ഭൂമിക്കുപുറത്ത് ജീവന്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്ന ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ ധാരാളമുണ്ട്. നമ്മളേക്കാള്‍ മികച്ച നാഗരികതയും സാങ്കേതിക വിദ്യയും വികസിപ്പിച്ച ഒരു സമൂഹം മറ്റേതെങ്കിലും ഗ്രഹത്തിലുണ്ടെങ്കില്‍ അന്യഗ്രഹ ജീവനെ തിരയുന്ന ശ്രമങ്ങള്‍ നമ്മളെ തന്നെ അപകടത്തിലാക്കാനെ ഉപകരിക്കുവെന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന വാദങ്ങള്‍. എന്നാലും അന്യഗ്രഹ ജീവനേപ്പറ്റിയുള്ള അന്വേഷണം തടയാന്‍ അത്തരം ഭയങ്ങള്‍ കാരണമായിട്ടില്ല. ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ എത്തുന്നതും നമ്മളുമായി സൗഹൃദം സ്ഥാപിക്കുന്നതും നമ്മളുമായി യുദ്ധം ചെയ്യുന്നതുമൊക്കെ ഹോളിവുഡ് സിനിമകളില്‍ കണ്ട് വണ്ടറടിച്ചതല്ലാതെ അങ്ങനെയൊന്ന് സത്യത്തില്‍ സംഭവിച്ചാല്‍ എന്താകും ചെയ്യുക എന്ന് ആലോചിച്ചിട്ടുണ്ടോ? 2012ല്‍ അമേരിക്കയില്‍ കെല്‍ടണ്‍ റിസര്‍ച്ച് എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ അമേരിക്കയില്‍ മൂന്നിലൊരാള്‍ അന്യഗ്രഹജീവികളുണ്ട് എന്ന് വിശ്വസിക്കുന്നവരാണെന്നാണ് കണക്കുകള്‍. ചിലരാകട്ടെ കുറച്ചുകൂടി കടന്ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇടയ്ക്കിടെ വന്നുപോകാറുണ്ട് എന്ന് വിശ്വസിക്കുന്നവരുമാണ്.
അങ്ങനെയുള്ള ഒരുലോകത്ത് അന്യഗ്രഹജീവികളുടെതായ സിഗ്നല്‍ ലഭിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്ത് എത്രയാകുമെന്ന് ഒരുറപ്പുമില്ല. മിക്ക രാജ്യങ്ങള്‍ക്കും അക്കാര്യത്തില്‍ ഒരു ധാരണയില്ല. ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ ഒരു പ്രോട്ടോക്കോളും നിലവിലില്ല. അപ്പോഴെന്തുചെയ്യും? എന്നാല്‍ ലോകത്ത് ഏറ്റവും മികച്ച ബഹിരാകാശ ഏജന്‍സിയായി അറിയപ്പെടുന്ന അമേരിക്കയുടെ നാസയും അമേരിക്കയിലെ സെര്‍ച്ച് ഫോര്‍ എക്‌സ്ട്രാടെറെസ്ട്രിയല്‍ ഇന്റലിജന്‍സ് അഥവാ സെതിയും (SETI) അന്താരാഷ്ട്ര ആസ്‌ട്രോനോട്ടിക്‌സ് അക്കാദമിയും ഒക്കെ ചേര്‍ന്ന് 2010ല്‍ ഇതിനൊരു മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. ഭൂമിയില്‍ നിന്ന് നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കില്‍ (DSN) നിന്ന് അയച്ച ഏതെങ്കിലും ഒരു സിഗ്നല്‍ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ പിടിച്ചെടുക്കുകയും അതിന് മറുപടി അയക്കുകയും ചെയ്താല്‍ എന്താണ് ചെയ്യുക.
ഇക്കാര്യത്തില്‍ മാര്‍ഗരേഖ അനുസരിച്ച് ഭൂമിക്ക് പുറത്തു പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ നിന്ന് കിട്ടുന്ന ഒരു സിഗ്നലിനെ ശാസ്ത്രജ്ഞര്‍ അപഗ്രഥിക്കും. ഇത് വിവിധ രാജ്യങ്ങളുടേതായി ഭ്രമണപഥത്തിലുള്ള ഉപഗ്രങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും റേഡിയോ ട്രാന്‍സ്മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നോ ഉള്ള സിഗ്നലുകള്‍ ആണെങ്കില്‍ ആദ്യമേ തന്നെ തള്ളിക്കളയും.

എന്നാല്‍, ഇതൊന്നുമല്ലാതെ മനുഷ്യരുടേതല്ല എന്ന് സംശയിക്കുന്ന സിഗ്നലാണ് ലഭിച്ചതെങ്കില്‍ അത് പലവിധത്തിലുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും. ഇതിന് ചിലപ്പോള്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ സമയമെടുത്തേക്കാം. ഏതെങ്കിലും പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മൂലമോ മറ്റേതെങ്കിലും വിദൂരമായ മനുഷ്യനിര്‍മിത പേടകങ്ങളില്‍ നിന്നുള്ളവയോ അല്ല അത്തരം സിഗ്നലുകള്‍ എന്ന് പലയാവര്‍ത്തി പരിശോധിച്ച് ഉറപ്പുവരുത്തും. തുടര്‍ന്ന് ഇത്തരം സിഗ്നല്‍ മറ്റ് സമാനമായ സ്ഥാപനങ്ങളുമായി പങ്കുവെച്ച് ഇത് യഥാര്‍ഥത്തില്‍ സംഭവിച്ചതാണോയെന്ന് പരിശോധിക്കണം.
എന്നാല്‍ അന്യഗ്രജീവികളുടേതെന്ന് സ്ഥിരീകരിക്കുന്നതുവരെ ഈ വിവരങ്ങളെല്ലാം അതീവരഹസ്യമായിരിക്കും. ഇനി സിഗ്നല്‍ അന്യഗ്രഹജീവികളുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ ആ വിവരം അന്താരാഷ്ട്ര ആസ്‌ട്രോനോട്ടിക്‌സ് അക്കാദമി, അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ തുടങ്ങിയ സ്ഥാപനങ്ങളെ ഔദ്യോഗികമായി അറിയിക്കും. ഇനി അടുത്തപടിയായി അന്യഗ്രജീവികളുമായി ആശയവിനിമയം സ്ഥാപിക്കലാണ്. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങും. അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിക്കാനായാല്‍ അവരുമായുള്ള ആശയവിനിമയത്തിന് നാസയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലേയും വിദഗ്ധരാകും അതിന് നേതൃത്വം കൊടുക്കുക. എന്നാല്‍ അന്താരാഷ്ട്ര ഏജന്‍സികളുമായും സര്‍ക്കാരുകളുമായും കൂടിയാലോചിച്ചതിന് ശേഷമേ ഇതിന് മുതിരുകയുള്ളൂ. അവസാനം ഇക്കാര്യം സ്ഥിരീകരിച്ച് വിവരം പ്രസ്താവനയിലൂടെ സര്‍ക്കാര്‍ സംവിധാനം വഴി പുറത്തുവിടും.
മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ വഴി വ്യാജ വാര്‍ത്തകളും ദുരൂഹതാ സിദ്ധാന്തങ്ങളും പ്രചരിക്കാതിരിക്കാനാണ് ഇത്രയും മുന്‍കരുതല്‍. ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാനുള്ള നടപടികളാകും സര്‍ക്കാരുകള്‍ക്ക് ചെയ്യേണ്ടിവരും. സാങ്കേതികവിദ്യയില്‍ ലോകത്ത് മനുഷ്യർ മാത്രമല്ല മറ്റ് ജീവിവര്‍ഗങ്ങളും മനുഷ്യരെപ്പോലെയോ മനുഷ്യരേക്കാളോ വികാസം പ്രാപിച്ചവര്‍ ഉണ്ടെന്ന സത്യം ഒരുപക്ഷേ, മനസിലാക്കുക എന്നത് അത്യന്തം പ്രയാസമേറിയ കാര്യമാണ്. ഏതെങ്കിലും ഗ്രഹത്തില്‍ നിന്ന് അന്യഗ്രഹ ജീവികളുടെ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിനര്‍ഥം പ്രപഞ്ചത്തില്‍ ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ ജീവനുണ്ട് എന്നും അവയില്‍ പലതും സാങ്കേതികമായി വികസിച്ചവരാകാമെന്നതുമാണ്. അത്രയും നാള്‍ സിദ്ധാന്തങ്ങളായി മാത്രം കരുതിയിരുന്നവ യാഥാര്‍ഥ്യമായി മാറിയേക്കാം.
1980ലാണ് സെതി ഈ പ്രോഗ്രാം ആരംഭിച്ചത്. ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ ജോണ്‍ ബില്ലിങ്ഹാം ആണ് സെതി പ്രോഗ്രാം തുടങ്ങിയത്. 1989ല്‍ അന്യഗ്രഹ ജീവികളെ തിരയുന്നതിനുള്ള പെരുമാറ്റചട്ടങ്ങള്‍ എന്ന രീതിയില്‍ ഒരു മാര്‍ഗരേഖയ്ക്ക് രൂപമായി. 1992ല്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നൊരു മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. ആ സമയത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ നിലനിന്ന ശീതയുദ്ധത്തിന്റെ രൂക്ഷമായ സമയമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു സിഗ്നല്‍ കണ്ടെത്തിയാല്‍ അതിന് അനുവര്‍ത്തിക്കേണ്ട പ്രോട്ടോക്കോള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍ ബില്ലിങ്ഹാം കരുതി. എന്നാല്‍ ഈ പ്രഖ്യാപനത്തിന് നിയമപരമായ പിന്‍ബലമില്ലാതിരുന്നത് വെല്ലുവിളിയായി. സമാനമായ ഗവേഷണങ്ങള്‍ നടത്തിയിരുന്ന മറ്റ് ഏജന്‍സികളും അതുമായി സഹകരിക്കാനും തയ്യാറായില്ല. ശീതയുദ്ധത്തിന്റെ കാലമായിരുന്നതിനാല്‍ അന്യഗ്രഹജീവികളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ അത് ഏതെങ്കിലും രാജ്യത്തിന് മാത്രം കൈവശമാക്കാന്‍ സാധിക്കരുത് എന്നുള്ള ഉദ്ദേശത്തിലാണ് ഈയൊരു മാര്‍ഗരേഖ കൊണ്ടുവന്നതെങ്കിലും അത് ഫലവത്തായില്ല. ഒടുവില്‍ 2010ലാണ് അന്താരാഷ്ട്ര ആസ്‌ട്രോനോട്ടിക്‌സ് അക്കാദമി ഒരു നയരൂപരേഖ ഉണ്ടാക്കിയെടുത്തു. ഇതനുസരിച്ചാണ് നിലവില്‍ അന്യഗ്രജീവികളെപ്പറ്റിയുള്ള തിരച്ചില്‍ നടക്കുന്നത്.
Content Highlights: What Happens if We Find a Signal from Extraterrestrial Intelligence, this is how they do
Published: 04 Dec 2024, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented