
ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങൾ എന്നും കുഞ്ഞുങ്ങളുടെ കൗതുകമാണ്. വലുതായിട്ട് വിമാനം പറത്തണം എന്ന് ആഗ്രഹിക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും. എന്നാൽ അതിലും വലിയ സ്വപ്‌നമാണ് സാബ്രിന ഗോൺസാലസ് പാസ്റ്റെർസ്‌കി എന്ന പെൺകുട്ടി കണ്ടിരുന്നത്. വലുതാകുമ്പോൾ ഒരു വിമാനം തന്നെ നിർമിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. അതിന് ഏറെ കാത്തിരിക്കേണ്ടിയും വന്നില്ല. 14-ാം വയസ്സിൽ സ്വന്തമായി ഒരു സിംഗിൾ എഞ്ചിൻ വിമാനം അവളുണ്ടാക്കി. രണ്ട് വർഷത്തിനുള്ളിൽ അത് ഒറ്റയ്ക്ക് പറത്തി പുതിയ ചരിത്രമെഴുതുകയും ചെയ്തു. അങ്ങനെ തന്റെ ഇരുപതുകളിൽ തന്നെ അവൾ ലോകമറിയുന്ന ഭൗതിക ശാസ്ത്രജ്ഞയായി വളർന്നു.
പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് തന്റെ ഗവേഷണ പ്രബന്ധത്തിൽ സാബ്രിനയെന്ന പേര് പരാമർശിച്ചതോടെ വഴിത്തിരിവായി. അതു മാത്രമല്ല, നാസയുടേയും ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റേയും അവസരങ്ങളും അവളെ തേടിയെത്തി. എന്നാൽ കോടികളുടെ പ്രതിഫലമുള്ള ഈ ജോലിയെല്ലാം നിരസിച്ച സാബ്രിന ശാസ്ത്ര ഗവേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ശാസ്ത്രലോകത്തെ തന്റെ ജിജ്ഞാസകൾക്കും സംശയങ്ങൾക്കും ഉത്തരം കണ്ടെത്തുന്നതിൽ രസകരമായി മറ്റൊന്നുമില്ലെന്നാണ് സാബ്രിനയുടെ പക്ഷം.
1993-ൽ യുഎസിലെ ഷിക്കാഗോയിലാണ് ജനനം. സിംഗിൾ എഞ്ചിൻ വിമാനം നിർമിച്ചശേഷം 2010-ൽ അവർ അമേരിക്കയിലെ പ്രശസ്ത സർവകലാശാലയായ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രവേശനം നേടാൻ അപേക്ഷിച്ചു. എന്നാൽ വെയ്റ്റിങ് ലിസ്റ്റിലാണ് ഉൾപ്പെട്ടത്. സ്വന്തമായി വിമാനം നിർമിച്ചത് എംഐടിയിൽ പ്രവേശനം നേടിക്കൊടുത്തു. പരമാവധി ഗ്രേഡായ 5 ജിപിഎയോടെ അവർ അവിടെ നിന്ന് ബിരുദം നേടി. രണ്ട് പതിറ്റാണ്ടിനുശേഷം എംഐടിയുടെ ഭൗതികശാസ്ത്രവിഭാഗത്തിൽ ഒന്നാമതെത്തുന്ന ആദ്യ വനിതയെന്ന ചരിത്രവും അവർ സ്വന്തമാക്കി. ഓർലോഫ് സ്‌കോളർഷിപ്പ് നേടുന്ന ആദ്യ വനിതയും സാബ്രിനയായിരുന്നു.
പിന്നീട് ഹാർവാർഡ് സർവകലാശാലയിൽ ഉപരിപഠനത്തിനായി എത്തുകയും തിയറിറ്റിക്കൽ ഫിസിക്‌സിൽ ഗവേഷണം പൂർത്തിയാക്കുകയും ചെയ്തു. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ആൻഡ്രൂ സ്‌ട്രോമിങ്ങളായിരുന്നു സാബ്രിനയുടെ ഗൈഡ്. പിന്നീട് ‘സ്പിൻ മെമ്മറി ഇഫക്റ്റ്’ എന്ന ഗവേഷണത്തിൽ പങ്കാളിയായി. ഈ ഗവേഷണമാണ് സ്റ്റീഫൻ ഹോക്കിങ്ങിന്റെ ശ്രദ്ധയിൽപെട്ടത്.
ഇതിന് പിന്നാലെയാണ് ജോലി വാഗ്ദ്ധാനവുമായി നാസയും ബ്ലൂ ഒറിജിനും അവരെ സമീപിച്ചത്. ഏകദേശം 1.1 മില്ല്യൺ ഡോളർ മൂല്യമുള്ള അധ്യാപക-ഗവേഷണ പാക്കേജുമായി ബ്രൗൺ സർവകലാശാലയും മുന്നോട്ടുവന്നു. എന്നാൽ ഇതെല്ലാം നിരസിച്ച സാബ്രിന പെരിമീറ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയറിറ്റിക്കൽ ഫിസിക്‌സിൽ ചേർന്നു. ഇവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവേഷകയായ സാബ്രിന ലെസ്റ്റിയർ ഹോളോഗ്രഫി ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഗവേഷണം നടത്തുന്നത്.
'ഈ തലമുറയിലെ ആൽബർട്ട് ഐൻസ്റ്റീൻ' എന്ന് ലോകം വിശേഷിപ്പിക്കുന്ന സാബ്രിനയുടെ ലക്ഷ്യം പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമങ്ങൾ കണ്ടെത്തുക എന്നതാണ്. ഗുരുത്വാകർഷണ സിദ്ധാന്തത്തെ ക്വാണ്ടം മെക്കാനിക്‌സുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രജ്ഞരിലാണ് സാബ്രിനയും ഉൾപ്പെടുന്നത്. പതിറ്റാണ്ടുകളായി ഭൗതികശാസ്ത്രജ്ഞരെ കുഴപ്പിക്കുന്ന ഈ ഗവേഷണത്തിനിടയിലുണ്ടാകുന്ന ഓരോ കണ്ടെത്തലുകളും തന്നെ ആവേശം കൊള്ളിക്കുന്നുവെന്ന് സാബ്രിന പറയുന്നു.
Content Highlights: Pasterski is a leading theoretical physicist researching the link between quantum mechanics and gravity., She founded the Celestial Holography Initiative, which received an $8 million grant in 2023., Her research builds upon the work of Albert Einstein and was cited by Stephen Hawking., She has declined major offers from NASA, Blue Origin, and academic institutions to pursue independent research., Her work aims to resolve the fundamental conflict between general relativity and quantum mechanics.
Published: 12 Jul 2026, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented