ബെംഗളൂരു : കർണാടക മുൻമന്ത്രിയും മുൻ ലോക്‌സഭാംഗവുമായ ശിവാനന്ദ് കൗജലഗി(87) അന്തരിച്ചു. ബെളഗാവിയിലെ ബൈൽഹൊംഗലിലെ വസതിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

To advertise here,

1994-ലെ എച്ച്.ഡി. ദേവഗൗഡ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 1996-ൽ ബെളഗാവി മണ്ഡലത്തിൽനിന്ന് ജെ.ഡി.എസ്. പ്രതിനിധിയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബൈൽഹൊംഗൽ മണ്ഡലത്തിൽനിന്ന് മൂന്നുതവണ എം.എൽ.എ.യായ അദ്ദേഹം വടക്കൻ കർണാടകത്തിന്റെ വികസനരംഗത്ത് സംഭാവനകൾ നൽകിയ നേതാവാണ്.

ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ള പ്രമുഖ നേതാക്കളിലൊരാളായിരുന്നു. കർണാടക ലിംഗായത്ത് എജുക്കേഷൻ സൊസൈറ്റി(കെ.എൽ.ഇ. സൊസൈറ്റി) പ്രസിഡന്റായി വിദ്യാഭ്യാസരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.

മുൻ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയുടെ വിശ്വസ്തനായ നേതാവായിരുന്നു. പിന്നീട് ജനതാദൾ പിളർന്നപ്പോൾ എച്ച്.ഡി. ദേവഗൗഡയ്ക്കൊപ്പം നിന്നു. കുറച്ചുകാലമായി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

കർണാടകസർക്കാർ നൽകുന്ന രാജ്യോത്സവ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബൈൽഹൊംഗൽ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ. മഹന്തേഷ് കൗജലഗി, കോൺഗ്രസ് നേതാവായ ബസവരാജ് കൗജലഗി എന്നിവർ മക്കളാണ്. ഭാര്യയുമുണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് നടക്കും. ശിവാനന്ദ് കൗജലഗിയുടെ നിര്യാണത്തിൽ മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ബസവരാജ് ബൊമ്മെ തുടങ്ങിയവർ അനുശോചിച്ചു.