സ്മാര്‍ട്ഫോണ്‍ എന്നാല്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ ആദ്യ മാതൃകയായിരുന്നു 2007 ല്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിന്റെ കൈകളില്‍ ലോകത്തിന് മുന്നിലുയര്‍ന്ന ആദ്യത്തെ ഐഫോണ്‍. ഇന്ന് കാണുന്ന സ്മാര്‍ട്ഫോണുകളുടെയെല്ലാം രൂപകല്‍പനയ്ക്ക് അടിസ്ഥാനമായത് ആ ഐഫോണ്‍ ആശയമാണ്. വര്‍ഷങ്ങള്‍ ഇപ്പുറം അത്തരം ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണ് നമ്മള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഥവാ നിര്‍മിതബുദ്ധി ലോകത്തെ ഏത് ദിശയില്‍ നയിക്കുമെന്നതില്‍ ഇനിയും ഒരു ഉത്തരം ലഭിച്ചിട്ടില്ല.

To advertise here,

ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തിന് തുടക്കമിട്ട കമ്പനിയാണ് ഓപ്പണ്‍ എഐ. 2022 ല്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുടെ വരവാണ് സാങ്കേതികവിദ്യാ ലോകത്തെയും ലോകക്രമത്തെയും വലിയ മാറ്റത്തിലേക്ക് നയിച്ചത്. പിന്നീട് വന്‍ കമ്പനികളെല്ലാം എഐ രംഗത്തേക്ക് കടന്നുവന്നു. മനുഷ്യബുദ്ധിയെ മറികടക്കുന്നതും ഭാഷാപരമായ കഴിവുകളുള്ളതും വിശകലന ബുദ്ധിയുള്ളതുമായ ജനറേറ്റീവ് എഐ മോഡലുകള്‍ നിരന്തരം രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്.

ശക്തമായ വിചിന്തനശേഷിയുള്ള എഐ മോഡലുകള്‍ അവതരിപ്പിക്കുകയും കൂടുതല്‍ ശക്തിയേറിയവയ്ക്കായുള്ള അണിയറ ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഓപ്പണ്‍ എഐ പുതിയൊരു വഴിയേ നീങ്ങുകയാണ്. കേവലം സ്‌ക്രീനുകളിലും എഐ ചാറ്റ്ബോട്ടുകളിലും ആപ്പുകളിലും വെബ്സൈറ്റുകളിലും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളിലും മാത്രം ഒതുങ്ങാതെ എഐ അധിഷ്ഠിതമായ ഉപകരണങ്ങള്‍ അവതരിപ്പിക്കാനാണ് ഓപ്പണ്‍ എഐയുടെ പദ്ധതി. ആ ലക്ഷ്യ സാക്ഷാത്കാരത്തിനായി ഓപ്പണ്‍ എഐ കൈകോര്‍ക്കുന്നതാകട്ടെ ആപ്പിളിന്റെ പ്രശസ്തനായ ഡിസൈനര്‍ ജോണി ഐവുമായി.. ഐഫോണുകളും, മാക്ബുക്കുകളും ഉള്‍പ്പടെ സ്റ്റീവ് ജോബ്സിന്റെ കാലം മുതല്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ രൂപകല്‍പനയില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജോണി ഐവ്.

'ആപ്പിളിലെ ആത്മീയ പങ്കാളി'- ആരാണ് ജോണി ഐവ് ?

1992 ലാണ് ജോണി ഐവ് എന്ന ജോനാഥന്‍ പോള്‍ ഐവ് ആപ്പിളില്‍ ചേരുന്നത്. 1990കളുടെ അവസാനത്തോടെ കമ്പനിയിലെ ഇന്‍സ്ട്രിയല്‍ ഡിസൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റായും പിന്നീട് 2015 മുതല്‍ ചീഫ് ഡിസൈന്‍ ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ആപ്പിളിന്റെ വിഖ്യാത ഉത്പന്നങ്ങളുടെയെല്ലാം രൂപകല്പനയുടെ ഭാഗമാണ് ജോണി ഐവ്.  ഐപോഡ്, ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് ഉള്‍പ്പടെ 2007 ല്‍ അവതരിപ്പിച്ച ഐഒഎസ്7 യൂസര്‍ ഇന്റര്‍ഫെയ്സ് വരെ അക്കൂട്ടത്തിലുണ്ട്.

ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായിരുന്നു ജോണി ഐവ്. 'ആപ്പിളിലെ ആത്മീയ പങ്കാളി എന്നാണ്' ഒരിക്കല്‍ സ്റ്റീവ് ജോബ്സ് ജോണി ഐവിനെ വിശേഷിപ്പിച്ചത്.

2019 ലാണ് ജോണി ഐവ് ആപ്പിള്‍ വിടുന്നതായി പ്രഖ്യാപിച്ചത്. 'ലവ് ഫ്രം' എന്ന പേരില്‍ സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയായിരുന്നു ലക്ഷ്യം. കുറച്ച് കാലം ആപ്പിളും ലവ് ഫ്രമും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് ആ കരാര്‍ ഉപേക്ഷിച്ചതോടെ ജോണിയും ആപ്പിളും തമ്മിലുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു.

placeholder
സാം ഓള്‍ട്ട്മാൻ

പുതിയ തുടക്കം

2025 മെയ് 21 നാണ് ഓപ്പണ്‍ എഐയും ജോണി ഐവ് സഹസ്ഥാപകനായ 'ഐഒ' എന്ന സ്റ്റാര്‍ട്ടപ്പും പരസ്പരം ലയിക്കുന്നതായി ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാനും ജോണി ഐവും ചേര്‍ന്ന് പ്രഖ്യാപിച്ചത്. 650 കോടി ഡോളറിന്റെ ഇക്വിറ്റി ഷെയര്‍ ഇടപാടാണ് നടന്നത്. എഐ അധിഷ്ഠിത ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പ് തന്നെ ജോണി ഐവിന്റെ ലവ് ഫ്രം എന്ന സ്ഥാപനവും ഓപ്പണ്‍ എഐയും തമ്മില്‍ സഹകരണം തുടങ്ങിയിരുന്നുവെന്ന് ഇരുവരും പറയുന്നു.

പുതിയൊരു ഉല്‍പ്പന്ന കുടുംബം വികസിപ്പിക്കാനും, അത് എഞ്ചിനീയറിങ് ചെയ്യാനും നിര്‍മിക്കാനുമുള്ള പദ്ധതികള്‍ക്ക് പൂര്‍ണമായും പുതിയൊരു കമ്പനി ആവശ്യമാണെന്ന് തോന്നിയതോടെയാണ് 'ഐഒ' എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത് ജോണി ഐവ് പറഞ്ഞു. ആപ്പിളിന്റെ ഐഫോണ്‍, ആപ്പിള്‍ വാച്ച് എന്നിവയുടെ പ്രൊഡക്ട് വിഭാഗം വൈസ് പ്രസിഡന്റായിരുന്ന ടാങ് ടാന്‍, ആപ്പിളിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റായിരുന്ന ഇവാന്‍സ് ഹാന്‍കീ, ആപ്പിള്‍ മാക്കിന്റേയും ഐപാഡിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സകോട്ട് കാനന്‍ എന്നിവരാണ് ഐഒയുടെ മറ്റ് സഹസ്ഥാപകര്‍.

അതായത് ആപ്പിള്‍ ഐഫോണുകളുടെ ഒരു സുവര്‍ണകാലഘട്ടത്തില്‍, ആപ്പിളിനെ ഇന്ന് കാണുന്ന വന്‍കിട കമ്പനിയാക്കി വളര്‍ത്തുന്നതിന് കാരണമായ ഉത്പന്നങ്ങളുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും ഭാഗമായ ഒരു സംഘമാളുകളാണ് ഐഒയുമായുള്ള ലയനത്തിലൂടെ ഓപ്പണ്‍ എഐയുടെ ഭാഗമാവുന്നത്. ഈ ഘടകം തന്നെയാണ് ഓപ്പണ്‍ എഐ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നുവെന്ന സാം ഓള്‍ട്ട്മാന്റെ പ്രഖ്യാപനം ആകാംക്ഷയേറ്റുന്നത്. '

ഏറ്റെടുക്കല്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഐഒ ഏറ്റെടുക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പിലെ 55 ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍മാരും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരും നിര്‍മാണ വിദഗ്ദരും അടങ്ങുന്ന സംഘം ഓപ്പണ്‍ എഐയുടെ ഭാഗമാവും.

ഓപ്പണ്‍ എഐ പുറത്തിറക്കാന്‍ പോവുന്നത് എന്ത് ?

ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമെന്ന് കരുതുന്ന പത്ത് ലക്ഷം 'എഐ കമ്പാനിയന്‍'മാരെ 2026-ല്‍ പുറത്തിറക്കാനാണ് സാം ഓള്‍ട്ട്മാന്റേയും ജോണി ഐവിന്റെയും പദ്ധതിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ വെബ്സൈറ്റ് പറയുന്നു. ഉപഭോക്താവിന്റെ ചുറ്റുപാടുകള്‍ തിരിച്ചറിയുന്ന, പോക്കറ്റിലോ മേശപ്പുറത്തോ വെക്കാന്‍ കഴിയുന്ന, ഐഫോണ്‍, മാക്ക്ബുക്ക് പ്രോ പോലുള്ള ഉത്പന്നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഉപകരണമായിരിക്കും ഈ 'എഐ കമ്പാനിയന്‍' എന്നാണ് ഇരുവരും നല്‍കുന്ന സൂചന. സ്‌ക്രീന്‍ ഇല്ലാത്തൊരു എഐ ഉപകരണം അവതരിപ്പിക്കാനാണ് സാം ഓള്‍ട്ട്മാന് പദ്ധതി എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

placeholder
ജോണി ഐവ്

കണ്‍സ്യൂമര്‍ ഹാര്‍ഡ്​വെയർ രംഗത്ത് ഇതുവരെയില്ലാത്ത ഗുണമേന്മയുള്ള ഉത്പന്നമാണ് ഓപ്പണ്‍ എഐ നിര്‍മിക്കാനൊരുങ്ങുന്നത് എന്ന് ഓള്‍ട്ട്മാനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന് എന്തെല്ലാം ചെയ്യാനാവുമെന്നതില്‍ വലിയൊരു കുതിച്ചുചാട്ടമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പുതിയ തരം കംപ്യൂട്ടിങ് ഉപകരണമോ ഇന്റര്‍ഫെയ്സോ ആവശ്യമാണെന്നും സാം ഓള്‍ട്ട്മാന്‍ പറയുന്നു. അതായത് തങ്ങളുടെ ആദ്യ ഉപകരണം നൂതനമായ ഒന്നായിരിക്കണമെന്നാണ് ഓള്‍ട്ട്മാന്റേയും ഐവിന്റേയും ആഗ്രഹം.

ആളുകള്‍ പുതിയത് എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ജോണി ഐവ് പറയുന്നു. അത് ഇന്നുളളതിനോടുള്ള അസ്വസ്ഥതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറയുന്നു.

ഇന്ന് വിപണിയിലുള്ള ഫോണ്‍, വെയറബിള്‍ ഉപകരണങ്ങള്‍ പോലെ ഒന്നായിരിക്കില്ല ഓപ്പണ്‍ എഐയുടെ ആദ്യ എഐ ഉപകരണമെന്ന സൂചനയാണിത്. ഒരുപക്ഷേ, ഇന്നുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാവില്ല ഓപ്പണ്‍ എഐയുടെ പ്രവര്‍ത്തനം എന്നും കരുതാം.

സ്മാര്‍ട്ഫോണിന് പകരമാകുമോ?

സ്മാര്‍ട്ഫോണിന് പകരമാകുന്ന ഒരു ഉപകരണം ആയിരിക്കില്ല തങ്ങളുടെതെന്ന് തന്നെയാണ് ഓള്‍ട്ട്മാനും ഐവും നല്‍കുന്ന സൂചന. ഐഫോണിനോ സ്മാര്‍ട്ഫോണിനോ തങ്ങളുടെ സാങ്കേതികവിദ്യ അന്ത്യംകുറിക്കില്ലെന്നാണ് ഇരുവരും പറയുന്നത്.

സ്മാര്‍ട്ഫോണുകള്‍ ലാപ്ടോപ്പുകളെ ഇല്ലായ്മ ചെയ്യാതിരുന്നത് പോലെ, തങ്ങളുടെ ആദ്യ ഉത്പന്നം സ്മാര്‍ട്ഫോണുകളെ ഇല്ലാതാക്കില്ലെന്നും അത് സമ്പൂര്‍ണമായും പുതിയ ഒന്നായിരിക്കുമെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.

ഫോണുകള്‍ നിലവില്‍ പൊതു ആവശ്യങ്ങള്‍ക്കുള്ള സ്തുത്യര്‍ഹമായൊരു ഉത്പന്നമാണെന്ന് ഐവ് പറയുന്നു. എന്നാല്‍ ജനങ്ങള്‍ പുതിയ മാര്‍ഗങ്ങളിലൂടെ എഐയുമായി ബന്ധം  സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

placeholder

എഐ യുഗത്തിലെ 'ആപ്പിള്‍' ആവുമോ ഓപ്പണ്‍ എഐ

2000-ന്റെ തുടക്കകാലത്ത് മൊബൈല്‍ ഫോണ്‍ രംഗത്തെ നവീനതയ്ക്ക് ആരംഭം കുറിച്ചവരാണ് ആപ്പിള്‍. അതിന് മുമ്പ് മാക്ക്ബുക്ക് അവതരിപ്പിച്ചും സംഗീതാസ്വാദന രംഗത്ത് വിപ്ലവം തീര്‍ത്തുകൊണ്ട് ഐപോഡ് അവതരിപ്പിച്ചതും സമാനമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തിയാര്‍ജിക്കുമ്പോള്‍ ആപ്പിള്‍ തളരുന്ന കാഴ്ചയാണ് ലോകം കാണുന്നത്. സ്മാര്‍ട്ഫോണ്‍ രംഗത്ത് ആപ്പിളിനോട് അടിയറവ് പറഞ്ഞ ഗൂഗിളും, മൈക്രോസോഫ്റ്റുമെല്ലാം പുതിയ മാറ്റത്തെ അതിവേഗം ആവേശിച്ചപ്പോള്‍, ആപ്പിളിന് മാത്രം എന്തുകൊണ്ടോ അതിന് സാധിക്കാതെ പോയതായി ഏതൊരാള്‍ക്കും അനുഭവപ്പെടാം.

മറ്റ് കമ്പനികളെല്ലാം സ്വന്തം ചാറ്റ്ബോട്ടുകളും എഐ മോഡലുകളുമായി സജീവമായപ്പോള്‍ ഐഫോണുകളിലെ എഐ ഫീച്ചറുകളെ സഹായിക്കാന്‍ ഓപ്പണ്‍ എഐയെ ആപ്പിളിന് ആശ്രയിക്കേണ്ടതായി വന്നു. പലപ്പോഴും പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ആപ്പിള്‍ മനപ്പൂര്‍വം കാണിക്കാറുള്ള കാലതാമസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ നോക്കുമ്പോള്‍ ആപ്പിളിന്റെ കഴിവില്ലായ്മയായി അനുഭവപ്പെടുന്നുണ്ട്. ഇനിയും പൂര്‍ണതയില്‍ എത്തിയിട്ടില്ലാത്ത ആപ്പിള്‍ ഇന്റലിജന്‍സ് അതിനൊരു ഉദാഹരണമാണ്.

placeholder
ജോണി ഐവ്, സാം ഓൾട്ട്മാൻ

എഐ രംഗത്തെ 'ആപ്പിള്‍' ആവുമോ ഓപ്പണ്‍ എഐ എന്ന് കാത്തിരുന്ന് കാണാം. പ്രഖ്യാപിച്ച പോലെ 2026-ല്‍ ഓപ്പണ്‍ എഐ പുതിയ ടൂൾ അവതരിപ്പിക്കുമ്പോള്‍ 2007-ലെ ആ പഴയ 'ഐഫോണ്‍ നിമിഷം' ആവുമോ എന്ന് കൗതുകം കൊള്ളുന്നവരുണ്ട്. എഐ ഉപകരണ രംഗത്തെ ഭാവി നിര്‍ണയിക്കുന്ന ഒന്നാവും ഓപ്പണ്‍ എഐയുടെ ആദ്യ ടൂളെന്ന്  പ്രത്യാശിക്കാം. ആപ്പിളുമായുള്ള ഈ താരതമ്യങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് അണിയറയിലെ ജോണി ഐവ് ഉള്‍പ്പടെയുള്ള ആപ്പിളിന്റെ പഴയകാല സംഘമാണ്.

എഐ വിപണിയില്‍ ഗൂഗിളും മൈക്രോസോഫ്റ്റും സാംസങ്ങും ഉള്‍പ്പടെ ഉപകരണ നിര്‍മാണരംഗത്ത് മുന്‍പരിചയവും സ്വാധീനവുമുള്ള നിരവധി എതിരാളികള്‍ ഓപ്പണ്‍ എഐയ്ക്കുണ്ട്. ഗൂഗിളിന്റെ ഇത്തവണത്തെ ഐ/ഒ കോണ്‍ഫറന്‍സിലെ മുഖ്യബിന്ദു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഗൂഗിളിന്റെ ജനറേറ്റീവ് എഐ മോഡലായ ജെമിനൈ എഐ അധിഷ്ടിതമായ വിവിധ ഉത്പന്നങ്ങളും ആയിരുന്നു. അതില്‍ ഒന്ന് എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന പുതിയൊരു ത്രീഡി വിഡിയോ കോണ്‍ഫറന്‍സിങ് സ്‌ക്രീന്‍ ആണ്. എച്ച്പിയുമായുള്ള പങ്കാളിത്തത്തിലാണ് ഗൂഗിള്‍ ഈ ഉപകരണം നിര്‍മിക്കാനൊരുങ്ങുന്നത്.

എഐയെ കണ്‍സ്യൂമര്‍ ഉപകരണങ്ങളാക്കി പരിവര്‍ത്തനം ചെയ്യാനുള്ള ഉദ്യമത്തില്‍, ഓപ്പണ്‍ എഐയ്ക്ക് എതിരാളികള്‍ ഏറെയുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും എഐക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് കാണിച്ച് ലോകത്തെ അമ്പരപ്പിച്ച ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളെന്ന നിലയില്‍ ഓപ്പണ്‍ എഐയുടെ നീക്കങ്ങള്‍ ഏറെ ആകാംഷയോടെയാണ് സാങ്കേതികവിദ്യാ കുതുകികള്‍ നോക്കിക്കാണുന്നത്.