വിതുര : പഴകുറ്റി-പൊന്മുടി പാതനവീകരണത്തിന്റെ ഭാഗമായുള്ള ഓടനിർമാണം ഇഴയുന്നു. ദുരിതത്തിലാകുന്നത് യാത്രക്കാർ മാത്രമല്ല, കച്ചവടക്കാർ കൂടിയാണ്.

To advertise here,

വിതുര ശിവൻകോവിൽ ജങ്ഷൻ മുതൽ ചിറ്റാർ വരെയുള്ള ഭാഗത്താണ് പ്രശ്നം രൂക്ഷം. റോഡിന്റെ വീതിക്കുറവും ഇരുവശത്തും കച്ചവടസ്ഥാപനങ്ങളുള്ളതുമാണ് കാരണം.

റോഡ് പുനർനിർമാണം ഇഴയുന്നതായി പരാതിയുയർന്നതോടെ ധൃതിപ്പെട്ട് ഓടകൾ നിർമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമാണ് ഓടകളുടെ നിർമാണമെന്ന് പരാതിയുമുണ്ട്.

പലയിടങ്ങളിലും പല അളവിൽ മണ്ണിടിച്ചുമാറ്റിയും കോൺക്രീറ്റ് ചെയ്തുമാണ് നിർമാണം.

നിലവിലുള്ള ഓടകൾ പൊളിച്ചുനീക്കി ഉയരം കൂട്ടിയാണ് പുതിയത് നിർമിക്കുന്നത്. ആനുപാതികമായി റോഡിന്റെ വീതി കൂട്ടുമെന്ന് കരാറുകാർ പറയുന്നുണ്ട്. എന്നാൽ, പണി പൂർത്തിയാകുന്നതോടെ റോഡിൽനിന്നുള്ള വെള്ളം കച്ചവട സ്ഥാപനങ്ങളിലേക്ക് ഒഴുകുമെന്ന ആശങ്കയാണ് വ്യാപാരികൾക്ക്.

ഓടനിർമാണം നിലച്ചതാണ് നിലവിലെ പ്രശ്നം. ഓടകളിലേക്ക് ഇടിച്ചിട്ട മണ്ണ് കാരണം മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നു. ചിലയിടങ്ങളിൽ റോഡിലേക്ക് മഴവെള്ളം കുത്തിയൊഴുകുന്നുമുണ്ട്.

വിതുര ശിവൻ കോവിൽ ജങ്ഷനിലെ റോഡിൽ വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു.

കുഴി നിറഞ്ഞ റോഡിലാണ് ഈ അവസ്ഥ. വെള്ളം കെട്ടിനിൽക്കുന്ന കുഴികൾ അപകടക്കെണികളാകുമ്പോഴും അധികൃതർക്ക് അനക്കമില്ല.

കച്ചവടക്കാർക്ക് ഇരട്ടിദുരിതം.

:തേവിയോട് കുണ്ടയം ഭാഗത്തും ഇതു തന്നെയാണ് അവസ്ഥ. ഓടയിൽ വെള്ളം നിറഞ്ഞതാണ് റോഡിനെ അപകടക്കെണിയാക്കുന്നത്. ചിറ്റാർപ്പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ ഇതുവഴി പൊന്മുടിയിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് കൂടിയിട്ടുണ്ട്.