ഒപ്പുവിവാദം

To advertise here,

തിരുവനന്തപുരം : കൗൺസിൽ ഹാജർ ബുക്കിൽ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ ഒപ്പ് വ്യാജമായി ചേർത്തെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ട പരിഭ്രാന്തിയിലെന്ന് മേയർ വി.വി.രാജേഷ്. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് ഉൾപ്പെടെയുള്ള നേതാക്കൾ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് മേയർ പത്രസമ്മേളനത്തിൽ ആരോപിച്ചു. സുഗതൻ കൗൺസിലിൽ പങ്കെടുത്തിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ഈ തീയതികളിൽ കൗൺസിൽ ഹാളിൽ സുഗതൻ ഉള്ളതായി കോർപ്പറേഷന്റെ ഔദ്യോഗിക ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. സുഗതനെ അറസ്റ്റുചെയ്തശേഷം നടന്ന ഒരു കൗൺസിൽ യോഗത്തിൽ മാത്രമാണ് അദ്ദേഹം പങ്കെടുക്കാത്തത്. എന്നാൽ, മൂന്ന് കൗൺസിലിൽ അടിപ്പിച്ച് സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് വരുത്തിതീർത്ത് ഭരണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കൗൺസിൽ യോഗത്തിനുശേഷം എസ്.പി.ദീപക് ഫെയ്‌സ് ബുക്കിൽ ഇട്ട പോസ്റ്റിലും സുഗതനെ കാണാം. എന്നാൽ, കോർപ്പറേഷനെ ആക്രമിക്കാൻ കിട്ടുന്ന അവസരം യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ഉപയോഗപ്പെടുത്തുന്നു -മേയർ പറഞ്ഞു. അതേസമയം, പ്രത്യേക കൗൺസിൽ നടത്താനായി പ്രതിപക്ഷം കോർപ്പറേഷനു സമർപ്പിച്ച ഒപ്പുകളിലും പൊരുത്തക്കേടുണ്ട്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തണം. ഹാർബർ വാർഡിൽ രാജീവ് ഗാന്ധി ആവാസ് യോജന വഴി നിർമിച്ച കെട്ടിടങ്ങൾ പൊളിഞ്ഞുതുടങ്ങി. നിർമാണത്തിൽ അഴിമതിയുണ്ടെന്നും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും മേയർ പറഞ്ഞു.

കൗൺസിലർമാർ നൽകിയത് അപേക്ഷമാത്രം -എസ്.പി.ദീപക്

പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ എൽ.ഡി.എഫ്. കൗൺസിലർമാർ നൽകിയ കത്തിൽ വ്യാജ ഒപ്പിട്ടുവെന്ന മേയറുടെ ആരോപണം കള്ളമാണെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് പറഞ്ഞു. കൗൺസിലർമാർ നൽകിയത് അപേക്ഷ മാത്രമാണ്. അത് ഔദ്യോഗിക രേഖയല്ല. പ്രത്യേക കൗൺസിൽ യോഗം ചേരാനുള്ള അപേക്ഷ മേയർ നിരസിച്ചു.

അപേക്ഷയും ഔദ്യോഗിക രേഖയും തിരിച്ചറിയാനുള്ള വിവേചനബുദ്ധി മേയർ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.