സ്വന്തമായി സ്‌റ്റെല്‍ത്ത് വിമാനമില്ലാത്ത രാജ്യമാണ് ഇന്ത്യ, ചൈനയുടെ സ്‌റ്റെല്‍ത്ത് ഭീഷണി ഇന്ത്യയ്ക്ക് മുന്നിലെ സജീവ യാഥാര്‍ഥ്യവുമാണ്. എങ്കിലും  സ്‌റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്തി ആക്രമിക്കാന്‍ സഹായിക്കുന്ന അത്യാധുനിക റഡാര്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. വിരൂപാക്ഷ എന്ന് പേരിട്ടിരിക്കുന്ന ഈ റഡാര്‍ സംവിധാനം ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ സ്റ്റെല്‍ത്ത് കില്ലറാക്കി മാറ്റും. 

To advertise here,

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ സൃഷ്ടിയാണ് 'വിരൂപാക്ഷ'. പരമ്പരാഗത റഡാറുകളുടെ ശേഷിയെ മറികടക്കുന്ന പ്രകടനം, ഭാരക്കുറവ്, കൂറഞ്ഞ ഊര്‍ജ ഉപഭോഗം, കൃത്യത എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള 'വിരൂപാക്ഷ' റഡാര്‍ ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയായ സുഖോയ്-30 എംകെഐ വിമാനങ്ങളില്‍ ഘടിപ്പിക്കാനൊരുങ്ങുകയാണ്. 'വിരൂപാക്ഷ' വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം.

എല്ലാം കാണുന്ന 'വിരൂപാക്ഷ'

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ശിവന്റെ മറ്റൊരു നാമമാണ് വിരൂപാക്ഷന്‍. സാധാരണ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നതിനപ്പുറം കാണാന്‍ കഴിയുന്നവന്‍ എന്നാണ് ഈ പേരുകൊണ്ട് അര്‍ഥമാക്കുന്നത്. ഈ സങ്കല്‍പ്പത്തെ അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഡിആര്‍ഡിഒ ചെയ്തിരിക്കുന്നത്. മിലിട്ടറി റഡാറുകള്‍ ശത്രുവിന്റെ ആക്രമണ ശ്രമങ്ങള്‍ കണ്ടെത്തി അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്നാല്‍, ഇത്തരം റഡാറുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത സംവിധാനങ്ങളുമായി വരുന്നവയെ എങ്ങനെ നേരിടാന്‍ സാധിക്കും. അവിടെയാണ്‌ 'വിരൂപാക്ഷ' റഡാര്‍ വ്യത്യസ്തമാകുന്നത്. 

ഇന്ന് ലോകത്തുള്ള ശക്തിയേറിയ റഡാറുകള്‍ മിക്കവയും ഗാലിയം ആഴ്‌സൈഡ് ( Gallium arsenide (GaAs) അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ളവയാണ്. എന്നാല്‍, ഇവയില്‍ പലതിനും സ്റ്റെല്‍ത്ത് വിമാനങ്ങളെയോ ഡ്രോണുകളേയോ കണ്ടെത്താന്‍ സാധിക്കാതെ വരും. കാരണം, ഈ റഡാറുകളില്‍ വളരെ ചെറിയ റഡാര്‍ ക്രോസ് സെക്ഷന്‍ മാത്രമേ ഇത്തരം സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ കാണിക്കു. അതുകൊണ്ട് തന്നെ പ്രതിരോധ സംവിധാനങ്ങള്‍ ഇവയെ ഭീഷണിയായി കണക്കാക്കില്ല. മാത്രമല്ല, ഇവ പ്രവര്‍ത്തിക്കാന്‍ വലിയതോതില്‍ ഊര്‍ജവും ആവശ്യമാണ്.

ഈ സ്ഥാനത്താണ് റഡാര്‍ സാങ്കേതിക വിദ്യയിലെ ഇന്ത്യയുടെ മികവ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ഏറെക്കാലമായി സ്‌റ്റെല്‍ത്ത് വിമാനങ്ങളെ തിരിച്ചറിയാനുള്ള ശക്തിയേറിയ റഡാറിനായുള്ള ഗവേഷണത്തിലായിരുന്നു. ഗാലിയം ആഴ്‌സൈഡിന് പകരം മറ്റൊരു പദാര്‍ഥത്തിനായുള്ള അന്വേഷണം ഒടുവില്‍ ഗാലിയം നൈട്രൈഡി( Gallium nitride -GaN)ലാണ്‌ എത്തിച്ചേര്‍ന്നത്. 

ഗാലിയം നൈട്രൈഡ് (GaN) ഒരു ഡയറക്ട് ബാന്‍ഡ് ഗ്യാപ് (3.4 eV) ഉള്ള ഒരു കോംപൗണ്ട് സെമികണ്ടക്ടറാണ്. ഇത് വിവിധതരം ഓപ്റ്റോഇലക്ട്രോണിക്, ഹൈ-ഫ്രീക്വന്‍സി ഉപകരണങ്ങളില്‍, പ്രത്യേകിച്ച് ഉയര്‍ന്ന പവര്‍ ആവശ്യമുള്ള ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നു. ഉയര്‍ന്ന കാര്യക്ഷമത, ഈടുനില്‍പ്പ്, ഉയര്‍ന്ന താപനിലയെ അതിജീവിക്കാനുള്ള കഴിവ് എന്നിവയാണ് ഇതിന്റെ പ്രത്യേകത. സിലിക്കണിനെക്കാള്‍ ഉയര്‍ന്ന പവര്‍ ഡെന്‍സിറ്റിയും ഉയര്‍ന്ന വോള്‍ട്ടേജുകളിലും ഫ്രീക്വന്‍സികളിലും പ്രവര്‍ത്തിക്കാനുള്ള കഴിവുമുണ്ട്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ചെറുതും ഭാരം കുറഞ്ഞതുമായ സിസ്റ്റങ്ങള്‍ രൂപകല്‍പ്പന ചെയ്യാനുമൊക്കെ ഇന്ന് ഇലക്ട്രോണിക് രംഗത്ത് ഗാലിയം നൈട്രൈഡ് സര്‍വസാധാരണമാണ്. മാത്രമല്ല,  ഉയര്‍ന്ന താപനിലയും റേഡിയേഷനും ഉള്‍പ്പെടെയുള്ള കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിയും.

ഗാലിയം നൈട്രൈഡിനെ അടിസ്ഥാനമാക്കിയുള്ള റഡാര്‍ സൃഷ്ടിക്കാനുള്ള ഗവേഷണത്തില്‍ ഇന്ത്യ ബഹുകാതം മുന്നിലാണിപ്പോള്‍. അങ്ങനെയാണ് 'വിരൂപാക്ഷ' റഡാറിന്റെ സൃഷ്ടിയിലേക്കെത്തിയത്. നിലവിലെ പല റഡാറുകളും ഗാലിയം ആഴ്‌സൈഡ് അടിസ്ഥാനമായി നിര്‍മിച്ചിട്ടുള്ളതാണെന്ന് പറഞ്ഞല്ലോ. പല വിമാനങ്ങള്‍ക്കും റഡാറില്‍ ഒരു ചതുരശ്ര മീറ്ററിന് മുകളിലാകും റഡാര്‍ ക്രോസ് സെക്ഷന്‍ കാണിക്കുക. എന്നാല്‍, സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ ഈ അളവിലും താഴെയായിട്ടാകും റഡാറില്‍ തെളിയുക. അങ്ങനെയാകുമ്പോള്‍ വരുന്നത് യുദ്ധവിമാനമാണോ പക്ഷിയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.

എന്നാല്‍, 'വിരൂപാക്ഷ' റഡാറിന് 600 കിലോമീറ്റര്‍ ദൂരെനിന്ന് തന്നെ ഒരു ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള റഡാര്‍ ക്രോസ് സെക്ഷനുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കും.  സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ക്ക് ഇതിലും താഴെയാകും റഡാര്‍ ക്രോസ് സെക്ഷന്‍. ചിലപ്പോള്‍ പൂജ്യത്തിലും താഴെയാകും കാണിക്കുക. 'വിരൂപാക്ഷ'യ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തുനിന്ന് തന്നെ 0.01 ചതുരശ്ര മീറ്റര്‍ വരെയുള്ള റഡാര്‍ ക്രോസ് സെക്ഷനിലുള്ള വസ്തുക്കളെ വരെ തിരിച്ചറിയാനും ലോക്ക് ചെയ്യാനുമാകും. 

'വിരൂപാക്ഷ' റഡാര്‍ ഉപയോഗിക്കുന്ന ഇന്ത്യയുടെ യുദ്ധവിമാനത്തിന് ഒരു സ്‌റ്റെല്‍ത്ത് വിമാനത്തിനെ വളരെ ദൂരത്തുനിന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. കാഴ്ചപരിധിക്കുമപ്പുറത്തുള്ള ഈ യുദ്ധവിമാനത്തിനെ ലോക്ക് ചെയ്യാന്‍ സാധിക്കുന്നതിലൂടെ നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലുകള്‍ (BVRM)  ഉപയോഗിച്ച് ആക്രമിക്കാനാകും. അതായത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ നാലാം തലമുറ യുദ്ധവിമാനങ്ങളെ ഉപയോഗിച്ച് തന്നെ തകര്‍ക്കാനാകുമെന്ന് സാരം.

ചൈനീസ് സ്‌റ്റെല്‍ത്ത് ഭീഷണി മറികടന്ന് ഇന്ത്യ

ചൈനീസ് സ്‌റ്റെല്‍ത്ത് വിമാനങ്ങളായ ജെ-35എ പാകിസ്താന്‍ വാങ്ങാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ നിലവിലെ റഡാര്‍ ക്രോസ് സെക്ഷന്‍ എന്നത് 0.01 ചതുരശ്ര മീറ്റര്‍ ആണ്. അതുകൊണ്ട് തന്നെ ഇവയെ നിലവിലെ റഡാര്‍ സംവിധാനങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍, 'വിരൂപാക്ഷ'യ്ക്ക് സാധിക്കും. ഇന്ത്യയുടെ പക്കലുള്ള അസ്ത്ര മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനാകും. അതിനാല്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സ്‌റ്റെല്‍ത്ത് കില്ലറായി ശക്തി പ്രാപിക്കുകയാണ്. 

ഉയര്‍ന്ന കൃത്യതയുള്ള വിവരങ്ങള്‍ നല്‍കുമെന്ന് മാത്രമല്ല, ഊര്‍ജ ഉപഭോഗം കുറവാണെന്നതും ഉയര്‍ന്ന താപനിലയെ അതിജീവിക്കാനും സാധിക്കുമെന്നതാണ് 'വിരൂപാക്ഷ'യുടെ പ്രത്യേകത. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ കണ്ടെത്തി ലോക്ക് ചെയ്യാനും ശത്രുവിമാനങ്ങളുടെ ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളുടെ ഇടപെടലുകളെ പ്രതിരോധിക്കാനുമുള്ള ശേഷിയാണ് 'വിരൂപാക്ഷ'യ്ക്കുള്ളത്. 

2026 ആകുമ്പോഴേക്കും 84 സുഖോയ് വിമാനങ്ങളില്‍ നിലവിലെ റഡാറുകള്‍ മാറ്റി 'വിരൂപാക്ഷ' റഡാറുകള്‍ സ്ഥാനം പിടിക്കും. ഇതിനൊപ്പം ഡിജിറ്റല്‍ കോക്പിറ്റ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്ക് സംവിധാനം, ഗാണ്ഡിവ മിസൈല്‍, അസ്ത്ര മിസൈല്‍ എന്നിവകൂടി ഉള്‍പ്പെടുത്തി സുഖോയ് യുദ്ധവിമാനങ്ങളെ സൂപ്പര്‍ സുഖോയ് ആക്കുന്ന പദ്ധതി മുന്നോട്ടുപോവുകയാണ്. ഇതിനായി 65,000 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ മുടക്കുന്നത്. 'വിരൂപാക്ഷ' റഡാര്‍ സ്ഥാപിക്കുന്നതിലൂടെ ഇവ മിനി അവാക്‌സ് (AWACS) ആയി രൂപാന്തരപ്പെടും. ഇതിലൂടെ വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിക്കും. ചൈനിസ് ജെ-20, ജെ-35എ വിമാനങ്ങളെ പ്രതിരോധിക്കാന്‍ വ്യോമസേനയുടെ പരിചയും ആക്രമിക്കാനുള്ള കുന്തമുനയായും ഒരേസമയം സുഖോയ് വിമാനങ്ങള്‍ മാറും. 

സ്‌റ്റെല്‍ത്ത് വിമാനങ്ങളെ ആക്രമിക്കാനുള്ള ശേഷി കൈവരിക്കുന്ന ആദ്യത്തെ നോണ്‍ സ്‌റ്റെല്‍ത്ത് യുദ്ധവിമാനമാകും സുഖോയ് -30എംകെഐ. ഇന്ത്യയുമായി എസ്.യു-57 യുദ്ധവിമാന നിര്‍മാണത്തില്‍ സഹകരിക്കാമെന്ന് റഷ്യ ഓഫര്‍ ചെയ്തിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് റഡാര്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ കൈവരിച്ച നേട്ടവും മുന്‍നിര്‍ത്തിയാണ് എന്ന് വിലയിരുത്തലുകളുണ്ട്. നിലവില്‍ കരുത്തിലും സ്റ്റെല്‍ത്തിലും എഫ്-35 കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്ന യുദ്ധവിമാനമായാണ് എസ്.യു -57നെ കണക്കാക്കുന്നത്. എന്നാല്‍, ഇതിലെ റഡാര്‍ സംവിധാനം 'വിരൂപാക്ഷ'യുടെ അത്രയും മികച്ചതല്ല. ഇന്ത്യയുമായി സഹകരിച്ച് ഈ സാങ്കേതിക വിദ്യ എസ്.യു-57നില്‍ ഉപയോഗിച്ചാല്‍ റഷ്യന്‍ സ്‌റ്റെല്‍ത്ത് വിമാനത്തിന് നിര്‍ണായകമായ മേല്‍കൈ ലഭിക്കുമെന്നാണ് കരുതുന്നത്. 

ഇന്ത്യ ഇക്കാര്യത്തില്‍ അത്ര താത്പര്യം കാണിച്ചിട്ടില്ല. സ്വന്തമായി അഞ്ചാം തലമുറ വിമാനം ഉണ്ടാക്കിയെടുക്കാനുള്ള നീക്കത്തില്‍ ഇന്ത്യ ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. യുദ്ധവിമാനത്തിന്റെ എന്‍ജിന്‍ വികസനം പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ സ്വന്തം സ്റ്റെല്‍ത്ത് വിമാനവും സജ്ജമാകും. അതില്‍ 'വിരൂപാക്ഷ' റഡാറിന്റെ പരിഷ്‌കരിച്ച പതിപ്പുമുണ്ടാകുമെന്നാണ് കരുതുന്നത്.