
സയൻസ് ഫിക്ഷൻ നോവലുകളുടെ പേജുകൾ മുതൽ സിനിമകളിലും സീരീസുകളിലും വരെ ഹ്യൂമനോയിഡ് റോബോട്ടുകൾ ഒരു നൂറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്നുണ്ട്. ഹ്യൂമനോയിഡുകൾ (രൂപത്തിൽ മനുഷ്യനോട് സാമ്യമുള്ള റോബോട്ടുകൾ) നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണെന്ന ആശയം ഇത്തരം നോവലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞവയാണ്.
സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ച മനുഷ്യനെ ‘റോബോട്ട്’ എന്ന് വിശേഷിപ്പിച്ചത് ചെക്കോസ്ലാവാക്യൻ നാടകകൃത്ത് കാരെൽ കാപെക്ക് (Karel Kapek) ആണ്. 1920- പബ്ലിഷ് ചെയ്ത അദ്ദേഹത്തിന്റെ നാടകമായ ‘Rossum’s Universal Robots'-സിലാണ് ഈ വാക്ക് ഉപയോഗിച്ചത്.

റോബോട്ട് എന്ന വാക്ക് കൂടുതൽ ജനകീയമാകുന്നത് സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ഐസക് അസിമോവിന്റെ കൃതികളിൽ കൂടിയാണ്. റോബോട്ടുകളെ കുറിച്ചുള്ള പഠനങ്ങൾക്ക് റോബോട്ടിക്സ് എന്ന് നാമകരണം ചെയ്തതും അദ്ദേഹം തന്നെയാണ്. റോബോട്ടുകൾ കേന്ദ്ര കഥാപാത്രമായി വരുന്ന നിരവധി ചെറുകഥകൾ അദ്ദേഹം എഴുതി. മാത്രമല്ല ഇതെല്ലാം സമാഹരിച്ച് 1951-ൽ ‘I Robot’ എന്ന പുസ്തകവും പുറത്തിറക്കി. ശാസ്ത്രജ്ഞർ ഇത്തരം ഹ്യുമനോയിഡ് റോബോട്ടുകളെ നിർമിക്കാനുള്ള ശ്രമങ്ങൾ ഇതിനും ഏറെ മുൻപ് തന്നെ തുടങ്ങിയിരുന്നു.

ഇന്ന് മനുഷ്യരെ പോലെ നടക്കുകയും ഓടുകയും, ചിന്തിക്കുകയും സംസാരിക്കുകയും ഭാരിച്ച കായികാധ്വാനം വേണ്ട പണികളെടുക്കുകയുമൊക്കെ ചെയ്യുന്ന റോബോട്ടുകൾ സയൻസ് ഫിക്ഷൻ നോവലുകളുടെ പേജുകളിലും സിനിമയിലും മാത്രം ഒതുങ്ങുന്നതല്ല.
കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി റോബോട്ടിക്‌സ് സാങ്കേതികവിദ്യയിലെ വലിയ മുന്നേറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. റോബോട്ടിക്സ് രംഗത്തെ ഈ ടെക് ബൂം ഒരുകാലത്ത് അതിശയകരമായി നാം നോക്കിക്കണ്ടിരുന്ന ഈ സൃഷ്ടികളെ മുൻപെങ്ങുമില്ലാത്ത വിധം യാഥാർഥ്യത്തിലേക്ക് അടുപ്പിച്ചിരിക്കുകയാണ്. മനുഷ്യൻ്റെ ചലനത്തെയും ചിന്തകളെയും അനുകരിക്കാനും പരിതസ്ഥിതിയുമായി ഇടപഴകാനുമുള്ള അവരുടെ കഴിവുമാണ് ഹ്യൂമനോയിഡുകളെ അത്ഭുതമാക്കുന്നത്. വരുംകാലങ്ങളിൽ ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം വരെയും അതിനപ്പുറവും നമ്മുടെ ജീവിതത്തിൻ്റെ വിവിധ തലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് സാധിക്കുമെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്.

സോഫിയ, അറ്റ്ലസ്, അമേക്ക, പെപ്പർ, നാവോ, ടെസ്ലയുടെ ഒപ്റ്റിമെസ് ജെൻ 2 തുടങ്ങി അത്യാധുനിക ഹ്യുമനോയിഡ് റോബോട്ടുകൾ നിരവധിയാണ്. നിലവിൽ മികച്ച സേവനങ്ങൾ നൽകാൻ ഇവരൊക്കെ പ്രാപ്തരാണെങ്കിലും കമ്പനികൾ ഇവരുടെയൊക്കെ പ്രവർത്തനങ്ങൾ എങ്ങനെയാക്കെ മെച്ചപ്പെടുത്താമെന്നുള്ള ഗവേഷണത്തിലാണ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വയോജന പരിചരണം, ഉപഭോക്തൃ സേവനം, വിനോദവും സാമൂഹികമായ ഇടപെടലുകളും തുടങ്ങി ഹ്യൂമനോയിഡ് റോബോട്ടിക്‌സ് രംഗത്ത് കാര്യമായ മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്.
ചാറ്റ് ജിപിടി, ജെമിനി, കോപൈലറ്റ് തുടങ്ങിയ എഐ ചാറ്റ്ബോട്ടുകളുടെ ജനപ്രീതിയോടെ ഇത്തരം സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ച് നിരവധി ആശങ്കകളും പ്രതീക്ഷകളും ഉയരുന്ന സമയമാണ്. വ്യക്തമായ നിയന്ത്രണങ്ങളില്ലെങ്കിൽ ഭാവിയിൽ AI മനുഷ്യരാശിക്ക് ഭീഷണിയാണെന്ന് ഈ രംഗത്തെ ചില വിദഗ്ധർ വാദിക്കുന്നുണ്ടെങ്കിലും നിർമിത ബുദ്ധി മനുഷ്യജീവിതത്തിൻ്റെ ദെെനംദിന പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതും അതിന്റെ ഭാവി സാധ്യതകളെക്കുറിച്ചും ചിന്തിക്കുമ്പോൾ ടെക് ലോകം ഒന്നാകെ അവേശത്തിലാണ്.
നമുക്കിടയിൽ ഹ്യുമനോയിഡ് റോബോട്ടുകൾ നടന്നുതുടങ്ങുന്ന കാലം വിദൂരമല്ല. ഇപ്പോൾ ടെക് ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും കാര്യപ്രാപ്തിയുള്ള ഹ്യൂമനോയിഡ് റോബോട്ടുകളെ നമുക്ക് ഒന്ന് പരിചയപ്പെടാം.
സോഫിയ
ഹാൻസൺ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത ഒരു അഡ്വാൻസ്ഡ് ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ. ഹ്യൂമനോയിഡ് അപ്പിയറൻസും സങ്കീർണമായ സംഭാഷണ മികവുകളും കാരണം വളരെ വേഗം തന്നെ സോഫിയ അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടി. 167 സെന്റിമീറ്റർ ഉയരവും 20 കിലോഗ്രാം ഭാരവുമുണ്ട് സോഫിയക്ക്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സോഫിയയ്ക്ക് സ്വാഭാവികമായ സംഭാഷണങ്ങളിൽ ഏർപ്പെടാനും മുഖഭാവങ്ങളിലൂടെ വികാരങ്ങൾ പ്രകടിപ്പിക്കാനും സാധിക്കും.

മനുഷ്യരുമായി ഐ കോണ്ടാക്റ്റ് പുലർത്താൻ സോഫിയയ്ക്ക് കഴിയും. സോഫിയ നിരവധി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും മാധ്യമപ്രവർത്തകരോട് സംവദിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യരുടെ പെരുമാറ്റം അനുകരിക്കാനുള്ള ഹ്യൂമനോയിഡ് റോബോട്ടുകളുടെ സാധ്യതയുടെ പ്രതീകമായി മാറിയ ഹ്യുമനോയിഡ് റോബോട്ടാണ് സോഫിയ.
അറ്റ്ലസ്

ബോസ്റ്റൺ ഡൈനാമിക്സ് വികസിപ്പിച്ചെടുത്ത ലോകത്തെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് റോബോട്ടുകളിൽ ഒന്നാണ് അറ്റ്ലസ്. ഏകദേശം 1.5 മീറ്റർ ഉയരവും 80 കിലോഗ്രാം ഭാരവുമുള്ള അറ്റ്‌ലസിൽ, നടത്തം, ഓട്ടം, ചാട്ടം, ബാക്ക്‌ഫ്‌ളിപ്പുകൾ എന്നിവയുൾപ്പെടെ വിപുലമായ ചലനാത്മക പ്രവർത്തനങ്ങൾ നടത്താൻ പ്രാപ്‌തമാക്കുന്ന വിപുലമായ സെൻസറുകളും ആക്ച്വേറ്ററുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. സെർച്ച് ആൻഡ് റെസ്ക്യൂ, ദുരന്ത നിവാരണം, വ്യാവസായിക ജോലികൾ എന്നിവയുൾപ്പെടെ വിവിധ ആപ്ലിക്കേഷനുകൾക്കായിട്ടാണ് അറ്റ്ലസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
അമേക്ക
എഞ്ചിനീയറിംഗ് ആർട്സ് വികസിപ്പിച്ചെടുത്ത ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് അമേക്ക. 1.87 മീറ്റർ ഉയരവും 49 കിലോ ഭാരവുമുണ്ട് ഈ റോബോട്ടിന്. മനുഷ്യരും റോബോട്ടുകളുമായുള്ള ഇൻ്ററാക്ഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അമേക്കയ്ക്ക് നടക്കാനും സംസാരിക്കാനും മുഖങ്ങൾ തിരിച്ചറിയാനും സാധിക്കും. കൂടാതെ വിവിധ ജോലികൾ ചെയ്യാൻ ഇത് കസ്റ്റം പ്രോഗ്രാം ചെയ്യാവുന്നതാണ്. ഗവേഷണം, വിദ്യാഭ്യാസം, വിനോദം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ അമേക്കയെ ഇതിനോടകം തന്നെ ഉപയോഗിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് റോബോട്ടുകളിൽ ഒന്നാണ് അമേക്ക. അതിൻ്റെ ചുറ്റുപാടുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന നിരവധി സെൻസറുകളും ക്യാമറകളും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വിവരങ്ങൾ പ്രോസസ്സ് ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും അനുവദിക്കുന്ന ശക്തമായ AI സംവിധാനവും അമേക്കയിലുണ്ട്.
ഒപ്റ്റിമസ് ജെൻ 2
ഹ്യൂമനോയിഡ് റോബോട്ടുകളിൽ ലോകത്തിലെ സമീപകാല മുന്നേറ്റങ്ങളിലൊന്നാണ് ടെസ്‌ലയുടെ ഒപ്റ്റിമസ് ജെൻ 2. 2024 ഏപ്രിലിൽ അവതരിപ്പിച്ച Optimus Gen 2 മുൻ ടെസ്‌ല ബോട്ട് പ്രോട്ടോടൈപ്പുകളെ അപേക്ഷിച്ച് കാര്യമായ പുരോഗതികളുള്ള റോബോട്ടാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബാറ്ററി ടെക്നോളജി, ഇലക്ട്രിക് മോട്ടോറുകൾ എന്നിവയിലെ കമ്പനിയുടെ പുരോഗതി ഇതിലൂടെ നമുക്ക് കാണാം.

സെൽഫ് ഡ്രൈവിംഗ് കാർ പ്രോഗ്രാമിലൂടെ അവർ മെച്ചപ്പെടുത്തിയ മേഖലകളാണ് ഇത് എന്നതും ശ്രദ്ധേയമാണ്. ആവർത്തിച്ചുള്ളതും അപകടകരവുമായ ജോലികൾ മനുഷ്യരിൽ നിന്ന് ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒപ്റ്റിമസ് ജെൻ 2 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1.78 മീറ്റർ ഉയരവും 59 കിലോഗ്രാം ഭാരവുമാണ് ഒപ്റ്റിമസ് ജെൻ 2-ന് ഉള്ളത്.
ഡിജിറ്റ്

വെയർഹൗസ് പ്രവർത്തനങ്ങൾക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അജിലിറ്റി റോബോട്ടിക്‌സിൻ്റെ ഡിജിറ്റ് എന്ന ഹ്യൂമനോയിഡ് റോബോട്ട്. എന്നാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ ഒരു സോഷ്യൽ ബട്ടർഫ്ലൈ റോബോട്ട് അല്ല. റെപ്പറ്റിറ്റീവ് ടാസ്ക്സ് അഥവാ ആവർത്തിച്ചുള്ള ജോലികൾ കൈകാര്യം ചെയ്യുകയും, കഠിനമായ ഭൂപ്രദേശങ്ങളിലൂടെ നാവിഗേറ്റ് ചെയ്യാനും, എളുപ്പത്തിൽ പടികൾ നടന്നുകയറാനുമൊക്കെ ഡിജിറ്റിന് സാധിക്കും. അവബോധത്തിനും മനുഷ്യരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായുള്ള സെൻസറുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. 1.75 മീറ്റർ ഉയരവും 65 കിലോ ഭാരവുമുണ്ട് ഡിജിറ്റിന്.
ഫീനിക്സ്
കനേഡിയൻ കമ്പനിയായ സാങ്ച്വറി എഐയുടെ ഫീനിക്‌സ് ഹ്യൂമനോയിഡ് റോബോട്ട് നിലവിൽ ബോട്ട് ലോകത്ത് വളർന്നുവരുന്ന താരമാണ്. ജനറൽ പർപ്പസ് ജോലികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫീനിക്സ് അസാമാന്യ വൈദഗ്ധ്യം കൊണ്ടും താങ്ങാനാവുന്ന വിലയും വേഗത്തിലുള്ള പഠന മികവും കൊണ്ടും ശ്രദ്ധേയമായ റോബോട്ടാണ്.

സാങ്ച്വറിയുടെ കാർബൺ എഐ സംവിധാനത്താൽ പ്രവർത്തിക്കുന്ന ഫീനിക്‌സിന് നിർമാണം മുതൽ ആരോഗ്യ സംരക്ഷണം വരെയുള്ള വിവിധ ജോലിസാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ സാധിക്കും. റോബോട്ടുകളെ തേടുന്ന കമ്പനികൾക്ക് ഫീനിക്‌സിനെ ഫേവറിറ്റ് ചോയ്സ് ആക്കി മാറ്റുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.
ഇത്തരത്തിൽ നിരവധി ഹ്യുമനോയിഡ് റോബോട്ടുകൾ ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. സമീപകാല നിക്ഷേപങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചാൽ ടെക് ലോകത്തെ വലിയ നിക്ഷേപങ്ങളിൽ പലതും ഹ്യൂമനോയിഡ് റോബോട്ടുകളുടെ വികസനത്തിനായിട്ടാണെന്ന് കാണാൻ സാധിക്കും.
ഉദാഹരണത്തിന്, AI റോബോട്ടിക്സ് കമ്പനിയായ ഫിഗറും ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐയും ജെഫ് ബെസോസിനെപ്പോലുള്ള നിക്ഷേപകരുടെ പിന്തുണയുള്ള ഒരു പങ്കാളിത്തം അടുത്തിടെ രൂപീകരിച്ചു. കരാർ പ്രകാരം, ഓപ്പൺഎഐ അതിൻ്റെ ജിപിടി ഭാഷാ മോഡലുകളെ ഫിഗറിൻ്റെ റോബോട്ടുകളുടെ ആവശ്യങ്ങൾക്കായി വികസിപ്പിക്കും.
മൈക്രോചിപ്പ് നിർമാതാക്കളായ എൻവിഡിയ പ്രോജക്റ്റ് GR00T എന്ന പദ്ധതിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹ്യൂമനോയിഡ് റോബോട്ടുകൾക്കായി ഒരു ജനറൽ പർപ്പസ് അടിസ്ഥാന മാതൃക വികസിപ്പിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. എലോൺ മസ്‌കും ടെസ്‌ലയും 2022-ൽ ഹ്യൂമനോയിഡ് റോബോട്ടുകളായ ഒപ്റ്റിമസ് അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങൾ വന്നതെന്നതും ശ്രദ്ധേയമാണ്.
ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം മുതൽ പ്രായമായവരെ പരിചരിക്കുന്നതും, ഉപഭോക്തൃ സേവനം, വിനോദം എന്നിങ്ങനെ നമ്മുടെ ജീവിതത്തിൻ്റെ വിവിധ മേഖലകളെ മാറ്റിമറിക്കാനുള്ള അപാരമായ കഴിവുണ്ട്. റോബോട്ടിക്‌സ് ടെക്‌നോളജിയിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും പുരോഗതി പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മുടെ ക്ഷേമവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും ഹ്യൂമനോയിഡ് റോബോട്ടുകളുടെ അസാമാന്യമായ കഴിവുകൾ നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.
ആരോഗ്യ സംരക്ഷണം
ഭാവിയിൽ ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഏറ്റവും പ്രതീക്ഷ നൽകുന്ന ആപ്ലിക്കേഷനുകളിലൊന്ന് ആരോഗ്യ മേഖലയിലാണ്. രോഗീ പരിചരണം മുതൽ ശസ്ത്രക്രിയ വരെയുള്ള കാര്യങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ ഈ റോബോട്ടുകൾക്ക് കഴിയും. ഉദാഹരണത്തിന്, നൂതന സെൻസറുകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അൽഗൊരിതങ്ങളും സജ്ജീകരിച്ചിട്ടുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് രോഗിയിലെ രോഗത്തിന്റെ സുപ്രധാന അടയാളങ്ങൾ കണ്ടെത്തി അത് കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. മരുന്ന് കഴിക്കാൻ രോഗികളെ ഓർമിപ്പിക്കാനും വൈകാരിക പിന്തുണ ആവശ്യമുള്ളവർക്ക് അത് നൽകാനും ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് കഴിയും.

പതിവ് ജോലികളിൽ സഹായിക്കുന്നതിനു പുറമേ ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് ഹ്യൂമനോയിഡ് റോബോട്ടുകൾ ഉപയോഗിക്കാം. കെെകാലുകളുടെ കൃത്യമായ ചലനങ്ങൾ ഉപയോഗിച്ച് ഈ റോബോട്ടുകൾക്ക് സങ്കീർണമായ ശസ്ത്രക്രിയകളിൽ ഡോക്ടർമാരെ സഹായിക്കാനും മാനുഷികമായി സംഭവിക്കാവുന്ന പിഴവുകൾ ഒഴിവാക്കാനും സാധിക്കും. അപകടസാധ്യത കുറയ്ക്കുന്നതിലൂടെ മെഡിക്കൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനും രോഗികളുടെ സ്ഥിതി മെച്ചപ്പെടുത്താനും ഇത്തരം റോബോട്ടുകൾക്ക് സാധിക്കും.
വിദ്യാഭ്യാസം
ലോകത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറ്റാൻ ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് സാധിക്കും. അധ്യാപകരായും വിദ്യാർഥികളുടെ കൂട്ടാളികളായും ആശയങ്ങൾ രസകരവും ആകർഷകവുമായ രീതിയിൽ പഠിക്കാൻ അവരെ സഹായിക്കാനാകും. ഉദാഹരണത്തിന്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സജ്ജീകരിച്ചിരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഒരു കുട്ടിയെ വീക്ഷിച്ച് വ്യക്തിഗതമായ നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും നൽകിക്കൊണ്ട് ഓരോ വിദ്യാർഥിയുടെയും വ്യക്തിഗത പഠന ശൈലികൾക്കും മുൻഗണനകൾക്കും അനുയോജ്യമായ രീതിയിൽ അവരുടെ അധ്യാപന രീതികൾ ക്രമീകരിക്കാൻ കഴിയും.

കൂടാതെ, ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനത്തിൽ വലിയ സംഭാനകൾ നൽകാൻ കഴിയും. വൈകല്യമോ പഠന ബുദ്ധിമുട്ടുകളോ ഉള്ള വിദ്യാർഥികൾക്ക് അധിക പിന്തുണയും സഹായവും നൽകാം. ഈ റോബോട്ടുകൾക്ക് ക്ഷമയുള്ള കൂട്ടാളികളായി പ്രവർത്തിക്കാൻ കഴിയും. ഇത് വിദ്യാർഥികളുടെ സാമൂഹിക കഴിവുകൾ വികസിപ്പിക്കാനും അവരുടെ കഴിവുകളിൽ ആത്മവിശ്വാസം വളർത്താനും സഹായിക്കുന്നു.
വയോജന പരിചരണം
ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ കണ്ടവരാരും അതിലെ കുഞ്ഞൻ റോബോട്ടിനെ മറക്കാനിടയില്ല. സുരാജ് വെഞ്ഞാറമൂട് ചെയ്ത പ്രായമായ കഥാപാത്രത്തെ പരിചരിക്കുന്നതിനായി മകൻ കൊണ്ടുവരുന്നതാണ് ഈ റോബോട്ട്. ഇത് വെറും കഥ മാത്രമായി കാണണ്ട. ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം റോബോട്ടുകൾ പ്രായമായവരെ പരിചരിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രായമായവരെ ദെെനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ആവശ്യങ്ങൾ കൂടിവരുന്ന കാലഘട്ടമാണ്.

പാചകം, ശുചീകരണം, മരുന്നുകൾ മറക്കാതെ എടുത്തുകൊടുക്കുന്നതുൾപ്പടെദൈനംദിന ജോലികളിൽ സഹായം നൽകിക്കൊണ്ട് ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ട്. കൂടാതെ, ഈ റോബോട്ടുകൾക്ക് പ്രായമായവരുടെ കൂട്ടുകാരാകാം. ഒറ്റപ്പെടലിൽ നിന്ന് മോചനം നൽകാൻ കഴിയും. അവർക്ക് വൈകാരിക പിന്തുണ നൽകാനും ഇതിലൂടെ സാധിക്കും.
കൂടാതെ, വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ വ്യക്തികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഫാൾ ഡിറ്റക്ഷൻ, എമർജൻസി റെസ്‌പോൺസ് കേപ്പബിലിറ്റീസ് എന്നിവയുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് കഴിയും. അവരുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചും അടിയന്തിര സാഹചര്യങ്ങളിൽ പരിചരിക്കുന്നവർക്ക് ഫോണിലൂടെ മുന്നറിയിപ്പ് നൽകുന്നതിലൂടെ ഈ റോബോട്ടുകൾക്ക് പ്രായമായവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും വലിയ ആസ്വാസമാണ് നൽകാൻ കഴിയുക.
ഉപഭോക്തൃ സേവനം
ബിസിനസുകളും ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയത്തിൻ്റെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് സാധിക്കും. റീട്ടെയിൽ സ്റ്റോറുകൾ മുതൽ എയർപോർട്ടുകളിലും ഹോട്ടലുകളിലും വരെ ഇവരെ ഉപയോഗിക്കാം. ഗൈഡുകളായും സഹായ സേവനങ്ങൾ നൽകുന്നവരായും റോബോട്ടുകൾക്ക് പ്രവർത്തിക്കാം.

കൂടാതെ സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ് ഫീച്ചറുകളുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഉപഭോക്താക്കളുമായി ഒന്നിലധികം ഭാഷകളിൽ സംസാരിക്കാൻ സാധിക്കും. ഇത് ഇന്ത്യ പോലെ വൈവിധ്യവും ബഹുസ്വരവുമായ രാജ്യത്ത് വലിയ സേവനങ്ങൾ നടത്താൻ അനുയോജ്യമാണ്. സമയബന്ധിതവും കൃത്യവുമായ വിവരങ്ങളും സഹായങ്ങളും നൽകുന്നതിലൂടെ ഈ റോബോട്ടുകൾക്ക് ഉപഭോക്തൃ സംതൃപ്തിയും വിശ്വസ്തതയും മെച്ചപ്പെടുത്താൻ ബിസിനസുകളെ വലിയൊരളവിൽ സഹായിക്കാനാകും.
വിനോദവും പഠനവും
അവസാനമായി, ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് വിനോദത്തിലും സാമൂഹിക ഇടപെടലിലും വിലപ്പെട്ട പങ്ക് വഹിക്കാനാകും. ഇന്ററാക്ടീവ് മ്യൂസിയം പ്രദർശനങ്ങൾ മുതൽ തീം പാർക്കുകൾ, ലെെവ് പെർഫോമൻസുകൾ എന്നിവയിലൂടെയൊക്കെ ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയും.

ഇതിനെല്ലാമുപരി ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് കുട്ടികളുടെ കൂട്ടാളികളും കളിക്കൂട്ടുകാരുമായി പ്രവർത്തിക്കാനും അവർക്ക് മണിക്കൂറുകളോളം എൻഗേജ് ചെയ്യിപ്പിക്കാനും അവരുടെ ക്രിയേറ്റിവിറ്റിയും ഭാവനയും വളർത്താനും കഴിയും. കൂടാതെ കോഡിംഗ്, റോബോട്ടിക്സ് തുടങ്ങിയ പ്രധാനപ്പെട്ടതും സങ്കീർണവുമായ കാര്യങ്ങൾ കുട്ടികളെ വളരെ സിമ്പിളായി പഠിപ്പിക്കാനും റോബോട്ടുകൾക്ക് സാധിക്കും.
വെല്ലുവിളികൾ
ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഇതുവരെയുള്ള നേട്ടങ്ങളും ഭാവിയിലെ അനന്തമായ സാധ്യതകളും നിഷേധിക്കാനാവാത്തതാണെങ്കിലും, അവയുടെ വിന്യാസവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ധാർമ്മികമായ പ്രശ്നങ്ങളും അംഗീകരിക്കേണ്ടതും അഭിസംബോധന ചെയ്യേണ്ടതും അത്യാവശ്യമാണ്. സ്വകാര്യത, സുരക്ഷ, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇതിൽ പ്രധാനപ്പെട്ടത്.

കൂടാതെ, സുതാര്യത, ഉത്തരവാദിത്തം, ഹ്യൂമൻ ഡിഗ്നിറ്റി തുടങ്ങിയ മോറൽ പ്രിൻസിപ്പിൾസിന് മുൻഗണന നൽകുന്ന രീതിയിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ രൂപകൽപ്പന ചെയ്യുകയും പ്രോഗ്രാം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഈ വെല്ലുവിളികളെയും ബുദ്ധിപരമായും നയപരമായും അഭിസംബോധന ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ തുല്യതയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഹ്യൂമനോയിഡ് റോബോട്ടുകളുടെ മുഴുവൻ സാധ്യതകളും നമുക്ക് ഉപയോഗിക്കാൻ സാധിക്കും. ഇതിന് ലോകരാജ്യങ്ങളും സർക്കാരുകളും റോബോട്ടുകളുടെ നിർമാണവും ഉപയോഗവും സംബന്ധിച്ച് നിയന്ത്രണങ്ങൾ ഭാവിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
ഭാവിയിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ കൂടുതൽ ആക്സസിബിൾ ആകുകയും ബജറ്റ് വാഹനങ്ങൾക്ക് സമാനമായ വിലയുണ്ടാകുമെന്നും രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുമ്പോൾ നമുക്ക് ഉറപ്പിക്കാം. നമുക്കിടയിൽ ഹ്യുമനോയിഡ് റോബോട്ടുകൾ നടന്നുതുടങ്ങുന്ന കാലം വിദൂരമല്ല.
Content Highlights: the advancement and future of humanoid robots
Published: 24 May 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented