയായിരുന്ന ജൻസിയുടെ ദേഹത്തേക്ക്‌ ഉണങ്ങിയ മരക്കൊമ്പ്‌ വീഴുകയായിരുന്നു.

റോഡിൽവീണ്‌ പരിക്കേറ്റ് ജൻസിയെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ മറ്റുവാഹനങ്ങൾ വരാത്തതിനാൽ വലിയ അപകടം ഒഴിവായി.

മാസങ്ങൾക്കുമുൻപ് ഓടിക്കൊണ്ടിരുന്ന ടാക്‌സി കാറിന്റെ മുൻവശത്തെ ചില്ലിലേക്കും മരക്കൊമ്പ്‌ അടർന്നുവീണിരുന്നു. അധികാരികൾ ഇടപെട്ട്‌ റോഡരികിൽ ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.