വർക്കല : പരിസ്ഥിതിയെ തകിടം മറിക്കുന്ന രീതിയിൽ ഇടവ ഗ്രാമപ്പഞ്ചായത്തിന്റെ തീരമേഖലയിൽ അനധികൃത നിർമാണം. തീരപരിപാലന നിയമങ്ങൾ കണക്കിലെടുക്കാതെ പരിസ്ഥിതിലോല പ്രദേശത്ത് റിസോർട്ടിന്റെയും കുഴൽ കിണറുകളുടെയും നിർമാണമാണ് നടന്നുവന്നത്. ഗ്രാമപ്പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃത നിർമാണം കണ്ടെത്തിയത്. ഇടവയിലെ പെത്തിരിമുക്കിനും പതിനെട്ടാം പടിക്കും എതിർവശത്ത് കായലിനും കടലിനും മധ്യേയാണ് നിർമാണം നടക്കുന്നത്.വെറ്റക്കടയ്ക്കും കാപ്പിലിനും മധ്യേയായി കായലിനും കടലിനും ഇടയിൽ ഏകദേശം 800 മീറ്ററോളം മാത്രമാണ് തീരപ്രദേശമുള്ളത്. കണ്ടൽക്കാടുകളും കാറ്റാടിമരങ്ങളും നിറഞ്ഞ മനോഹരവും ശാന്തവുമായ പ്രദേശമാണിവിടം. അപൂർവമായി മാത്രമാണ് സഞ്ചാരികളും തദ്ദേശവാസികളും ഇവിടെ എത്തുന്നത്. ഇങ്ങനെ ജനശ്രദ്ധ എത്താത്ത ഒറ്റപ്പെട്ട പ്രദേശത്താണ് നിർമാണം നടത്തിയത്. റിസോർട്ടിന് അനുബന്ധമായി മൂന്ന് കുഴൽക്കിണറുകൾ കുഴിച്ചുകഴിഞ്ഞു. വാഹനസൗകര്യം കുറഞ്ഞ പ്രദേശത്ത് നിർമാണസാധന സാമഗ്രികളും യന്ത്രസാമഗ്രികളും എങ്ങനെഎത്തിച്ചുവെന്നതും ദുരൂഹമാണ്. കടൽ തീരത്തുകൂടി കുറ്റിക്കാടുകൾക്കിടയിലൂടെ നടന്നുവേണം ഇവിടെ എത്താനുള്ളത്. അല്ലെങ്കിൽ പെത്തിരിമുക്കിൽ നിന്നോ, പതിനെട്ടാംപടി ജങ്ഷനിൽ നിന്നോ കായലിലൂടെ വള്ളത്തിൽ സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. ഇവിടെയുള്ള സ്വകാര്യവസ്തുക്കൾ വാങ്ങിക്കൂട്ടിയവരാണ് പരിസ്ഥിതിയെയും നിയമങ്ങളെയും അവഗണിച്ച് നിർമാണ പ്രവർത്തനം നടത്തുന്നതെന്നാണ് സൂചന. കാപ്പിൽ തീരത്തിന്റെ മനോഹാരിതയെയും ഭൂപ്രകൃതിയെയും പച്ചപ്പിനെയും ഇല്ലാതാക്കിയാണ് രഹസ്യമായി അനധികൃത നിർമാണങ്ങൾ നടത്തിയത്. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടവ ഗ്രാമപ്പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയത്. റിസോർട്ട് നിർമാണവും പ്രവർത്തിപ്പിച്ചു തുടങ്ങിയ കുഴൽക്കിണറുകളുമാണ് കാണാൻ കഴിഞ്ഞത്. ബന്ധപ്പെട്ട വസ്തു ഉടമയ്ക്ക് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി.ഇടവയിൽ അനധികൃത നിർമാണം തുടർക്കഥഇടവ ഗ്രാമപ്പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനിടെ കൂണുകൾ മുളയ്ക്കുന്നത് പോലെയാണ് അനധികൃത റിസോർട്ടുകൾ നിർമിച്ചിട്ടുള്ളത്. കടൽത്തീരത്തേക്ക് ഇറക്കിവരെ റിസോർട്ടുകളും അതിന്റെ ഭാഗങ്ങളും പണിതിട്ടുണ്ട്. കടലിനും കായലിനും മധ്യേ പരിസ്ഥിതി പ്രാധാന്യമുള്ള ഭാഗത്ത് പോലും സ്ഥിരം സ്വഭാവമുള്ള കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയാലും ദിവസങ്ങൾ കഴിയുമ്പോൾ നിർമാണം പുനരാരംഭിക്കുകയും പൂർത്തിയാക്കുകയുമാണ് ചെയ്തുവരുന്നത്.
ഇടവ, കാപ്പിൽ മേഖലയിലേക്ക് ഇപ്പോൾ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. ശാന്തമായി അന്തരീക്ഷം ഇഷ്ടപ്പെടുന്ന വിദേശികളും എത്തുന്നുണ്ട്. സർഫിങ്ങിന് വെറ്റക്കട, കാപ്പിൽ തീരങ്ങൾ അനുയോജ്യമാണ്. ഇതെല്ലാം ലക്ഷ്യമിട്ടാണ് കായൽ തീരങ്ങളിൽ പുതിയ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. കാപ്പിൽ പൊഴിമുഖത്തേക്കുള്ള വഴിയിലും കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. പൊഴിമുഖത്തേക്കുള്ള വഴി തടസ്സപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് അടുത്തിടെയും ശ്രമം നടന്നിരുന്നു. മാന്തറ ഭാഗത്ത് നടവഴി കൈയറി വരെ നിർമാണം നടത്തിയിട്ടുണ്ട്.
Published: 06 Sept 2026, 12:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented