
നെയ്യാറ്റിൻകര: നഗര കുടിവെള്ളപദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി ഓഫീസുമുതൽ വിശ്വഭാരതി-ചമ്പയിൽ റോഡ് വെട്ടിപ്പൊളിച്ചിട്ട് ഇതുവരെ നവീകരിക്കുന്നില്ല. വെട്ടിപ്പൊളിച്ച കുറച്ചുദൂരം റീടാർ ചെയ്തെങ്കിലും ബാക്കിയുള്ള ഭാഗം ഇതുവരെ റീടാർ ചെയ്യാൻ ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ല.
വിശ്വഭാരതി പ്ലേ സ്കൂളിനു സമീപവും ചമ്പയിൽ റോഡ് കരമന-കളിയിക്കാവിള പാതയിലെത്തുന്ന ഭാഗത്തുമാണ് ഇതുവരെയായിട്ടും റീടാർ ചെയ്യാതിരിക്കുന്നത്. നഗര കുടിവെള്ളപദ്ധതിയുടെ 600 എം.എം.ഡി.ഐ. പൈപ്പിടാനായാണ് റോഡ് വെട്ടിപ്പൊളിച്ചത്.
റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരുവർഷത്തിലേറെയായി. നാട്ടുകാരുടെ പ്രതിഷേധമുയർന്നതോടെ കുറേ ദൂരം ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ റീടാർ ചെയ്തു. എന്നാൽ റീടാർ ചെയ്ത ഭാഗമെല്ലാം വീണ്ടും പൊട്ടിപ്പൊളിഞ്ഞുതുടങ്ങി. ജല അതോറിറ്റിയുടെ ഡിവിഷണൽ ഓഫീസ് സ്ഥിതിചെയ്യുന്ന റോഡായിട്ടുകൂടിയും ഇതുവരെ ഈ റോഡ് നവീകരിക്കാൻ പ്രോജക്ട് ഡിവിഷനു കഴിഞ്ഞിട്ടില്ല.
ഗ്രാമം കവലയിൽനിന്നാരംഭിക്കുന്ന ഈ റോഡ് നെയ്യാറ്റിൻകര-പൂവാർ റോഡിലേക്കും വിശ്വഭാരതി സ്കൂളിലേക്കും കോടതി റോഡിലേക്കും പോകാൻ കഴിയും. വിശ്വഭാരതി പ്ലേ സ്കൂളിനു മുന്നിലൂടെയുള്ള ഭാഗം വെട്ടിപ്പൊളിച്ചിട്ട് ഇതുവരെ റീടാർ ചെയ്തിട്ടില്ല. ഏകദേശം നൂറ് മീറ്ററിലേറെ ദൂരം റീടാർ ചെയ്യാനുണ്ട്. എന്നാൽ ബാക്കി ഭാഗത്തെല്ലാം നേരത്തേ റീടാർ ചെയ്തിരുന്നു.
ചമ്പയിൽനിന്ന് കോടതിറോഡിലേക്കു പോകുന്ന റോഡിന്റെ പകുതിയോളം ഭാഗം റീടാർ ചെയ്തു. എന്നാൽ കോടതി റോഡിലേക്കു കടക്കുന്ന ഭാഗത്തെ നൂറ് മീറ്റർ ദൂരത്തെ റോഡ് ഇതുവരെ റീടാർ ചെയ്തിട്ടില്ല. ഇവിടം കുണ്ടും കുഴിയുമായി വാഹനയാത്ര ദുരിതപൂർണമായിരിക്കുകയാണ്. മാത്രവുമല്ല ഈ ഭാഗത്ത് നേരത്തേ റീടാർ ചെയ്തിടത്തെ ടാർ വീണ്ടും ഇളകിത്തുടങ്ങിയിരിക്കുകയാണ്.
പുതിയ നഗര കുടിവെള്ളപദ്ധതിയുടെ കുരവണിക്കടവിലെ പമ്പ് ഹൗസിൽനിന്ന് ജല അതോറിറ്റിയുടെ ഡിവിഷൻ ഓഫീസ് വളപ്പിലെ ശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിക്കാനും, ശുദ്ധീകരിച്ച വെള്ളം വിതരണത്തിനായുമാണ് ഈ റോഡിലൂടെ പൈപ്പിട്ടത്. പൈപ്പിടൽ പൂർത്തീകരിച്ചിട്ട് ഒരുവർഷത്തിലേറെയായിട്ടും വെട്ടിപ്പൊളിച്ച റോഡ് നവീകരിക്കാൻമാത്രം അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
പൈപ്പിടാനായി വെട്ടിപ്പൊളിച്ച വിശ്വഭാരതി-ചമ്പയിൽ റോഡ് അടിയന്തരമായി റീടാർ ചെയ്യണമെന്ന് കൗൺസിലർ ഗ്രാമം പ്രവീൺ ആവശ്യപ്പെട്ടു. മാത്രവുമല്ല നേരത്തേ റീടാർ ചെയ്ത ഭാഗത്തെല്ലാം ടാറിളകിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ ഭാഗവുംകൂടി ചേർത്ത് ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ റീടാർ ചെയ്യാൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ജല അതോറിറ്റി ഓഫീസിനു മുന്നിൽ പ്രത്യക്ഷസമരവുമായി രംഗത്തുവരുമെന്നും കൗൺസിലർ ഗ്രാമം പ്രവീൺ പറഞ്ഞു.
Content Highlights: Commuters face severe hardships as the Viswabharathi-Champayil road in Neyyattinkara remains unrepaired more than a year after pipe-laying work by the Water Authority.
Published: 29 Nov 2026, 06:31 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented