സാധാരണയായി മൂന്നവസ്ഥകളിലാണ് ഭൂമിയില്‍ ജലം കാണപ്പെടുന്നത്. ഖരം (ഐസ്), ദ്രാവകം (ജലം), വാതകം (നീരാവി) എന്നീ മൂന്നവസ്ഥകളിലും സ്ഥിതി ചെയ്യാന്‍ ഭൂമിയുടെ അന്തരീക്ഷം ജലത്തിന്റെ ഘടനയ്ക്ക് അനുകൂലമാണ്. എന്നാല്‍ ഭൂമിയ്ക്ക് പുറത്ത് നാലാമതൊരു അവസ്ഥയില്‍ ജലം കാണപ്പെട്ടേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണയായി കാണപ്പെടുന്ന മൂന്നവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായ പ്ലാസ്റ്റിക് ഐസ് VII (plastic ice VII) എന്ന അവസ്ഥയില്‍ അന്യഗ്രഹത്തില്‍ ജലം ഉണ്ടാകാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ജലത്തിന്റെ ഇത്തരമൊരു അവസ്ഥയെ കുറിച്ച് മുന്‍പും വാദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ ആദ്യമായി ഈ വാദങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുന്ന തെളിവുമായെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ഫ്രാന്‍സിലെ അന്താരാഷ്ട്ര ശാസ്ത്രസ്ഥാപനമായ ഇന്‍സ്റ്റിട്യൂട്ട് ലാവ്-ലാനജെവിനിലെ (Institut Laue-Langevin -ILL) ഒരു സംഘം ശാസ്ത്രഗവേഷകര്‍ പ്ലാസ്റ്റിക് ഐസ് VII സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. ഉയര്‍ന്ന ശേഷിയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ജലത്തെ ആറ് ഗിഗാപാസ്‌കല്‍ മര്‍ദത്തിലേക്ക് (6 gigapascal- മര്‍ദം അളക്കുന്ന യൂണിറ്റാണ് പാസ്‌കല്‍, ഒരു മില്യണ്‍ പാസ്‌കലാണ് ഒരു ഗിഗാപാസ്‌കല്‍) ജലത്തെ അമര്‍ത്തി 327 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ ചൂടാക്കിയാണ് പ്ലാസ്റ്റിക് ഐസ് VII എന്ന രൂപത്തിലേക്ക് ഗവേഷകര്‍ മാറ്റിയെടുത്തിരിക്കുന്നത്. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് വിശദീകരിച്ചിരിക്കുന്നു.
ഹൈഡ്രജന്‍ ആറ്റങ്ങള്‍ പോലുള്ള സൂക്ഷ്മകണങ്ങളുടെ ചലനം നിരീക്ഷിക്കുന്ന ഖ്വാസി-ഇലാസ്റ്റിക് സ്‌കാറ്ററിങ് (quasi-elastic neutron scattering - QENS) രീതിയാണ് ഗവേഷകര്‍ ഇതിനായി ഉപയോഗപ്പെടുത്തിയത്. ഉയര്‍ന്ന താപനിലയിലും മര്‍ദത്തിലും ഐസ് VII ല്‍ ഹൈഡ്രജന്‍ കണികകള്‍ അതിസൂക്ഷ്മമായ പരിധിയില്‍ നിശ്ചിതകേന്ദ്രത്തിനുചുറ്റും ചുറ്റിക്കറങ്ങുമെന്ന 17 കൊല്ലം മുന്‍പത്തെ ശാസ്ത്രപ്രവചനത്തിനാണ് പുതിയ ഗവേഷണം സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.
ദ്രാവക, ഖരാവസ്ഥകളിലുള്ള ജലത്തിന്റെ സവിശേഷതകള്‍ പ്രകടമാക്കുന്നതിനാലാണ് ഈ ജലാവസ്ഥയ്ക്ക് പ്ലാസ്റ്റിക് ഐസ് VII എന്ന നാമം നല്‍കിയിരിക്കുന്നത്. ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഒരു പരിധി വരെ ക്രമരഹിതമായിരിക്കുമ്പോള്‍ അതിന് തികച്ചും സവിശേഷമായ ഒരു പരസ്പരബന്ധിതഘടനയുണ്ട്. പ്രതീക്ഷിച്ചിരുന്ന തരത്തിലുള്ള സ്വതന്ത്രമായ ചലനസ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ തന്‍മാത്രാഭ്രമണമാണ് QENS കണക്കുകള്‍ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ഗവേഷകസംഘം പറഞ്ഞു. അതേസമയം പ്ലാസ്റ്റിക് ഐസ് VII ഉരുകുമ്പോള്‍ എന്തുസംഭവിക്കും എന്നത് അവ്യക്തമാണ്. തന്‍മാത്രകള്‍ തല്‍സ്ഥാനത്ത് തുടരുകയും ഹൈഡ്രജന്‍ ആറ്റങ്ങള്‍ ചലിച്ചുകൊണ്ടേയിരിക്കുമെന്നും ചില ശാസ്ത്രവാദങ്ങളുണ്ട്. ഇതിനെ കുറിച്ച് തുടര്‍പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
നമ്മുടെ സൗരയൂഥത്തിലെ തണുത്തുറഞ്ഞ ഗ്രഹങ്ങളായ നെപ്ട്യൂണ്‍, യുറാനസ്, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ എന്നിവടങ്ങളില്‍ പ്ലാസ്റ്റിക് ഐസ് VII ഉണ്ടായിരുന്നിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതല്‍ പഠനങ്ങള്‍ ഇതിലേക്ക് വെളിച്ചം വീശുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
Content Highlights: Researchers have created `Plastic Ice VII,` under extreme pressure and temperature
Published: 09 Mar 2025, 10:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented