മ്മൾ ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോട്ട്‌സും സ്‌ക്രോൾ ചെയ്തതിന്റെ കണക്കെടുത്താൽ കിലോമീറ്ററുകളോളം താണ്ടിയിട്ടുണ്ടാകും എന്നൊരു സോഷ്യൽ മീഡിയ 'ചൊല്ലുണ്ട്'. ദിവസേനയുള്ള സ്‌ക്രീൻ ടൈം ഏഴും എട്ടും മണിക്കൂറൊക്കെ കടക്കുന്നത് സാധാരണമായിക്കഴിഞ്ഞു. ഇതിൽനിന്ന്  മുക്തി നേടാൻ ആഗ്രഹിക്കുന്നവരുടെ അഭയകേന്ദ്രമാകുകയാണ് ഡംബ് ഫോണുകൾ. സ്മാർട്ട് ഫോണുകളുടെ പ്രത്യേകതകളില്ല എന്നതാണ് ഡംബ് ഫോണുകളുടെ പ്രത്യേകത. 

To advertise here,

സോഷ്യൽ മീഡിയ ആപ്പുകളും മൾട്ടിമീഡിയ ആപ്പുകളും ഇല്ലാത്ത ഫോൺവിളിയും എസ്എംഎസും അടങ്ങുന്ന അടിസ്ഥാന ആവശ്യങ്ങൾ മാത്രം സാധ്യമായ ഫോണുകളെയാണ് ഡംബ് ഫോണുകൾ എന്ന് വിളിക്കുന്നത്. ഡംബ് (Dumb) എന്നാൽ ഊമയായത്, നിശബ്ദമായത് എന്നെല്ലാമാണ് അർത്ഥം. സോഷ്യൽ മീഡിയ ആപ്പുകളുടെയും മറ്റും നിരന്തരമായ നോട്ടിഫിക്കേഷനുകളുടെ ശല്യമില്ലാത്തതിനാലാണ് ഫോണുകളെ ആ പേരിൽ വിളിക്കുന്നത്. തൊണ്ണൂറുകളുടെ അവസാനം ട്രെൻഡായിരുന്ന ഹാൻഡ്‌സെറ്റ് ഫോണുകൾക്ക് സമാനമാണ് ഡംബ് ഫോണുകൾ.

ഐഫോൺ മധുരപതിനേഴിൽ എത്തിനിൽക്കുമ്പോൾ പിറവിയെടുത്ത ഡംബ് ഫോൺ ട്രെൻഡ് കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്. അമേരിക്ക, യൂറോപ്പ് മാർക്കറ്റുകളിൽ യുവാക്കൾക്കിടയിൽ 2018-ഓടെ തന്നെ ഡംബ് ഫോൺ പ്രതിഭാസം ഉടലെടുത്തിട്ടുണ്ട്. നോട്ടിഫിക്കേഷനുകളുടെ അലോസരമില്ലാതെ, നീല ടിക്ക് വന്നിട്ടും രണ്ട് ടിക്ക് വന്നിട്ടും റിപ്ലൈ തന്നില്ലെന്ന പരാതിയില്ലാതെ, ഈ സമാന്തര യാഥാർഥ്യത്തിൽ നിന്ന് മുക്തി നേടണമെന്ന് ആഗ്രഹിക്കുന്നവരിൽ ജെൻസി (Gen-Z) കളോടൊപ്പം '90's' കുട്ടികളും പെടുന്നു. ജെൻസികൾ സ്മാർട്ട് ഫോൺ ഉപേക്ഷിച്ച് ഡംബ് ഫോണുകളിലേക്ക് ചേക്കേറുന്നത് 2023-ൽ യു.എസിൽ ട്രെൻഡായിരുന്നു. 

ഫോണിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ആദ്യ ഇരുപതിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ വിപണിയിലും ഡംബ് ഫോണുകൾ ഇടംപിടിച്ചിട്ടുണ്ട്.  ബാറ്ററി ലൈഫിൽ മുൻപന്തിയിലുള്ള നോക്കിയ 3310 ആരാധകരെ ശാന്തരാക്കാൻ 2017-ൽ റീലോഞ്ച് ചെയ്തിരുന്നുവെങ്കിലും #bringbackflipphone എന്ന ട്രെൻഡ് ടിക്ക്‌ടോക്കിൽ വ്യാപിച്ചതോടെയാണ് ഡംബ് ഫോണുകൾക്ക് ആരാധകരേറിയത്.

placeholder
ദി ബോറിങ്ങ് ഫോൺ| ഫോട്ടോ: heineken official page

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?

ഒരു ശരാശരി ഇൻസ്റ്റഗ്രാമിയുടെ ദൈനംദിന ജീവതം കുറച്ച് മുൻവിധിയോടെ പരിശോധിക്കാം. ഒരു പേഴ്സണൽ അക്കൗണ്ടിൽ നിന്ന് ഒരാൾ 1000 പേരെയെങ്കിലും ഫോളോ ചെയ്യുന്നുണ്ടാകാം. ഈ ഫോളോയിങ് ലിസ്റ്റിൽനിന്ന് ഉപയോക്താവ് കാണുന്നതിൽ പകുതിയും ഇൻസ്റ്റഗ്രാം തീരുമാനിക്കുന്ന പേജുകളിൽ നിന്നും അക്കൗണ്ടുകളിൽ നിന്നുമുള്ള ഉള്ളടക്കങ്ങളാവാം. ഇൻസ്റ്റ​ഗ്രാമിലെ ഫേവറേറ്റ് ലിസ്റ്റ് ഫീച്ചർ വിനിയോ​ഗിക്കുന്നവരാണെങ്കിൽ ഈ ലിസ്റ്റിലേക്ക് ആഡ് ചെയ്ത അക്കൗണ്ടുകളിൽ നിന്നുള്ള പുതിയ പോസ്റ്റുകളും കാഴ്ചയിലെത്തിയേക്കും. ആരുടെയെങ്കിലും 'ക്ലോസ് ഫ്രണ്ട്സ്' ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ ആ വഴിയെത്തുന്ന ഉള്ളടക്കങ്ങളും അയാൾ കണ്ടേക്കാം. ട്രോൾ പേജുകൾ, മോട്ടിവേഷൻ പേജുകൾ, വാർത്താ ചാനലുകൾ, താരങ്ങളുടെ അക്കൗണ്ടുകൾ, ഷോപ്പിങ് പേജുകൾ, ഇങ്ങനെ നീളും ദിവസേന ഒരു ഇൻസ്റ്റഗ്രാമി സാക്ഷ്യം വഹിക്കേണ്ടിവരുന്ന ജീവിതങ്ങളുടെ കണക്ക്. ഒരു ജീവിതമുള്ള നമ്മളെ സാക്ഷിയാക്കി കടന്നുപോകുന്ന അനവധി ജീവിതങ്ങൾ.

ഇതിന് പിന്നാലെ റീൽസെന്ന അനന്തസാ​​ഗരവും ഒഴുകിയെത്തുന്നതോടെ മണിക്കൂറുകൾ സെക്കന്റുകൾപോലെ കടന്നുപോകും. ഫോൺ അഡിക്ഷനുമായി അഭേദ്യബന്ധമുള്ള വാക്കാണ് 'ഡൂംസ്ക്രോളിങ്ങ്'. രണ്ട് പതിറ്റാണ്ടിലേറെയായുള്ള ഡിജിറ്റൽ ജീവിതം വിട്ട് ആളുകളോട്  "പുസ്‌കത്തിലേക്ക് വരൂ.. മണ്ണിലേക്ക് ഇറങ്ങൂ.." എന്ന സ്ഥിരം പല്ലവികൊണ്ട് നേരിടുന്നതിൽ പ്രായോഗികതയില്ലന്നതാണ് സത്യം.

ഫോമോ അഥവാ ഫിയർ ഓഫ് മിസ്സിങ് ഔട്ട് ആണ് പലരെയും രാവിലെ എഴുന്നേൽക്കുമ്പോൾ മുതലുള്ള അന്യന്റെ ജീവിതം കാണലിലേക്ക് നയിക്കുന്നത്. താൻ ഓൺലൈനല്ലാതിരുന്നാൽ ആ നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താൻ ഭാഗമല്ലാതെ പോയേക്കും എന്ന ഭീതിയാണ് ഫോമോയുടെ മുഖമുദ്ര. ഇതൊരു പുതിയ പ്രതിഭാസമല്ല, പക്ഷേ, പലരേയും അലട്ടുന്ന സ്‌ക്രീൻ ടൈമിന്റെ കാരണങ്ങളിൽ ഇതും പെടുന്നു. അവിടെയാണ് നോട്ടിവേഷനുകളിൽ നിന്നും ഒച്ചപ്പാടുകളിൽ നിന്നും പരാതികളിൽ നിന്നുമൊക്കെ ഒളിച്ചോടാൻ സഹായിക്കുന്ന ഡംബ് ഫോണുകൾ സ്ഥാനം പിടിക്കുന്നത്. 

ഡിജിറ്റൽ ഡീറ്റോക്സ്, ഡിജിറ്റൽ മിനിമലിസം പോലുള്ള പ്രതിവിധികളാണ് ഗവേഷകരുൾപ്പടെ മുന്നിൽ വെക്കുന്നത്. വീട് വൃത്തിയാക്കുന്നത് പോലെ ഇ-മെയിൽ ക്ലിയർ ചെയ്യുമ്പോൾ സമാധാനം കിട്ടുന്നവരുടേയും ലോകമാണിത്. അത്തരക്കാർക്കും ഡംബ് ഫോണുകൾ സഹായകമായേക്കാം. 

  ഡിജിറ്റൽ ഡിറ്റോക്സ്

ദിവസങ്ങളോ മാസങ്ങളോ സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്ന സ്‌ക്രീൻ ടൈം കുറയ്ക്കലിനായുള്ള 'ഡയറ്റ് പ്ലാനാണ്' ഡിജിറ്റൽ ഡിറ്റോക്സ് എന്ന് പറയാം. സ്‌ക്രീൻ ടൈം കുറയ്ക്കാനായി ഡിജിറ്റൽ ഡിവൈസുകൾ കുറച്ച് കാലത്തേയ്ക്ക് ഒഴിവാക്കുന്നതാണ് ഡിജിറ്റൽ ഡിറ്റോക്‌സ്. നിശ്ചിത സമയത്തേക്ക് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കില്ല എന്ന തീരുമാനം എടുക്കുകയാണ് ഇതിൽ പ്രധാനം. ദിവസങ്ങളോളം ഇത് ചെയ്യുന്നവരും ഒരു ദിവസത്തിൽ നിശ്ചിത സമയം മാത്രം ആപ്പുകൾ ഡിലീറ്റ് ചെയ്ത് ഡിജിറ്റൽ ഡീറ്റോക്‌സ് ചെയ്യുന്നവരുമുണ്ട് .  'ഡീറ്റോക്‌സിഫിക്കേഷൻ' എന്ന് പദത്തിൽ നിന്നാണ് ഡിജിറ്റൽ ഡീറ്റോക്സ് എന്ന വാക്കിന്റെ ഉത്ഭവം. സമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചശേഷം അമിതമായ സങ്കടം, ദേഷ്യം എന്നിവ തോന്നുക, ഇടയ്ക്കിടെ ഫോൺ നോക്കാനുള്ള പ്രവണത ഇതെല്ലാം ഡിജിറ്റൽ ഡീറ്റോക്‌സ് ചെയ്യുന്നവരുടെ കാരണങ്ങളിൽ ചിലതാണ്.

"ചെലോര്ത് ശരിയാകും, ചെലോര്ത് റെഡിയാകൂല" അങ്ങനെ സമാധാനമുള്ള ജീവിതത്തിനുവേണ്ടിയുള്ള പരീക്ഷണങ്ങളിൽ പെട്ടതാണ് മിനിമലിസ്റ്റ് ജീവിതവും. ഇതിൽപ്പെടുന്നതാണ് ഡിജിറ്റൽ മിനിമലിസവും. വേണ്ടതു മാത്രം ഉപയോഗിക്കുന്ന സാധാരണ ജീവിതം. കംപ്യൂട്ടർ സയൻസ് പ്രൊഫസറായ കാൾ ന്യൂപോർട്ട് എഴുതിയ 'Digital Minimalism: Choosing a Focused Life in a Noisy World' എന്ന പുസ്‌തകത്തിലൂടെയാണ് ഡിജിറ്റൽ മിനിമലിസം എന്ന വാക്ക് പ്രശസ്തി നേടിയത്.

മാനസിക ആരോഗ്യത്തിന് വേണ്ടി 44,000 രൂപ വരെ 

നോക്കിയ ആണ് ഡംബ് ഫോണുകളുടെ വിൽപ്പന അടക്കിഭരിക്കുന്നത്. മോട്ടറോളയും തൊട്ടുപിന്നിലുണ്ട്. പ്രമുഖ ബിയർ ബ്രാൻഡായ ഹെയിനികിനും ഫാഷൻ ബ്രാൻഡായ ബൊഡേഗയും ചേർന്ന് 'ദി ബോറിങ്ങ് ഫോൺ' എന്ന പേരിൽ ഇറക്കിയ ഡംബ് ഫോൺ, വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. നോക്കിയ ഫോണുകളുടെ ഉത്പാദന ലൈസൻസുള്ള എച്ച്.എം.ഡി. ഗ്ലോബലാണ് (human mobile devices) 5000 ലിമിറ്റഡ് എഡിഷൻ ബോറിങ് ഫോണുകൾ കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയത്. ഡംബ്‌ഫോൺ വിപണിയിലെ മറ്റൊരു താരമാണ് ഫ്‌ളിപ്പ് ഫോണുകൾ. നോക്കിയയുടെയും മറ്റ് ചില ബ്രാന്റുകളുടെയും ഫ്ളിപ്പ് ഫോണുകളും വിപണിയിലുണ്ട്.

punkt എന്ന സ്വിസ് കമ്പനിയുടെ മിനിമലിസ്റ്റ് ഫോണാണ് നിലവിൽ യൂറോപ്പിലെ ഡംബ് ഫോൺ വിപണിയിൽ ഏറ്റവും വിലയേറിയത്. ഏകദേശം 24,900 രൂപ ($299 ഡോളർ) വിലയാണ് ഈ ഡംബ് ഫോണിന്.

placeholder
punkt| ഫോട്ടോ:: https://www.punkt.ch/en/

യു.എസ് കമ്പനിയായ the light phone 2017-ഓടെ വിപണിയിലെത്തിച്ച ലൈറ്റ് ഫോണിലൂടെ ഡിജിറ്റൽ ഡിറ്റോക്‌സ് നടത്തുന്നവരും ഏറെയാണ്. ക്രെഡിറ്റ് കാർഡ് സൈസ് മാത്രമുള്ള ലൈറ്റ് ഫോണുകൾക്ക് 38.5 ഗ്രാം ഭാരം മാത്രമാണുള്ളത്. പവർബാങ്കുകൾ സന്തസഹചാരിയായ കാലത്ത് 20 ദിവസമാണ് ലൈറ്റ് ഫോണുകളുടെ ബാട്ടറി ബാക്ക്അപ്. ഇതിനോടകംതന്നെ ലൈറ്റ് ഫോൺ II-പുറത്തിറങ്ങുകയും ലൈറ്റ് ഫോൺ III യുടെ പ്രീ-ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

കോളും ടെക്സ്റ്റ് മെസേജും മാത്രം ലഭ്യമായിരുന്ന ആദ്യ പതിപ്പിൽ നിന്ന് ലൈറ്റ് ഫോൺ ​​​​​II-ലേക്കെത്തിയപ്പോൾ - അലാം, ടൈമർ, കാൽക്കുലേറ്റർ, മ്യൂസിക് പ്ലേയർ പോഡ്കാസ്റ്റ് ടൂൾ തുടങ്ങിയ കസ്റ്റമൈസിങ് സാധ്യതകളും പുതിയ ഫോണിലെ അപ്ഡേറ്റുകളാണ്. വോയ്​സ് ടു ടെക്സ്റ്റ് , ഹോട്ട്സ്പോട്ട് ടെതെറിങ്ങ് എന്നിവയും ഇതിൽപ്പെടുന്നു. നിലവിൽ ഇന്ത്യയിൽ സേവനമില്ലങ്കിലും ജിയോ, എയർട്ടൽ, വിഐ എന്നീ സർവീസുകളിൽ സേവനം ലഭ്യമാക്കിക്കൊണ്ട് ലൈറ്റ് ഫോണുകൾ ഇന്ത്യയിലുമെത്തുമെന്നാണ്  വിവരം. 128 ജിബി സ്റ്റോറേജാണ് ലഭ്യമാകുക. ലൈറ്റ് ഫോൺ II- യുടെ പ്രീ ഓർഡറിങ്ങ് വില 84,800 രൂപയാണ് (499 ഡോളർ).

ഇത്രയും വില കൊടുത്ത് സ്മാർട്ട് ഫോൺ സേവനങ്ങളൊന്നുമില്ലാത്ത ഫോൺ വാങ്ങണോ എന്ന  ചോദ്യത്തിന് മാനസികാരോഗ്യമാണ് വലുതെന്ന് പറയുന്നു ഉപഭോക്താക്കൾ. ബെയ്സിക് ഫോണുകൾ(ഡംബ് ഫോണുകൾ) തിരഞ്ഞെടുക്കുന്നവരുടെ ആവശ്യങ്ങൾ പലതാണ്. മെസേജും ഫോൺ കോളും വേണ്ടവരും ഹോട്ട് സ്പോട്ട് ഫീച്ചർ നിർബന്ധമായും വേണം എന്നുളളവരും ഇതിൽപ്പെടുന്നു. 

placeholder
light phone III|  ഫോട്ടോ: https://www.thelightphone.com/

പ്രായമായവരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഉത്പനങ്ങൾ നിർമിക്കുന്ന seniorworld എന്ന സ്ഥാപനത്തിന്റെ easyphone എന്ന ബ്രൻഡും വിപണിയിലുണ്ട്. ഇവർ കുട്ടികൾക്കുവേണ്ടി പുറത്തിറക്കിയിട്ടുള്ള easyfonestar എന്ന ഫോണും ഡംബ് ഫോൺ ശ്രേണിയിൽപ്പെടുന്നതാണ്. മാതാപിതാക്കളുടെ കൈകളിലാണ് ഈ ഫോണിൻറെ മുഴുവൻ കൺട്രോൾ. ഫോണിൽ പ്രീ-സെറ്റ് ചെയ്ത നമ്പറിലേക്ക് മാത്രമേ വിളിക്കാനും തിരികെ കോൾവരാനും സാധിക്കുകയുള്ളൂ. ഫോണിലെ സെറ്റിങ്സ് പ്രത്യേകവെബ്സൈറ്റിൽ ലോഗിൻ ചെയ്തേ മാറ്റാൻ കഴിയു. 

ഡംബ് ഫോൺ മേഖലയിലെ വിപണി സാധ്യത കണ്ടെത്തിയ ദമ്പതികൾ

സ്ക്രീൻ ‍ടൈം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ അമേരിക്കയിലേയും കേരളത്തിലേയും മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് സമാനതകളുണ്ടായേക്കാം. അതിനുദാഹരണമാണ് ലോസ് ആഞ്ജലീസ്  സ്വദേശികളായ രണ്ട് ദമ്പതികളെ സ്ക്രീൻ ടൈം അലട്ടിയത്. എന്നാൽ ഈ സ്ക്രീൻ ടൈം അവർ പണമാക്കിയതാണ് രസകരം. 

placeholder
ഡെയ്സി ക്രിഗ്ബം, വിൽ സ്റ്റൾസ്| ഫോട്ടോ: https://dumbwireless.com

ഐ-ഫോൺ ഉപഭോക്താക്കളായിരുന്ന വിൽ സ്റ്റൾസും പങ്കാളി ഡെയ്സി ക്രിഗ്ബമും പരിധിയിൽകവിഞ്ഞ ഫോൺ ഉപയോഗത്തിന് അറുതി വരുത്താനായി സ്‌ക്രീൻ ടൈം റെസ്ട്രിക്ഷൻ ഫീച്ചറുകൾ ഉപയോ​ഗിച്ചുനോക്കിയിരുന്നു. എന്നാൽ, അത് ഡിസേബിൾ ചെയ്യാനുള്ള ഓപ്ഷൻ  തൊടാൻ അധികം സമയം വേണ്ടാത്തുകൊണ്ട് തന്നെ ദമ്പതികൾ ആ യജ്ഞത്തിൽ പരാജയപ്പെടുന്നു. ഡംബ് ഫോൺ എന്ന് വിളിക്കപ്പെടുന്ന കീപ്പാഡ് ഫോണുകളെ പറ്റി അറിഞ്ഞെങ്കിലും ഈ കുഞ്ഞൻ ഫോണുകളിൽ ഏത്  വാങ്ങണം എന്ന് തീരുമാനിക്കാനും  അനന്തമായ സമയം ഫോണിൽ ചെലവഴിക്കണമെന്ന് മനസ്സിലാക്കിയ ഇവർ ഡംബ് ഫോൺ വിൽപ്പന സ്വയം തുടങ്ങിയോലോ എന്ന ചിന്തയിലേക്ക് എത്തിപ്പെടുന്നു.

അങ്ങനെ 2022-ൽ വിപണിയിലുള്ള മികച്ച ഡംബ് ഫോണുകൾ വിൽക്കുന്ന ഡംബ് വയർലെസ് (dumbwireless) എന്ന ഇ-കൊമേഴ്സ് സ്ഥാപനം ഇവ‍ർ‌ ആരംഭിച്ചു. സ്‌ക്രീൻ ടൈം കുറയ്ക്കണം എന്ന് ആഗ്രഹമുള്ളവർക്ക് ഡംബ് ഫോണുകളുടെ വിൽപ്പനയോടൊപ്പം അവ‍ർക്ക് ആവശ്യമായ ഡാറ്റ പ്ലാനുകൾ ആക്സസറികൾ എന്നിവയും ഇവിടെ വിൽക്കപ്പെടും. 2024 മാർച്ചിൽ മാത്രം 58,00000 ലക്ഷത്തിലധികം രൂപ ഡംബ് ഫോണുകൾ ഇവർ നൽകിയതായി ദി ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലാത്ത നോക്കിയ 2780- ഫ്ളിപ്പ് ഫോണാണ് dumbwireless-ൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.

ഇൻസ്റ്റഗ്രാമിനോടും സ്നാപ്പ്ചാറ്റിനോടും നോ പറഞ്ഞ കൗമാരക്കാരുടെ ലുഡൈറ്റ് ക്ലബ്

ജീവിതശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുമ്പോൾ അതിനൊപ്പംകൂടാൻ സുഹൃത്തുക്കളോ മറ്റോ ഉണ്ടെങ്കിൽ പുതിയ മാറ്റത്തിലേക്ക് അഡാപ്റ്റാകാൻ എളുപ്പമായേക്കാം. അങ്ങനെ കൂട്ടമായി ഫോൺ ഉപേക്ഷിച്ച ഒരു കൂട്ടം സ്‌കൂൾ കുട്ടികളുടെ ഒത്തുചേരലായ ലുഡൈറ്റ് ക്ലബ് 2022-ൽ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. 

സാമൂഹിക മാധ്യമങ്ങളും സ്മാർട്ട് ഫോണുകളും ഉപേക്ഷിച്ച ഒരുകൂട്ടം സ്‌കൂൾകുട്ടികളാണ് ലുഡൈറ്റ് ക്ലബുകളുടെ അംഗങ്ങൾ. ഞായറാഴ്ചകളിലാണ് ഇവർ ഒത്തുകൂടുന്നത്. ഒന്നിച്ചിരുന്ന് ഓരോരുത്തർക്കും താത്പര്യമുള്ള കാര്യങ്ങളിൽ വ്യാപൃതരാകും. ഫ്ലിപ് ഫോണുകളാണ് ഇവരിൽ പലരും ഉപയോ​ഗിക്കുന്നത്. 

ലുഡൈറ്റ് ക്ലബുകൾക്കും ഒരു ചരിത്രമുണ്ട്. 19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ യന്ത്രവത്ക്കരണം കരുത്താർജിക്കുന്ന സമയം. നെയ്ത്തുതൊഴിലാളികൾക്കു പകരമായി തുണിമിൽ ഉടമകൾ യന്ത്രങ്ങളെകൊണ്ടുവരാൻ തുടങ്ങി. തങ്ങളുടെ ഉപജീവനം ഇല്ലാതാകുന്നു എന്നുകണ്ട ഒരു കൂട്ടം നെയ്ത്തുതൊഴിലാളികൾ രാത്രിയിൽ ഫാക്ടറികളിലെ മെഷീനുകൾ നശിപ്പിച്ചു. യന്ത്രങ്ങളോടുള്ള പ്രതികരണമെന്നോണം ലുഡൈറ്റ് പ്രക്ഷോഭം പടർന്നു. 

placeholder
പ്രതീകാത്മക ചിത്രം| ഫോട്ടോ: freepik.com

അങ്ങനെ വികസന വിരോധികളുടെ അപരനാമമായി ലുഡൈറ്റുകൾമാറി. എന്നാൽ, ഈ നെയ്ത്തു തൊഴിലാളികൾ മെഷീൻ വിരുദ്ധരായിരുന്നില്ല എന്നുള്ളതാണ് വാസ്തവം. ഉത്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമായി തുടങ്ങിയതോടെ ഫാക്ടറി മുതലാളികൾ തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങി. ബാക്കിയുള്ള തൊഴിലാളികളെ കൂടുതൽ ചൂഷണം ചെയ്യാനും തുടങ്ങി. ഇതിനെയാണ് നെയ്ത്തു തൊഴിലാളികൾ എതി‍ർത്തത്. 

ഇവരിൽ നിന്ന് പ്രചോദനംകൊണ്ടാണ് 21-ാം നൂറ്റാണ്ടിലെ കൗമാരക്കാർ തങ്ങളുടെ ഒത്തുചേരലിന്  'ലുഡൈറ്റ് ക്ലബ്' എന്ന് പേരിട്ടത്. ഏഴും എട്ടും മണിക്കൂർ സമൂഹിക മാധ്യമങ്ങളിൽ ചെലവഴിച്ചിരുന്ന വിദ്യാർഥികളിൽ പലർക്കും സ്മാർട്ട് ഫോൺമുക്ത ജീവിതം ആദ്യ ദിവസ്സങ്ങളിൽ കഠിനമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സ്മാർട്ട് ഫോണുകൾ ഉപയോഗം കുറച്ചിട്ടില്ലാത്തവരും ഈ ഞായറാഴ്ച ക്ലബുകളുടെ ഭാഗമാകാറുണ്ട്. 

സ്മാർട്ട് ഫോണുകൾക്ക് പകരമായല്ല ഡംബ് ഫോണുകൾ  വിപണിയിലുള്ളത്. പലരും സെക്കന്റ് ഫോണായാണ് ഡംബ് ഫോണുകൾ ഉപയോഗിക്കുന്നത്. 'ഡിജിറ്റൽ ഡീറ്റോക്സ്' ആഗ്രഹിക്കുന്നവർക്ക് ഡംബ് ഫോണുകളെ ആശ്രയിക്കാം. ഇന്റർനെറ്റിലൂടെ ലോകം വിശാലമായവരുടെ കണക്കും ചെറുതല്ല. എന്നാൽ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുംവിധമുള്ള സാങ്കേതിക മാറ്റങ്ങൾക്ക് ഇത്തരത്തിലുളള മാർഗ്ഗങ്ങൾ ഒരു കൈമുതലായേക്കാം.