എഐ സൗകര്യങ്ങൾ സ്മാർട്ഫോണിൽ മാത്രമല്ല ഫീച്ചർ ഫോണിലും സാധ്യമാണെന്ന് കാണിച്ചുതരികയാണ് എച്ച്എംഡി ഗ്ലോബൽ. ജനപ്രിയ ബ്രാൻഡായ നോക്കിയയുടെ നോക്കിയ 200 4G, 210 4G, 215 4G 2nd എഡിഷൻ, 235 4G 2nd എഡിഷൻ മോഡലുകളാണ് എഐ സൗകര്യങ്ങളോടെ എച്ച്എംഡി പുറത്തിറക്കിയിരിക്കുന്നത്.

To advertise here,

എച്ച്എംഡി പുതുതായി വികസിപ്പിച്ചെടുത്ത S30+ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫോണുകളെല്ലാം പ്രവർത്തിക്കുന്നത്. സിക്കി എഐ (Sikey AI) എന്ന ഇന്റഗ്രേറ്റഡ് എഐ അസിസ്റ്റന്റാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഫ്ലാഷ്‌ലൈറ്റ് ഓണാക്കുക, ക്യാമറ ആപ്പ് തുറക്കുക, റിമൈൻഡറുകൾ സജ്ജമാക്കുക, വോയ്‌സ് കമാൻഡുകളിലൂടെ ഫോൺ കോളുകൾ വിളിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യാൻ ഈ എഐ അസിസ്റ്റന്റ് ഉപയോക്താക്കളെ സഹായിക്കും.

ഈ എഐ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി ഫോണുകളുടെ നാവിഗേഷൻ കീകളുടെ മധ്യഭാഗത്തായി ഒരു പ്രത്യേക എഐ ബട്ടണും നൽകിയിട്ടുണ്ട്. ആദ്യത്തെ 180 ദിവസം ഈ എഐ ഫീച്ചറുകൾ പൂർണമായും സൗജന്യമായിരിക്കും. അതിനുശേഷം ഉപയോക്താക്കൾ ഒരു എഐ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്യേണ്ടിവരും.

പ്രധാന സവിശേഷതകൾ

ഡിസ്പ്ലേ: നോക്കിയ 200 4G, 210 4G എന്നിവയ്ക്ക് 2.4 ഇഞ്ച് QVGA ഡിസ്പ്ലേയാണുള്ളത്. എന്നാൽ നോക്കിയ 215 4G 2nd എഡിഷൻ, 235 4G 2nd എഡിഷൻ എന്നീ മോഡലുകൾക്ക് 2.8 ഇഞ്ച് QVGA IPS പാനൽ നൽകിയിരിക്കുന്നു.

ക്ലൗഡ് സ്റ്റോറേജ്: ഫോണിലെ ഇന്റേണൽ സ്റ്റോറേജ് ഉപയോഗിക്കുന്നതിന് പകരം ഡേറ്റയും (ചിത്രങ്ങൾ, വീഡിയോകൾ) മറ്റും ക്ലൗഡിൽ സൂക്ഷിക്കാൻ സഹായിക്കുന്ന 'ക്ലൗഡ് ഫോൺ സർവീസ് സപ്പോർട്ട്' ഈ ഫോണുകളിൽ ലഭ്യമാണ്.

ബാറ്ററിയും കണക്റ്റിവിറ്റിയും: 1450mAh ബാറ്ററി, ബ്ലൂടൂത്ത് 5.0, 3.5 മില്ലിമീറ്റർ ഹെഡ്‌ഫോൺ ജാക്ക്, എഫ്എം റേഡിയോ, യുഎസ്ബി-സി ചാർജിങ് എന്നിവയാണ് പ്രധാന ഹാർഡ്‌വെയർ സവിശേഷതകൾ.

ക്യാമറ: നാല് മോഡലുകളിലും ഇന്റഗ്രേറ്റഡ് VGA ഫ്രണ്ട് ക്യാമറ വഴി എക്സ്പ്രസ് ചാറ്റ് വീഡിയോ കോളിങ് സാധ്യമാണ്. കൂടാതെ നോക്കിയ 210 4G, 235 4G എന്നീ മോഡലുകളിൽ 2 മെഗാപിക്സലിന്റെ ക്യാമറയും നൽകിയിട്ടുണ്ട്.

ഈ പുതിയ നോക്കിയ ഫോണുകളുടെ വിലയോ വിപണിയിലെ ലഭ്യതയോ സംബന്ധിച്ച വിവരങ്ങൾ എച്ച്എംഡി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.