
നൂതന സാങ്കേതികവിദ്യയുടെ കാര്യത്തിൽ എന്നും മുൻപന്തിയിലുള്ള ടെക് ഭീമന്മാരാണ് ആപ്പിൾ. അവരുടെ ഏറ്റവും പുതിയ ഗാഡ്ജറ്റായ ആപ്പിൾ വിഷൻ പ്രോയും അക്കാര്യത്തിൽ പിന്നിലല്ല. കമ്പനി നേരത്തെ പുറത്തിറക്കിയിട്ടുള്ള മാക്, ഐപോഡ്, ഐഫോൺ എന്നിവ പോലെ തന്നെ ആപ്പിൾ വിഷൻ പ്രോയും ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്ന് തന്നെയാണ് ഗാഡ്ജറ്റിന്റെ ലോഞ്ചിങ്ങിൽനിന്നു വ്യക്തമാവുന്നത്.. മൊബെെൽ ഫോണുകളും ലാപ്ടോപ്പുകളും ഹെഡ്സെറ്റുകളുമടക്കം നിലവിൽ നാം ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകൾക്കും ഭാവിയിൽ പകരമാകാൻ ആപ്പിൾ വിഷൻ പ്രോയ്ക്ക് സാധിക്കുമെന്ന് ആദ്യഘട്ടത്തിൽ വിലയിരുത്താം.
വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളുടെ വിപണിയിൽ മെറ്റ അടക്കമുള്ള ടെക് ഭീമന്മാർ രംഗത്തുണ്ടെങ്കിലും വിഷൻ പ്രോ എന്ന ഈ അത്ഭുത ഡിവൈസ് വെർച്വൽ റിയാലിറ്റി മേഖലയിൽ ഐഫോണും ഐപോഡുമൊക്കെ ഉണ്ടാക്കിയ തരത്തിലുള്ള ഒരു വിപ്ലവമുണ്ടാക്കുമെന്ന് തന്നെയാണ് ഇതിന്റെ അത്യാധുനികമായ ഫീച്ചേഴ്സ് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.
നൂതനമായ ഒപ്റ്റിക്‌സ്, മെഷീൻ ലേണിംഗ്, ഹെെ പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവ സംയോജിപ്പിച്ച് ആഴത്തിലുള്ള ഇന്ററാക്ടീവ് ദൃശ്യാനുഭവം ഉപയോക്താക്കൾക്ക് നൽകുന്ന ഗാഡ്ജറ്റാണ് ആപ്പിൾ വിഷൻ പ്രോ. പ്രൊഫഷണലുകളെയും ദൈനംദിന ഉപയോക്താക്കളെയും ലക്ഷ്യമിട്ട് രൂപകൽപന ചെയ്‌തിരിക്കുന്ന ആപ്പിൾ വിഷൻ പ്രോ, നമുക്ക് ചുറ്റുമുള്ള ലോകത്തെ നാം കാണുന്ന രീതിയിലും ഇടപഴകുന്ന രീതിയിലും വലിയ തോതിൽ മാറ്റം സൃഷ്ടിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഭാരം കുറഞ്ഞതും സ്റ്റൈലിഷുമായ ഈ ആപ്പിൾ ഗാഡ്ജറ്റ് റിയാലിറ്റിക്കും വെർച്വാലിറ്റിക്കും ഇടയിലുള്ള അതിർവരമ്പുകളെല്ലാം നേർത്തതാക്കുന്നുണ്ട്. ചുറ്റുമുള്ള യഥാർഥ ലോകത്തിലേക്ക് ഡിജിറ്റൽ കണ്ടന്റുകൾ സന്നിവേശിപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത അനുഭവം ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഇരുപതിലധികം സെൻസറുകൾ, പന്ത്രണ്ടോളം ക്യാമറകൾ, ഹെെ റെസല്യൂഷൻ റെറ്റിന ഡിസ്പ്ലേ, ജെസ്റ്റർ കൺട്രോൾ, സ്പേഷ്യൽ സൗണ്ട് എന്നിവ ഉൾപ്പെടുത്തിയ ഡിസെെൻ നിലവിൽ മാർക്കറ്റിലുള്ള മറ്റേത് ഡിവെെസിനെക്കാളും സാങ്കേിതകപരമായി മുന്നിൽ നിൽക്കുന്നതാണെന്ന് നിസ്സംശയം പറയാൻ സാധിക്കും.
സാധാരണ ഒരു വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അല്ല ഇത്. ധരിച്ചാല്‍ പുറത്തുള്ള കാഴ്ചകളെല്ലാം നമുക്ക് കാണാൻ കഴിയും. നമ്മുടെ ചുറ്റുപാടുകളെ പശ്ചാത്തലമാക്കി നമുക്കു മുന്നില്‍ ഓഗ്മെന്റഡ് റിയാലിറ്റിയായി ദൃശ്യങ്ങള്‍ കാണാം. സാധാരണ വി.ആര്‍. ഹെഡ്‌സെറ്റുകളെ പോലെ വിഷന്‍ പ്രോയ്ക്ക് ഡിസ്‌പ്ലേയുടെ പരിമിതികളുണ്ടാവില്ല.
നമുക്ക് ചുറ്റുമുള്ള സ്ഥലം പശ്ചാത്തലമാക്കി എവിടെയും ത്രീഡി അനുഭവം നൽകുന്ന ഡിജിറ്റല്‍ കണ്ടന്റുകൾ ഓവർലേ ചെയ്യാം. എത്ര വലിപ്പത്തില്‍ വേണമെങ്കിലും അത് നമ്മുടെ കെെ കൊണ്ടുള്ള ആംഗ്യങ്ങൾ കൊണ്ട് ക്രമീകരിക്കാൻ സാധിക്കും.
നമ്മുടെ ചുറ്റുപാടിനെ വലിയൊരു കാന്‍വാസാക്കി മാറ്റാന്‍ വിഷന്‍ പ്രോയിലൂടെ സാധിക്കും. സ്‌പേഷ്യല്‍ ഓഡിയോ (Spatial Audio) സംവിധാനത്തിന്റെ പിന്‍ബലത്തില്‍ മികച്ച സറൗണ്ട് സൗണ്ടിൽ സിനിമകള്‍ ആസ്വദിക്കാനും വീഡിയോകള്‍ കാണാനുമെല്ലാം ഇതിലൂടെ സാധിക്കും. ഈ ഡിവൈസ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ഉപയോക്താവിന്റെ റെറ്റിന സ്കാൻ ചെയ്യുന്ന ഒപ്റ്റിക് ഐഡിയാണ് ഉപയോഗിക്കുന്നത്.
മാക്ക് പേഴ്‌സണല്‍ കംപ്യൂട്ടിങ്ങിനും ഐഫോണ്‍ മൊബൈല്‍ കംപ്യൂട്ടിങിനും തുടക്കമിട്ട പോലെ ആപ്പിള്‍ വിഷന്‍ പ്രോ പുതിയ സ്‌പേഷ്യല്‍ കംപ്യൂട്ടിങ്ങിന് തുടക്കമിടുകയാണെന്നാണ് ആപ്പിൾ സി.ഇ.ഓ. ടിം കുക്ക് പറഞ്ഞത്. ആപ്പിളിന്റെ എം2 ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വിഷന്‍ പ്രോയില്‍ ആര്‍1 എന്ന പേരില്‍ പുതിയൊരു ചിപ്പും ഉപയോഗിച്ചിട്ടുണ്ട്. റിയല്‍ ടൈം സെന്‍സര്‍ പ്രൊസസിങിന് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണിത്. വിഷന്‍ ഒ.എസ്. എന്ന പേരില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കും ഇതിന്. 3499 ഡോളറാണ് (ഏകദേശം 2,88,742 രൂപ) വില.അടുത്ത വര്‍ഷം ആദ്യം ഇത് വിപണിയില്‍ അവതരിപ്പിക്കും. യു.എസിലായിരിക്കും ആദ്യം എത്തുക.
പ്രധാന സവിശേഷതകൾ:
ഹെെ റെസല്യൂഷൻ റെറ്റിന ഡിസ്പ്ലേ
അസാധാരണമായ വ്യക്തതയും കളർ അക്യുറസിയും നൽകുന്ന അൾട്രാ-ഹൈ-റെസല്യൂഷൻ റെറ്റിന ഡിസ്പ്ലേയാണ് ആപ്പിൾ വിഷൻ പ്രോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ ഡിസ്പ്ലേ വെർച്വൽ എലിമെന്റസ് യഥാർഥ ലോകവുമായി യാതൊരു പരിമിതിയുമില്ലാതെ ഇടകലരുന്നത് ഉറപ്പുവരുത്തും. വളരെ റിയലിസ്റ്റിക് ആയിട്ടുള്ള ദൃശ്യാനുഭവം ഉപയോക്താക്കൾക്ക് നൽകും.
ഉപയോക്താവിന് കണ്ണുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് വിഷൻ പ്രോ സജ്ജീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ വിരലുകൾ കൊണ്ടുള്ള ആംഗ്യത്തിലൂടെയും വോയ്സ് കമാൻഡുകൾ വഴിയും വിഷൻ പ്രോയിലെ വിവിധ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ കഴിയും.
നൂതനമായ സെൻസറുകൾ
ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സെൻസർ അഥവാ LiDAR , ഡെപ്ത് ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള നിരവധി സെൻസറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന വിഷൻ പ്രോയ്ക്ക് ഉപയോക്താവിന്റെ ചുറ്റുപാടുകൾ കൃത്യമായി മാപ്പ് ചെയ്യാനും അവരുടെ ചലനങ്ങൾ അസാധാരണമായ കൃത്യതയോടെ ട്രാക്ക് ചെയ്യാനും കഴിയും.
ഇത് പരിതസ്ഥിതി മനസ്സിലാക്കാനും തത്സമയം ഡിജിറ്റൽ കണ്ടന്റുകൾ ഓവർലേ ചെയ്യാനും ഉപകരണത്തെ പ്രാപ്‌തമാക്കും. ഇത് ഒരു കംപ്ലീറ്റ് ഇന്റരാക്ടീവ് AR അനുഭവം സൃഷ്‌ടിക്കുന്നു. ഇരുപത്തിമൂന്ന് സെൻസറുകൾ ഉപയോഗിച്ചാണ് വിഷൻ പ്രോ പ്രവർത്തിക്കുന്നത്. 12 ക്യാമറ, അഞ്ച് സെൻസറുകൾ, ആറ് മെെക്ക് എന്നിവയുൾപ്പെടുന്നതാണ് ആപ്പിൾ വിഷൻ പ്രോയുടെ 23 സെൻസറുകൾ.
ശക്തമായ പ്രോസസ്സിംഗ്
തടസ്സങ്ങളില്ലാത്ത ഓഗ്മെന്റഡ് റിയാലിറ്റി അനുഭവങ്ങൾ നൽകുന്നതിന് വേണ്ടി ആപ്പിളിന്റെ കസ്റ്റം ഡിസെെൻഡ് ചിപ്പുകളിലാണ് വിഷൻ പ്രോ പ്രവർത്തിക്കുന്നത്. ആപ്പിളിന്റെ എം2 ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വിഷന്‍ പ്രോയില്‍ ആര്‍1 എന്ന പേരില്‍ പുതിയൊരു ചിപ്പും ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകമായി AR ആപ്ലിക്കേഷനുകൾക്കായി ഒപ്റ്റിമൈസ് ചെയ്‌തുകൊണ്ടുള്ളതാണ് ഇതിലെ പ്രോസസറുകൾ.
ഹെെ പെർഫോമിങ് ആയ പ്രോസസ്സറുകൾ, ന്യൂറൽ എഞ്ചിനുകൾ, മെഷീൻ ലേണിംഗ് എന്നിവയുടെ ഈ കോമ്പിനേഷൻ സുഗമമായിട്ടുള്ള ഗ്രാഫിക്സ് റെൻഡറിംഗ്, റിയൽ ടെെം ഒബ്ജക്റ്റ് റെൻഡറിങ്, എനർജി എഫിഷ്യൻസി എന്നിവ ഉറപ്പാക്കുന്നുണ്ട്. വിഷന്‍ ഒ.എസ്. എന്ന പേരില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റവും ഇതിനായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.
സ്പേഷ്യൽ ഓഡിയോ
റിയലിസ്റ്റിക് സൗണ്ട് പൊസിഷനിംഗ് നൽകിക്കൊണ്ട് യൂസർ എക്സ്പീരിയൻസ് വർദ്ധിപ്പിക്കുന്ന സ്പേഷ്യൽ ഓഡിയോ സാങ്കേതികവിദ്യയാണ് വിഷൻ പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഓഡിയോ കണ്ടന്റുകൾ വിവിധ ദിശകളിൽ നിന്ന് ഉത്ഭവിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിൽ മൊത്തത്തിലുള്ള ഒരു AR അനുഭവത്തിലേക്ക് നമ്മളെ കൊണ്ടുപോകുകയും ചെയ്യുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഇത്തരത്തിലുള്ള അതിനൂതന സംവിധാനങ്ങൾ ഉള്ളതിനാൽ തന്നെ വിവിധ മേഖലയിലും മറ്റ് ദൈനംദിന പ്രവർത്തനങ്ങളുടെയും ഭാഗമായി മാറാനുള്ള പൊട്ടൻഷ്യൽ ആപ്പിൾ വിഷൻ പ്രോയ്ക്ക് ഉണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.
രൂപകല്‍പ്പന, എഞ്ചിനീയറിങ്
യഥാർഥ ലോകപശ്ചാത്തലങ്ങളിൽ 3D മോഡലുകൾ ദൃശ്യവൽക്കരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആർക്കിടെക്റ്റുകൾ, വ്യാവസായിക ഡിസൈനർമാർ, എഞ്ചിനീയർമാർ എന്നിവർക്ക് വിഷൻ പ്രോ ഉപയോഗപ്പെടുത്താൻ സാധിക്കും.
ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൂടുതൽ കാര്യക്ഷമമായ ഡിസൈൻ നിർമ്മിക്കാനും ഒരേ ഡിസെെനിന്റെ തന്നെ വിവിധ പതിപ്പുകൾ ജനറേറ്റ് ചെയ്യാനും സാധിക്കും. ഇത് ക്ലയന്റുമായി ആശയവിനിമയം നടത്തുന്നതിലും ജോലി സുഗമമാക്കുന്നതിനും സഹായകകരമാകും.
വിദ്യാഭ്യാസവും പരിശീലനവും
വിഷൻ പ്രോക്ക് വിദ്യാഭ്യാസരംഗത്ത് പുത്തൻ പഠനാനുഭവങ്ങൾക്കുള്ള പുതിയ സാധ്യതകൾ തുറക്കുന്ന ഒരു ഗാഡ്ജറ്റാകാൻ ഭാവിയിൽ കഴിഞ്ഞേക്കും. വിദ്യാർഥികൾക്ക് പാഠ്യഭാഗത്തിലുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ നേരിട്ട് പോകുന്ന അനുഭവം ലഭിക്കും.
മാത്രമല്ല, വെർച്വലായി മൃഗങ്ങൾ ഉൾപ്പടെയുള്ളവരെ അടുത്ത് കണ്ട് പഠിക്കാനും ഇന്ററാക്ടീവ് സിമുലേഷനുകളിൽ പങ്കെടുക്കാനുമൊക്കെ വിഷൻ പ്രോ ഉപയോഗിച്ച് സാധിക്കും. അത് പഠനത്തെ കൂടുതൽ ആകർഷകവും ഫലപ്രദമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷവുമുണ്ടാക്കാൻ വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കും.
ഗെയിമിംഗും എന്റർടെയൻമെന്റും
വിഷൻ പ്രോ ഉപയോഗിച്ച് ഗെയിമിംഗും മറ്റ് വിനോദങ്ങളും മറ്റൊരു തലത്തിലെത്തിക്കാനാകും. ഉപയോക്താക്കൾക്ക് വളരെ ആഴത്തിലുള്ളതും ഇന്ററാക്ടീവുമായ ഗെയിമിംഗ് എക്സ്പീരിയൻസ് ലഭിക്കും. കൂടാതെ, തത്സമയ ഇവന്റുകൾ, സിനിമ, സീരീസ്, കൺസേർട്ട്, കായിക വിനോദങ്ങൾ എന്നിവ ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ ഒരാളുടെ വീടിന്റെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ അനുഭവിക്കാനാകുമെന്നതും ഇതിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.
വൈദ്യശാസ്ത്രവും ആരോഗ്യസംരക്ഷണവും
വിഷൻ പ്രോയ്ക്ക് മെഡിക്കൽ പരിശീലനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയും. ഇത് വിദ്യാർഥികളെയും പ്രാക്ടീഷണർമാരെയും സങ്കീർണമായ മെഡിക്കൽ സിനാരിയോകൾ റിയലിസ്റ്റിക്കായി അപകടരഹിതവുമായ അന്തരീക്ഷത്തിൽ കണ്ട് പഠിക്കാനും പ്രാക്ടീസ് ചെയ്യാനും സഹായിക്കും.
സർജറി സമയത്ത് സൂക്ഷ്മത വർദ്ധിപ്പിക്കുന്നതിന് സർജൻമാർക്ക് AR ഓവർലേകൾ ഉപയോഗിക്കാനാകും. അതേസമയം, രോഗികൾക്ക് റിമോട്ട് കൺസൾട്ടേഷനുകളിൽ നടത്തുന്നതിലൂടെ ആശുപത്രിയിലെത്താതെ തന്നെ ഡോക്ടറെ കാണാനും മറ്റും സാധിക്കുകയും ചെയ്യുന്നു.
അത്യാധുനിക ഹാർഡ്‌വെയറും ഇന്റലിജന്റ് സോഫ്‌റ്റ്‌വെയറും ആപ്പിളിന്റെ ഇക്കോസിസ്റ്റവും സമന്വയിപ്പിച്ച് വിഷ്വൽ ടെക്‌നോളജിയിലെ ഒരു സുപ്രധാന കുതിച്ചുചാട്ടത്തിന്റെ പ്രതീകമാണ് ആപ്പിൾ വിഷൻ പ്രോ. വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കാവുന്ന ഈ ഗാഡ്ജറ്റിന്റെ വിപുലമായ ഫീച്ചറുകൾക്കും അതിന്റെ സാധ്യമായ ആപ്ലിക്കേഷനുകൾക്കും ലോകത്തെ നമ്മൾ എങ്ങനെ കാണുന്നു എന്നതിലും ഇടപഴകുന്ന രീതിയെയും പുനർരൂപകൽപ്പന ചെയ്യാനുള്ള ശക്തിയുണ്ട്. വിഷൻ പ്രോയുടെ ഫീച്ചറുകൾ പരിഷ്കരിക്കുന്നതും അപ്ഡേറ്റ് ചെയ്യുന്നതിലും ആപ്പിൾ ഇപ്പോഴും പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ മൊബെെലും കമ്പ്യൂട്ടറുമൊക്കെ പോലെ തന്നെ ഓഗ്‌മെന്റഡ് റിയാലിറ്റിയും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറുന്ന ഒരു ഭാവി നമുക്ക് പ്രതീക്ഷിക്കാം.
Content Highlights: a gadget capable of a visual technology revolution apple vision pro and features
Published: 09 Jun 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented