പ്രപഞ്ചത്തില്‍ നാം തനിച്ചാണോ എന്ന ചോദ്യം നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്നതാണ്. അന്യഗ്രഹജീവന്റെ സാന്നിധ്യത്തിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും, അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശാസ്ത്രജ്ഞര്‍ ഇപ്പോഴും തുടരുകയാണ്.പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിശ്വസിക്കാന്‍ തക്ക ശക്തമായ കാരണങ്ങളുണ്ടെന്ന് ചില വിദഗ്ധര്‍ പറയുന്നു. അതിനിടെ, അന്യഗ്രഹജീവികള്‍ മനുഷ്യരുമായി ബന്ധപ്പെടാനുള്ള ശ്രമം നിര്‍ത്തിയിരിക്കാം എന്നാണ് നാസ ശാസ്ത്രജ്ഞനായ ഡോ. റോബിന്‍ കോര്‍ബറ്റ് അവകാശപ്പെടുന്നത്.

To advertise here,

അന്യഗ്രഹജീവികള്‍ക്ക് അവിശ്വസനീയമാംവിധം നൂതനമായ സാങ്കേതികവിദ്യ ഇല്ലെന്ന് തന്റെ പുതിയപ്രബന്ധത്തില്‍ അദ്ദേഹം പറയുന്നു പറയുന്നു. 'അവര്‍ക്ക് നമ്മുടേതിനേക്കാള്‍ മികച്ച സാങ്കേതികവിദ്യയൊന്നും ഇല്ല. താരാപഥത്തില്‍ മിതമായ എണ്ണം നാഗരികതകള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് കൂടുതല്‍. അവയിലൊന്നിനും വലിയ തോതിലുള്ള ആസ്‌ട്രോ-എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാങ്കേതിക നിലവാരം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല, അല്ലെങ്കില്‍ അതിനുള്ള ആഗ്രഹം അവര്‍ക്കില്ല.' പിയര്‍ റിവ്യൂ ചെയ്യാത്ത പ്രബന്ധത്തില്‍ അദ്ദേഹം പറയുന്നു.

അവര്‍ നമ്മളെക്കാള്‍ പുരോഗമിച്ചവരാണ്, പക്ഷേ ഒരുപാട് മുന്നിലല്ല. ഐഫോണ്‍ 17-ന് പകരം ഐഫോണ്‍ 42 ഉള്ളതുപോലെയാണത്. - യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ്, ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റായ ഡോ. റോബിന്‍ കോര്‍ബറ്റ് ദി ഗാര്‍ഡിയനോട് പറഞ്ഞു. ബുദ്ധിയുള്ള അന്യഗ്രഹജീവികളുടെ ലക്ഷണങ്ങള്‍ നാം ഇതുവരെ എന്തുകൊണ്ട് കണ്ടെത്തിയിട്ടില്ല എന്ന ചോദ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആശയം.

വികസിത നാഗരികതകള്‍ക്ക് ഉയര്‍ന്ന ശക്തിയുള്ള ബീക്കണുകളോ പേടകങ്ങളോ അയയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അതിന് വലിയ അളവില്‍ ഊര്‍ജം ആവശ്യമായി വരും. ഒരു പ്രതികരണം ലഭിക്കാന്‍ ദശലക്ഷക്കണക്കിനോ ശതകോടിക്കണക്കിനോ വര്‍ഷങ്ങള്‍ എടുത്തേക്കാം. അതിനാല്‍ ഇത് പിന്തുടരുന്നത് ആകര്‍ഷകമല്ലാതായപ്പോള്‍ അവര്‍ക്ക് വിരസത തോന്നിയിരിക്കാം. - നാസയുടെ ഗോദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം പറയുന്നു.

'അവര്‍ക്ക് പ്രകാശത്തേക്കാള്‍ വേഗതയുള്ള സാങ്കേതികവിദ്യകളില്ല, ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍, അല്ലെങ്കില്‍ തമോഗര്‍ത്തങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള യന്ത്രങ്ങളില്ല. അവര്‍ ഭൗതികശാസ്ത്രത്തിലെ പുതിയ നിയമങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല' - കോര്‍ബറ്റ് പറയുന്നു.

യഥാര്‍ത്ഥത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടോ?

5,500-ല്‍ അധികം എക്‌സോപ്ലാനറ്റുകള്‍ (സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍) കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും അവയുടെ നക്ഷത്രങ്ങളുടെ വാസയോഗ്യമായ മേഖലകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അവിടെ നമുക്കറിയാവുന്നതുപോലുള്ള ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് എക്‌സോപ്ലാനറ്റുകളുടെ അന്തരീക്ഷത്തിലെ ബയോസിഗ്‌നേച്ചറുകള്‍ (ജീവന്റെ സൂചനകള്‍) അല്ലെങ്കില്‍ വികസിത നാഗരികതകളില്‍ നിന്നുള്ള സിഗ്‌നലുകള്‍ പോലുള്ള ജീവന്റെ അടയാളങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ സജീവമായി തിരച്ചില്‍ നടത്തുന്നത്.