
പ്രതീകാത്മക ചിത്രം | Image by wirestock on Freepik
മികച്ച ഫോട്ടോ എടുക്കാന്‍ യഥാര്‍ത്ഥ ക്യാമറ തന്നെ വേണമെന്ന് ആരു പറഞ്ഞു? നിങ്ങളുടെ വീട്ടില്‍ ഒരു നിക്കോണ്‍ സെഡ് 9 ഇരിപ്പുണ്ടെങ്കിലും, ഒരു മനോഹരമായ പ്രഭാത ദൃശ്യത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ കൈയ്യില്‍ ഫോണ്‍ മാത്രമേയുള്ളു എങ്കിലോ? ഒരു പതിറ്റാണ്ടിലേറെയായി സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രാഫി വന്‍ കുതിപ്പ് തന്നെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് പല ഫോട്ടോഗ്രാഫി ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ ധാരാളമാണ്. ഫോണുകളുടെ ശേഷി പ്രയോജനപ്പെടുത്താനായാല്‍ അവയില്‍ നിന്നു തന്നെ മികച്ച ഫോട്ടോകള്‍ കിട്ടും. അതിലേക്ക് എത്തുന്നതിനു മുമ്പ് അതിന്റെ ചരിത്രം അല്‍പ്പം പരിശോധിക്കാം:
കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി
സ്മാര്‍ട്ട്ഫോണുകള്‍ ഒരിക്കലും ഒരു യഥാര്‍ത്ഥ ക്യാമറയ്ക്ക് പകരമാവില്ല എന്നു കരുതിവന്ന കാലമുണ്ടായിരുന്നു. അതിനു കാരണം അവയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന കൊച്ചു സെന്‍സറുകളുടെ പരിമിതി ഒരിക്കലും മറികടക്കാനാവില്ല എന്ന തോന്നലായിരുന്നു. പക്ഷെ, അതിനെല്ലാം മാറ്റം വന്നു തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫിയാണ് സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോകള്‍ക്ക് മികവു പകരുന്നത്.
ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ അവരുടെ 'ഡബ്ല്യൂഡബ്ല്യൂഡിസി 2018'ല്‍ (WWDC 2018) തങ്ങളുടെ എ12 ചിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ന്യൂറല്‍ എന്‍ജിന്റെ ശേഷിയെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ പറഞ്ഞത്, അതിന് സെക്കന്‍ഡില്‍ 5 ട്രില്ല്യന്‍ ഓപ്പറേഷന്‍സ് വരെ നടത്താനാകുമെന്നായിരുന്നു. കമ്പനിയുടെ മേധാവി ടിം കുക്കും, അന്നത്തെ സീനിയര്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷിലറും ഇത് ഐഫോണുകളുടെ ക്യാമറയെ സ്വാധീനിക്കും എന്ന കാര്യത്തെക്കുറിച്ചും പറഞ്ഞു. സ്മാര്‍ട്ട് എച്ച്ഡിആര്‍, സീന്‍ ഡിറ്റെക്ഷന്‍, തത്സമയ ഫോട്ടോ പ്രൊസസിങ് അടക്കമുള്ള പല മേഖലകളിലും ഇതിന്റെ സ്വാധീനം കാണാമത്രെ. ഇത്തരത്തിലുള്ള പ്രൊസസിങ് ശേഷി ഐഫോണുകളില്‍ മാത്രമല്ല ഉള്ളത്. പല സ്മാര്‍ട്ട്ഫോണുകള്‍ക്കും ഇതെല്ലാം സാധിക്കും.
സ്മാര്‍ട്ട്ഫോണുകളിലേക്ക് കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി ആദ്യമായി കടന്നുവന്നു തുടങ്ങിയത് 2010ല്‍ അവതരിപ്പിച്ച ഐഫോണ്‍ 4 മുതലാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, അതിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് 2013ല്‍ പുറത്തിറക്കിയ ഗൂഗിള്‍ നെക്സസ് 5ല്‍ ആണ്. മള്‍ട്ടി-ഫ്രെയിം ബേസ്റ്റ് ക്യപ്ചര്‍, ഫ്യൂഷന്‍ പൈപ്പ്ലൈന്‍, ഫോട്ടോഗ്രാഫിക്കായി ഒരു ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി നടത്തിയ നീക്കം ഫലം കണ്ടു തുടങ്ങിയതോടെ സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രാഫി പുതിയ തലത്തിലേക്ക് ഉയര്‍ന്നു.
ഇതൊക്കെയാണെങ്കിലും ഇപ്പോഴും ഫോണുകള്‍ക്ക് ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകളോട് മത്സരിക്കാന്‍ സാധിക്കുമോ? സ്പോര്‍ട്സ്, വന്യജീവി തുടങ്ങിയ മേഖലകളില്‍ ക്യാമറയ്ക്ക് ഇപ്പോഴും ഫോണുകള്‍ പകരമാകില്ല. മറ്റു ചില വിഭാഗങ്ങളില്‍ രണ്ടും തമ്മിലുള്ള വ്യത്യാസം സ്പഷ്ടമാകണമെങ്കില്‍ വലിയ മോണിട്ടറുകളില്‍ ഫോട്ടോകള്‍ അടുത്തടുത്തുവച്ച് നോക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റു ചെയ്ത് അവ സ്മാര്‍ട്ട്ഫോണിന്റെ കൊച്ചു സ്‌ക്രീനുകളില്‍ കാണുമ്പോള്‍ ഫോണിലും ക്യാമറയിലും എടുത്ത ചിത്രങ്ങള്‍ തമ്മില്‍ അത്ര വലിയ വ്യത്യാസം തിരിച്ചറിയാനാകില്ല.
സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ ഫോട്ടോഗ്രാഫിയെ ജനാധിപത്യവല്‍ക്കരിച്ചു എന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. ക്യാമറ ഉപയോഗിക്കാന്‍ പഠിച്ചിരിക്കേണ്ട മിനിമം സാങ്കേതികപരിജ്ഞാനം പോലും ഇല്ലാത്തവര്‍ക്കും ഇന്ന് ഫോണ്‍ ഉപയോഗിച്ച് മികച്ച ഫോട്ടോകള്‍ പകര്‍ത്താം.
ഇതാ ചില നിർദേശങ്ങള്‍
- ഫോക്കസ് കൃത്യമെന്ന് ഉറപ്പാക്കുക:
നിങ്ങള്‍ ഉദ്ദേശിക്കുന്ന വസ്തുവിലോ ആളിലോ അല്ല ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നതെങ്കില്‍ ഫോട്ടോയ്ക്ക് ഉദ്ദേശിക്കുന്ന വ്യക്തത/ഷാര്‍പ്നസ് കിട്ടണമെന്നില്ല. പ്രീമിയം ഫോണുകളിലെല്ലാം മികച്ച ഓട്ടോ സബ്ജക്ട് ട്രാക്കിങ് ഉണ്ട്. അപ്പോള്‍ പോലും ടാപ്പ് ടു ഫോക്കസ് പ്രയോജനപ്പെടുത്തി ഉദ്ദേശിച്ചിടത്തുതന്നെ ഫോക്കസ് ഉറപ്പിക്കുന്നത് ഗുണം ചെയ്തേക്കാം. ഏത് ആള്‍/വസ്തു ആണ് ഫോട്ടോയില്‍ ശ്രദ്ധാകേന്ദ്രമാകേണ്ടത് എന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ടാപ്പ് ചെയ്ത് അവിടെ തന്നെ ഫോക്കസ് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
- എക്സ്പോഷര്‍/എച്ച്ഡിആര്‍:
എക്സ്പോഷര്‍ തെറ്റിയാലും ഫോട്ടോയുടെ മികവ് കുറയും. സ്വന്തമായി എക്സ്പോഷര്‍ ക്രമീകരിക്കാന്‍ പഠിച്ചാല്‍ ഫോട്ടോ എടുക്കല്‍ അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന ഒരു മേഖലയും ഇതാണ്. സീനില്‍ ടാപ്പ് ചെയ്ത് എക്സ്പോഷര്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ പഠിക്കുക. ഇനി, അതിനും താത്പര്യമില്ലെങ്കില്‍ ഹൈ ഡൈനാമിക് റെയ്ഞ്ച് (എച്ച്ഡിആര്‍) മോഡ് പ്രവര്‍ത്തിപ്പിക്കുക.
പല എക്സ്പോഷറിലുളള ഒന്നിലേറെ ഫോട്ടോകള്‍ ഫോണ്‍ തന്നെ എടുത്ത് അവ സമ്മേളിപ്പിച്ച് ഒറ്റ ഫോട്ടോ ആക്കുന്ന രീതിയാണ് എച്ച്ഡിആര്‍ മോഡില്‍ ഉള്ളത്. മിക്ക ഫോണുകളിലും ഇത് ഉണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐഫോണുകളില്‍ ഡീഫോള്‍ട്ടായി സ്മാര്‍ട്ട് എച്ച്ഡിആര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് മാനുവലായി എനേബ്ള്‍ ചെയ്യേണ്ട കാര്യമില്ല. (ചുരുക്കം ചില ഫോണുകളില്‍ എച്ച്ഡിആര്‍ മികവു പുലര്‍ത്തിയേക്കില്ല. അങ്ങനെ തോന്നിയാല്‍ അത് ഒഴിവാക്കുന്നതായിരിക്കും ബുദ്ധി.)
- പോര്‍ട്രെയ്റ്റ് മോഡ്
പശ്ചാത്തലം അസ്പഷ്ടമാക്കാന്‍ പോര്‍ട്രെയ്റ്റ് മോഡ് ഉപയോഗിക്കാം. ഒരു വ്യക്തിയുടെ ഫോട്ടോ എടുക്കുമ്പോള്‍ ചുറ്റുമുളള വസ്തുക്കളിലേക്ക് ശ്രദ്ധ പോകാതിരിക്കാന്‍ ഇത് ഉപകരിക്കും. ടെലി ലെന്‍സ് ഉള്ള ഫോണാണെങ്കില്‍ അത് തന്നെ ഉപയോഗിക്കുക. ഇല്ലെങ്കില്‍ പ്രധാന ക്യാമറ തന്നെ പ്രയോജനപ്പെടുത്താം. ബോക്കെ എഫക്ട് എന്നാണ് ഫോട്ടോഗ്രാഫി പദാവലിയില്‍ ഇത് അറിയപ്പെടുന്നത്.
- പ്രോ മോഡ്
ഇന്ന് പല ഫോണുകളിലും പ്രോ മോഡ് ഉണ്ട്. ഫോട്ടോഗ്രാഫിയെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുത്തി ഷട്ടര്‍ സ്പീഡും, ഐഎസ്ഓയും ക്രമീകരിക്കാം. ഇത് ഉപയോഗിക്കുന്ന ഫോണിനാല്‍ സാധിക്കുന്ന മികച്ച ഫോട്ടോ തന്നെ കിട്ടുന്നു എന്ന് ഉറപ്പാക്കാന്‍ സഹായിക്കും.
- ഒന്നിലേറെ ഫോട്ടോസ് എടുക്കുക
ഫോണ്‍ തിരശ്ചീനമായി പിടിച്ചും ലംബമായി പിടിച്ചും ഒരേ സീന്‍ തന്നെ പല തവണ പകര്‍ത്തുക. സ്റ്റോറേജ് പ്രശ്നം ഉണ്ടെങ്കില്‍ ഇഷ്ടപ്പെടാത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്താല്‍ മതിയല്ലോ.
- ബേസ്റ്റ് മോഡ്
മിക്ക ഫോണുകളിലും ബേസ്റ്റ് മോഡ് (Burst Mode) ഉണ്ട്. ഇത് ഉപയോഗിച്ച് നിരവധി ഫോട്ടോസ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ എടുക്കാം. അവയില്‍ നിന്ന് നല്ലത് തിരഞ്ഞെടുക്കാം. ഒരു ഫോട്ടോ എടുത്തു മടങ്ങി അത് അവ്യക്തമാണെങ്കില്‍ ഉണ്ടാകാവുന്ന നിരാശ അങ്ങനെ ഒഴിവാക്കാം.
- നട്ടുച്ചയ്ക്ക് പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കുക
സൂര്യന്‍ കത്തി നില്‍ക്കുന്ന നട്ടുച്ചയ്ക്കും മറ്റും നിവൃത്തിയുണ്ടെങ്കില്‍ പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കുക.
- ഡിജിറ്റല്‍ സൂം ഒഴിവാക്കുക
ഡിജിറ്റല്‍ സൂം ഒഴിവാക്കുന്നതായിരിക്കും നല്ലത്. പലപ്പോഴും അവ്യക്തത കലര്‍ന്ന ഫോട്ടോകളായിരിക്കും ലഭിക്കുക എന്നതാണ് കാരണം. സാധിക്കുമെങ്കില്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്ന വസ്തുവിന്റെ അടുത്തേക്ക് ചെല്ലുക.
- ഒപ്ടിക്കല്‍ സൂം നിങ്ങളുടെ ചങ്ങാതി
അതേസമയം, ഒപ്ടിക്കല്‍ സും അല്ലെങ്കില്‍ ടെലി ലെന്‍സ് ഉപയോഗിച്ച് സൂം ചെയ്ത് ഫോട്ടോ എടുക്കുന്നത് പരിഗണിക്കാം. പ്രധാന ക്യാമറയുടെയത്ര മേന്മ പലപ്പോഴും ടെലി ലെന്‍സുകള്‍ക്കോ അള്‍ട്രാ വൈഡിനോ ഫോണ്‍ നിര്‍മാതാക്കള്‍ നല്‍കാറില്ല എന്ന കാര്യവും മനസില്‍ വയ്ക്കണം.
- ലെന്‍സ് ക്ലീന്‍ ചെയ്യുക
ലെന്‍സില്‍ പൊടിയോ വിരല്‍പ്പാടോ ഒക്കെ ഉണ്ടെങ്കില്‍ മൈക്രോഫൈബര്‍ ക്ലോത്ത് ഉപയോഗിച്ച് അത് ക്ലീന്‍ ചെയ്യുക. എന്നാല്‍, എപ്പോഴും ക്ലീന്‍ ചെയ്തുകൊണ്ടിരുന്നാല്‍ ലെന്‍സുകളിലുള്ള കോട്ടിങ് നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും അറിഞ്ഞിരിക്കണം. ലെന്‍സ് ക്ലീനിങ് ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നത് അത്രയധികം അഴുക്കു പുരണ്ടിട്ടുള്ള ചില സന്ദര്‍ഭങ്ങളില്‍ ഗുണകരമായിരിക്കാം. ദ്രാവകം നേരിട്ട് ലെന്‍സില്‍ വീഴ്ത്തരുത്. മൈക്രോഫൈബര്‍ ക്ലോത്തില്‍ ഒഴിച്ച് പതിയെ ക്ലീന്‍ ചെയ്യുക.
- ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡ് ഒന്നു പരീക്ഷിക്കൂ
നിറങ്ങളെ ചോര്‍ത്തിക്കളഞ്ഞ് കറുപ്പിലും വെളുപ്പിലും മാത്രമായി ഫോട്ടോ എടുക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ ഗുണം ചെയ്യും.
- വിവിധ മോഡുകള്‍ പ്രയോജനപ്പെടുത്തുക
പുതിയ ഫോണുകളില്‍ ഉള്ള വിവിധ മോഡുകള്‍ പ്രയോജനപ്പെടുത്തുന്നത് വൈവിധ്യമുള്ള ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കും. പോര്‍ട്രെയ്റ്റ്, പാനൊറാമ, മാക്രോ തുടങ്ങിയ മോഡുകള്‍ സന്ദര്‍ഭോചിതമായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
Content Highlights: Computational Photography revolutionizes smartphone cameras: Essential tips to capture stunning photos using your iPhone or Android, even against professional gear.
Published: 06 Nov 2025, 01:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented