തിരുവനന്തപുരം: 'കലയാമി സുമതേ ഭൂസുര മൗലേ കലയാമി സുമതേ...' കോട്ടയ്ക്കകം മാർഗി തിയേറ്ററിനുള്ളിൽ കുചേലവൃത്തം ആട്ടക്കഥയിലെ കഥകളിപ്പദം മുഴങ്ങുന്നു. പദത്തിനൊത്ത് ചുവടുകൾ വെയ്ക്കുന്ന വിദ്യാർഥികൾ. മുദ്രകളും ഭാവങ്ങളും ചിട്ടയായ ചുവടുകളും അഭ്യസിച്ച് അവർ കഥകളിയുടെ ലോകത്തിൽ ചുവടുറപ്പിക്കുകയാണ്. എന്നാൽ, മാർഗിയിലെ ഈ കഥകളിക്കളരിയിൽ മറ്റൊരു പ്രത്യേകതയുണ്ട്. കഥകളി പഠിക്കുന്ന 70 വിദ്യാർഥികളിൽ 65 പേരും പെൺകുട്ടികളാണ്. പ്രായത്തിന്റെ അതിരുകളില്ലാതെ കഥകളിയെ നെഞ്ചോടുചേർക്കുന്ന പെൺകൂട്ടത്തിന്റെ സാന്നിധ്യമാണ് മാർഗി തിയേറ്ററിനെ വേറിട്ടതാക്കുന്നത്.
അഞ്ചുവയസ്സുകാരി പീലി എൽ. ബിജുവാണ് കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കഥകളി വിദ്യാർഥിനി. 65 വയസ്സുള്ള ദ്രൗപദിയാണ് ഏറ്റവും മുതിർന്നയാൾ. കലാരൂപം അഭ്യസിക്കാൻ പ്രായമൊരു തടസ്സമല്ലെന്നതിന്റെ ഉദാഹരണമാവുകയാണ് ഈ അറുപത്തിയഞ്ചുകാരി. ബാല്യത്തിന്റെ കൗതുകത്തോടെ കഥകളി പഠിക്കാനെത്തുന്നവരും ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ കലയെ അടുത്തറിയാൻ ആഗ്രഹിച്ച് കളരിയിലെത്തുന്നവരും മാർഗിയിലുണ്ട്.
കഥകളിയിൽ മാത്രം ഒതുങ്ങുന്നതല്ല മാർഗിയിലെ പരിശീലനം. കഥകളിസംഗീതം, ചെണ്ട, മദ്ദളം, ഇടയ്ക്ക, കൂടിയാട്ടം, നങ്ങ്യാർക്കൂത്ത്, മിഴാവ്, കഥകളി ചുട്ടി തുടങ്ങിയവയിലും ഇവിടെ പരിശീലനം നൽകുന്നുണ്ട്.
ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യമായും മറ്റുള്ളവരിൽനിന്ന് ചെറിയ ഫീസ് ഈടാക്കിയുമാണ് പരിശീലനം നൽകുന്നത്. സാമ്പത്തികസാഹചര്യം കലാപഠനത്തിന് തടസ്സമാകാതിരിക്കാനും പരമ്പരാഗതകലകളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാനും ഇത്തരം അവസരങ്ങൾ സഹായിക്കുന്നു.
കഥകളിപോലുള്ള പരമ്പരാഗത കലാരൂപങ്ങളോട് പെൺകുട്ടികൾക്കാണ് ഇപ്പോൾ കൂടുതൽ താത്പര്യമെന്ന് കഥകളിയാശാൻ കലാമണ്ഡലം അതുൽ പറയുന്നു. പഠിക്കാനെത്തുന്നവരുടെ എണ്ണത്തിലും താത്പര്യത്തിലും ഇത് പ്രകടമാണ്. കഥകളിയുടെ സങ്കീർണമായ മുദ്രകളും ഭാവങ്ങളും താളക്രമങ്ങളും അഭ്യസിച്ച് ഓരോരുത്തരും സ്വന്തം കഴിവുകൾ വളർത്തിയെടുക്കുന്നു. കഥകളി ഒരു കലാരൂപം മാത്രമല്ല, തലമുറകളിലൂടെ കൈമാറേണ്ട സാംസ്‌കാരികപൈതൃകം കൂടിയാണ്. ആ പൈതൃകത്തെ പുതിയ തലമുറയുടെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് മാർഗിയിലെ ഈ പെൺകൂട്ടം.
സാംസ്‌കാരികപൈതൃകത്തിന്റെ ഭാഗമായ കഥകളിയെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിൽ നിർണായകപങ്കു വഹിക്കുന്ന സ്ഥാപനമാണ് മാർഗി. 1970-ൽ സാംസ്‌കാരികപ്രവർത്തകനായ ഡി. അപ്പുക്കുട്ടൻ നായരാണ് മാർഗിക്ക് തുടക്കമിട്ടത്. 1974-ലാണ് ഇവിടെ കഥകളിക്കളരി ആരംഭിച്ചത്. മാർഗി സതി, മാർഗി ഉഷ തുടങ്ങി ശ്രദ്ധേയരായ കലാകാരികളെ വാർത്തെടുത്ത ഇടം കൂടിയാണിത്. ആ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഇന്ന് 65 പെൺകുട്ടികൾ ഉൾപ്പെടുന്ന വിദ്യാർഥിസംഘം കഥകളി പരിശീലിക്കുന്നത്. കലാരംഗത്തെ സ്ത്രീപങ്കാളിത്തം വളരുന്നതിനൊപ്പം പരമ്പരാഗതകലകളെ പഠിക്കാനും പിന്തുടരാനുമുള്ള പെൺകുട്ടികളുടെ താത്പര്യവും ഈ കണക്കുകളിൽ പ്രതിഫലിക്കുന്നു.
Content Highlights: Female students make up 65 of the 70 learners studying traditional Kathakali at Margi Theatre in Thiruvananthapuram, bridging age and tradition.
Published: 29 Nov 2026, 08:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented