ഭൂമിക്കടിയില്‍ കണ്ടെത്തിയ അസാധാരണമായ സ്പന്ദനത്തിന് പിന്നാലെ ശാസ്ത്രലോകം. സതാംപ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ആഫ്രിക്കയ്ക്ക് താഴെ മൂന്ന് ഭൂഭാഗ ഫലകങ്ങള്‍ കൂടിച്ചേരുന്ന എത്യോപ്യയിലെ അഫാര്‍ മേഖലയിലുണ്ടാകുന്ന സ്പന്ദനം തിരിച്ചറിഞ്ഞത്. മാഗ്മ (ദ്രവശില) ഭൂമിയുടെ പുറംതോടില്‍ ആഞ്ഞടിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഇത് ക്രമേണ ഭൂഖണ്ഡത്തെ  വേര്‍പെടുത്തുകയും ഒരു പുതിയ സമുദ്രം രൂപപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

To advertise here,

ശാസ്ത്രജ്ഞര്‍ അഫാര്‍ മേഖലയിലെ 130-ലധികം അഗ്‌നിപര്‍വ്വത പാറകളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. അവര്‍ ഭൂമിയുടെ പുറന്തോടിന്റെയും മാന്റിലിന്റെയും ഘടനയെക്കുറിച്ച് പഠിക്കാന്‍ നിലവിലുള്ള ഡാറ്റയും നൂതന സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗും ഉപയോഗിച്ചു. അഫാറിന് താഴെയുള്ള മാന്റില്‍ ഏകീകൃതമോ സ്ഥിരമോ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അത് സ്പന്ദിക്കുകയാണെന്നും സതാംപ്റ്റണ്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയും സ്വാന്‍സീ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ. എമ്മ വാട്‌സ് പറയുന്നു.

ഹൃദയമിടിപ്പ് പോലെയാണ് സ്പന്ദനങ്ങളെന്ന് സതാംപ്റ്റണ്‍ സര്‍വകലാശാലയിലെ ഭൗമശാസ്ത്ര പ്രൊഫസറും പഠനത്തില്‍ പങ്കാളിയുമായ ടോം ജെര്‍നോണ്‍ പറയുന്നു. നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂഭാഗ ഫലകങ്ങള്‍ ആഴത്തില്‍നിന്ന് ചൂടുള്ള വസ്തുക്കളുടെ മുകളിലേക്കുള്ള ഒഴുക്കിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ഭൂഖണ്ഡം പിളരുമ്പോള്‍ ഒരു പുതിയ സമുദ്ര തടം രൂപപ്പെടും. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് സമുദ്രത്തിന്റെ അടിത്തട്ട് വികസിക്കുന്നത് തുടര്‍ന്നുപോകും.

ഇത്തരം പ്രവാഹങ്ങളുടെ പരിണാമം മുകളിലുള്ള ഫലകങ്ങളുടെ ചലനവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയതായി സതാംപ്റ്റണ്‍ സര്‍വകലാശാലയിലെയും ഫ്‌ളോറന്‍സ് സര്‍വ്വകലാശാലയിലെയും ഭൗമശാസ്ത്ര അസോസിയേറ്റ് പ്രൊഫസറും പഠനത്തില്‍ പങ്കാളിയുമായ ഡോ. ഡെറക് കെയ്ര്‍ പറയുന്നു. അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍, ഭൂകമ്പം, ഭൂഖണ്ഡം വേര്‍പെടുന്ന പ്രക്രിയ എന്നിവയ്ക്ക് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.