
മനുഷ്യരാശിയുടെ വളര്‍ച്ചയ്ക്കും സംസ്‌കൃതിയുടെ പുരോഗതിക്കും എന്നും ആധാരശിലകളായി വര്‍ത്തിച്ച രണ്ട് മൗലിക ഘടകങ്ങളാണ് വിദ്യാഭ്യാസവും തൊഴിലും. അറിവ്, കര്‍മം, അനുഭവം എന്നിവയുടെ സമന്വയത്തിലൂടെയാണ് മനുഷ്യന്‍ ലോകത്തെ നിരന്തരം മാറ്റിപ്പണിതത്. വിദ്യാഭ്യാസം മനുഷ്യനെ ചിന്തിക്കാന്‍ പഠിപ്പിച്ചു; തൊഴില്‍ ആ ചിന്തകളെ പ്രായോഗികമാക്കി. ജീവിതത്തിന്റെ അനന്തമായ സാധ്യതകളെ ഈ രണ്ട് ഘടകങ്ങളും തുറന്നു കാട്ടി. എന്നാല്‍ ഇന്ന്, അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്ത്, ഈ അടിസ്ഥാന ഘടകങ്ങള്‍ക്ക് അവയുടെ പരമ്പരാഗത പ്രാധാന്യത്തോടെ നിലനില്‍ക്കാനാകുമോ എന്ന ചോദ്യം വളരെയധികം പ്രസക്തമായിക്കൊണ്ടിരിക്കികയാണ്.
നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ്. ഒരു കാലത്ത് മനുഷ്യന്‍ മാത്രം നിര്‍വഹിക്കുമെന്ന് കരുതിയ ജോലികള്‍ ഇന്ന് നിര്‍മിത ബുദ്ധിയില്‍ (AI) അധിഷ്ഠിതമായ സാങ്കേതങ്ങള്‍ അതിവേഗം ഏറ്റെടുക്കുന്നു. വിവിധ മേഖലകളില്‍ എഐയുടെ സ്വാധീനം ചെറിയ കാലയളവിനുള്ളില്‍ തന്നെ ഒട്ടുമിക്ക മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. ഈ നിര്‍ണായക സന്ധിയില്‍, തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്വഭാവം എങ്ങനെ പരിവര്‍ത്തനപ്പെടണം എന്നതാണ് ആധുനിക സാമൂഹിക, ശാസ്ത്ര, സാങ്കേതിക ചര്‍ച്ചകളുടെയെല്ലാം കാതല്‍.
തൊഴില്‍ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍: ഒരു ആഗോള ചിത്രം
2013-ല്‍ ഓക്‌സ്‌ഫോര്‍ഡ് മാര്‍ട്ടിന്‍ സ്‌കൂള്‍ പ്രസിദ്ധീകരിച്ച ''ദി ഫ്യൂച്ചര്‍ ഓഫ് എംപ്ലോയ്മെന്റ്'' (The Future of Employment) എന്ന പഠനം ലോകമെമ്പാടുമുള്ള തൊഴില്‍ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ 47 ശതമാനം ജോലി സ്ഥാനങ്ങളും യന്ത്രവത്കരണത്തിന് (Automation) വിധേയമാക്കപ്പെടുമെന്നും, അതിന്റെ ഫലമായി തൊഴില്‍ മേഖലയില്‍ സമൂലമായ പുനഃസംഘടനകള്‍ ഉണ്ടാകുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനു പുറമേ, പ്രസ്തുത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത് മറ്റൊരു സുപ്രധാന യാഥാര്‍ത്ഥ്യമാണ്: 2030-ന് ശേഷം സൃഷ്ടിക്കപ്പെടുന്ന പല പുതിയ തൊഴില്‍ മേഖലകള്‍ക്കും വേണ്ട പഠനങ്ങളും പരിശീലനങ്ങളും ഉള്‍കൊള്ളുവാന്‍ ഉതകുന്ന വിദ്യാഭ്യാസ നയവും സമ്പ്രദായവും ഇന്നും അപൂര്‍ണമായി തുടരുന്നു എന്നാണ്. ലോകം അത്രയേറെ വേഗത്തില്‍ മാറുന്നുവെന്നും, നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ ഈ മാറ്റങ്ങള്‍ക്കനുസരിച്ച് അടിയന്തരമായി മെച്ചപ്പെടേണ്ടതുണ്ടെന്നും ഇതില്‍ നിന്നും വ്യക്തമാണ്.
ആഗോള എഐ മുന്നൊരുക്ക സൂചികകളില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്നുള്ളതും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (UNCTAD) 2025-ലെ സാങ്കേതികവിദ്യാ, നവീകരണ റിപ്പോര്‍ട്ട് അനുസരിച്ച്, എഐ ഉള്‍പ്പെടെയുള്ള നവസാങ്കേതികവിദ്യകളിലെ 170 രാജ്യങ്ങളില്‍ ഇന്ത്യ 36ാം സ്ഥാനത്താണ്. സ്വകാര്യ എഐ നിക്ഷേപങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ പത്താം സ്ഥാനമുണ്ട്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ ലോകത്ത് മൂന്നാമതും, വ്യാവസായിക ശേഷിയില്‍ പത്താമതും ഇന്ത്യ നില്‍ക്കുമ്പോള്‍, ഐസിടി ലഭ്യതയിലും (99-ാം സ്ഥാനം) നൈപുണ്യ വികസനത്തിലും (113-ാം സ്ഥാനം) കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ ആവശ്യമാണ്. അതേസമയം, ഐഎംഎഫിന്റെ (IMF) 2024-ലെ എഐ തയ്യാറെടുപ്പ് സൂചിക (Artificial Intelligence Preparedness Index, 2024) പ്രകാരം 174 രാജ്യങ്ങളില്‍ 72-ആം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. സ്റ്റാന്‍ഫോര്‍ഡ് എഐ സൂചിക 2024 (Stanford AI Index 2024) പ്രകാരം എഐ നൈപുണ്യ വ്യാപനത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണെന്നതും എടുത്തുപറയേണ്ടതാണ്. നമ്മുടെ രാജ്യത്തു സംജാതമായിരിക്കുന്ന ഈ ഒരു എഐ അനുകൂല സാഹചര്യം (ഐ Ecosystem) പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളും യുവജനങ്ങളും ശ്രമിക്കേണ്ടതാണ്.

വ്യവസായ വിപ്ലവം മുതല്‍ ഡിജിറ്റല്‍ യുഗം വരെയും എഐയുടെ ആഗമനവും
18-ആം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവം തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്വഭാവത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. കൈത്തറി വ്യവസായം യന്ത്രവല്‍ക്കരിക്കപ്പെട്ടപ്പോള്‍, തൊഴിലാളികള്‍ക്കായുള്ള പരിശീലനം പുതിയ യന്ത്രോപകരണങ്ങള്‍ക്ക് അനുസരിച്ച് മാറേണ്ടി വന്നു. ഈ ഘട്ടത്തില്‍, തൊഴില്‍ ലഭിക്കുന്നതിന് വിദ്യാഭ്യാസം ഒരു അനിവാര്യ യോഗ്യതയായി പരിണമിച്ചു.
20-ആം നൂറ്റാണ്ടിലെ ശാസ്ത്രീയ വികസനങ്ങള്‍ എന്‍ജിനീയറിങ്, മെഡിക്കല്‍, ഗതാഗതം, കൃഷി, തുടങ്ങി നിരവധി മേഖലകളില്‍ അടിസ്ഥാനപരമായതും വിപ്ലവകരവുമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി. അതനുസരിച്ച് തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലകള്‍ സാരമായി വിപുലപ്പെട്ടു. സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും തൊഴില്‍ ലോകത്തേക്കുള്ള പ്രധാന കവാടങ്ങളായി മാറി.
1960-കളില്‍ തുടങ്ങിയ വിവര സാങ്കേതിക വിപ്ലവം കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും ആശയവിനിമയത്തിലും വലിയ പുരോഗതികള്‍ക്ക് കാരണമായി. 1990-കളോടെ ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവം ആഗോളവല്‍ക്കരണത്തിനും ഡിജിറ്റല്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഗതിവേഗം നല്‍കി. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായാണ് ഇന്ന് നമ്മള്‍ കാണുന്ന എഐയുടെ അഭൂതപൂര്‍വമായ വളര്‍ച്ച.
2010-ന് ശേഷം ഡീപ്പ്‌ലേണിംഗ്, നാച്ച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ്, ബിഗ്ഡാറ്റ തുടങ്ങിയ സാങ്കേതികവിദ്യകളാണ് എഐയെ വിപ്ലവാത്മകമായി മാറ്റിമറിച്ചത്. സാം ആള്‍ട്ട്മാന്‍ സഹസ്ഥാപകനായ ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി പോലുള്ള മോഡലുകള്‍ മനുഷ്യന്റെ ഭാഷയെയും ആശയവിനിമയങ്ങളെയും ആഴത്തില്‍ പഠിക്കാനുള്ള എഐയുടെ കഴിവിനെ ലോകത്തിന് മുന്നില്‍ തെളിയിച്ചു.
എഐയുടെ സ്വാധീനം: തൊഴില്‍ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളും പുതിയ സാധ്യതകളും
എഐയുടെ ഈ അതിവേഗ വളര്‍ച്ച വ്യക്തികള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും അഭൂതപൂര്‍വമായ അവസരങ്ങളാണ് തുറന്നു കൊടുക്കുന്നത്. മനുഷ്യന്റെ കഴിവുകള്‍ക്ക് എഐയുടെ ശക്തി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിശയകരമായ ഫലങ്ങള്‍ കാണാന്‍ സാധിക്കും. ക്രിയാത്മകമായ മേഖലകളില്‍ കുറഞ്ഞ സാമ്പത്തിക ബാധ്യതയില്‍, മനുഷ്യന്റെ ആശയങ്ങളെ എഐയുടെ വേഗതയും കാര്യക്ഷമതയും കൂട്ടിച്ചേര്‍ത്ത് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്നതിന് പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാം കഴിയും. അതുപോലെ തന്നെ ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ എഐയുടെ സ്വാധീനം വളരെ നിര്‍ണായകമായി മാറിക്കൊണ്ടിരിക്കുകയാണ്. രോഗനിര്‍ണ്ണയം വേഗത്തിലാക്കാനും ചികിത്സാ രീതികള്‍ മെച്ചപ്പെടുത്താനും ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും മൈക്രോസോഫ്റ്റ് പോലുള്ള ടെക് ഭീമന്മാര്‍ എഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റ് ക്ലൗഡ് ഫോര്‍ ഹെല്‍ത്ത്കെയര്‍ (Microosft Cloud for Healthcare) പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ, രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്യാനും ചികിത്സാ തീരുമാനങ്ങളെ പിന്തുണക്കാനും പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്, കൂടുതല്‍ കൃത്യതയും കാര്യക്ഷമതയും സാധ്യമാക്കുന്നു ഇത്തരം സാങ്കേതിക വിദ്യകള്‍.

ചുരുങ്ങിയ കാലയളവിനുള്ളില്‍ എഐയുടെ സഹായത്തോടെ ഒരാള്‍ക്ക് ബില്യണ്‍ ഡോളര്‍ കമ്പനി പോലും ഒറ്റയ്ക്ക് വിജയകരമായി നടത്താന്‍ സാധിക്കുമെന്നാണ് അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡേയ് പ്രവചിക്കുന്നത്. ഇത് തൊഴിലിന്റെയും സംരംഭകത്വത്തിന്റെയും ഭാവിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ സമൂലമായി മാറ്റിമറിക്കുന്നു. ജോലിയുടെ സ്വഭാവം വെറും ഓട്ടോമേഷനല്ല, മറിച്ച് മനുഷ്യന്റെ ചിന്താശേഷിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ തലത്തിലേക്ക് നയങ്ങള്‍ എത്തിക്കുകയാണ് വേണ്ടത്.
പുതിയ കഴിവുകള്‍, പുതിയ ആവശ്യങ്ങള്‍, അതിവേഗം മാറുന്ന തൊഴില്‍ വിപണി
2021-ല്‍ ഓര്‍ഗാനൈസഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ( OECD) പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഭാവിയില്‍ ആവശ്യമായ കഴിവുകള്‍ വ്യക്തമാക്കുന്നുണ്ട്. സൃഷ്ടിപരത, പ്രശ്‌നപരിഹാരശേഷി, സഹവര്‍ത്തിത്വം, സാമൂഹികബോധം, ആത്മവിശ്വാസം തുടങ്ങിയവയാണവ. എഐ തൊഴില്‍ മേഖല വേഗത്തില്‍ മാറ്റം വരുത്തുമ്പോള്‍, ഈ മാനുഷിക കഴിവുകള്‍ക്കായാണ് തൊഴില്‍ ലോകം ആളുകളെ കൂടുതലായി തിരയുന്നത്.
പഠനം കാര്യക്ഷമമാകാന്‍, അത് തൊഴില്‍ സാധ്യതകളുമായി നിരന്തരം ബന്ധപ്പെട്ടതാകണം. സ്‌കൂള്‍ തലം മുതല്‍ പ്ലസ് ടു വരെ കുട്ടികളെ ആഴത്തിലുള്ള ചിന്ത, ടീമില്‍ പ്രവര്‍ത്തിക്കാനുള്ള മനോഭാവം, സാമൂഹികപ്രതിബദ്ധത എന്നിവയില്‍ ആധികാരികമായി പരിശീലിപ്പിക്കപ്പെടണം. അനേകം രാജ്യങ്ങള്‍ ഇതിനായി നൂതനമായ വിദ്യാലയ മാതൃകകളിലേക്ക് മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.

വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച 2023 ലെ ''ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട്'' (Future of Jobs Report) അനുസരിച്ച്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 83 ദശലക്ഷം ജോലികള്‍ നഷ്ടപ്പെടും എന്നും 69 ദശലക്ഷം പുതിയ ജോലികള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പുതിയ ജോലി മേഖലകള്‍ ഗ്രീന്‍ ഇക്കണോമി, ടെക്‌നോളജി ഡെവലപ്മെന്റ്, എഐ എത്തിക്‌സ്, ക്രിയേറ്റീവ് ആര്‍ട്‌സ്, മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിംഗ് പോലുള്ളവയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ പുതിയ ജോലി മേഖലകള്‍ക്ക് ആവശ്യമായത് കാണാപ്പാഠം പഠിക്കുന്ന വിദ്യാര്‍ത്ഥികളെയല്ല, മറിച്ച് പ്രശ്‌നപരിഹാര ശേഷിയുള്ള, ആശയവിനിമയ മികവുള്ള, സൃഷ്ടിപരരായ വ്യക്തികളെയാണ്.
വിദ്യാഭ്യാസവും തൊഴിലും: വ്യക്തിഗത മികവുകളിലേക്കുള്ള സഞ്ചാരം
ഇന്നത്തെ വിദ്യാഭ്യാസം ഒരു പൊതുവായ രീതിയില്‍ എല്ലാവര്‍ക്കും ഒരേ പാഠം പഠിപ്പിച്ചാല്‍ മാത്രം മതിയാവില്ല. ഓരോരുത്തരും അവരുടെ തനത് കഴിവുകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമനുസരിച്ച് പഠനത്തില്‍ മുന്നേറേണ്ടതാണ് (Perosnal and customised learning) അതിനായി സ്‌കൂളുകളും കോളേജുകളും സ്വതന്ത്ര പഠനസൗകര്യങ്ങളും ആധുനിക ഡിജിറ്റല്‍ പാരിസ്ഥിതിക (Digital environment) സംവിധാനങ്ങളും ഒരുക്കണം. വിദ്യാര്‍ത്ഥികളെ കേവലം കാണാപ്പാഠം പഠിപ്പിക്കുന്നതിലേക്കല്ല, മറിച്ച് ജീവിതമെന്ന യഥാര്‍ത്ഥ പാഠശാലയിലേക്ക് നയിക്കേണ്ടതാണ്. അതിന് വേണ്ട അനുഭവപരിശീലനങ്ങള്‍, മെന്റര്‍ഷിപ്പ്, പ്രോജക്ട് അധിഷ്ഠിത പഠനം (project-based learning) എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍
ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ സൂചികകളില്‍ ഇന്ത്യ മുന്നിട്ടു നില്കുന്നു. എന്നാല്‍ അതുപോലെ തന്നെ എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം ഇന്ത്യ ചില വെല്ലുവിളികളും അഭിമുഖീകരിക്കുന്നുണ്ട്. എഐയുടെ ധാര്‍മിക ഉപയോഗത്തിനുള്ള വ്യക്തമായ ചട്ടക്കൂടുകളുടെ അഭാവം, ഗ്രാമീണ മേഖലകളില്‍ എഐയുടെ സാധ്യതകള്‍ എത്തിക്കുന്നതിലെ പരിമിതികള്‍, ഡാറ്റാ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകള്‍, എഐ പരിശീലനത്തിനുള്ള ചിട്ടയായ ഡാറ്റാ ലഭ്യതയുടെ കുറവ്, ആധുനിക എഐ ജോലികള്‍ക്ക് ആവശ്യമായ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണത്തിലെ കുറവ് എന്നിവ ഇതില്‍പ്പെടുന്നു. കൂടാതെ, വേണ്ടത്ര ഡാറ്റാ സെന്ററുകളും അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും പോലുള്ള അടിസ്ഥാന സൗകര്യ വികസനവും പ്രധാനമാണ്. ഈ വെല്ലുവിളികളെ അതിജീവിച്ചാല്‍ മാത്രമേ എഐയുടെ പൂര്‍ണ സാധ്യതകള്‍ ഇന്ത്യക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

എഐക്കും മനുഷ്യര്‍ക്കും ഇടയില്‍ വ്യക്തമായ അതിരുകള്‍: മനുഷ്യന്റെ മൂല്യം
എഐ വളരെ കാര്യക്ഷമമായും കൃത്യമായും പ്രവര്‍ത്തിക്കുമ്പോഴും, അതിന് അന്തര്‍ലീനമായ പരിമിതികളുണ്ട്. മനുഷ്യന്റെ കരുണ, നൈതികബോധം, വികാരങ്ങള്‍, സഹാനുഭൂതി, താത്വിക ചിന്ത, സാംസ്‌കാരികബോധം - ഈ മേഖലകളിലുള്ള എഐ യുടെ പോരായ്മ ഇപ്പോഴും പ്രകടമാണ്.
അതിനാല്‍ തന്നെ, ഈ മേഖലകളില്‍ മനുഷ്യശേഷി അവിശ്വസനീയമായി മുന്നോട്ട് പോകുന്നു. അതാണ് നമ്മെ നിര്‍മിതബുദ്ധിയില്‍ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷത. സാം ആള്‍ട്ട്മാന്‍ പറഞ്ഞതുപോലെ, 'യന്ത്രങ്ങള്‍ കൂടുതല്‍ മിടുക്കരാകാം, പക്ഷേ മനുഷ്യര്‍ കൂടുതല്‍ വിവേകമുള്ളവരായിരിക്കണം.' (Machines may become smarter, but humans must remain wiser.)
ഭാവിയെ നിര്‍മിക്കാം
ഭാവിയിലേക്ക് നമ്മെ ആരും എത്തിക്കേണ്ടതല്ല, പകരം നമ്മള്‍ ഓരോരുത്തരും ചേര്‍ന്ന് ഭാവിയെ സജീവമായി നിര്‍മിക്കേണ്ടവരാണ്. അതിനായി, എഐയെ ഒരു ഭീഷണിയായി കാണാതെ, അതിനെ ഒരു പങ്കാളിയായി സ്വീകരിച്ച്, അതിനോടൊപ്പം നാം വളരേണ്ടതുണ്ട്. തൊഴിലും വിദ്യാഭ്യാസവും അവയുടെ ആധികാരികമായ പുനരവലോകനത്തിലൂടെയും, മനുഷ്യകേന്ദ്രിതമായ വീക്ഷണത്തിലൂടെയും മുന്നോട്ട് പോകണം.
എഐ യുഗത്തില്‍ വിജയിക്കാന്‍ വേണ്ടത് കേവലം വിവരങ്ങള്‍ നേടുകയല്ല, മറിച്ച് ആ അറിവിനെ നന്നായി മനസിലാക്കുകയും, പ്രായോഗികമാക്കുകയും, ക്രിയാത്മകമായി സംവദിക്കുകയും ചെയ്യുക എന്നതാണ്. അതാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്ന തനിമയും മൗലിക മൂല്യവും.
(പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടന്റും ലീഡര്‍ഷിപ് കോച്ചുമാണ് ലേഖകന്‍)
Content Highlights: Exploring the impact of AI on jobs and education.
Published: 31 Jul 2025, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented