ഇലോണ്‍ മസ്‌കിനെ അറിയാത്തവരില്ല, എന്നാല്‍, ഇലോണ്‍ മസ്‌കിന് നമ്മുടെ തലച്ചോറിലും കാര്യമുണ്ടെന്ന് അധികം ആളുകള്‍ക്ക് അറിയില്ലതന്നെ. ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ.) മനുഷ്യ മസ്തിഷ്‌കശേഷികളും ചേര്‍ത്തുകൊണ്ടുള്ള ധീരമായ ശ്രമങ്ങളുടെ ഭാഗമായുള്ള ഒരു ഗ്രൗണ്ട് ബ്രേക്കിങ് പ്രോഗ്രാമാണ്.

To advertise here,

എന്താണ് ന്യൂറാലിങ്ക്?

ഇലോണ്‍ മസ്‌കും മറ്റ് എട്ട് നിക്ഷേപകരും ചേര്‍ന്ന് 2016 ജൂലായില്‍ സ്ഥാപിച്ച ഒരു അമേരിക്കന്‍ ന്യൂറോ ടെക്‌നോളജി കമ്പനിയാണ് ന്യൂറാലിങ്ക്. മനുഷ്യ മസ്തിഷ്‌കവും കംപ്യൂട്ടറുകളും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു ഉപകരണം വികസിപ്പിക്കുക എന്നതാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം -ഒരു ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് (BCI).

തലച്ചോറിനെ ബാഹ്യ ഉപകരണങ്ങളുമായി നേരിട്ട് ബന്ധിപ്പിച്ച് പാര്‍ക്കിന്‍സണ്‍സ് പോലെയുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ചികിത്സിക്കുകയും അങ്ങനെ മനുഷ്യന്റെ അറിവ് മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നു വെച്ചാല്‍ മനുഷ്യരും കൃത്രിമബുദ്ധിയും പരസ്പരം പ്രയോജനം ചെയ്യുന്ന പങ്കാളിത്തം. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ തലച്ചോറില്‍ ഇംപ്ലാന്റ് ചെയ്യാവുന്നൊരു ചിപ്പ് ന്യൂറാലിങ്ക് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. 

ന്യൂറല്‍ പ്രവര്‍ത്തനങ്ങളെ നേരിട്ട് ടെക്സ്റ്റ് രൂപത്തില്‍ ആക്കുന്നതില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ ബി.സി.ഐ. റിസര്‍ച്ച് പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും ആളുകളെ ആദ്യമായി സംസാരിക്കാന്‍ പ്രേരിപ്പിച്ചത് ന്യൂറാലിങ്ക് ആണ്. അവരുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ടെലിപ്പതിയില്‍, തലച്ചോറിന്റെ പ്രവര്‍ത്തനം രേഖപ്പെടുത്താനും ഉത്തേജിപ്പിക്കാനും കഴിവുള്ള, തലച്ചോറില്‍ ഘടിപ്പിച്ചിരിക്കുന്ന അള്‍ട്രാ-ഫൈന്‍ ത്രെഡുകളുള്ള ഫിസിക്കല്‍ കോയിന്‍ ആകൃതിയിലുള്ള ഉപകരണം ഉള്‍ക്കൊള്ളുകയും, ഇത് ന്യൂറല്‍ സിഗ്‌നലുകളെ അഴിച്ചെടുക്കുകയും ചെയ്യുന്നു.

ഈ വിഷയത്തില്‍ നിലവില്‍, പലതരത്തിലുള്ള ധാര്‍മികപ്രത്യാഘാതങ്ങള്‍ ചര്‍ച്ചയാകുകയാണ്. ഇത്തരം സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടങ്ങള്‍ക്കൊപ്പം ധാര്‍മിക പരിഗണനകള്‍ തീര്‍ച്ചയായും വളരെ നേരത്തേ നിശ്ചയിക്കേണ്ടതാണ്. മനുഷ്യമസ്തിഷ്‌കവുമായി നേരിട്ടൊരു സാങ്കേതിക വിദ്യ സംവദിക്കുമ്പോള്‍, മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ, ദുരുപയോഗത്തിനുള്ള സാധ്യതയില്ലേ എന്നീ ചോദ്യങ്ങള്‍ ഉയരേണ്ടതുതന്നെ. നൂതന സാങ്കേതികവിദ്യ ആയതുകൊണ്ടുതന്നെ ഇവ മനുഷ്യശരീരവുമായി കോര്‍ത്തിണക്കുമ്പോള്‍ അതിനു നിയന്ത്രണച്ചട്ടങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ട്. 

അത്തരം നിയന്ത്രണങ്ങള്‍ മനുഷ്യശരീരത്തില്‍ ഘടിപ്പിച്ച പേസ്മേക്കറിനോ, ഒരു ആര്‍ട്ടിഫിഷ്യല്‍ ലിംബിനോ, എല്ലാം ഉണ്ടെങ്കിലും ഇത്തരത്തില്‍ തലച്ചോര്‍ സംവദിക്കുമ്പോള്‍ മനുഷ്യന്റെ ചിന്തകളിലൂടെ വ്യക്തിഗത ഡേറ്റായുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. അതുമാത്രമല്ല, വ്യക്തിഗതചിന്തകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും  മറ്റു കുത്സിത ആവശ്യങ്ങള്‍ക്കും ഉപയോഗിക്കില്ലെന്നത് എങ്ങനെ ഉറപ്പാക്കും? നിലവില്‍ മനുഷ്യശരീരത്തില്‍ ഉപയോഗിക്കപ്പെടുന്ന എല്ലാ മരുന്നുകളും ഡിവൈസുകളും അതത് രാജ്യത്തെ, ഭൂഖണ്ഡങ്ങളിലെ നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്. പക്ഷേ, ന്യൂറാലിങ്കുപോലുള്ള ഇന്റര്‍ഫേസുകള്‍ക്കു ചേര്‍ന്ന നിയന്ത്രണങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതേയുള്ളൂ. 

ന്യൂറാലിങ്ക്: പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങള്‍

പ്രീക്ലിനിക്കല്‍, അതായത് മനുഷ്യനില്‍ പരീക്ഷിക്കുന്നതിനു മുന്‍പുള്ള പരീക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സമീപ വര്‍ഷങ്ങളില്‍ ന്യൂറാലിങ്ക് കമ്പനി,  വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2018 മുതല്‍ കുരങ്ങുകള്‍, പന്നികള്‍, ആടുകള്‍ എന്നിവയുള്‍പ്പെടെ 1,500-ലധികം മൃഗങ്ങളുടെ മരണത്തിലേക്ക് കമ്പനിയുടെ പരീക്ഷണങ്ങള്‍ നയിച്ചതായി 2022 ഡിസംബറിലെ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം പ്രീക്ലിനിക്കല്‍ ട്രയലുകളില്‍ ഉപയോഗിക്കുന്ന മൃഗങ്ങളെ അത്തരം പഠനത്തിന്റെ അവസാനം ദയാവധം ചെയ്യുന്നത് അസാധാരണമല്ല. എന്നിരുന്നാലും റോയിട്ടേഴ്‌സ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, കമ്പനിയുടെ പ്രകടമായ പുരോഗതിയില്ലായ്മയില്‍ നിരാശനായ മസ്‌കിന്റെ സമ്മര്‍ദം ന്യൂറാലിങ്ക് ശാസ്ത്രജ്ഞര്‍ ചില സര്‍ജറികള്‍ക്കായി തിടുക്കത്തിലുള്ള സമീപനം സ്വീകരിക്കാന്‍ കാരണമായി. ഇത് ഒഴിവാക്കാവുന്ന ധാരാളം തെറ്റുകള്‍ വരുത്തുകയും അതുമൂലം പഠനത്തില്‍ ഉള്‍പ്പെട്ട മൃഗങ്ങള്‍ക്ക് അനാവശ്യമായ മരണവും കഷ്ടപ്പാടും ഉണ്ടാക്കുകയും ചെയ്തു.

റോയിട്ടേഴ്‌സ് ലേഖനം അനുസരിച്ച്, മൃഗക്ഷേമ ലംഘനങ്ങള്‍ക്ക് യു.എസ്. കൃഷിവകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ അന്വേഷണത്തിലായിരുന്നു അക്കാലത്ത് ന്യൂറാലിങ്ക്. 2023-ല്‍, ന്യൂറാലിങ്ക് വീണ്ടും വിമര്‍ശനത്തിനു വിധേയമായി, ഇത്തവണ മൃഗങ്ങളുടെ പരീക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മലിനമായ ഇംപ്ലാന്റുകള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ കയറ്റിയയച്ചതിനായിരുന്നു. ആ സമയം, ധാര്‍മികവും മാനുഷികവുമായ മൃഗപരീക്ഷണങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് ന്യൂറാലിങ്ക് വിമര്‍ശനങ്ങളോടു പ്രതികരിച്ചിരുന്നു. 

നേരത്തേ അന്വേഷണം നടത്തിയ യു.എസ്. കൃഷിവകുപ്പു തലവന്‍, അതേവര്‍ഷംതന്നെ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍, ന്യൂറാലിങ്കിന്റെ മൃഗപരീക്ഷണങ്ങളില്‍ യു.എസ്. നിയമത്തിന്റെ ലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പ്രത്യേക 'ഫോക്കസ്ഡ്' പരിശോധനയില്‍ കണ്ടെത്തി എന്ന് പ്രഖ്യാപിച്ചു. ആ കണ്ടെത്തലുകളെ ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ വിമര്‍ശിച്ചു. മൃഗസംരക്ഷണ നിയമത്തിന്റെ ലംഘനങ്ങള്‍ക്ക് യു.എസ്. കൃഷിവകുപ്പ്, ന്യൂറാലിങ്കിന് 'സൗജന്യ പാസ്' നല്‍കിയതായി അവര്‍ ആരോപിച്ചു. അത്തരം വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ, സെപ്റ്റംബര്‍ 2023-ല്‍ ന്യൂറാലിങ്ക് ആദ്യത്തെ ഹ്യുമന്‍ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു. 

തലച്ചോറും ബാഹ്യ ഉപകരണങ്ങളും തമ്മിലുള്ള നേരിട്ടുള്ള ബന്ധം കാരണം ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രയലില്‍ സ്വകാര്യതയും സുരക്ഷാപ്രശ്‌നങ്ങളും ധാരാളമുണ്ട്. മസ്തിഷ്‌കത്തിനും ലിങ്ക്ഡ് സിസ്റ്റങ്ങള്‍ക്കുമിടയില്‍ അയക്കുന്ന ഡേറ്റ പരിരക്ഷിക്കുന്നത് നിര്‍ണായകമാണ്. മനുഷ്യമസ്തിഷ്‌കവുമായി എ.ഐ. സംയോജിപ്പിക്കുന്നതില്‍ ന്യൂറാലിങ്ക് പുരോഗമിക്കുമ്പോള്‍ എ.ഐ. സാങ്കേതികവിദ്യകളുടെ ശരിയായ പ്രയോഗത്തെക്കുറിച്ചുള്ള ധാര്‍മികചോദ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. എ.ഐ. മനുഷ്യാവകാശങ്ങളെയും മൂല്യങ്ങളെയും മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.