പുത്തൂർ: പീച്ചി-വാഴാനി വന്യജീവിസങ്കേതത്തിൽ പരിസ്ഥിതി പുനഃസ്ഥാപനനയം നടപ്പാക്കാതെ വനംവകുപ്പ്. വനനയത്തിന് വിരുദ്ധമായി മാന്ദാമംഗലം, മരോട്ടിച്ചാൽ, ചെമ്പംകണ്ടം വനമേഖലകളിൽ വ്യാപകമായി അക്കേഷ്യയും യൂക്കാലിയും പരിപാലിക്കുന്നു. ചെമ്പംകണ്ടം (124), മരോട്ടിച്ചാൽ (76), മാന്ദാമംഗലം (15) ഹെക്ടറുകളിലായാണ് യൂക്കാലിത്തോട്ടങ്ങളുള്ളത്. കൂടാതെ ചെമ്പംകണ്ടത്ത് 124 ഹെക്ടർ വനത്തിൽ അക്കേഷ്യയുമുണ്ട്. പീച്ചി-വാഴാനി വന്യജീവിസങ്കേതത്തിലെ മാന്ദാമംഗലം വനമേഖലയിൽ 1976-ൽ ആണ് ആദ്യമായി 210 ഹെക്ടർ വനമേഖലയിൽ അക്കേഷ്യയും യൂക്കാലിയും നട്ടത്.
2005-ൽ 20 ഹെക്ടറിലും നട്ടിരുന്നു. ഇതിൽ പലഭാഗങ്ങളിലും യൂക്കാലിമരങ്ങൾ മുറിച്ചുനീക്കിയിരുന്നെങ്കിലും കുറ്റിക്കിളിപ്പ് (കോപ്പിസിങ് രീതി) വളരുന്നത് തടഞ്ഞ് സ്വാഭാവികമായി തദ്ദേശീയമായി വളരുന്ന വൃക്ഷത്തൈകൾ പരിപാലിക്കുന്നതിന് പകരം യൂക്കാലിത്തൈകൾ സംരക്ഷിക്കുന്ന നടപടിയാണ് വനംവകുപ്പ് സ്വീകരിക്കുന്നത്.
കേരളസർക്കാർ 2021 ഡിസംബർ 17-നാണ് പരിസ്ഥിതി പുനഃസ്ഥാപനനയം അംഗീകരിച്ചത്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമല്ലാത്ത യൂക്കാലിപ്റ്റസ്, അക്കേഷ്യ, വാട്ടിൽ എന്നീ വിദേശ ഏകവിള വൃക്ഷത്തോട്ടങ്ങൾ ഘട്ടംഘട്ടമായി നീക്കംചെയ്ത് സ്വാഭാവികവനങ്ങളാക്കി മാറ്റണമെന്നതാണ് വനനയം. കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ നടത്തിയ കേരള വനംവകുപ്പിന്റെ കംപ്ലയൻസ് ഓഡിറ്റ് റിപ്പോർട്ടിൽ പ്രധാനപ്പെട്ട കണ്ടെത്തലുണ്ട്. 2021-ൽ തിരുവനന്തപുരം ഡിവിഷനിലെ ചില അക്കേഷ്യത്തോട്ടങ്ങളിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായി മുളയും മറ്റു സസ്യങ്ങളും നട്ടിരുന്നു.
അക്കേഷ്യയുടെ വളർച്ചകാരണം നട്ടുപിടിപ്പിച്ച പുതിയ സസ്യങ്ങളുടെ വളർച്ച തടസ്സപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചെമ്പംകണ്ടം വനമേഖലയിലെ അക്കേഷ്യ നീരുറവകൾക്കും പക്ഷികൾക്കും ഭീഷണിയാകുന്നതിനൊപ്പം സ്വാഭാവിക വനത്തിന്റെ പുനഃസ്ഥാപനവും നടപ്പാക്കാൻ കഴിയാതെയാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Kerala forest department continues maintaining eucalyptus and acacia plantations in Peechi-Vazhani wildlife sanctuary against state eco-restoration policy.
Published: 29 Nov 2026, 07:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented