സ്പേസ് എക്സിന്റെ പൊളാരിസ് ഡൗണ്‍ ദൗത്യം വിക്ഷേപിച്ചു. സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.08 നായിരുന്നു വിക്ഷേപണം. കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിച്ചത്. സ്വകാര്യ ബഹിരാകാശ യാത്രാ രംഗത്ത് ചരിത്രം കുറിക്കാന്‍ ലക്ഷ്യമിട്ടാണ് ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്.
സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തവും അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യരെ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ ബഹിരാകാശത്തെത്തിക്കാനും ലക്ഷ്യമിട്ടുള്ള ദൗത്യമാണിത്. കോടീശ്വര വ്യവസായി ജാരെഡ് ഐസാക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേടകത്തിലുള്ളത്. യുഎസ് വ്യോമസേനയില്‍ നിന്ന് വിരമിച്ച ലഫ്റ്റനന്റ് കേണല്‍ സ്കോട്ട് കിഡ് പൊറ്റീറ്റ് ആണ് ദൗത്യത്തിലെ പൈലറ്റ്. ഇവര്‍ക്കൊപ്പം മിഷന് സ്പെഷ്യലിസ്റ്റുകളായി സ്പേസ് എക്സ് എഞ്ചിനീയര്‍മാരായ സാറാ ഗില്ലിസ്, അന്ന മെനോന്‍ എന്നിവരും ദൗത്യത്തിന്റെ ഭാഗമാവും.
പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്. പല തവണ മാറ്റിവെച്ച ദൗത്യമാണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. ജാരെഡ് ഐസാക്മാന് തന്നെയാണ് ദൗത്യങ്ങളുടെ ചെലവ് വഹിക്കുന്നത്. 2021 സെപ്റ്റംബറില്‍ നടന്ന ഇന്സ്പിരേഷന് 4 ദൗത്യത്തിന് നേതൃത്വം നല്കിയതും ഐസാക്മാന് ആയിരുന്നു.
അഞ്ച് ദിവസം ഭ്രമണപഥത്തില്‍ സഞ്ചരിച്ചതിന് ശേഷമാണ് പേടകം തിരിച്ചിറക്കുക. 1400 കിമീ ഉയരം വരെ പേടകം സഞ്ചരിക്കും.
നേരത്തെ നാസയുടെ ക്രൂ 9 വിക്ഷേപണം നടത്തുന്നതിന് വേണ്ടി പൊളാരിസ് ഡൗണ്‍ വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകം തിരിച്ചിറക്കാനാകാത്തതിനെ തുടര്‍ന്ന് പേടകത്തില്‍ നിലയത്തിലെത്തിയ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും അടുത്ത വര്‍ഷം വരെ നിലയത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ക്രൂ 9 വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.
പൊളാരിസ് ഡൗണ്‍ ലക്ഷ്യങ്ങള്‍
ചരിത്രത്തില്‍ ആദ്യത്തേത് എന്ന് പറയാനാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് പൊളാരിസ് ഡൗണ്‍ ദൗത്യം ഒരുങ്ങുന്നത്. അവ താഴെ പറയുന്നു.
- സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം (സ്പേസ് വാക്ക്)
- ഭൂമിയില്‍ നിന്ന് 700 കിമീ ഉയരത്തില്‍ മനുഷ്യരെ എത്തിക്കുക, അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യര്‍ സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരം
- നാസ പുതിയതായി രൂപകല്പന ചെയ്ത എക്സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി (ഇവിഎ) സ്പേസ് സ്യൂട്ടുകള്‍ ബഹിരാകാശത്ത് പരീക്ഷിക്കുക
- സ്റ്റാര്‍ലിങ്കിന്റെ ലേസര്‍ അധിഷ്ടിത ആശയവിനിമയ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങളും
- സെന്റ് ജൂഡ് ചില്‍ഡ്രന്‍ ആശുപത്രിയ്ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണം.
Content Highlights: Polaris Dawn launch, Space X Missions, Sunita Williams, Crew 9 Date, Polaris Dawn Objectives
Published: 10 Sept 2024, 06:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented