വെള്ളറട : റബ്ബർടാപ്പിങ് ചെയ്യാനെത്തിയ അധ്യാപകനെ കൂറ്റൻ കാട്ടുപന്നി കുത്താനോടിച്ചു. വിരണ്ടുപോയ അധ്യാപകൻ സമീപത്തെ റബർമരത്തിൽ കയറി രക്ഷപ്പെട്ടു. പിന്നീട് മരത്തിനു മുകളിൽ മണിക്കൂറുകളോളം കുടുങ്ങിയ അദ്ദേഹത്തെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു.

To advertise here,

കൂതാളിയിലെ സ്‌കൂൾ അധ്യാപകനായ കോവില്ലൂർ രാധാകൃഷ്ണനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നു തലനാരിഴയിടയ്ക്കു രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. രാധാകൃഷ്ണൻ കോവില്ലൂരിലെ തന്റെ സ്വകാര്യപുരയിടത്തിൽ റബ്ബർ ടാപ്പിങ്ങിനെത്തിയതായിരുന്നു. പെട്ടെന്നാണ് കാടുമൂടിക്കിടന്ന സമീപ വസ്തുവിൽ ഒളിച്ചിരുന്ന കൂറ്റൻ കാട്ടുപന്നി രാധാകൃഷ്ണന്റെ നേർക്കു പാഞ്ഞത്. ഗത്യന്തരമില്ലാതെ ഭയന്നോടിയ ഇയാൾ സമീപത്തെ റബ്ബർ മരത്തിൽ വലിഞ്ഞുകയറി രക്ഷപ്പെടുകയായിരുന്നു. കുറച്ച് സമയം അവിടെ നിന്ന പന്നി കാടുമൂടിയ ഭാഗത്തേക്കു ഓടിപ്പോവുകയായിരുന്നു.

പിന്നീട് മരത്തിനു മുകളിൽ കുടുങ്ങിയ രാധാകൃഷ്ണൻ മണിക്കൂറുകളോളം താഴേക്ക്‌ ഇറങ്ങാൻ കഴിയാതെ അവിടെത്തന്നെ ഇരുന്നു. വിവരമറിഞ്ഞ് പാറശ്ശാലയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തിയാണ് നിലത്തിറക്കിയത്.

മലയോരത്ത് കാട്ടുപന്നിക്കൂട്ടം വ്യാപകമാകുന്നുവെന്നും ഇവറ്റകളുടെ ശല്യത്താൽ വൻതോതിൽ കൃഷിനാശം ഉണ്ടാകുന്നതായും കർഷകർ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ്‌ കാട്ടുപന്നി കുറുകേ ചാടിയപ്പോൾ അപകടത്തിൽപ്പെട്ട്, ബൈക്ക് യാത്രികനായ അമ്പൂരി സ്വദേശി ടോണി സെബാസ്‌റ്റ്യന്റെ കാലിനു പരിക്കേറ്റിരുന്നു. അമ്പൂരി-വാഴിച്ചൽ റോഡിൽ പാമ്പരംകാവിനു സമീപത്തായിരുന്നു അപകടം.