അതീവ രഹസ്യമായിരുന്ന നീക്കങ്ങളെല്ലാം. അമേരിക്കയുടെയും ശത്രുരാജ്യങ്ങളുടെയും കണ്ണുവെട്ടിച്ചുള്ളനീക്കങ്ങള്‍. 1974-ലെ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം. പരീക്ഷണത്തിനായി ഉപയോഗിച്ച 'പ്ലൂട്ടോണിയം ബോള്‍' വഹിച്ച് പ്രത്യേക ദൗത്യസംഘം മുംബൈയില്‍നിന്ന് പൊക്രാനിലേക്ക് പോയി. പ്രധാന വാഹകനായി പ്രത്യേക സുരക്ഷാവേഷത്തില്‍ ആര്‍.ചിദംബരവും. ദൗത്യശേഷം 'സമാധാനപരമായ ആണവ സ്ഫോടനം' എന്ന് ചിദംബരം അതിനെ വിശേഷിപ്പിച്ചു. ഉപരോധത്തിന്റെ ഭാഗമായി ആണവ സ്‌ഫോടനത്തിലെ ചിദംബരത്തിന്റെ പങ്ക് ചൂണ്ടിക്കാട്ടി അമേരിക്ക അദ്ദേഹത്തിന് വിസ നിഷേധിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആറ്റോമിക് എനര്‍ജി ചീഫായി എത്തിയ ചിദംബരത്തിന്റെ മേല്‍നോട്ടത്തില്‍ 1998-ല്‍ ഇന്ത്യ അഞ്ച് ആണവായുധ പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തി. ഇതോടെ ഇന്ത്യയെ ഒരു ആണവായുധ രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. 

To advertise here,

പൊക്രാന്‍ 1 (സ്മൈലിങ് ബുദ്ധ), പൊക്രാന്‍ 2 (ഓപ്പറേഷന്‍ ശക്തി) ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ചിദംബരം ഇന്ന് വിടവാങ്ങുമ്പോള്‍ ആറ്റോമിക് എനര്‍ജി വകുപ്പ് സെക്രട്ടറി ഡോ. അജിത് കുമാര്‍ കുറിച്ചത് ഇങ്ങനെ, 'അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇന്ത്യയുടെ ആണവശേഷിയും തന്ത്രപരമായ സ്വാശ്രയത്വവും ഉയര്‍ത്തി. അദ്ദേഹത്തിന്റെ നഷ്ടം ശാസ്ത്ര സമൂഹത്തിനും രാജ്യത്തിനും നികത്താനാവാത്ത ഒന്നാണ്'.

88-കാരനായ ഇതിഹാസ ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞന്‍ ഡോ ആര്‍ ചിദംബരം ഇന്ന് രാവിലെയാണ് മുംബൈയില്‍ അന്തരിച്ചത്. 

ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായും ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ച ചിദംബരത്തെ ആണവരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു. 

1974-ലെ സ്‌മൈലിങ് ബുദ്ധയ്ക്കും 1998-ല്‍ ഓപ്പറേഷന്‍ ശക്തിക്കും നിര്‍ണായ സംഭാവന നല്‍കിയ അപൂര്‍വ ആണവ ശാസ്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം.

ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനെ ഡോ. ചിദംബരം ശക്തമായി എതിര്‍ത്തിരുന്നു. 'ഒരാള്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുമ്പോള്‍, കാലഹരണപ്പെട്ട സാങ്കേതികവിദ്യ മാത്രമേ ലഭിക്കൂ, ഒരു രാജ്യവും അവരുടെ അത്യാധുനികയും സാങ്കേതിക മുന്നേറ്റങ്ങളും മറ്റുള്ളവരുമായി പങ്കിടില്ല' ഒരു അഭിമുഖത്തിനിടെ മുമ്പ് ചിദംബരം പറയുകയുണ്ടായി.

ചെന്നൈയില്‍ ജനിച്ച ചിദംബരം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം 1962-ല്‍ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (BARC) ചേര്‍ന്നു. 1974 ലെ ആണവപരീക്ഷണത്തിന്റെ രൂപകല്പനയിലും നിര്‍വ്വഹണത്തിലും പ്രധാന പങ്ക് അദ്ദേഹം വഹിച്ചിരുന്നു.

1990-ല്‍ ബാര്‍ക്കിന്റെ ഡയറക്ടറായി ചിദംബരം 1993-ല്‍ ആണവോര്‍ജ്ജ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു. 2000 വരെ ആ പദവിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1998-ല്‍ ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തിയത്.


ആറ്റോമിക് എനര്‍ജി കമ്മിഷനില്‍ നിന്ന് വിരമിച്ച ഉടന്‍ ചിദംബരം ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ പിന്‍ഗാമിയായി പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായി (പിഎസ്എ) ചുമതലയേറ്റു. 17 വര്‍ഷത്തിലേറെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു. അന്താരാഷ്ട്ര ആണവ വാണിജ്യത്തില്‍ ഇന്ത്യക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്ന ചര്‍ച്ചകളിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.