
ചൈനയും അമേരിക്കയും തീരുവയുദ്ധം കടുപ്പിക്കുമ്പോള്‍ അത് ലോകരാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമോ? പകരത്തിന് പകരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ അമേരിക്കയെ ഒഴിവാക്കി മറ്റ് രാഷ്ട്രങ്ങളില്‍ കൂടുതല്‍ വിപണി കണ്ടെത്തുകയും ചൈനയെ പ്രധാന ഉത്പാദന കേന്ദ്രമാക്കിയ അമേരിക്കന്‍ കമ്പനികള്‍ ബദല്‍ രാഷ്ട്രങ്ങളെ തേടുകയോ ചെയ്യുമ്പോള്‍ അത് കൂടുതല്‍ വിപുലമായ സാധ്യതകളാണ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ഇന്ത്യയ്ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ നികുതി 26 ശതമാനമാണ്. അതായത് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യാന്‍ 26 ശതമാനം നികുതി അടയ്ക്കണമെന്ന് അര്‍ഥം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 18 ശതമാനമാണ് അമേരിക്കയിലേക്ക് പോകുന്നത്. പുതിയ നികുതി പരിഷ്‌കാരം രാജ്യത്തെ ഉത്പാദകരേയും വ്യാപാരത്തേയും ലാഭത്തേയും ബാധിക്കും.
ഇന്ത്യയിൽ ഐഫോണ്‍ നിർമിക്കുകയെന്നത് ഏറെക്കാലമായുള്ള ചർച്ചയാണ്. താരിഫ് പ്രഖ്യാപനം ഇന്ത്യയുടെ ഈ മോഹത്തിന്‍റെ കടയ്ക്കലും കത്തിവെയ്ക്കുകയാണ്. എന്നാല്‍ ട്രംപിന്റെ നികുതി യുദ്ധം ഫലപ്രദമായി ഉപയോഗിച്ചാല്‍ അത് ഇന്ത്യയെ ഐഫോണ്‍ നിര്‍മാണ ഹബ്ബാക്കി വളര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐഫോണ്‍ നിർമാണത്തിൽ ചൈനയെ പോലെയോ ചൈനയ്ക്ക് മുകളിലോ എത്താനുള്ള സാധ്യകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്നാണ് വിദഗ്ധാഭിപ്രായം. നികുതിയുദ്ധത്തിന്‍റെ സാധ്യതകൾ മുതലെടുത്താൽ ഇന്ത്യ വൈകാതെ തന്നെ ലോകത്തെ ഒന്നാം നമ്പർ ഐഫോണ്‍ നിർമാതാക്കളായി മാറും. ആപ്പിൾ കമ്പനിയും അതിനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഐഫോണും ചൈനയും
2007ലാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ അവരുടെ ആദ്യത്തെ ഐഫോണ്‍ പുറത്തിറക്കുന്നത്. അമേരിക്കയിലായിരുന്നു ആദ്യത്തെ ലോഞ്ച്. തൊട്ടടുത്ത വര്‍ഷം തന്നെ ഏഷ്യന്‍ രാജ്യങ്ങളിലേക്കും അത് വ്യാപിപ്പിച്ചു. ആദ്യ നിര്‍മാണ ഫാക്ടറികള്‍ അമേരിക്കയിലായിരുന്നെങ്കിലും വൈകാതെ തന്നെ ഐഫോണ്‍ നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമായി ചൈന മാറി. ലോകവിപണിയിലേക്കെത്തുന്ന ഐഫോണിന്റെ ഉത്പാദനച്ചെലവ് കുറയ്ക്കാനും കൈമാറ്റം സുഗമമാക്കാനുമായാണ് ചൈനയെ ആപ്പിള്‍ പ്രധാന ഹബ്ബാക്കി മാറ്റിയത്. 90 ശതമാനും ഐഫോണുകളും ചൈനയിലാണ് നിര്‍മിക്കുന്നത്. ഐഫോണിന്റെ മാത്രമല്ല, ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ 80 ശതമാനവും കയ്യാളുന്നത് ചൈനയാണ്. വിതരണത്തിലാവട്ടെ ഇത് 40 ശതമാനമാണ്.
ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്. ആപ്പിളിന്റെ ഏറ്റവും വലിയ നിര്‍മാണ പങ്കാളിയായ ഫോക്സ്‌കോണിന്റെ പ്രധാന നിര്‍മാണശാലയും ചൈനയില്‍ തന്നെ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജോലിക്കാര്‍ക്ക് നല്‍കേണ്ട വേതനത്തിന്റെ നിരക്ക് ചൈനയില്‍ കുറവാണ്. അതുകൊണ്ടു തന്നെ നിര്‍മാണച്ചെലവ് കുറയും. മികച്ച യോഗ്യതകളും അനുഭവ സമ്പത്തുമുള്ള എഞ്ചിനീയര്‍മാരുടെ ലഭ്യത ആപ്പിളിന് അവര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഗുണമേന്മയേറിയ ഉത്പന്നം അസംബിള്‍ ചെയ്ത് പുറത്തിറക്കാന്‍ കമ്പനിയെ സഹായിക്കുന്നു. ഇതുകൂടാതെ ലോകത്തില്‍ തന്നെ ഇലക്ട്രോണിക് കംപോണന്റുകളുടെ നിര്‍മാണത്തില്‍ മുന്‍പന്തിയിലാണ് ചൈന. അതിനാല്‍ ഐഫോണിന് വേണ്ട കംപോണന്റുകള്‍ ചെലവ് കുറച്ച് ലഭ്യമാക്കാന്‍ ചൈനയ്ക്ക് സാധിക്കും. ട്രാന്‍സ്‌പോര്‍ട്ട് കോസ്റ്റ് കുറയ്ക്കുന്നതിനും കംപോണന്റുകളുടെ വിതരണം എളുപ്പത്തിലാക്കുന്നതും മറ്റൊരു വശം. ലാഭം മാത്രമാണ് ആപ്പിളിന് ഇതിലൂടെയുണ്ടാവുക.
ആപ്പിള്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ചൈനയില്‍ നിര്‍മാണവും വിതരണവും കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയാണെന്നാണ് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ഒരിക്കല്‍ പറഞ്ഞത്. കുറഞ്ഞ വേതനം പഴങ്കഥയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവര്‍ വേതനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ചൈനയില്‍ ലഭിക്കുന്ന തൊഴിലാളി വൈദഗ്ധ്യം മറ്റൊരിടത്തും ലഭിക്കില്ലെന്നാണ് കുക്ക് അഭിപ്രായപ്പെട്ടത്.
ഇന്ത്യയെന്ന വമ്പന്‍ മാര്‍ക്കറ്റ്
ചൈനയാണ് ആപ്പിള്‍ ആ ഫോണിന്റെ ഏറ്റവും വലിയ നിര്‍മാണശാലയെങ്കിലും വിപുലീകരണമാണ് കമ്പനിയുടെ ലക്ഷ്യം. ചൈനയ്ക്ക് പുറമേ വിയറ്റ്‌നാമിലും ഇന്ത്യയിലും ഐഫോണ്‍ നിര്‍മിച്ച് വിതരണത്തിക്കാനുള്ള പദ്ധതിയിലാണ് ആപ്പിള്‍. ഇന്ത്യയില്‍ നിര്‍മിക്കുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ഐഫോണിലേക്ക് എത്തിക്കാനുള്ള വഴി കൂടിയായാണ് കമ്പനി കണക്കാക്കുന്നത്. ഇന്ത്യയിലെ മധ്യവര്‍ഗത്തിലേക്ക് വളരെയധികം പേര്‍ വളര്‍ന്നുവരികയാണ്. ഹൈ എന്‍ഡ് ഫോണുകള്‍ക്കുള്ള വാങ്ങല്‍ശേഷി ആളുകള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഇന്ത്യ ആപ്പിളിനെ സംബന്ധിച്ച് വലിയൊരു മാറ്റത്തിന്റെ ടിപ്പിങ് പോയിന്റ് ആണെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇന്ത്യയിലുണ്ടാവുകയെന്നത് മഹത്തരമാണെന്നാണ് ടിം കുക്ക് അഭിപ്രായപ്പെട്ടത്. ഇതോടെ ആപ്പിള്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കൂടിയ ജനസംഖ്യയും സാമ്പത്തിക സ്ഥിരതയില്‍ മുന്‍പന്തിയിലുള്ള ജനവിഭാഗങ്ങളുമുള്ള ഇന്ത്യയെ വലിയ സാധ്യതകളുള്ള മാര്‍ക്കറ്റായി ഇന്ത്യ കണക്കാക്കുന്നുവെന്നും, ആപ്പിള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
വില്‍പനയ്ക്ക് പുറമേ നിര്‍മാണമാണ് ആപ്പിളിന്റെ ലക്ഷ്യം. ഐഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിന്റെ പങ്കാളിയായ തായ്‌വാനീസ് കമ്പനി ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ വെച്ച് ഐഫോണ്‍ അസംബ്ലിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിലലും ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലുമാണ് ഫാക്ടറി. ഇതിനു പുറമേ കര്‍ണാടകത്തിലും യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് ഫോക്‌സ്‌കോണിനുള്ള ഏറ്റവും വലിയ പ്ലാന്റായിരിക്കും ഇത്. ഐഫോണുകളില്‍ ഏഴില്‍ ഒന്ന് നിര്‍മിക്കുന്നത് ഇന്ത്യയില്‍ ആണെന്ന് ബ്ലൂംബെര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ നിര്‍മാണത്തില്‍ പത്ത് ശതമാനത്തോളം വരുമിത്.
ആപ്പിള്‍ അവരുടെ ഐഫോണ്‍ നിര്‍മാണത്തിന്റെ 25 ശതമാനമെങ്കിലും ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതായി അടുത്തിടെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. 2025നുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യമെന്ന് ജെ.പി മോര്‍ഗന്‍ അനലിസ്റ്റ് വ്യക്തമാക്കി.
ആപ്പിള്‍ കമ്പനിയുടെ ആകെ ഉത്പാദത്തിന്‍ 10-15 ശതമാനം ഐഫോണുകള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലാണെന്നാണ് എവര്‍കോര്‍ ഐഎസ്‌ഐ എന്ന റിസേര്‍ച്ച് സംഘം പറയുന്നത്. ഫോക്‌സ്‌കോണ്‍, ടാറ്റ, പെഗാട്രോണ്‍ എന്നീ കമ്പനികളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ഐഫോണ്‍ നിര്‍മിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ നിര്‍മാണത്തിലേക്കെത്താന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 2024നും ജനുവരി 2025നും ഇടയില്‍ ഒരു ലക്ഷം കോടി രൂപ വിലവരുന്ന ഐഫോണുകളാണ് ഇന്ത്യയില്‍ നിന്ന് ഈ കമ്പനികള്‍ കയറ്റി അയച്ചത്. 2025ല്‍ ഇതേ കാലയളവില്‍ ഇത് 60,000 കോടി രൂപയായിരുന്നു. കയറ്റുമതിയിലെ വര്‍ധനവ് ഇന്ത്യയുടെ സാധ്യതയാണ് വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീസ് സ്‌കീമിന് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. 8700 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സബ്‌സിഡി ആയി നല്‍കുന്നത്. ആപ്പിളിന് വേണ്ടി ഐഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിയറ്റ്‌നാമിലും മലേഷ്യയിലും പ്ലാന്റുകള്‍
മാതൃരാജ്യമായ അമേരിക്കയില്‍ ആപ്പിളില്‍ നാമമാത്രമായ ഫാക്ടറിയാണുള്ളത്. ടെക്‌സസിലെ ഫാക്ടറിയില്‍ മാക് പ്രോയാണ് പ്രധാനമായും നിര്‍മിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെര്‍വറിനായി ടെക്‌സസില്‍ 500 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ പുതിയ ഫാക്ടറി നിര്‍മിക്കുമെന്ന് അടുത്തിടെ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.
ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി ഇന്ത്യയ്ക്ക് പുറമേ കമ്പനി തിരഞ്ഞെടുത്തിരിക്കുന്ന മറ്റൊരു രാജ്യമാണ് വിയറ്റ്‌നാം. 20 ശതമാനത്തോളം ഐപാഡ്, 90 ശതമാനം ആപ്പിള്‍ വാച്ചുള്‍പ്പെടെയുള്ള വിയറബിള്‍ ഉത്പന്നങ്ങള്‍ എന്നിവ അസംബിള്‍ ചെയ്യുന്നത് വിയറ്റ്‌നാമിലാണ്. ആപ്പിള്‍ മാക് ഉത്പാദനം ചൈനയ്ക്ക് പുറമേ മലേഷ്യയിലാണ് കൂടുതലായുള്ളത്. ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തില്‍ 25 ശതമാനമാണ് മലേഷ്യയ്ക്കുള്ളത്. മാക് ഉത്പാദിപ്പിക്കുന്ന തായ്‌ലന്‍ഡിന് 36 ശതമാനമാണ് താരിഫ്. ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌വാന്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ആപ്പിള്‍ കമ്പനി അവരുടെ ഉത്പന്നങ്ങള്‍ക്കുവേണ്ടിയുള്ള കമ്പോണന്റുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഇവയെല്ലാം ചൈനയിലെത്തിച്ച് അസംബിൾ ചെയ്ത് ഫൈനല്‍ പ്രൊഡക്ടായി ആഗോള മാര്‍ക്കറ്റിലേക്കെത്തിച്ചേരും.
ചൈനയ്‌ക്കെതിരേ തീരുവ യുദ്ധം
ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യം ചൈനയാണ്. വ്യാപാര പങ്കാളിരളുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കാണ് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയത്. ചൈനയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ നികുതിഭാരം, 104 ശമാനം. എന്നാല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം നികുതി ചുമത്തിക്കൊണ്ട് ചൈന തിരിച്ചടിച്ചു.
പകരച്ചുങ്കം അമേരിക്കയ്ക്ക് വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നല്‍കുമെന്ന മുന്നറിയിപ്പുയര്‍ന്നതോടെ മൂന്ന് മാസത്തേക്ക് നികുതി നടപ്പാക്കല്‍ ട്രംപ് നിര്‍ത്തിവെച്ചിരുന്നു. 90 ദിവസത്തേക്കാണ് താല്‍ക്കാലികാശ്വാസം. എന്നാല്‍ ചൈനയ്ക്ക് ഇതില്‍ നിന്ന് ഇളവ് നല്‍കിയില്ലെന്ന് മാത്രമല്ല, നികുതി 125 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ആകെ 145 ശതമാനം തീരുവയാണ് ചുമത്തുന്നതെന്ന് കഴിഞ്ഞദിവസം വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഫെന്റനൈല്‍ ഇറക്കുമതിക്കുള്ള 20 ശതമാനം നികുതിയുള്‍പ്പെടെയാണ് 145 ശതമാനം നികുതിയെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. അമേരിക്കയുടെ വിശദീകരണത്തിന് തൊട്ടുപിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള നികുതി 125 ശതമാനമാക്കി വര്‍ധിപ്പിച്ചുകൊണ്ട് ചൈനയുടെ പ്രഖ്യാപനവുമെത്തി. അമേരിക്ക നടത്തുന്നത് സാമ്പത്തിക ചൂഷണമാണെന്നാണ് ചൈന മറുചുങ്കം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.
അമേരിക്കയില്‍ നിന്ന് മണിച്ചോളം, പൗള്‍ട്രി, വളം വിഭാഗത്തില്‍പ്പെടുന്ന ഏതാനും ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് ചൈന നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതുകൂടാതെ റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ കയറ്റുമതിക്ക് കര്‍ശന നിയന്ത്രണവുമേര്‍പ്പെടുത്തി. സെല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക് കംപോണന്റ്‌സ്, ഇന്‍ഡസ്ട്രിയല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ചൈനയില്‍ നിന്ന് അമേരിക്ക പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സോയ ബീന്‍, എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍, മരുന്നുകള്‍ എന്നിവയാണ് അമേരിക്കയില്‍ നിന്ന് ചൈന പ്രധാനമായും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍.
പകരച്ചുങ്കവും ആപ്പിളും
ട്രംപിന്റെ താരിഫ് ആപ്പിളിന്റെ വില്‍പനയെ വലിയ രീതിയില്‍ ബാധിക്കും. നേരത്തെ 104 ശതമാനം ഇറക്കുമതി തീരുവ യുഎസ് പ്രഖ്യാപിച്ചപ്പോള്‍ നിര്‍മാണത്തില്‍ ആപ്പിളിന് 43 ശതമാനത്തിലേറെ അധികച്ചെലവ് വരുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇറക്കുമതി തീരുവയെ നേരിടാന്‍ ഐഫോണുകളുടെ ഉത്പാദനം യുഎസിലേക്ക് മാറ്റിയാലും ചെലവ് മൂന്നിരട്ടിയാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഐഫോണിന്റെ വില യുഎസില്‍ 3500 ഡോളറോളം വര്‍ധിക്കുമെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അധിക ഭാരമാവും.
54 ശതമാനമാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേലെയുള്ള ഇറക്കുമതി തീരുവ. സ്വഭാവികമായും ഈ തീരുവ വിലയില്‍ പ്രതിഫലിക്കും. അങ്ങനെയെങ്കില്‍ ഹൈ എന്‍ഡ് ആപ്പിള്‍ ഫോണായ ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ വില ഏകദേശം 2300 ഡോളര്‍ വരെ കുതിച്ചുയരും. അതായത് 1.9 ലക്ഷം ഇന്ത്യന്‍ രൂപ. യുഎസ്സില്‍ ലോഞ്ച് ചെയ്ത് ഏറ്റവും വിലകുറഞ്ഞ ആപ്പിള്‍ ഫോണ്‍ ഐഫോണ്‍ 16 ആണ്, 799 ഡോളറാണ് ഇതിന്റെ സ്റ്റിക്കര്‍ വിലയെങ്കില്‍ തീരുവ ബാധിച്ചാല്‍ അത് 1142 ഡോളറായി കുതിച്ചുയരും. ഐഫോണ്‍ 16ല മോഡല്‍ വില 599 ഡോളര്‍ ഉണ്ടായിരുന്നിടത്ത് നിന്ന് 856 ഡോളറായി ഉയരും. അതായത് 43 ശതമാനത്തിന്റെ വര്‍ധനവ് വിലയിലുണ്ടാവുമെന്ന് റോസെന്‍ബ്ലാട്ട് സെക്യൂരിറ്റീസ് അനലൈസര്‍ അഭിപ്രായപ്പെട്ടു.
വില വര്‍ധനവിനെ കുറിച്ച് ആപ്പിള്‍ കമ്പനി ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. എങ്കിലും ട്രംപ് താരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെ ആപ്പിള്‍ ഓഹരികള്‍ ഒൻപത് ശതമാനം ഇടിഞ്ഞിരുന്നു. 2020 മാര്‍ച്ചിന് ശേഷം ആപ്പിള്‍ സ്റ്റോക്കിലുണ്ടായ ഏറ്റവും മോശപ്പെട്ട ഇടിവായിരുന്നു അത്.
യുഎസിന്റെ പുതിയ നീക്കം ആപ്പിളിന്റെ വരുമാനത്തേയും ബാധിക്കും. ചൈനയ്ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയ സ്ഥിതിക്ക് ഇന്ത്യയിലേക്കോ ബ്രസീലിലേക്കോ ഉത്പാദനം മാറ്റാനാകും ആപ്പിള്‍ ലക്ഷ്യമിടുന്നത്. നിര്‍മാണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയാലും വില ഉയരുമെന്നതില്‍ തര്‍ക്കമില്ല. കാരണം ഇന്ത്യ, വിയറ്റ്നാം പോലുള്ള രാജ്യങ്ങള്‍ക്കും യുഎസ് പുതിയ ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് 26 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവുമാണ് ചുങ്കം. ഇന്ത്യയിലെ മാര്‍ക്കറ്റ് സാധ്യത ആപ്പിൾ ഇതിനോടകം വിലയിരുത്തിയ സാഹചര്യത്തില്‍ ലക്ഷ്യം ഇന്ത്യ തന്നെയാവുമെന്നമാണ് ഭൂരിപക്ഷാഭിപ്രായം. അങ്ങനെയെങ്കില്‍ ചൈനയ്ക്കുശേഷം ലോകമാര്‍ക്കറ്റിലെ പുതിയ ഐഫോണ്‍ ഹബ്ബായി മാറാന്‍ ഇന്ത്യയ്ക്ക് ഇനി അധികദൂരമില്ലെന്ന് ചുരുക്കം.
അതേസമയം നികുതിഭാരമേല്‍ക്കേണ്ടി വന്നാലും ഐഫോണ്‍ വില വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ആപ്പിള്‍ പരിഗണിച്ചേക്കില്ലെന്നാണ് മറ്റൊരു വിഭാഗം അനലിസ്റ്റുകള്‍ പറയുന്നത്. കാരണം ഐഫോണ്‍ 17ന്റെ ലോഞ്ചിന് ആപ്പിള്‍ ഒരുങ്ങുകയാണ്. ആഗോള വ്യാപകമായി പണപ്പെരുപ്പം കൂടുതലാണ്, ഐഫോണ്‍ വില്‍പന മന്ദഗതിയിലോ നിശ്ചലാവസ്ഥയിലോ ആണ്, ഇതിനൊപ്പം വിലയില്‍ വര്‍ധനവ് വരുത്തുന്നത് ഐഫോണ്‍ വില്‍പനയെ സാരമായി ബാധിക്കുമെന്നും സാംസങ് ഉള്‍പ്പെടെയുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇത് മുതലെടുത്ത് മുന്നേറ്റമുണ്ടാക്കുകയോ ചെയ്യാം. അതിനാല്‍ വിലവര്‍ധനവ് ബാധിക്കില്ലെന്നാണ് ചില നിരീക്ഷണങ്ങള്‍.
Content Highlights: Can India Become The Next iPhone Manufacturing Hub After Trump Tariffs Hit Apple
Published: 12 Apr 2025, 02:50 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented