സ്‌പേസ് എക്‌സിന്റെ പോളാരിസ് ഡൗണ്‍ (Polaris Dawn) ദൗത്യം വൈകുമെന്ന് സ്‌പേസ് എക്‌സ്. ഭ്രമണപഥത്തില്‍ ഇതുവരെ സഞ്ചരിച്ചതില്‍ ഏറ്റവും കൂടുതല്‍ ദൂരം ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനും, സ്വകാര്യ വ്യക്തികളുടെ ബഹിരാകാശ നടത്തം സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ള ദൗത്യമാണ് പൊളാരിസ് ഡൗണ്‍.

To advertise here,

പൂര്‍ണമായും സ്വകാര്യ വ്യക്തികള്‍ മാത്രം യാത്ര ചെയ്യുന്ന ദൗത്യത്തില്‍ ഷിഫ്റ്റ് 4 സി.ഇ.ഒ. ജാരെഡ് ഐസാക്മാന്‍ ആണ് മിഷന്‍ കമാന്‍ഡര്‍, മിഷന്‍ പൈലറ്റ് സ്‌കോട്ട് പൊറ്റീറ്റ്, മിഷന്‍ സ്പെഷ്യലിസ്റ്റ് സാറാ ഗില്ലിസ്, മിഷന്‍ സ്പെഷ്യലിസ്റ്റ് അന്ന മെനോന്‍ എന്നിവരാണ് ദൗത്യത്തിലെ യാത്രികര്‍. ജാരെഡ് ഐസാക്മാന്‍ ആണ് ദൗത്യത്തിന്റെ ചെലവ് വഹിക്കുന്നത്.

ദൗത്യം അടുത്തമാസത്തേക്കാണ് മാറ്റിവെച്ചത്. നാസയുടെ ക്രൂ-9 ദൗത്യ വിക്ഷേപണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണിത്. ഓഗസ്റ്റ് 18 നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള ക്രൂ-9 വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. 

ഐസാക്മാന്‍ വഹിക്കുന്ന മൂന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ ആദ്യത്തേതാണ് പൊളാരിസ് ഡൗണ്‍. ഐസാക്മാന്റെ നേതൃത്വത്തിലുള്ള സംഘം ഭൗമോപരിതലത്തില്‍നിന്ന് 1400.13 കിലോ മീറ്റര്‍ ദൂരേക്കാണ് യാത്ര ചെയ്യുക. 1972-ല്‍ നടത്തിയ അപ്പോളോ 17 ചാന്ദ്രദൗത്യത്തിന് ശേഷം ആദ്യമായാണ് ഇത്രയും ദൂരം മനുഷ്യര്‍ ബഹിരാകാശ യാത്ര നടത്തുന്നത്. 1966-ലെ ജെമിനി 11 ദൗത്യത്തിന് ശേഷം ഏറ്റവും ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് സഞ്ചരിക്കുന്ന ദൗത്യമെന്ന നേട്ടവും പൊളാരിസ് ഡൗണിനായിരിക്കും.