
ഒടുവില്‍ അത് സംഭവിച്ചു, സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ടിക് ടോക്ക് യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമായി. ജനുവരി 19 മുതല്‍ യുഎസില്‍ നിലവില്‍ വരുന്ന, വിദേശശത്രു നിയന്ത്രിക്കുന്ന ആപ്ലിക്കേഷനുകളില്‍നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്ന, നിയമം അഥവാ പി.എ.എഫ്.എസി.എ.എ ആണ് ടിക് ടോക്കിന്റെ നിരോധനത്തിലേക്ക് നയിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ടിക് ടോക്കിന് യുഎസില്‍ നിരോധനത്തിന് വിധേയരാകേണ്ടി വന്നത്. യുഎസിന്റെ ചരിത്രത്തില്‍ ഇത്തരം ഒരു നീക്കം ആദ്യമാണ്. ഒരു സുപ്രധാന സാമൂഹിക മാധ്യമ സേവനത്തെ യുഎസ് അപ്പാടെ നിരോധിക്കുന്നത് ആദ്യമായാണ്. ജനുവരി 18 ശനിയാഴ്ച തന്നെ ടിക് ടോക്ക് ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചിരുന്നു. ടിക് ടോക്ക് ആപ്പ് തുറക്കുന്നവര്‍ക്ക് 'ടിക് ടോക്ക് ഇപ്പോള്‍ ലഭ്യമല്ല' എന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണുന്നത്.
എന്താണ് യുഎസില്‍ ടിക് ടോക്കിന് സംഭവിച്ചത്? നിരോധനത്തിന് കാരണമായത് എന്താണ്? ടിക് ടോക്കിനെ കുറിച്ചുള്ള യുഎസിന്റെ ആശങ്കകള്‍ എന്തെല്ലാമാണ്.
അമേരിക്കന്‍ സാമൂഹിക മാധ്യമ ഭീമന്മാരെ വെല്ലുവിളിച്ച ടിക് ടോക്ക്
2018 ലാണ് യുഎസില്‍ ഔദ്യോഗികമായി ടിക് ടോക്ക് അവതരിപ്പിക്കപ്പെട്ടത്. അക്കാലത്ത് യുഎസില്‍ ജനപ്രിയമായ മ്യൂസിക്കലി ഏറ്റെടുത്തുകൊണ്ടായിരുന്നു ഇത്. മ്യൂസിക്കലിയെ ചൈനയില്‍ പ്രചാരത്തിലുള്ള ഡോയിന്‍ (Douyin) എന്ന ആപ്പിന് സമാന രൂപത്തിലേക്ക് മാറ്റുകയും ടിക് ടോക്ക് എന്ന പേരില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യയുള്‍പ്പടെ ആഗോള വിപണിയില്‍ ടിക് ടോക്ക് എത്തിയതും ഇക്കാലത്ത് തന്നെയാണ്.

ഫെയ്സ്ബുക്ക് ഉള്‍പ്പടെ മുന്‍നിര അമേരിക്കന്‍ സാമൂഹിക മാധ്യമ ഭീമന്മാരെ പിന്നിലാക്കിക്കൊണ്ടായിരുന്നു ടിക് ടോക്കിന്റെ വളര്‍ച്ച. വിനോദത്തിനൊപ്പം സാമ്പത്തികമായും സാമൂഹികമായും വളരാനുള്ള വേദിയൊരുക്കിക്കൊണ്ട് ടിക് ടോക്ക് യുഎസ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ അതിവേഗം സ്വീകാര്യത നേടിയെടുത്തു. 17 കോടി ഉപഭോക്താക്കളിലേക്ക് ആ സ്വീകാര്യത വളര്‍ന്നു. 20 കോടി ഉപഭോക്താക്കളുണ്ടായിരുന്ന ഇന്ത്യ കഴിഞ്ഞാല്‍ ടിക് ടോക്കിന് ഏറ്റവും അധികം ഉപഭോക്താക്കളുണ്ടായിരുന്നത് യുഎസില്‍ ആയിരുന്നു. ഇന്ത്യയില്‍ നിരോധനം വന്നതോടെ യുഎസ് പ്രധാന വിപണിയായി മാറി.
ഈ സ്വീകാര്യതയ്‌ക്കൊപ്പം തന്നെ അമേരിക്കയിലെ ജനപ്രതിനിധികള്‍ ടിക് ടോക്കിനെതിരേ രംഗത്തുവന്നു തുടങ്ങിയിരുന്നു. ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് ഒരു ചൈനീസ് കമ്പനി ആണെന്നതായിരുന്നു അതിനുള്ള മുഖ്യ കാരണം. യുഎസിലെ ഇന്റര്‍നെറ്റ് വിപണിയില്‍ ഒരു ചൈനീസ് കമ്പനി ആധിപത്യം സ്ഥാപിക്കുന്നതില്‍ യുഎസിന് ആശങ്ക ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. വിവര സുരക്ഷ, സ്വകാര്യത, രാജ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആശങ്കകളും ശക്തമായി.
യുഎസിന്റെ ആശങ്കകള്‍
അമേരിക്കയും ചൈനയും തമ്മില്‍ വഷളായ വ്യാപാര യുദ്ധത്തിന്റെ തുടര്‍ച്ചയാണ് ടിക് ടോക്കിനെതിരായ ഈ നീക്കമെന്ന് പറയാം. ആദ്യ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചൈനീസ് കമ്പനികള്‍ക്കെതിരേ ശക്തമായ നിയന്ത്രണങ്ങള്‍ അവതരിപ്പിക്കുന്ന സമയമായിരുന്നു അത്. 2019 ല്‍ ആഗോളതലത്തില്‍ മുന്‍നിര സ്മാര്‍ട്ഫോണ്‍ ബ്രാൻഡായ വാവേയ്ക്കെതിരായ നിരോധനവും ഈ സമയത്തായിരുന്നു.
രാജ്യസുരക്ഷാ കാരണങ്ങളാണ് പ്രധാനമായും യുഎസ് കോണ്‍ഗ്രസ് ടിക് ടോക്കിനെതിരെ ഉയര്‍ത്തിയത്. ചൈനീസ് ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ടിക് ടോക്കിനെ ഉപയോഗിച്ചേക്കുമെന്ന് യുഎസ് ആശങ്കപ്പെട്ടു. ടിക് ടോക്കിന്റെ അല്‍ഗൊരിതമാണ് ഉപഭോക്താക്കള്‍ എന്ത് കാണണം എന്ന് നിശ്ചയിക്കുന്നത്. ഈ അല്‍ഗൊരിതത്തില്‍ കൃത്രിമം കാണിക്കാനും ചൈനീസിന്റെ താത്പര്യമനുസരിച്ചുള്ള ഉള്ളടക്കങ്ങള്‍ക്ക് ടിക് ടോക്കില്‍ പ്രാമുഖ്യം നല്‍കാനും സാധിക്കും. ഇതുവഴി തങ്ങള്‍ക്കെതിരായ അഭിപ്രായങ്ങള്‍ തടയാനും താത്പര്യങ്ങള്‍ പ്രചരിപ്പിക്കാനും ചൈനയ്ക്ക് സാധിക്കും. ഈ സാധ്യതകളാണ് യുഎസ് ഉന്നയിച്ചത്. ഹോങ് കോങ് പ്രതിഷേധസമരം, ഉയ്ഗുര്‍ മനുഷ്യാവകാശ ലംഘനം പോലുള്ള വിഷയങ്ങളിലെ ചൈനയ്ക്കെതിരായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ടിക് ടോക്ക് പലയിടങ്ങളിലും സെന്‍സര്‍ ചെയ്തുവെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നു.

യുവാക്കളുടെ സുരക്ഷയാണ് യുഎസ് ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം. ദോഷകരമായ ഉള്ളടക്കങ്ങള്‍ ടിക് ടോക്ക് യുവാക്കളിലേക്ക് എത്തിക്കുന്നുവെന്നതാണ് പ്രധാന ആശങ്ക. അനാരോഗ്യകരമായ സൗന്ദര്യ കാഴ്ചപ്പാടുകള്‍, സ്വയം-ഉപദ്രവിക്കല്‍, അപകടകരമായ ചലഞ്ചുകള്‍ എന്നിവയെല്ലാം ടിക് ടോക്ക് വഴി പ്രചരിക്കുന്നുണ്ട്. ഇത് യുവാക്കളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നു. യുവാക്കള്‍ കൂടുതല്‍ സമയം ടിക് ടോക്കില്‍ ചെലവഴിക്കുന്നുവെന്നും അതിന് ഇടവരുത്തുന്ന, ആസക്തിയുണ്ടാക്കുന്ന അല്‍ഗൊരിതമാണ് ടിക് ടോക്കിന്റേതെന്നും വിമര്‍ശനമുണ്ട്.
യുഎസിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുണ്ടെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നും ആരോപണം ഉയര്‍ന്നു. ഉപഭോക്താക്കളുടെ ഡേറ്റയുടെയും സ്വകാര്യതയുടേയും കാര്യത്തില്‍ ബൈറ്റ്ഡാന്‍സും ടിക് ടോക്കും പലവിധ ഉറപ്പുകള്‍ നല്‍കിയിട്ടും അതിനൊന്നും യുഎസ് അധികൃതരെ സംതൃപ്തരാക്കാന്‍ സാധിച്ചില്ല. ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ ടിക് ടോക്കിന് സുതാര്യതയില്ലെന്ന് യുഎസ് ആരോപിക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു, ആര്‍ക്കെല്ലാം അത് ലഭിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ടിക് ടോക്കിന്റെ മറുപടി യുഎസിനെ സംതൃപ്തരാക്കിയില്ല.
യുഎസിലെ ടിക് ടോക്ക് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവര സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച് യുഎസിനുള്ള ആശങ്കകള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക് ടോക്ക് പ്രൊജക്ട് ടെക്സാസ് നടപ്പാക്കിയത്. ടിക് ടോക്കിന്റെ യുഎസിലെ ഉപഭോക്താക്കളുടെയെല്ലാം ഡേറ്റ യുഎസില്‍ തന്നെയുള്ള സെര്‍വറുകളില്‍ സൂക്ഷിക്കുമെന്ന് ടിക് ടോക്ക് ഉറപ്പുനല്‍കി. യുഎസ് കമ്പനിയായ ഒറാക്കിള്‍ ആണ് ഈ സെര്‍വര്‍ കൈകാര്യം ചെയ്തിരുന്നത്. ഇതിന് പുറമെ അല്‍ഗൊരിതം, ഉള്ളടക്കങ്ങള്‍ വേര്‍തിരിക്കല്‍, നിയമ പാലനം എന്നിവയുമായി ബന്ധപ്പെട്ട് ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഒറാക്കിളിനെ ചുമതലപ്പെടുത്തി. എന്നിട്ടും ഫലമുണ്ടായില്ല.

ടിക് ടോക്കിന്റെ നിരോധനത്തിനിടയാക്കിയ നിയമം
2024 ഏപ്രിലിലാണ് 'വിദേശശത്രു നിയന്ത്രിക്കുന്ന ആപ്ലിക്കേഷനുകളില്‍നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്ന നിയമം യുഎസ് പാസാക്കിയത്. ഈ നിയമം പ്രധാവമായും ടിക് ടോക്കിനെയാണ് ലക്ഷ്യമിടുന്നത്. പുതിയ നിയമം അനുസരിച്ച് ഒമ്പത് മാസമാണ് യുഎസ് ടിക് ടോക്കിന് സമയം അനുവദിച്ചത്. ഈ സമയ പരിധിക്കുള്ളില്‍ ടിക് ടോക്കിനെ ഒരു യുഎസ് കമ്പനിക്ക് വില്‍ക്കണം. എങ്കില്‍ ടിക് ടോക്കിന് യുഎസില്‍ സേവനം തുടരാം. എന്നാല്‍ അതിന് തയ്യാറല്ലെങ്കില്‍, നിയമം നിലവില്‍ വരുന്ന അന്ന് മുതല്‍ നിരോധനത്തിന് വിധേയമാവാം.
എന്നാല്‍ ബൈറ്റ്ഡാന്‍സോ ചൈനീസ് ഭരണകൂടമോ ഈ നീക്കത്തിന് തയ്യാറായിരുന്നില്ല. 17 കോടി അമേരിക്കന്‍ ജനതയുടെയും തങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യവസായങ്ങളുടേയും അവകാശലംഘനമാണെന്ന് ഈ നീക്കമെന്ന് ടിക് ടോക്ക് ആരോപിച്ചു. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യലംഘനം നടത്തുന്നുവെന്ന വാദങ്ങളും ടിക് ടോക്ക് ഉയര്‍ത്തിയിരുന്നു.
ടിക് ടോക്ക് ഉടമസ്ഥാവകാശം കൈമാറുന്നതിന് പകരം, നിയമം നടപ്പിലാക്കുന്നത് തടയാനുള്ള ശ്രമങ്ങളിലായിരുന്നു ടിക് ടോക്ക്. ഏറ്റവും ഒടുവില്‍ 2025 ജനുവരിയില്‍ നിയമം നടപ്പിലാക്കുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് കമ്പനി യുഎസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അനുകൂല നിലപാടെടുത്തില്ല. ഇതോടെയാണ് കമ്പനി രാജ്യത്ത് സേവനം നിര്‍ത്തലാക്കിയത്.

ടിക് ടോക്കിന് ഇനിയെന്ത് ?
2020 ല്‍ ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്താണ് ടിക് ടോക്കിനെതിരെയുള്ള ഭരണകൂട നടപടികള്‍ ആരംഭിച്ചതെങ്കിലും അടുത്തിടെ സുപ്രീംകോടതിില്‍ ടിക് ടോക്കിന് അനുകൂലമായ നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. ജനുവരി 20 ന് അധികാരമേല്‍ക്കാനിരിക്കുന്ന ട്രംപ് ടിക് ടോക്കിന് 90 ദിവസം അധികസമയം നല്‍കണമെന്നും ടിക് ടോക്ക് വിഷയം താന്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും കോടതിയെ അറിയിച്ചു. എന്നാല്‍, സുപ്രീംകോടതി ആ ആവശ്യം അംഗീകരിച്ചില്ല. ശനിയാഴ്ചയെങ്കിലും പ്രസിഡന്റ് ജോ ബൈഡന്‍ എന്തെങ്കിലും ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ ആപ്പിന് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരില്ലായിരുന്നു.
എന്തായാലും അധികാരമേറ്റതിനുശേഷം ഡൊണാള്‍ഡ് ട്രംപ് എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. വിഷയത്തില്‍ വീണ്ടും ഇടപെടല്‍ നടത്തിയേക്കാം. ചില ശതകോടീശ്വര വ്യവസായികള്‍ ടിക് ടോക്ക് വാങ്ങാന്‍ താത്പര്യം അറിയിച്ച് ട്രംപിനെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ വിശ്വസ്ഥനായ ഇലോണ്‍ മസ്‌കിന് ടിക് ടോക്ക് വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സും ചൈനയും താത്പര്യപ്പെടുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥാനമേറ്റതിന് ശേഷം ഈ ഇടപാടിന് ഒരു ഇടനിലക്കാരനായി ട്രംപും മാറിയേക്കാം. എന്തായാലും അതിലൊരു തീരുമാനമാവുന്നത് വരെ നിയമം നിലനില്‍ക്കുകയും ടിക് ടോക്ക് നിശ്ചലമാവുകയും ചെയ്യും.
ഇന്ത്യയിലെ ടിക് ടോക്ക് നിരോധനം
ടിക് ടോക്കിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു 2020 ലെ ടിക് ടോക്ക് നിരോധനം. ഇന്ത്യ-ചൈന നയതന്ത്രപ്രശ്‌നങ്ങളായിരുന്നു നിരോധനത്തിന് പ്രധാന ഹേതു. ടിക് ടോക്ക് ഉള്‍പ്പടെ 58 ചൈനീസ് ആപ്പുകളാണ് അന്ന് ഇന്ത്യന്‍ ഭരണകൂടം നിരോധിച്ചത്. പിന്നീട് നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം പ്രഖ്യാപിച്ചു.
20 കോടിയോളം ഉപഭോക്താക്കളുള്ള ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. കണ്ടന്റ് ക്രിയേറ്റര്‍മാരുടെ വിപണി ഇന്ത്യയില്‍ ശക്തമാക്കിയത് ടിക് ടോക്ക് ആണെന്ന് പറയാം. ഒരുപാട് ആളുകള്‍ രാജ്യവ്യാപകമായി ടിക് ടോക്കിലെ ക്രിയേറ്റര്‍മാരാവുകയും ആഗോളശ്രദ്ധ നേടുകയും ചെയ്തു. ഒരു പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ അത് തുടക്കമിട്ടു. അന്ന് ടിക് ടോക്കിലെ താരമായവര്‍ ഇന്ന് സിനിമാതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സെലിബ്രിറ്റികള്‍ പോലുമാണ്. ടിക് ടോക്ക് നിരോധനത്തിന് ശേഷം അവരെല്ലാം സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറി.

ഇന്ത്യയിലെ ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ ഒരുപാട് ക്രിയേറ്റര്‍മാര്‍ 'വഴിയാധാരാവുന്ന'സ്ഥിതിവന്നു. ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ വിവിധ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമാനമായ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകളുമായി രംഗത്തെത്തി. മൊജ്, ജോഷ്, ചിങ്കാരി പോലെ നിരവധി ആപ്പുകള്‍ വിപണിയിലെത്തി. ടിക് ടോക്ക് വിട്ടവരെല്ലാം ഈ ആപ്പുകളിലേക്ക് കുടിയേറി. ഓരോ ആപ്പിനും അതിന്റേതായ പ്രേക്ഷകരുണ്ടായിരുന്നു. എന്നാല്‍ ഈ രംഗത്തെ ഭീമന്മാരായ ഫേസ്ബുക്കും, ഗൂഗിളും ഇന്‍സ്റ്റാഗ്രാം റീലും, യൂട്യൂബ് ഷോര്‍ട്‌സും അവതരിപ്പിച്ചതോടെ ഇന്ത്യന്‍ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് പതിയെ പിന്നോട്ട് വലിയേണ്ടിവന്നു.
ടിക് ടോക്കില്‍ നിന്നുള്ള കുടിയേറ്റം റെഡ്‌നോട്ടിലേക്ക്
യുഎസിലും ഇപ്പോള്‍ സമാനമായ സ്ഥിതിയാണ്. ഇന്‍സ്റ്റാഗ്രാം റീല്‍ ഇതിനകം വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ടിക് ടോക്ക് വിടുന്നവര്‍ മറ്റൊരു ചൈനീസ് ആപ്പായ റെഡ് നോട്ടിലേക്ക് ചേക്കേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിയാവോഹോങ്ഷു (Xiaohongshu) എന്നാണ് ഈ ആപ്പിന്റെ യഥാര്‍ത്ഥ പേര്. യുഎസ് ഉപഭോക്താക്കള്‍ ഇതിന് റെഡ് നോട്ട് എന്ന് പേരിടുകയായിരുന്നു. ടിക് ടോക്കിന് സമാനമായ ഇന്റര്‍ഫെയ്‌സ് ആണിതിന്. ചൈനീസ് ആപ്പായ ടിക് ടോക്കിനെ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനിടെയാണ് പലരും മറ്റൊരു ചൈനീസ് ആപ്പിനെ തന്നെ പകരം തിരഞ്ഞെടുത്തത്.

2013 ല്‍ തുടക്കമിട്ട ഈ പ്ലാറ്റ്‌ഫോം ചൈനയിലെ ഏറ്റവും വലിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. 30 കോടി ഉപഭോക്താക്കളാണ് ഇതിനുള്ളത്. ചൈനയിലും ആഗോള തലത്തിലുള്ള ചൈനീസ് ഭാഷക്കാര്‍ക്കിടയിലും മാത്രം സ്വീകാര്യതയുണ്ടായിരുന്ന ഈ ആപ്പിന് ടിക് ടോക്കിന്റെ നിരോധന തീയ്യതി അടുത്തതോടെ അമേരിക്കക്കാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുകയായിരുന്നു.
യുഎസിലെ ഈ ജനപ്രീതി ആഗോളതലത്തിലും ഷിയാവോഹോങ്ഷുവിന് ഗുണമാകുന്നുണ്ട്. യുഎസില്‍ ഈ ആപ്പിന്റെ ഡൗണ്‍ലോഡുകളുടെ എണ്ണം കഴിഞ്ഞയാഴ്ച മൂന്നിരട്ടിയായി വര്‍ധിച്ചു. രണ്ട് ദിവസത്തിനിടെ ഏഴ് ലക്ഷം പുതിയ ഉപഭോക്താക്കളെ ഷിയാവോഹോങ്ഷുവിന് ലഭിച്ചുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 'ടിക് ടോക്ക് റെഫ്യൂജി' എന്ന ഹാഷ്ടാഗും വൈറലായി മാറി.
Content Highlights: us tiktok ban TikTok removed from US app stores due to the Foreign Adversary Countering Act.
Published: 19 Jan 2025, 06:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented