
മണിക്കൂറുകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ ഷിഫ്റ്റ് 4 പേമെന്റ്‌സ് സ്ഥാപകനും ശതകോടീശ്വര വ്യവസായിയുമായ 41 കാരന്‍ ജാരെഡ് ഐസക്മാന്‍ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ വാതില്‍ തുറന്ന് ബഹിരാകാശ ശൂന്യതയിലേക്ക് പതിയെ ഇറങ്ങിച്ചെന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിക്കുന്ന നാഴികക്കല്ലാകുന്ന നേട്ടങ്ങളിലൊന്ന്. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം. ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കല്ലാതെ സാധാരണക്കാരായ സ്വകാര്യ വ്യക്തികള്‍ക്ക് ബഹിരാകാശം അപ്രാപ്യമായ കാര്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പൊളാരിസ് ഡോണ്‍ ദൗത്യം.
പൊളാരിസ് ഡോണ്‍ ദൗത്യം
2021 സെപ്റ്റംബറില്‍ ജാരെഡ് ഐസാക്മാന് വേണ്ടി സ്‌പേസ് എക്‌സ് സംഘടിപ്പിച്ച പൂര്‍ണമായും സ്വകാര്യ വ്യക്തികളെ വഹിച്ചുള്ള ചരിത്രത്തിലെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു 'ഇന്‍സ്പിരേഷന്‍ 4). ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം 2022 ഫെബ്രുവരിയിലാണ് ജാരെഡ് ഐസാക്മാന്‍ പൊളാരിസ് പദ്ധതി പ്രഖ്യാപിച്ചത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, വ്യവസായിയായ ജാരെഡ് ഐസക്മാന്‍ പണം മുടക്കി ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ സാങ്കേതികവിദ്യാ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ പിന്തുണയില്‍ ആവിഷ്‌കരിച്ച സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമാണ് പൊളാരിസ് ഡോണ്‍. മൂന്ന് ദൗത്യങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് സെപ്റ്റംബര്‍ പത്തിന് വിക്ഷേപിച്ചത്.

താഴെ പറയുന്ന ലക്ഷ്യങ്ങളാണ് പൊളാരിസ് ദൗത്യത്തിനുള്ളത്.
- സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം (സ്‌പേസ് വാക്ക്)
- ഭൂമിയില്‍ നിന്ന് 1400 കിമീ ഉയരത്തില്‍ മനുഷ്യരെ എത്തിക്കുക, അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യര്‍ സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരം
- നാസ പുതിയതായി രൂപകല്‍പന ചെയ്ത എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി (ഇവിഎ) സ്‌പേസ് സ്യൂട്ടുകള്‍ ബഹിരാകാശത്ത് പരീക്ഷിക്കുക
- സ്റ്റാര്‍ലിങ്കിന്റെ ലേസര്‍ അധിഷ്ടിത ആശയവിനിമയ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങളും
ഇതിനെല്ലാം പുറമെ വാണിജ്യ ബഹിരാകാശ യാത്രയെന്ന നിലയില്‍ യുഎസിലെ മെംഫിസിലുള്ള സെന്റ് ജൂഡ് ചില്‍ഡ്രന്‍ ആശുപത്രിയ്ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവും പൊളാരിസ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നു.
പ്രതിബന്ധങ്ങള്‍ പിന്നിട്ട്
യഥാര്‍ത്ഥത്തില്‍ 2022 ല്‍ ആദ്യ പൊളാരിസ് ഡോണ്‍ പേടകം വിക്ഷേപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി (ഇവിഎ) എന്ന് വിളിക്കുന്ന പേടകത്തിന് പുറത്തിറങ്ങുന്ന ജോലിക്ക് ആവശ്യമായ സ്‌പേസ് സ്യൂട്ട് വികസിപ്പിക്കുന്നതില്‍ നേരിട്ട കാലതാമസമാണ് ദൗത്യം വൈകാന്‍ ഇടയാക്കിയത്. പിന്നീട് 2023 ല്‍ പലതവണ വിക്ഷേപണത്തിന് ശ്രമിച്ചെങ്കിലും അത് 2024 ലേക്ക് നീണ്ടു. ഈ വര്‍ഷം ജൂലായ് മാസത്തില്‍ ദൗത്യം വിക്ഷേപിക്കാനിരുന്നെങ്കിലും നാസയുടെ ക്രൂ 9 വിക്ഷേപണം നടത്തുന്നതിന് വേണ്ടി പൊളാരിസ് ഡൗണ്‍ വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാല്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകവുമായി ബന്ധപ്പെട്ട സങ്കീര്‍ണതക്കിടയില്‍ ക്രൂ 9 ദൗത്യം മാറ്റിവെച്ചു. ഇതോടെയാണ് വീണ്ടും പൊളാരിസ് ദൗത്യം സജീവമായത്. ഇങ്ങനെ ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിട്ട് പലതവണ വിക്ഷേപണ തീയ്യതികള്‍ മാറ്റിയാണ് ഒടുവില്‍ 2024 സെപ്റ്റംബര്‍ പത്തിന് ദൗത്യം വിക്ഷേപിച്ചത്.

സെപ്റ്റംബര്‍ പത്തിന് ചൊവ്വാഴ്ച ഫ്‌ളോറിഡയിലെ കെന്നഡി ഹിരാകാശവിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍ സമയം പകല്‍ 2.50-നാണ് സ്പെയ്‌സ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം കുതിച്ചുയര്‍ന്നത്. മിഷന്‍ കമാന്‍ഡറായ ജാരെഡ് ഐസാക്മാനെ കൂടാതെ മുന്‍ യു.എസ്. വ്യോമസേനാ പൈലറ്റ് സ്‌കോട്ട് പൊടീറ്റ്, സ്പെയ്സ് എക്‌സിലെ എന്‍ജിനിയര്‍മാരായ സാറാ ഗില്ലിസ്, അന്ന മേനോന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. സെപ്റ്റംബര്‍ 12 ന് ഭൂമിയില്‍ നിന്ന് 1400 കിലോമീറ്ററിലേറെ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകമെത്തി. 1972ല്‍ നടത്തിയ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് ഇത്രയും ദൂരം മനുഷ്യര്‍ ബഹിരാകാശ യാത്ര നടത്തുന്നത്. 1966-ലെ ജെമിനി 11 ദൗത്യത്തിന് ശേഷം ഏറ്റവും ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് സഞ്ചരിക്കുന്ന ദൗത്യമെന്ന നേട്ടവും പൊളാരിസ് ഡൗണിനായിരിക്കും. ഇത്രയും ദൂരം ഒരു സ്വകാര്യ ബഹിരാകാശ കമ്പനി മനുഷ്യരെ എത്തിക്കുന്നതും, സ്വകാര്യ വ്യക്തികള്‍ ഇത്രയും ദൂരം സഞ്ചരിക്കുന്നതും ആദ്യമായാണ്.
നേട്ടങ്ങള്‍ ഒരോന്നായി
ഏറ്റവും അധികം ഉയരത്തില്‍ മനുഷ്യരെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിച്ച പേടകം പിന്നിട് 600 കിലോമീറ്ററിനും 700 കിലോമീറ്ററിനും ഇടയിലുള്ള ഭ്രമണ പഥത്തിലേക്ക് ഇറങ്ങിയതിന് ശേഷമാണ് ബഹിരാകാശ നടത്തത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒട്ടേറെ തവണ ബഹിരാകാശ സഞ്ചാരികളെ എത്തിച്ചിട്ടുണ്ടെങ്കിലും ഭ്രമണപഥത്തില്‍ വെച്ച് ഈ പേടകത്തിലെ സഞ്ചാരികള്‍ പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്. പേടകത്തിനുള്ളിലെ വായു സമ്മര്‍ദ്ദ ക്രമീകരണം, സഞ്ചാരികള്‍ ധരിച്ച ബഹിരാകാശ വസ്ത്രത്തിനുള്ളിലെ വായുമര്‍ദ്ദ ക്രമീകരണം അ ഇക്കാരണം കൊണ്ടുതന്നെ ഒട്ടേറെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് ജാരെഡ് ഐസാക് മാന്‍ പേടകത്തിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. അല്‍പനേരം പേടകത്തിന്റെ കവാടത്തില്‍ നിന്ന് ശൂന്യാകാശത്തെ കാഴ്ചകള്‍ നേരിട്ടുകണ്ടുനിന്ന ജാരെഡ് ഐസാക് മാന്‍ തിരിച്ച് പേടകത്തിലേക്ക് ഇറങ്ങിയതിന്. പിന്നാലെ സ്‌പേസ് എക്‌സ് എഞ്ചിനീയര്‍ സാറാ ഗില്ലിസും പേടകത്തിന് പുറത്തിറങ്ങി. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ആദ്യ ബഹിരാകാശ നടത്ത ദൗത്യം സംഘടിപ്പിക്കാന്‍ സ്‌പേസ് എക്‌സിനായി. ഒപ്പം തങ്ങള്‍ വികസിപ്പിച്ച സ്‌പേസ് സ്യൂട്ടിന്റെ ( ഇവിഎ സ്യൂട്ടുകള്‍ ) കാര്യക്ഷമത പരിശോധിക്കാനും കമ്പനിക്ക് സാധിച്ചു.
സ്‌പേസ് എക്‌സിന്റെ പുത്തന്‍ ബഹിരാകാശ കുപ്പായം
ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്ന് തരം വസ്ത്രങ്ങളാണ് സഞ്ചാരികള്‍ ധരിക്കാറുള്ളത്. വായുസമ്മര്‍ദം ക്രമീകരിച്ചിട്ടുള്ള പേടകത്തിനുള്ളില്‍ ധരിക്കുന്ന ഇന്‍ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി സ്യൂട്ടുകള്‍ (ഐവിഎ), പേടകത്തിന് പുറത്തിറങ്ങിയുള്ള ജോലികള്‍ക്കായി ധരിക്കുന്ന എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി സ്യൂട്ടുകള്‍ (ഇവിഎ), ഇത് രണ്ടിനും ഉപയോഗിക്കാനാവുന്ന ഇന്‍ട്രാ/എക്‌സ്ട്രാവെഹിക്കുലാര്‍ ആക്ടിവിറ്റി (ഐഇവിഎ) സ്യൂട്ടുകള്‍ എന്നിവയാണവ.
ബഹിരാകാശ പേടകത്തിന് പുറത്തിറങ്ങുന്നതിനായി സ്‌പേസ് എക്‌സ് വികസിപ്പിച്ച പുതിയ ഇവിഎ സ്യൂട്ട് ആണ് പൊളാരിസ് ദൗത്യസംഘം ഉപയോഗിച്ചത്. അപ്പോളോ ദൗത്യത്തില്‍ ചന്ദ്രനിലിറങ്ങാന്‍ ഉപയോഗിച്ചിരുന്ന ഇവിഎ സ്യൂട്ടില്‍ നിന്നും അതിന് ശേഷം വന്ന ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ഉപയോഗിക്കുന്ന പരിഷ്‌കരിച്ച ബഹിരാകാശ വസ്ത്രത്തില്‍ നിന്നും ഏറെ വ്യത്യാസങ്ങളുള്ളതാണ് സ്‌പേസ് എക്‌സിന്റെ ഇവിഎ സ്യൂട്ട്.
പ്രധാനമായും ഈ വസ്ത്രത്തിന്റെ ഭാരം കുറവാണ്. കൈകാലുകള്‍ കൂടുതല്‍ സുഗമമായി ചലിപ്പിക്കാന്‍ ഈ വസ്ത്രത്തില്‍ സാധിക്കും. ഇതിലെ ഹെല്‍മെറ്റിലെ വൈസറില്‍ പ്രത്യേക ഡിസ്‌പ്ലേയും നല്‍കിയിട്ടുണ്ട്. എളുപ്പം നിര്‍മിക്കാന്‍ സാധിക്കുന്ന ഫാബ്രിക് അടിസ്ഥാനമാക്കിയ വസ്തു ഉപയോഗിച്ചാണ് സ്‌പേസ് സ്യൂട്ടിന്റെ നിര്‍മാണം.

ചന്ദ്രനിലും ചൊവ്വയിലും ഭാവിയില്‍ മനുഷ്യരുടെ സ്ഥിരവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. നാസ ഉള്‍പ്പടെ വിവിധ ബഹിരാകാശ ഏജന്‍സികളും ഇതേ ലക്ഷ്യവുമായി നീങ്ങുകയാണ്. അത്തരം ദൗത്യങ്ങളില്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ ആയിരക്കണക്കിന് സ്‌പേസ് സ്യൂട്ടുകള്‍ ആവശ്യമായി വരും. ഈ ആവശ്യകത മുന്നില്‍ കണ്ടുകൊണ്ടാണ് സ്‌പേസ് എക്‌സ് പുതിയ ഇവിയെ സ്യൂട്ട് വികസിപ്പിച്ചത്.
അതിവേഗ ആശയവിനിമയ സാങ്കേതിക വിദ്യയുടെ പരീക്ഷണം.
ബഹിരാകാശത്ത് സ്റ്റാര്‍ലിങ്ക് ലേസര്‍ അധിഷ്ഠിത ആശയവിനിമയങ്ങള്‍ പരീക്ഷിക്കുന്ന ആദ്യത്തെ ബഹിരാകാശ സഞ്ചാരികളാണ് പോളാരിസ് ഡോണ്‍ ദൗത്യത്തിലേത്. ഭാവിയിലെ ബഹിരാകാശ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറമുള്ള ദൗത്യങ്ങള്‍ക്ക് ആവശ്യമായ ആശയവിനിമയ സാങ്കേതിക വിദ്യ ഒരുക്കാന്‍ ഈ സാങ്കേതിക വിദ്യാ പരീക്ഷണത്തിലൂടെ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും.
സഞ്ചാരികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍
മനുഷ്യരുടെ ബഹിരാകാശ യാത്രാ സാങ്കേതിക വിദ്യകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണ് പൊളാരിസ് ഡോണ്‍ ദൗത്യം. വിവിധ സാങ്കേതിക വിദ്യകളുടെ പരീക്ഷണങ്ങള്‍ക്കൊപ്പം തന്നെ ബഹിരാകാശ യാത്രകള്‍ മനുഷ്യരിലുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാനും പൊളാരിസ് ഡോണ്‍ ദൗത്യം ലക്ഷ്യമിടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 31 സ്ഥാപനങ്ങളുമായി സഹകരിച്ച് 36 ശാസ്ത്ര പരീക്ഷണങ്ങളാണ് പൊളാരിസ് ദൗത്യത്തില്‍ നടത്തുന്നത്.
Content Highlights: Jared Isaacman leads Polaris Dawn, private space mission, Private Spacewalk
Published: 13 Sept 2024, 01:55 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented