തൃശ്ശൂർ : ‘കുമ്മാ കുമ്മാ കുമ്മാട്ടി..’ ഫോക്‌ലോർ അക്കാദമി അവാർഡ്‌ജേതാവായ സത്യദേവൻ എറവ് ചൊല്ലിക്കൊടുത്ത വരികൾ എല്ലാവരും ഏറ്റുചൊല്ലി. തൃശ്ശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമം പേരുപോലെ തന്നെ സ്നേഹസംഗമമായി മാറി. തൃശ്ശൂർ അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി പരിപാടി ഉദ്‌ഘാടനം ചെയ്തു. 101 ഭിന്നശേഷിക്കാരും രോഗികളും നൂറോളം കൂട്ടിരിപ്പുകാരുമാണ് പങ്കെടുത്തത്. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ കെ. അരവിന്ദാക്ഷൻ അധ്യക്ഷനായി.

To advertise here,

സ്നേഹാദരം ഏറ്റുവാങ്ങി ഇവർ

: സംഗമത്തിൽ നാല് പ്രതിഭകൾക്ക് പ്രത്യേകം ആദരമേകി. ഇതിൽ മൂന്നുപേർ എ.എസ്.ടി. (ഓട്ടിസം സ്‌പെക്‌ട്രം ഡിസോഡർ) സംഗീതംകൊണ്ട് അതിജീവിച്ചവരാണ്‌. കർണാടകസംഗീതത്തിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദവും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തരബിരുദവും കഴിഞ്ഞ പൂജാ രമേഷാണ് ഇതിലൊരാൾ. സാമൂഹികക്ഷേമവകുപ്പിന്റെ സംസ്ഥാനപുരസ്‌കാരങ്ങളും പൂജ നേടിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശികളായ രമേഷിന്റെയും സുജാതയുടെയും മകളാണ്.

27 വർഷമായി സംഗീതജീവിതം തുടരുന്ന ടി.എ. കിരണാണ് രണ്ടാമൻ. നാലുവയസ്സുവരെ സംസാരിക്കാതിരുന്ന കിരൺ അമ്മ പാടുന്ന പാട്ടുകൾ ഏറ്റുമൂളിയാണ് പാട്ടും സംസാരവും തുടങ്ങുന്നത്. അഞ്ചുവയസ്സുമുതൽ പാടിത്തുടങ്ങിയ കിരൺ ഇതിനകം മുന്നൂറോളം വേദികളിൽ പാടി. തൃശ്ശൂർ സ്വദേശികളായ അജിത്കുമാറിന്റെയും സജിതയുടെയും മകനാണ്. അരണാട്ടുകര ജോൺ മത്തായി സെന്ററിലെ സ്‌കൂൾ ഓഫ് മ്യൂസിക്കിൽനിന്ന് കർണാട്ടിക് സംഗീതത്തിൽ ബിരുദാനന്തരബിരുദം നേടി. 250-ൽ അധികം വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ച് സംഗീതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എസ്. വിഷ്ണു പരശുറാമിനെയും ചടങ്ങിൽ ആദരിച്ചു. തൃശ്ശൂർ എസ്.ആർ.വി. ഗവ. കോളേജിൽനിന്ന് ബി.എ. മ്യൂസിക് ബിരുദം നേടിയിട്ടുണ്ട്. സംഗീതാധ്യാപികയായ അമ്മ അഞ്ജനയുടെ പരിശ്രമവും തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ് റിട്ട. പ്രിൻസിപ്പലായ അച്ഛൻ ഡോ. കെ.പി. സതീഷിന്റെ പിന്തുണയും വിഷ്ണുവിന്റെ വളർച്ചയ്ക്ക് ശക്തിയേകി.

സംഗമത്തിൽ ആദരമേറ്റുവാങ്ങിയ നാലാമൻ ടി.ഡി. ജിനീഷാണ്. 2011 ഡിസംബറിലാണ് ബൈക്ക് അപകടത്തിൽപ്പെട്ട് ജിനീഷിന്റെ അരയ്ക്ക് താഴെ തളർന്നത്. അന്ന് 17 വയസ്സായിരുന്നു. മൂന്നുവർഷം നീണ്ട ചികിത്സയ്ക്കുശേഷം വീൽചെയറിലേക്ക് മാറി. 2019-ൽ ആണ് ജിനീഷ് പി.എസ്.സി. പഠനമാരംഭിക്കുന്നത്. 2022-ൽ എൽ.ഡി. ക്ലാർക്ക് പരീക്ഷയുടെ ലിസ്റ്റിൽ ഇടംപിടിച്ചു. 2025-ൽ തദ്ദേശസ്വയംഭരണവകുപ്പിൽ ജോലി നേടി. ഇപ്പോൾ മണലൂർ പഞ്ചായത്തിൽ എൽ.ഡി. ക്ലാർക്കായി ജോലിചെയ്യുന്നു. വീൽചെയറിൽ ഘടിപ്പിക്കാൻ കഴിയുന്ന നിയോഫ്ലൈ ഇലക്‌ട്രിക് ബൈക്കിലാണ് ജിനീഷിന്റെ യാത്രകൾ.

തൃശ്ശൂർ സ്വദേശികളായ ഡേവിസിന്റെയും ജെസ്സിയുടെയും മകനാണ്. ഭാര്യ: ജിസ്‌നി.