നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നത് ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. കോടികളുടെ നിർമ്മാണപ്രവർത്തനം പുരോഗമിക്കുന്ന ആതുരാലയത്തിലാണ് ഈ ഗതികേട്.
പോസ്റ്റുമോർട്ടം നടത്തുന്ന കെട്ടിടത്തിന് സമീപത്താണ് കക്കൂസ് മാലിന്യം പൊട്ടിയൊലിക്കുന്നത്. ഇതിനടുത്തുതന്നെയാണ് കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നൽകുന്ന കെട്ടിടവും. രണ്ടാഴ്ചയായി മാലിന്യം ഇവിടെയെല്ലാം പരന്നൊഴുകുകയാണ്. പോസ്റ്റുമോർട്ടം മുറിയുടെ സമീപത്തായി മാലിന്യം ഒഴുകുന്നതിനാൽ ഇവിടെ ജോലി ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു. പ്രധാന കെട്ടിടത്തിൽ നിന്നു സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പാണ് പൊട്ടി ഒലിക്കുന്നത്.
ആശുപത്രി വികസനസമിതിയെയും നഗരസഭയെയും ജില്ലാപഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. പ്രതിദിനം രണ്ടായിരത്തിലധികം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും വന്നുപോകുന്ന ആശുപത്രി യാണിത്.
കാന്റീൻ തുറക്കുന്നില്ല; പൂട്ടിയിട്ട് രണ്ടുമാസം
:രണ്ടുമാസമായി പൂട്ടിക്കിടക്കുന്ന ആശുപത്രി കാന്റീൻ തുറക്കാൻ നടപടിയില്ല. നേരത്തെ കാന്റീൻ നടത്തിയിരുന്നയാൾ പത്ത് ലക്ഷത്തിലധികം രൂപയുടെ കുടിശ്ശിക വരുത്തിയതോടെയാണ് കാന്റീൻ പൂട്ടിയത്.
തുടർന്ന് പുതിയ ടെൻഡർ വിളിച്ചപ്പോൾ നേരത്തെ കാന്റീൻ നടത്തിയിരുന്നയാൾ കോടതിയെ സമീപിച്ചു. തുടർന്ന് ആശുപത്രി വികസനസമിതി കേസിൽ ഇടപെടുകയും വൈദ്യുതി, വാടക, വെള്ളം തുടങ്ങിയവയ്ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തിയതിനാലാണ് കാന്റീൻ പൂട്ടിയതെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.
കാന്റീൻ തുടങ്ങാൻ കോടതി ഉത്തരവ് നൽകിയതിന് തൊട്ടുപിന്നാലെ ഈ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി കാന്റീൻ കരാറുകാരൻ നഗരസഭയ്ക്ക് പരാതി നൽകി. ഇതാണ് ആശുപത്രി കാന്റീൻ തുറക്കാൻ ഇപ്പോൾ തടസ്സം. ആശുപത്രിയിൽ കാന്റീൻ ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.
Published: 30 Oct 2026, 01:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented