ഭൂമിക്ക് പുറത്ത് ജീവന് സാധ്യതയുള്ള ഗ്രഹങ്ങള്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് അന്ത്യമില്ല. ജീവന് സാധ്യതയുള്ളതും അല്ലാത്തതുമായ നിരവധി ഗ്രഹങ്ങളെ സൗരയൂഥത്തിന് പുറത്ത് ബഹിരാകാശ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊന്നുകൂടി. ഭൂമിയില്‍ നിന്ന് 20 പ്രകാശവര്‍ഷം മാത്രം അകലെയുള്ള മാതൃനക്ഷത്രത്തിനെ ചുറ്റുന്ന ഗ്രഹത്തിനെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

To advertise here,

പ്രകാശവര്‍ഷമെന്നാല്‍ പ്രകാശം ഒരുവര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമെന്നാണ് കണക്കാക്കുന്നത്. പ്രകാശം ഒരുവര്‍ഷംകൊണ്ട് ഏകദേശം 9.461 ലക്ഷം കോടി കിലോമീറ്റര്‍ വരും. നിലവില്‍ കണ്ടെത്തിയ ഗ്രഹത്തിലേക്ക് 20 പ്രകാശവര്‍ഷമാണ് ദൂരം. ഈ ഗ്രഹം ഭൂമിയേപ്പോലെ അതിന്റെ മാതൃനക്ഷത്രത്തില്‍ നിന്ന് ജീവന് അനുയോജ്യമായ അകലത്തിലാണ് പരിക്രമണം ചെയ്യുന്നത്. എച്ച്.ഡി. 20794 ഡി എന്നാണ് ഈ ഗ്രഹത്തിന് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. എച്ച്.ഡി. 20794 എന്ന നക്ഷത്രത്തിനെയാണ് ഈ ഗ്രഹം പരിക്രമണം ചെയ്യുന്നത്. ഇതുകൂടാതെ മറ്റ് രണ്ട് ഗ്രഹങ്ങളും ഈ നക്ഷത്രത്തിനെ വലംവെയ്ക്കുന്നുണ്ട്. എന്നാല്‍ ഉറച്ച പ്രതലമുള്ള ഗ്രഹമെന്ന നിലയില്‍ ഇതിനെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. 

ഒക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തലിനുപിന്നില്‍. ഭൂമിയേക്കാള്‍ ആറുമടങ്ങ് വലിപ്പമുള്ള ഗ്രഹമാണ് എച്ച്.ഡി. 20794 ഡി. മുമ്പ് കണ്ടെത്തിയ ഗ്രഹങ്ങളേക്കാള്‍ ഏറ്റവും സമീപത്തുള്ള ഗ്രഹമാണ് എച്ച്.ഡി. 20794 ഡിയെന്ന് ഗവേഷകനായ ഡോ. മിഖായേല്‍ ക്രെടിന്യെര്‍ പറയുന്നു. ഭാവിയില്‍ അവിടേക്ക് പര്യവേക്ഷണ പേടകങ്ങള്‍ അയക്കാനുള്ള സാധ്യതയും ചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യതയും ഇദ്ദേഹം തള്ളിക്കളയുന്നില്ല. ഭൂമിയേപ്പോലെ ജീവസാധ്യതയുള്ള അകലത്തിലാണ് മാതൃനക്ഷത്രത്തിനെ പരിക്രമണം ചെയ്യുന്നതെങ്കിലും അതിന്റെ ഭ്രമണപഥം ഭൂമിയേപ്പോലെ വൃത്താകാരത്തിലല്ല. ദീര്‍ഘവൃത്താകൃതിയിലാണ് എച്ച്.ഡി. 20794 ഡി. അതിന്റെ മാതൃനക്ഷത്രത്തെ ചുറ്റുന്നത്. അതുകൊണ്ട് തന്നെ അവിടെ ഏതെങ്കിലും തരത്തിലുള്ള ജീവന് അതിജീവിക്കാന്‍ സാധിക്കുമോയെന്നതും സംശയമാണ്.

2022ല്‍ ക്രെടിന്യെര്‍ 2022ല്‍ ഈ ഗ്രഹത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചിലെയിലെ ലാ സില്ല ഒബ്‌സര്‍വേറ്ററിയില്‍ വെച്ചാണ് ഇത്തരമൊരു ഗ്രഹമുണ്ടെന്ന ആദ്യ വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് അന്താരാഷ്ട്ര ഗവേഷകര്‍ രണ്ടുപതിറ്റാണ്ടുകള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിന്റെ പഠനവിവരങ്ങള്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.