Apple Vision Pro | Photo: Apple
ഈ വര്‍ഷത്തെ ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് (WWDC23) തിങ്കളാഴ്ച തുടക്കമായി. പുതിയ വിഷന്‍ പ്രോ ഹെഡ്‌സെറ്റ്, 15 ഇഞ്ച് മാക്ക്ബുക്ക് എയര്‍ ഉള്‍പ്പടെയുള്ള പുതിയ പ്രഖ്യാപനങ്ങളുമായാണ് ഒന്നാം ദിവസം കടന്നുപോയത്. ആപ്പിളിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളിലെല്ലാം പുതിയ അപ്‌ഡേറ്റുകളും അവതരിപ്പിച്ചു.
ആപ്പിള്‍ വിഷന്‍ പ്രോ
ഏറെ നാളുകളായി അഭ്യൂഹങ്ങളില്‍ നിറഞ്ഞു നിന്ന ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ഒടുവില്‍ 'വിഷന്‍ പ്രോ' എന്ന പേരില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വിഷന്‍ പ്രോ യഥാര്‍ത്ഥ ലോകത്തേയും ഡിജിറ്റല്‍ ലോകത്തെയും തമ്മില്‍ ലയിപ്പിക്കുന്ന ഒരു പുതിയ തരം കംപ്യൂട്ടറാണെന്ന് ടിം കുക്ക് പറയുന്നു. കണ്ണുകള്‍, കൈകള്‍, ശബ്ദം എന്നിവ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം.
സാധാരണ ഒരു വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അല്ല ഇത്. ധരിച്ചാല്‍ പുറത്തുള്ള കാഴ്ചകളെല്ലാം കാണാം. നമ്മുടെ ചുറ്റുപാടുകളെ പശ്ചാത്തലമാക്കി നമുക്കുമുന്നില്‍ ഓഗ്മെന്റഡ് റിയാലിറ്റിയായി ദൃശ്യങ്ങള്‍ കാണാം. രൂപത്തിലല്ലെങ്കിലും പ്രവൃത്തിയില്‍ ഒരു അയണ്‍മാന്‍ മാസ്‌ക് പോലെ. സാധാരണ വിആര്‍ ഹെഡ്‌സെറ്റുകളെ പോലെ വിഷന്‍ പ്രോയ്ക്ക് ഡിസ്‌പ്ലേയുടെ പരിധികളുണ്ടാവില്ല. നമുക്ക് ചുറ്റും എവിടെയും നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ കാണാം. എത്ര വലിപ്പത്തില്‍ വേണമെങ്കിലും അത് ക്രമീകരിക്കാം. നമ്മുടെ ചുറ്റുപാടിനെ വലിയൊരു കാന്‍വാസാക്കി മാറ്റാന്‍ വിഷന്‍ പ്രോയിലൂടെ സാദിക്കുമെന്ന് ആപ്പിള്‍ പറയുന്നു.
സ്‌പേഷ്യല്‍ ഓഡിയോ സംവിധാനത്തിന്റെ പിന്‍ബലത്തില്‍ സിനിമകള്‍ ആസ്വദിക്കാനും വീഡിയോകള്‍ കാണാനുമെല്ലാം ഇതിലൂടെ സാധിക്കും. എല്ലാം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത രീതിയില്‍.
മാക്ക് പേഴ്‌സണല്‍ കംപ്യൂട്ടിങിന് തുടക്കമിട്ടപോലെ, ഐഫോണ്‍ മൊബൈല്‍ കംപ്യൂട്ടിങിന് തുടക്കമിട്ട പോലെ ആപ്പിള്‍ വിഷന്‍ പ്രോ പുതിയ സ്‌പേഷ്യല്‍ കംപ്യൂട്ടിങിന് തുടക്കമിടുകയാണെന്ന് ടിം കുക്ക് പറഞ്ഞു.
ആപ്പിളിന്റെ എം2 ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വിഷന്‍ പ്രോയില്‍ ആര്‍1 എന്ന പേരില്‍ പുതിയൊരു ചിപ്പും ഉപയോഗിച്ചിട്ടുണ്ട്. റിയല്‍ ടൈം സെന്‍സര്‍ പ്രൊസസിങിന് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണിത്. വിഷന്‍ ഒഎസ് എന്ന പേരില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കും ഇതിന്. 3499 ഡോളറാണ് വില (2,88,742 രൂപയോളം).അടുത്ത വര്‍ഷം ആദ്യം ഇത് വിപണിയില്‍ അവതരിപ്പിക്കും. യുഎസിലായിരിക്കും ആദ്യം എത്തുക.

ആപ്പിള്‍ അവതരിപ്പിച്ച മറ്റൊരു ഉല്‍പന്നമാണ് 15 ഇഞ്ച് മാക്ക്ബുക്ക് എയര്‍. 13 ഇഞ്ച് മാക്കബുക്ക് എയറിന്റെ ജനപ്രീതി കണക്കിലെടുത്താണ് വലിയ സ്‌ക്രീന്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പുതിയ കംപ്യൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.
11.5 എംഎം കനമുള്ള ഈ ലാപ്‌ടോപ്പ് ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ്പാണെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. 1.5 കിലോഗ്രാം ആണ് ഭാരം. നാല് കളര്‍ ഓപ്ഷനുകളിലെത്തുന്ന മാക്ബുക്ക് എയറില്‍ 15.3 ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണുള്ളത്. ആപ്പിള്‍ എം2 ചിപ്പ് ആണിതില്‍. രണ്ട് യുഎസ്ബി സി പോര്‍ട്ടുകളും ആപ്പിള്‍ മാഗ്‌സേഫ് ചാര്‍ജര്‍ ഡോക്കും ഒരു ഹെഡ്‌ഫോണ്‍ ജാക്കും ഇതിലുണ്ട്. 18 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. 134900 രൂപയാണിതിന് വില. ഇന്ന് മുതല്‍ ഇതിനായി ഓര്‍ഡര്‍ ചെയ്യാം.
പുതിയ മാക്ക് പ്രോ
പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനായി പുതിയ മാക്ക് പ്രോ അവതരിപ്പിച്ചു. എം2 അള്‍ട്ര 24 കോര്‍ സിപിയു ശക്തിപകരുന്ന ഈ മാക്ക് പ്രോയില്‍ 76 കോര്‍ ജിപിയുവിന്റെ പിന്തുണയിമുണ്ട്. എട്ട് തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകളുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമിലാണ് ഇതിന്റെ രൂപകല്‍പന. 7,29,900 രൂപയിലാണ് ഇതിന് വില ആരംഭിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത മാക്ക് സ്റ്റുഡിയോയും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഫോണുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായി ഐഒഎസ് 17 അവതരിപ്പിച്ചു. പുതിയ ഒട്ടനവധി ഫീച്ചറുകളുമായാണ് ഇത് എത്തിയിരിക്കുന്നത്.
ഫോണ്‍, ഫേസ്‌ടൈം, മെസേജസ് ആപ്പുകളില്‍ സുപ്രധാനമായ ചില അപ്‌ഡേറ്റുകള്‍ കമ്പനി അവതരിപ്പിച്ചു.
ഫോണ്‍ ആപ്പില്‍ ഫോട്ടോകളും ഇമോജികളും ഉപയോഗിച്ച് ഇഷ്ടാനുസരണം ഒരുക്കാവുന്ന കോണ്‍ടാക്റ്റ് പോസ്റ്ററുകള്‍ ഒരുക്കാനാവുന്ന ഫീച്ചറാണ് അതിലൊന്ന്. കോള്‍ കിറ്റ് എന്ന പുതിയ സംവിധാനം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ലൈവ് വോയ്‌സ് മെയില്‍ ആണ് മറ്റൊന്ന്. ഒരാളെ അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ അയാള്‍ എന്തെങ്കിലും കാരണത്താല്‍ എടുക്കുന്നില്ലെങ്കില്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ വോയ്‌സ് മെയില്‍ ചെയ്യാം. അത്യാവശ്യ കാര്യം എന്താണെന്ന് ഇതുവഴി അയാളെ അറിയിക്കാം. ഈ പറയുന്ന കാര്യം അപ്പുറത്തുള്ളയാളുടെ സ്‌ക്രീനില്‍ ലൈവ് ടെക്സ്റ്റായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്ത് എഴുതി കാണിക്കുകയും ചെയ്യും. ഇത് വായിച്ചതിന് ശേഷം സാധ്യമെങ്കില്‍ അയാള്‍ക്ക് ഫോണ്‍ അറ്റന്റ് ചെയ്ത് സംസാരിക്കാം.
ഫേസ് ടൈമില്‍ അവതരിപ്പിച്ച പുതിയ സൗകര്യമാണ് വീഡിയോ മെസേജ് ഫീച്ചര്‍. മെസേജസ് ആപ്പില്‍ വോയ്‌സ് മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍, ഇന്‍ലൈന്‍ ലൊക്കേഷന്‍ ഷെയറിങ്, യാത്രയ്ക്കിടെ നിങ്ങള്‍ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിയെന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഓട്ടോമാറ്റിക് ആയി അറിയിക്കുന്ന 'ചെക്ക് ഇന്‍' ഫീച്ചര്‍ തുടങ്ങിയവയും പുതിയ സ്റ്റിക്കര്‍ ഫീച്ചറുകളും അവതരിപ്പിച്ചു.
എയര്‍ ഡ്രോപ്പ് വഴി രണ്ട് ഐഫോണുകള്‍ തമ്മിലോ ആപ്പിള്‍ വാച്ചുകളുമായോ കോണ്‍ടാക്റ്റ്, മ്യൂസിക്, ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ളവ പങ്കുവെക്കാനാവുന്ന പുതിയ നെയിം ഡ്രോപ്പ് ഫീച്ചര്‍ ഐഒഎസ് 17 ല്‍ ലഭ്യമാവും. ഫോണ്‍ ഒരു സ്റ്റാന്റില്‍ ഹൊറിസോണ്ടലായി ചാരിവെക്കുമ്പോള്‍ അതിന്റെ ലോക്ക് സ്‌ക്രീന്‍ ഒരു ക്ലോക്കിന് സമാനമായോ, സ്മാര്‍ട് ഡിസ്‌പ്ലേയ്ക്ക് സമാനമായോ മാറുന്ന സ്റ്റാന്റ് ബൈ എന്ന പുതിയ ഫീച്ചറും ഐഒഎസ് 17 ന്റെ പുതിയ സവിശേഷതകളിലൊന്നാണ്.
.jpg?$p=fb3b5c5&&q=0.8)
ഐഒഎസ് 17-ലെ അതേ ഫീച്ചറുകള്‍ പുതിയ ഐപാഡ് ഓഎസിലും ലഭിക്കും. ലോക്ക് സ്‌ക്രീന്‍ പേഴ്‌സണലൈസ് ചെയ്യാനാവുന്ന പുതിയ ഫീച്ചറാണ് ഇത്തവണത്തെ ഐപാഡ് ഓഎസിലെ പുതുമകളിലൊന്ന്. ഒരു ഹെല്‍ത്ത് ആപ്പ് ഐപാഡ് ഒഎസ് 17 ലുണ്ടാവും.
മാക്ഒഎസ് സോനോമ
മാക്ക് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് മാക്ക് ഒഎസ് സൊനോമ. ഡെസ്‌ക്ടോപ്പ് വിഡ്‌ജെറ്റ്, ആപ്പിള്‍ ടിവിക്ക് സമാനമായ ഏരിയല്‍ സ്‌ക്രീന്‍ സേവറുകള്‍, മെസേജസ്, സഫാരി ആപ്പുകളിലെ അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെ പുതിയ നിരവധി ഫീച്ചറുകളുമായാണ് മാക്ക് ഒഎസ് സോനോമ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ സിപിയുവിന്റേയും, ജിപിയുവിന്റെയും ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്ന പുതിയ ഗെയിം മോഡ് അതിലൊന്നാണ്. ഫേസ്‌ടൈമില്‍ മെച്ചപ്പെട്ട വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ടിവി ഒഎസ് 17
ഫേസ് ടൈം ഇനി ആപ്പിള്‍ ടിവിയിലും ലഭ്യമാവും എന്നതാണ് പുതിയ ടിവിഒഎസ് പതിപ്പിന്റെ മുഖ്യ സവിശേഷത.
ഐഫോണിലെയും ഐപാഡിലേയും ക്യാമറ ഉപയോഗിച്ച് ഫേസ്‌ടൈം വീഡിയോകോളുകള്‍ ടിവിയിലേക്ക് മാറ്റാനാവും. ഫൈന്റ്‌മൈ ആപ്പ് ഉപയോഗിച്ച് കാണാതായ ടിവി റിമോട്ട് കണ്ടെത്താനാവും. ഇതിനായി പക്ഷെ പുതിയ സിരി റിമോട്ട് ഉപയോഗിക്കണം എന്നുമാത്രം.
വാച്ച് ഓഎസ് 10
പുതിയ വിഡ്‌ജെറ്റുകളും പുതിയതായി രൂപകല്‍പന ചെയ്ത ആപ്പുകളും വാച്ച് ഒഎസ് സോഫ്റ്റ് വെയറില്‍ അവതരിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്ന ആശയത്തിലാണ് പുതിയ ഡിസൈന്‍. പുതിയ രണ്ട് വാച്ച് ഫേസുകള്‍, സൈക്ലിങ് വര്‍ക്ക് ഔട്ട് സംബന്ധിച്ച കൂടുതല്‍ കണക്കുകള്‍, ബ്ലൂടൂത്ത് സൗകര്യമുള്ള സൈക്കിളുകളുമായി ബന്ധിപ്പിച്ചാല്‍ കൂടുതല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ലഭിക്കുന്ന സൗകര്യം. ഉള്‍പ്പടെയു്ള്ള പുതിയ ഒട്ടനവധി മാറ്റങ്ങളും വാച്ച് ഓഎസിലുണ്ട്.
Content Highlights: apple vison pro wwdc23 new announcements
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..